വിളക്കുകാലുകൾ വീണ്ടുമുയരുമ്പോൾ…

കറുപ്പു തിന്നുകൊഴുത്ത
ചോരനിറമാർന്ന
തോക്കിൻ കണ്ണുകൾ…
അണഞ്ഞ വിളക്കുകാലുകളിൽ
തൂങ്ങിയാടുന്ന ദേഹങ്ങൾ…

വ്യാപാരോത്സവങ്ങളുടെ
കുതിരക്കുളമ്പടി മുഴങ്ങിയ
‘പട്ടുപാത’യിപ്പോൾ
മുഖം മറച്ച്,
കറുപ്പണിഞ്ഞ
നീളൻകുപ്പായങ്ങളിൽ
മൗനമാർന്നിരിക്കുന്നു.

സ്വപ്നച്ചിറകുകളുമായ്
ചുരമിറങ്ങിയെത്തിയ
ഹിന്ദുക്കുഷിലെ വർണ്ണശലഭങ്ങൾ
സുലൈമാൻ പഷ്തിൽ നിന്നും
കാന്ദഹാർ മലനിരകളിലൂടെ
ആർത്തലച്ചെത്തിയ
ചുടുകാറ്റിൽ
വിറങ്ങലിച്ചുപോകുന്നു.

മാറ്റത്തിന്റെ
മാറ്റൊലികൾ തീർത്ത
മലമടക്കുകൾ*ക്കിടയിലൂടെ
പെൺഭ്രൂണങ്ങളുടെ
പലായനക്കാഴ്ചകൾ…
‘പറവകൾക്കൊപ്പം
പറന്നുയരാൻ കൊതിച്ച
പൂത്തുമ്പികൾ!’

‘താലിബ്’ മുദ്രയണിഞ്ഞ
ആയുധങ്ങൾ
പാഠശാലകളെരിക്കുമ്പോഴും
തകർത്തെറിയപ്പെട്ട
ബുദ്ധവിഹാരങ്ങൾക്കൊപ്പം
തെരുവിലമർന്നൊടുങ്ങാതെ
വിടരാൻ തുടിക്കുന്ന പൂമൊട്ടുകൾ…

വസന്തകാലത്തു പറത്തിവിട്ട
പട്ട*ങ്ങളിപ്പോഴും
ചെറുകയ്യുകളെത്തേടി
ആകാശത്ത്
പാറിക്കളിക്കുന്നുണ്ട്…

വെടിപ്പുകയിലമർന്ന
കാബൂൾ താഴ്‌വരകളിൽ
പൂത്തിറങ്ങാൻ
പുലരിയുടെ വിളക്കുകാലുകൾതേടി
കാത്തിരിപ്പുണ്ട് –
ആയിരം സൂര്യമുഖങ്ങളുടെ
പ്രദീപ്തസ്മരണകൾ…*

*പട്ടുപാത : Silk route (ലോകത്തിലെ അന്താരാഷ്ട്ര വ്യാപാരത്തിന്റെ പഴക്കമേറിയ റൂട്ടുകളിൽ ഒന്നാണിത്)

*താലിബ്‌ : വിദ്യാർത്ഥി എന്നതിന്റെ അറബ് പദം.

*അഫ്ഗാൻ വംശജനായ എഴുത്തുകാരൻ ഖാലിദ് ഹൊസൈനിയുടെ Kite Runner, And The Mountain Echoed, A Thousand Splendid Suns തുടങ്ങിയ നോവലുകളിൽ നിന്നുമുൾക്കൊണ്ടത്.

കണ്ണൂർ സ്വദേശി. ദുബായിൽ ജോലി ചെയ്യുന്നു. ആനുകാലിക മാഗസിനുകളിലും സോഷ്യൽ മീഡിയകളിലും എഴുതുന്നു. 'ഗുൽമോഹർ ഇത് നിനക്കായ്', 'നീക്കിയിരുപ്പ്', 'നിന്നോർമ്മയിൽ', 'ചില നേരങ്ങളിൽ' തുടങ്ങിയ ആൽബങ്ങൾക്ക് വരികൾ എഴുതി. 'ലേബർ ക്യാമ്പുകളിലെ തലയിണകൾ' എന്ന കവിത സമീപകാലത്തു വളരെ ശ്രദ്ധ നേടുകയുണ്ടായി.