ആത്മഹത്യ ചെയ്ത ഒരു ശലഭം അടിവയറ്റിൽനിറയെ കലമ്പലുമായി ദിവസങ്ങൾക്കകം പുനർജ്ജനിയ്ക്കാൻ വട്ടം കൂട്ടുമെന്നും പ്യൂപ്പയാകുമെന്നും ദിവസങ്ങൾക്കൊടുവിൽ പ്യൂപ്പ പൊട്ടി വിടർന്നു ചുവന്ന നിറത്തിലുള്ള ശലഭം എന്നിൽ നിന്നു പുനർജ്ജനിക്കുമെന്നും ഞാനറിയുന്നു. അതുപിന്നെ എന്നെ ആകാശത്തോളം ഉയർത്തുമെന്നും ദൈവത്തോളം ശരീരം കൊണ്ട് ശുദ്ധീകരിക്കുമെന്നും ഞാൻ കണ്ടെത്തുന്നു. പിന്നെ ഞാൻ ശലഭമായി തീരുന്നു. രാത്രികളെ ഓരോ മുക്കിലും മൂലയിലും തൊട്ടു വിശുദ്ധീകരിക്കുന്നു. ഇരുൾ പരന്നൊഴുകുന്ന ചുവന്ന രാവുകളെ കുറിച്ച് എഴുതുകയാണ് “എന്റെ രാത്രികൾ’ എന്ന പരമ്പരയിൽ ശ്രീപാർവ്വതി: വിശുദ്ധീകരിക്കപ്പെടുന്ന ചുവന്ന രാത്രികൾ
വാക്കുകൾ പൂക്കുന്ന കാലങ്ങളുണ്ട്. പൂത്തു തുടങ്ങിയാൽ ചിലപ്പോൾ പൂ വിടർന്ന ഗന്ധം പരത്തി അതിങ്ങനെ മൂക്കിൽ നിന്നും ഹൃദയത്തിൽ നിന്നും വിട്ടു മാറാൻ മടിച്ച് ഒട്ടിപ്പിടിച്ചിരിക്കും. അങ്ങനെ ചില വാക്കുകളിൽ നിന്നാണ് ആ ദിനങ്ങളിലേയ്ക്ക് വെറുതെ സഞ്ചരിച്ചു തുടങ്ങിയത്. പറയാൻ മടിച്ചും കേൾക്കാനും കാണാനും ബുദ്ധിമുട്ടുകൾ തോന്നിയാലും ചെയ്യേണ്ടി വരുന്നതിന്റെ മടിയിൽ ഇത്തിരി നാണം ചുണ്ടിൻ തുമ്പിലൊളിപ്പിച്ചും ഓർമ്മകളിൽ തൂങ്ങിയാടി ചെല്ലുമ്പോൾ ആദ്യമായി ചോര ചുവപ്പ് സ്കൂളിലെ പച്ച പാവാടയുടെ നൂലിഴകളിലൊതുങ്ങാതെ ഇരിക്കുന്ന ബഞ്ചിനെ നനച്ചിറങ്ങിയത് കണ്ടു പരിഭ്രമിച്ചു ഉരുകി തീർന്ന കൂട്ടുകാരിയെ കാണാൻ കഴിഞ്ഞു.
അവൾക്കെന്താണ് സംഭവിച്ചതെന്നറിയാൻ കാത്തിരിക്കേണ്ടി വന്നു പിന്നെയും മാസങ്ങൾ. ഏഴാം ക്ലാസിലെ വൈകുന്നേരങ്ങളിൽ ഒപ്പം നടക്കാൻ കലഹിച്ചു നടക്കുന്ന കൂട്ടുകാരൻ കാണാതെ, അവനെ ഭയന്ന് മറ്റേതൊക്കെയോ വഴികളിലൂടെ സ്കൂൾ ഗേറ്റ് കടക്കുമ്പോൾ അടി വയറ്റിൽ നിന്നും ഉരുണ്ടെത്തിയ കുഞ്ഞു നോവിന്റെ ചീന്തൽ അത്ര കാര്യമാക്കിയതേയില്ലെങ്കിലും അടിവസ്ത്രത്തിൽ ചുവന്ന പൊട്ടുകൾ പരിഭ്രമിപ്പിച്ചു. പക്ഷെ ഉള്ളിൽ നിന്നും നീണ്ടു നിവർന്നൊരു വെളുത്ത മുണ്ട് വാക്കുകളെ പോലും മറച്ചു കൊണ്ട് പിന്നെയും ദിവസങ്ങളെ നീക്കാനാണ് തോന്നിപ്പിച്ചത്. എങ്കിലും അടുത്ത ദിവസം തന്നെ അമ്മയത് കണ്ടെത്തുകയും നാട് മുഴുവൻ അറിയിക്കുകയും ചെയ്തതോടെ ഞാനൊരു തിരിച്ചറിവിലെത്തി. ഞാനൊരു പെണ്ണായിരിക്കുന്നു.
പൂത്തു തുടങ്ങിയ ഇലഞ്ഞി പൂമരം അപ്പോഴെന്റെ മുന്നിൽ നിന്നും സുഗന്ധം വഹിച്ചു യാത്ര തുടങ്ങിയിരുന്നു. അർത്ഥം പേറിയ കണ്ണുകൾ എന്റെ മുഖത്ത് തറയ്ക്കപ്പെടുമ്പോൾ നാണം കൊണ്ട് ചുരുങ്ങി പോവുകയും പിന്നെ പെണ്ണായി തീർന്നതിന്റെ ആനന്ദങ്ങളിലേയ്ക്ക് ഞാനിറങ്ങി പോവുകയും ചെയ്തു.
രാത്രികളിലാണ് തളർന്ന ചേമ്പില താള് പോലെ കിടക്കുന്ന ശരീരത്തിലേയ്ക്ക് പ്രണയത്തിന്റെ കിതപ്പുകൾ വന്നു വീഴുന്നത്. നീളവും വീതിയും കുറവുള്ള വള്ളി കട്ടിലിൽ ഒരു മുറിയിൽ തനിച്ചുറങ്ങാൻ കിടക്കുമ്പോൾ സർവ്വവും നിശബ്ദമായി കിടക്കുന്ന രാത്രിയിൽ വീടിന്റെ ഓട് പൊളിച്ചൊരാൾ സിനിമകളിൽ കാണുന്നത് പോലെ കയർ താഴേയ്ക്കിട്ട് ഇറങ്ങി വരുമെന്നും മൂടി പുതച്ച് കിടക്കുന്ന എന്റെ പുതപ്പ് വലിച്ചു മാറ്റി വസ്ത്രങ്ങൾ പോലും പറിച്ചെറിഞ്ഞു അതി ക്രൂരമായി ബലാത്സംഗം ചെയ്തു അതിനു ശേഷം ഈ രാത്രി നിന്റെ ഓർമ്മകളിൽ നിന്നും മറഞ്ഞു പോകട്ടെ എന്ന് ശപിച്ചു കഴുത്തിലെ ആകെയുള്ള സ്വർണ മാല കട്ടെടുത്തു അതുമായി അതെ കയറിൽ മുകളിലേയ്ക്കു കയറി അപ്രത്യക്ഷമാകുമെന്നും ഞാൻ കിനാവ് കണ്ടു. ആ കിനാവ് കണ്ട ദിവസം ചുവപ്പു പാടുള്ള തുണികൾ ശരീരത്തിൽ അധികാരത്തിലേറിയിട്ട് ദിവസങ്ങളെ ആയിരുന്നുള്ളൂ. പക്ഷെ അടിവയറ്റിലെ ഞരമ്പുകളിൽ നിന്നും ഒരു ഗംഗാ പ്രവാഹം ഉടലാകെ നനച്ച്, ഞാനാ പുഴയിൽ മുങ്ങി മരിച്ചതായും ആദ്യമായി തോന്നി.
പിന്നീടെത്ര രാത്രികളിൽ പേരും മുഖവുമറിയാത്ത ഒരു കള്ളനെ പ്രതീക്ഷിച്ച് ഇളകാത്ത ഓടിന്റെ കറുത്ത പ്രതലങ്ങളിലേയ്ക്ക് നോക്കി ദീർഘമായി ശ്വസിച്ച് ഉറക്കത്തിലേക്ക് പായ് വിരിച്ചു. പിന്നീട് പദ്മരാജന്റെ ഞാൻ ഗന്ധർവ്വൻ കണ്ട ശേഷം കള്ളന്റെ സ്ഥാനം വളരെ പെട്ടെന്നാണ് പേരറിയാത്ത ഒരു ഗന്ധർവ്വൻ അപഹരിച്ചത്. ചുവന്ന ദിനങ്ങളിൽ ഗന്ധർവ്വന്റെ കൂത്താട്ടങ്ങൾ അതിരു കടക്കുന്നതായും പിറ്റേ ദിവസം രാവിലെ ഓർമ്മ നഷ്ടപ്പെട്ടവളായി ഞാൻ ഏതോ ഒരു ജന്മം കടന്നു പുതിയ ജന്മത്തിലെത്തിയതുപോലെയും ഉന്മേഷം കൊണ്ടു.
അവനിലെത്തിയതിനു ശേഷമത്രെ എന്റെ ചുവന്ന ദിനങ്ങൾക്ക് ഇത്ര നിറം കൂടി തുടങ്ങിയത്. അടിവയറ്റിലെ വേദനകളിൽ അമർത്തിപിടിച്ച അവന്റെ കൈകളുടെ ചൂട് കോശങ്ങൾ കടന്നു പ്രാണ ഞരമ്പുകളിൽ തൊടുന്നതായും വേദനകളുടെ തിരിച്ചറിവുകൾ സന്ദേശമയക്കുന്ന ജോലി അവസാനിപ്പിച്ച് എവിടെയോ ഒതുങ്ങി കൂടി പോകുന്നതായും തോന്നുമ്പോൾ ഒക്കെയും വയറ്റിൽ കരുതലോടെ ഇരിക്കുന്ന കൈകളെ മെല്ലെയെടുത്ത് കല്ലിച്ചിരിക്കുന്ന മാറിന്റെ മുകളിലേയ്ക്കും കൊണ്ട് വയ്ക്കുന്നത് വേദനകളുടെ കുരുത്തോലകൾ അവിടെയും തൂങ്ങിയാടുന്നതിനാലാണെന്നു തെറ്റിദ്ധരിപ്പിച്ച് അവനെ ഗന്ധർവ്വനാക്കാൻ വേണ്ടിയായിരുന്നിരിക്കണം. ഓർമ്മകൾ അറിയാതെ മനസ്സിനെ കൊണ്ടു ചെയ്യിക്കുന്ന വിപ്ലവങ്ങൾ.
കാലം തെറ്റി പെയ്യുന്ന മഴ പോലെയായിരുന്നു ചുവന്ന ദിനങ്ങളുടെ വരവുകൾ എപ്പോഴും. കൃത്യമായ ഓർമ്മിക്കലുകൾ ഇല്ലാതെ, അടയാളപ്പെടുത്തലുകൾ ശരീരത്തിൽ തരാതെ പെട്ടെന്നൊരു രാത്രിയുടെ മരണത്തിൽ പ്രതിഷേധിച്ച് അവ ഊർന്നിറങ്ങുമ്പോൾ ഒരു വലിയ പർവ്വതം നെഞ്ചിനുള്ളിലേയ്ക്ക് ഇടിച്ചിറക്കി അതിനടിയിൽ ഞാൻ പിടഞ്ഞു തീരാൻ തയ്യാറായത് പോലെ തോന്നും. പക്ഷെ നിരാശയുടെയും നോവിന്റെയും പടുകുഴിയിൽ നിന്നും നേർത്ത ഉമ്മകൾ കൊണ്ടും ഇലകൾ തൊട്ടു നീട്ടി വീശി മേൽ വീഴുന്ന ചിലന്തി രശ്മികൾ കൊണ്ടും എപ്പോഴൊക്കെയോ പുറത്തേയ്ക്കെത്തുമ്പോൾ പുതിയോരു യുഗം പിറവി കൊള്ളും.
മരങ്ങൾക്കിടയിലൂടെയുള്ള പച്ചപ്പിന്റെ മണം കൊണ്ട് അലഞ്ഞു നടക്കലിനൊടുവിൽ മാനം കറുത്ത് തുടങ്ങുമ്പോൾ നെഞ്ച് വീണ്ടും കുറുകി തുടങ്ങും. സൂചി കൊണ്ട് അടി വയറ്റിൽ അപ്പോഴേക്കും ചുവന്നരാശികൾ കുത്തി മുറിവേൽപ്പിക്കാൻ തുടങ്ങും. പ്രവാഹങ്ങളുടെ ഒടുവിൽ തളർന്നു കിടക്കയുടെ ഓരത്തേയ്ക്ക് മറിയുമ്പോൾ നെഞ്ച് വേഗത്തിൽ മിടിക്കുന്നതറിയാം. അവന്റെ കയ്യെടുത്ത് വയറിന്റെ മുകളിൽ വയ്ക്കുമ്പോൾ പരിഭ്രമിച്ചുള്ള നോട്ടത്തിനു ഒരേ ഒരു അർത്ഥമേയുള്ളൂ, ഗന്ധർവ്വന്റെ കൂത്താട്ടങ്ങൾക്ക് സ്വയമൊരുങ്ങണോ എന്നത്. പേടിയാണവന്.
എന്റെ നിശ്ശബ്ദതകളെ ഭയത്തോടെ നോക്കുമ്പോൾ അവിടെ നിന്നും ചിറകടിച്ച് പറന്നു പൊങ്ങുന്ന രക്തവർണമുള്ള പക്ഷികൾ അവനോടു വീണ്ടും വീണ്ടും എന്നാവർത്തിച്ചു ഉരുവിട്ട് കൊണ്ടേയിരിക്കും!
തളർച്ചയെന്നത് നിശ്ശബ്ദതയ്ക്കും എത്രയോ മുകളിലാണ്!
അതിരുകൾ ഭേദിച്ച ഒരു അഗ്നി ശലഭം ആത്മാഹൂതി ചെയ്തിരിക്കുന്നു. സ്വയം മഴയിൽ ചാടി അത് മരണത്തെ വരിക്കുന്നു. രാത്രിയുടെ മിടിപ്പുകളിൽ പെട്ട് അവന്റെയുറക്ക ശബ്ദങ്ങളിൽ ചേർന്നലിഞ്ഞു കിടക്കുമ്പോൾ ഞാനുമൊരു ശലഭമാകുന്നു. എന്റെ ചുവന്ന ദിനങ്ങൾ അസ്തമിക്കാൻ പോകുന്ന വെളിപാടിൽ രാത്രിയിലേയ്ക്ക് വീണു ആത്മഹത്യ ചെയ്യാനൊരുങ്ങുന്നു അഗ്നിശലഭം. ചുവപ്പണിയാത്ത മറ്റൊരു പുലരി കാലു കുത്തുമ്പോൾ വിശുദ്ധയായി ചമഞ്ഞു ഭസ്മമണിഞ്ഞ് അവന്റെ രുദ്രാക്ഷ മണികളിൽ ഞാൻ പ്രണയം സ്വപ്നം കാണും.
ചോപ്പ് ദിവസങ്ങളിൽ അണിയാനാകാത്ത ഭസ്മത്തിന്റെയും തൊടാനാകാത്തകാരണം ഊരി വച്ച അവന്റെ രുദ്രാക്ഷ മാലയുടെയും പ്രണയം ആർത്തിയോടെ ചേർത്തെടുക്കുമ്പോൾ പിന്നിൽ എന്തോ മറന്നു വച്ചതു പോലെ.
ആത്മഹത്യ ചെയ്ത ഒരു ശലഭം അടിവയറ്റിൽ നിറയെ കലമ്പലുമായി ദിവസങ്ങൾക്കകം പുനർജ്ജനിയ്ക്കാൻ വട്ടം കൂട്ടുമെന്നും പ്യൂപ്പയാകുമെന്നും ദിവസങ്ങൾക്കൊടുവിൽ പ്യൂപ്പ പൊട്ടി വിടർന്നു ചുവന്ന നിറത്തിലുള്ള ശലഭം എന്നിൽ നിന്നു പുനർജ്ജനിക്കുമെന്നും ഞാനറിയുന്നു. അതുപിന്നെ എന്നെ ആകാശത്തോളം ഉയർത്തുമെന്നും ദൈവത്തോളം ശരീരം കൊണ്ട് ശുദ്ധീകരിക്കുമെന്നും ഞാൻ കണ്ടെത്തുന്നു. പിന്നെ ഞാൻ ശലഭമായി തീരുന്നു. രാത്രികളെ ഓരോ മുക്കിലും മൂലയിലും തൊട്ടു വിശുദ്ധീകരിക്കുന്നു