വിഷുവിനെ കാത്തു കാത്ത് വെയിലിൽ നരച്ചു മഞ്ഞച്ച ഒരു കൊന്ന

കാലക്കണക്കിൻ
താളു മറിയും മുൻപേ
വിഷു വരും മുൻപേ
പൂത്തതെന്തേയെന്നോ?

കാത്തിരിപ്പിന്നുഷ്ണം കൂടി
നേരമായെന്നു
നേരത്തേ തോന്നി
പൂത്തു, അത്രയേയുള്ളൂ

കൊന്നയല്ലേ,
പൂക്കാതെയെങ്ങനെ കാക്കും?
പൂവല്ലേ,
പൂക്കാതെയെങ്ങനെ കായ്ക്കും?

പറഞ്ഞില്ലയാരും,
പൂക്കലും പൂവിടലും
കായ്ക്കലും കാത്തിരിപ്പും
അടുക്കലും ചേരലും
നേരത്തിനേ വേണ്ടൂവെന്നൊന്നും,
തോന്നിയുമില്ല…

ചൂടെത്രയെന്നാലും
പൊള്ളി വീർത്തെന്നാലും
അകച്ചൂടുവേർപ്പു വന്നെന്നാലും
ഉൾനെടുവീർപ്പ് തിങ്ങിയെന്നാലും
നേരത്തിനത്രേ പൂക്കാവൂ
നേരത്തിനത്രേ കാക്കാവൂ
പറയുന്നുള്ളിൽ നിന്നിപ്പോഴാരോ

ഉടലുയിരിൽ
ചൂടേറിയിരിപ്പുണ്ടെന്ന്
ഉൾത്തോന്നൽക്കാറ്റൊരു
കാടേറിയിരിപ്പുണ്ടെന്ന്
ഒരു വർഷവിഷുക്കാഴ്ചയിൽ
നോവെന്തറിയാൻ
വേവാരറിയാൻ

വിഷു വരാനിനിയും
വൈകുമെന്നെങ്കിലോ,

വരും നേരമീ കൊഴിഞ്ഞ,
നിലം തൊട്ട പൂക്കൾ നൽകുക,
നിന്നകം തണുപ്പിക്കാൻ മഞ്ഞ
കൊരുത്തിരുന്നുവെന്നും
പൂത്തിരുന്നുവെന്നും
കൈകൾ തൊട്ടു പറയുക
കാണാൻ കണ്ണു ചുട്ടിരുന്നുവെന്നും
കാത്തിരുന്നുവെന്നും
കൺകൾ നോക്കി പറയുക

ആയുർവേദ ഡോക്ടർ ആണ്. പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശി. ഓൺലൈൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും എഴുതുന്നു.