വിശപ്പിന്റെ രാഷ്ട്രീയം

വിശന്നു മരിച്ചവന്റെ
മരണവാർത്ത
ഒരിക്കലും
പ്രധാന തലകെട്ടുകളായി
നിറഞ്ഞുനിന്നില്ല.

“പുഴുവരിച്ച നിലയിൽ
യുവാവിന്റെ മൃതദേഹം”
എന്നതിനപ്പുറം
വായനക്കാരുടെ
ശ്രദ്ധയാകർഷിച്ചില്ല.

അയാളുടെ വീടോ
വീട്ടുകാരെയോ
തിരക്കിയാരും
ക്യാമറയും
മൈക്കുമായ്
ഇറങ്ങിത്തിരിച്ചില്ല.

രക്തസാക്ഷിയായി
പ്രഖ്യാപിച്ചുകൊണ്ടാരും
മുദ്രാവാക്യവുമായ്
തെരുവിലേക്കിറങ്ങിയില്ല.

മനുഷ്യവർഗ്ഗത്തോളം
പഴക്കമുണ്ടായിട്ടും

“വിശപ്പിന്റെ രാഷ്ട്രീയം “
ഒരിക്കലും
ചരിത്രപുസ്തകങ്ങളിൽ
ഇടംനേടിയില്ല.

പതിനായിരത്തിയൊന്നാമത്തെ
ഒറ്റപ്പെട്ട സംഭവമായി
ആ മരണവും
സമൂഹം
എഴുതിത്തള്ളുകയായിരുന്നു.

ആലപ്പുഴ ജില്ലയിൽ ചേർത്തല സ്വദേശി. ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി ആണ്. നവ മാധ്യമങ്ങളിൽ എഴുതാറുണ്ട്