അമ്മ വീട്ടിലേക്ക് എന്ന്
കുറച്ച് ദിവസം
എല്ലാം മറന്ന് ഓടിയിട്ട്
ഒരു സന്ധ്യക്ക്
കെട്ടു ഭാണ്ഡവുമായി
തിരികെയെത്തുമ്പോൾ
ഒറ്റപെട്ട്
പേടിച്ചു പോയ കുഞ്ഞിനെപ്പോലെ
വീട് ഏന്തിക്കരഞ്ഞു
“വെളിച്ചമില്ലല്ലോ
വിളക്ക് കത്തിച്ചിട്ടില്ലല്ലോ”
എന്ന് ഉളള് കാളുമ്പോൾ
( വിരൽ മുറിഞ്ഞത്
കാണിക്കും പോലെ)
മുറ്റംന്നിറയെ കരിയില
ഇന്നലെ കാറ്റത്ത് വാഴ മറിഞ്ഞു
അടുക്കള നിറയെ
ഉറുമ്പ് വരിയിട്ടു?
പഞ്ചസാര പാത്രം അടച്ചിട്ടില്ല
“ഓഹോ “എന്ന്
വിചാരിക്കുമ്പോൾ
അവിടേയും
ഇവിടേയും
ഉരിഞ്ഞിട്ട വിഴുപ്പുകൾ
ഓഫാക്കാത്ത ഫാൻ
ടക് ടക് എന്ന പൈപ്പ്
നീയിത് വല്ലതും അറിഞ്ഞോ?
ഒരു വിഷപാമ്പ്
തെങ്ങിൻ ചുവട്ടിൽ
കാപ്പിക്കപ്പും പൊതിയത്തഴവും
“സാരമില്ല ഞാൻ വന്നല്ലോ”
” നീ ചുരലെടുത്ത് ഒരടി കൊടുക്കണം “
“ആർക്ക്?”
“അച്ഛനും മക്കൾക്കും “…
പിരിവിന് വന്നവരോട് കയർത്തു
വഴിയേ പോയ പെണ്ണിനെ
എത്തി നോക്കി
ഫോണിൽ ആരോടോ
” എപ്പോൾ വരുമെന്ന് ആർക്കറിയാം”
എന്ന് പറഞ്ഞു
അതു കേട്ട് എന്റെ നെഞ്ചു കത്തി
സാരി തുമ്പ് വിടാതെ കുഞ്ഞു കരച്ചിൽ
“ചൂരലെടുത്ത് നല്ലഅടി കൊടുക്കണം”
എന്തിന് ?
എന്നെ നോക്കിത്തതിന് …
ഉം
എന്നെ നോക്കാത്തതിനോ ?
എന്ന മറു ചോദ്യത്തിലാണല്ലോ
ഞാനും വീടും ഒന്നാകുന്നത്