വീട്ടിലേക്കുള്ള വഴി

ഏകാന്തമായ പാതയിലൂടെ
എന്റേതെന്ന് വിളിക്കാവുന്ന
ഒരു വീട്ടിലേക്ക് ഞാൻ നടന്നടുക്കുന്നു,
ജീവിതത്തിന്റെ
കഴിഞ്ഞുപോയ ദിനങ്ങൾ
ഓരോന്നായി ഞാനോർത്തെടുക്കുന്നു.

എനിക്ക് സ്വപ്നങ്ങളുണ്ടായിരുന്നു
അസ്വസ്ഥതയുടെ
ചോണനുറുമ്പുകളിറുക്കി വേദനപ്പെടുത്തുന്ന
ഒരു വീടല്ല ഞാൻ കൊതിച്ചത്

കൂർത്തനഖങ്ങളാൽ
എന്നെ കൊത്തികീറാൻ പാഞ്ഞടുക്കുന്ന
പരുന്തുകളെ ഞാൻ കണ്ടു
ഫണം വിടർത്തി നിൽക്കുന്ന
വിഷപാമ്പുകളെ കണ്ടു,
വഴിനിറയെ കള്ളിമുൾച്ചെടികൾ കണ്ടു,
പൊള്ളും കനൽക്കട്ടകളുടെ
കൂമ്പാരം കണ്ടു,
എന്റെ വീടിന്റെ വെളിച്ചം
അങ്ങു ദൂരെയാകുന്നു.

എൻ്റെ ഹൃദയത്തിൽ
മധുരസ്വപ്നങ്ങളായിരുന്നു
സൂര്യവെളിച്ചവും ചന്ദ്രരശ്മിയും
എൻ്റെ സ്വപ്നത്തിലുണ്ടായിരുന്നു

മഞ്ഞും നിലാവും ഇഴനെയ്ത ആരാമത്തിൽ
പുഷ്പങ്ങളുടെ മൃദു സ്പർശമാണ്
കൊതിച്ചത്
വീട്ടിലേയ്ക്കുള്ള വഴിയിൽ
സുഗന്ധലേപനം തഴുകിയൊരു
കാറ്റിനെ പ്രതീക്ഷിച്ചു
സമാധാനത്തിന്റെ വാക്കുകൾ
മന്ത്രിക്കുന്ന ഒരു ലോകം
എപ്പോഴും ആഗ്രഹിച്ചു
വീടിനടുത്തേക്ക് നയിക്കുന്നത്
ഈ നനുത്ത ഓർമ്മകളായിരുന്നു

വീട്ടിനകത്തേക്ക് ക്ഷണിക്കുന്ന
പുഷ്പസുഗന്ധം ഞാൻ മോഹിച്ചു
രാത്രിയിൽ നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്ന
വാനിലേക്ക് മിഴിനട്ടുനിൽക്കുമ്പോൾ
ഒരു വളകിലുക്കം
ഒരു പാദസര കിലുക്കം
കാതോർത്തു
പൂനിലാമഴയിൽ
ആശ്വാസത്തിന്റെയും
സ്നേഹത്തിന്റെയും നനുത്തസ്പർശം,
സമാധാനത്തിൻ്റെ ഒരിടം….

എന്റെ വീട് ഒരു ആശ്വാസതീരമെന്നായിരുന്നു
എൻ്റെ വിശ്വാസം
വീട്ടിലേക്കുള്ള വഴിയിൽ
അങ്ങനെയുള്ള സ്വപ്നം കണ്ടുനടന്നു.

എന്നാൽ എപ്പോഴും
എൻ്റെ വീട്ടിലേയ്ക്കുള്ള വഴിയിൽ
സ്വപ്നങ്ങൾ മരിച്ചു കിടന്നു
അഗാധമായ ഒരിരുണ്ടഗുഹയായിരുന്നു വീട്
വീട്ടിലേക്കുള്ള വഴിയിൽ
കുപ്പിച്ചീളുകളും പരുപരുത്ത കല്ലുകളും..,
നടപ്പാതകൾ ദുർഘടം നിറഞ്ഞ് നിറഞ്ഞ്.

തൃശ്ശൂര്‍ ജില്ലയില്‍ മാപ്രാണത്ത് മാടായിക്കോണം സ്വദേശി. ജൂഡീഷ്യറി വകുപ്പില്‍ സീനിയര്‍ ക്ളാര്‍ക്കായി സേവനമനുഷ്ഠിക്കുന്നു. വിവിധ ആനുകാലികങ്ങളിലും സമാന്തര പ്രസിദ്ധീകരണങ്ങളിലും നിരവധി കവിതകളും കഥകളും അച്ചടിച്ചു വന്നിട്ടുണ്ട് . 'യാത്രാമൊഴി', 'മഴനൂല്‍ക്കനവുകള്‍', 'സ്വര്‍ണ്ണം പൂശിയ ചെമ്പോലകള്‍', 'ഹൃദയത്തില്‍ തൊടുന്ന വിരലുകള്‍' എന്നീ കവിതാസമാഹാരങ്ങളും 'വളഞ്ഞരേഖകള്‍' എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.