രാജഭക്തിയുടെ നടുത്തളത്തിൽ
കാലിളകിയ സിംഹാസനത്തിനടിയിൽ
കീറിപ്പറിഞ്ഞ പുറംചട്ടകളോടെ
പൊടിപിടിച്ചു കിടക്കുന്നുണ്ട്
‘നീതിയുടെ വിശുദ്ധഗ്രന്ഥം.’
ദ്രവിച്ചഴുകിയ താളുകളിൽ,
കട്ടിക്കറുപ്പു വരകളിൽ
മാറ്റിമാറ്റി വരച്ച്,
പിരിച്ചെഴുതിയ വെറുപ്പിടം,
ഇരുണ്ടമരുന്ന രാജഭയത്തിൻ
ഭൂപടനിറച്ചാർത്തുകൾ.
മങ്ങിയ താളുകളിൽ
പകയുറഞ്ഞ കുശുകുശുപ്പ്
അധികാരാർത്തിയുടെ
പടയോട്ടവർണ്ണനകൾ.
അവസാന താളുകളിൽ
മായാതെ കിടക്കുന്നുണ്ട്
ചില വർണ്ണചിത്രങ്ങൾ;
സഹിഷ്ണുതയുടെ നീർച്ചാലുകൾ…
വേർതിരിവില്ലാത്ത സഞ്ചാരപദങ്ങൾ…
വിഭജനമേശാത്ത വിദ്യാനികേതനങ്ങൾ…
ആർദ്രമാർന്ന ഹരിത ജീവിതങ്ങൾ…
ആരവങ്ങൾ നിലയ്ക്കാത്ത ജനതതികൾ…
പൂപ്പലും ധൂളിയും പടരാത്ത
പ്രതീക്ഷയുടെ വിസ്മയത്തുരുത്തുകൾ!
നൂലിഴ പൊട്ടി,
ഇളകിയാടുമ്പോഴും
തെളിഞ്ഞതാളുകളിലേക്ക്
ആർത്തടുക്കുന്ന കരിമഷിപ്പരപ്പ്..
വരികൾക്കിടയിലെ പ്രതിരോധങ്ങളുടെ
ചട്ടലംഘനം വിളിച്ചോതി
വികൃതമായ അരികുപറ്റി
ഇഴഞ്ഞടുക്കുന്ന വിഷകീടങ്ങൾ..
ഇരുണ്ട സംഹിതകളുടെ
ആവർത്തിച്ചുയരുന്ന പകർപ്പുകൾ..
‘വിശുദ്ധതീട്ടൂരങ്ങൾ..!’