സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം നഴ്സറി ക്ളാസിൽ നിന്ന് തുണ്ടിൽ മലയാളം മീഡിയം വിദ്യാലയത്തിലേക്ക് മക്കളെ പറിച്ചു നടുമ്പോൾ ഉപ്പക്കൊരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ .
മക്കൾ മണ്ണിന്റെ മണവും, മാതൃഭാഷയേയും കളങ്കമില്ലാതെ നെഞ്ചേറ്റണം! വിവിധ വിശ്വാസത്തിലും സാഹചര്യങ്ങളിൽ നിന്നുമുള്ള കുട്ടികൾക്കൊപ്പം കളിച്ചു വളർന്ന്, പിറന്ന നാടിന്റെ സാംസ്‌കാരിക വൈവിധ്യത്തെ ഉൾക്കൊള്ളണം. ഉള്ളവനേയും ഇല്ലാത്തവനേയും ഒപ്പം കൂട്ടാൻ പഠിക്കണം. കൂടെ അസുഖം അലട്ടുന്ന ഉമ്മിച്ചാക്കു മക്കളെ അധിക നേരം പിരിഞ്ഞിരിക്കാൻ ഇടയുണ്ടാകരുത്.
ഒന്നാം തരം മുതൽ നാലാം തരം വരെ ഞങ്ങൾ കൂടപ്പിറപ്പുകൾ പഠിച്ചത് അത്തരത്തിലുള്ള സാഹചര്യങ്ങളെല്ലാം നൽകാൻ പ്രാപ്തിയുമുള്ള തുണ്ടിൽ ഗവൺമെന്റ് സ്കൂളിലാണ്. പള്ളിക്കൂട ഓർമ്മകളിൽ ഏറെ നിർമ്മലവും നിഷ്കളങ്കവുമായ നാളുകൾ സമ്മാനിച്ച ദിനങ്ങൾ !
കുരുന്നു നാളിലെ ഗുരുമുഖമോർക്കുമ്പോൾ സംഗീതം പൊഴിയുന്ന ഇമ്പമാർന്ന സ്വരവും സ്നേഹ സുഗന്ധം നിറഞ്ഞ സ്വരസാന്നിധ്യവുമാണ് മനോമുകുരത്തിലാദ്യം തെളിയുക.
സ്നേഹവതിയായ രാധ സർ !
അന്നൊക്കെ ആൺപെൺ ഭേദമില്ലാതെ അധ്യാപകരെ എല്ലാം ‘സർ ‘ചേർത്ത് വിളിച്ചിരുന്നതിന്റെ മനോധർമ്മം ഇന്നും ആലോചിക്കാറുണ്ട് .
‘രാധ സർ’ – ന്റെ ഭർത്താവ് ‘വിജയൻ സർ’ ഉം ഹൃദയവഴക്കമുള്ള നല്ലൊരു അധ്യാപകനായിരുന്നു .
കൂടെ പുല്ലാങ്കുഴലിൽ ഭക്തിയുടെ സപ്തസ്വരങ്ങളും തീർക്കുന്ന നിർമ്മല സാന്നിധ്യവും.’രാധ സർ’ നേയും ‘വിജയൻ സർ’ നെയുമോർക്കുമ്പോൾ ഉള്ളോളം ഈറനാകുന്നൊരു കൃതാർത്ഥതയുണ്ട് .
നാലാം തരത്തിനു ശേഷം തുണ്ടിൽ സ്കൂളിലെ പഠിപ്പു കഴിഞ്ഞു ബഥനിയിലേക്കു പറിച്ചു നടപ്പെട്ട കാലം. അയയിൽ തൂങ്ങിയ തുണി പോലെ രസമുള്ള അക്ഷരങ്ങൾ നിറഞ്ഞ ഹിന്ദി പാഠ ഭാഗങ്ങളും, എത്ര കൂട്ടിയിട്ടും തെറ്റിച്ചുകൊണ്ടിരുന്ന കണക്കും, സ്വായത്തമാക്കാൻ ‘രാധ സർ’ ന്റെ വീട്ടിലേക്കു ട്യൂഷന് വേണ്ടി പോയി തുടങ്ങിയ കാലം .
ആദ്യ അദ്ധ്യായം കഴിഞ്ഞപ്പോൾ ‘വിജയൻ സർ’ കണക്കിന്റെയും ഹിന്ദിയുടേയും പരീക്ഷ നിശ്ചയിച്ചു, തീയതിയും അറിയിച്ചു .
ഒട്ടും ആത്മവിശ്വാസമില്ലാതെ തുടങ്ങാൻ പോയ പരീക്ഷക്ക് മുന്നേ തന്നെ അരമണിക്കൂർ റിവിഷനും, സൗഹൃദവർത്തമാനവും കൊണ്ട് ‘വിജയൻ സാർ’ ചില മന്ത്രികതകൾ ഒരുക്കി. അതിൽ പ്രധാനമായിരുന്നു ഞങ്ങളിൽ ഓരോരുത്തരുടെയും സ്വഭാവത്തിലെ ഏറെ ഇഷ്ടപ്പെട്ട രീതികളെ എടുത്തെടൂത്ത് പറഞ്ഞത്. ഒപ്പം എന്തെല്ലാം ശ്രദ്ധിച്ചാൽ കഴിവുകൾ സമുന്നതമായൊരു തലത്തിലേക്ക് എത്തുമെന്ന് നെടുനിശ്വാസത്തോടെയുള്ള സങ്കടം പറച്ചിലും !
പരീക്ഷ എഴുതി കഴിയുവോളം ഉള്ള് നിറയുന്ന വാശിയായിരുന്നു. സ്വയം ജയിക്കാനല്ല, അത്രയും നിസ്വാർത്ഥമായി പഠിപ്പിക്കുന്ന സർ തോല്കാതിരിക്കാനുള്ള സ്നേഹബഹുമാനങ്ങൾ നിറഞ്ഞ വാശി. അത്ഭുതമെന്നോണം അതിന് തക്ക ഫലവും മാർക്കിലുണ്ടായി. പാഠവും പരീക്ഷയും ഒന്നുമല്ല അവിടെ എന്നെന്നേക്കുമുള്ള വലിയ മാറ്റങ്ങൾക്കു ഇട വരുത്തിയത്. ആർദ്രതയോടെയുള്ള ഹൃദയം തൊടലാണ് ;
ഉള്ളറിഞ്ഞുള്ള കൂടെ ഇരിക്കലാണ്.
ഹിന്ദി എന്ന ഭാഷയെ ഏറെ സ്നേഹത്തോടെ ചേർത്തുവെക്കാനും ആ അനുഭവം കാരണമായി .
ഓരോ ശ്വാസത്തിലും ഓരോരുത്തർക്കുമുണ്ടാകും ഓർക്കാൻ ഇങ്ങനൊരു ‘രാധ സർ’ ഉം ‘വിജയൻ സർ’ ഉം ഓർക്കുമ്പോൾ ഹൃദയം നിറഞ്ഞു തുളുമ്പുന്ന സ്നേഹവും.
ഏതെല്ലാം അധ്യാപകർ ജീവിതത്തിലേക്ക് കടന്നു വന്നിട്ടുണ്ടോ അവരെല്ലാം തന്നെ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇന്നേവരെ അനുഗ്രഹമായിട്ടേ ഉള്ളൂ !
തുണ്ടിൽ സ്കൂളിലായിരുന്നപ്പോൾ, വീട്ടിൽ നിന്നാൽ സ്കൂളിലെ മണിയടി മുഴക്കം നന്നായി കേൾക്കാമായിരുന്ന നാളിൽ ഉച്ചയൂണിനും ഇന്റെർവെല്ലിനും ഉമ്മിച്ചയുടെ സാമീപ്യത്തിലേക്കു തിരക്കിട്ടോരോട്ടമാണ്. പിന്നീട് പങ്കെടുത്തിട്ടുള്ള ഓട്ടമത്സരങ്ങൾക്കു വിസിലടി പ്രതീക്ഷിച്ചു നിൽക്കുമ്പോൾ അന്നത്തെ വാശിയേടെയുള്ള ഓട്ടമാണ് മനസ്സിൽ തെളിഞ്ഞിട്ടുള്ളത് .
കൂടെ ഓടി, വീടണയാൻ തയ്യാറുള്ള കൂട്ടുകാരും ഉച്ച ഊണിനായി ഞങ്ങൾ എത്താൻ കാത്തിരിക്കുന്ന ഉമ്മിച്ചായും ഒത്താണ് അന്നത്തെ ഉച്ചകളെല്ലാം സംഭവബഹുലമാക്കിയിരുന്നത്. അനീഷയുടെ പൊതിച്ചോറിലെ മുളക് ചുട്ടരച്ച തേങ്ങാ ചമ്മന്തിയും തോരനും മറ്റ് പിഞ്ഞാണത്തിലും, ഉമ്മിച്ചാടെ സ്പെഷ്യൽ കറികൾ അനിയുടെ ചോറിലും പുരണ്ട ഓർമ്മ സുഗന്ധത്തിനിന്നും വീര്യമേറെ.
ഊണിനൊപ്പം ഉമ്മിച്ച പറഞ്ഞു പോകുന്ന നാടൻ ശീലുകളും കഥകളും ഉള്ളിലെ രുചിമുകുളങ്ങളെ തൊട്ടുണർത്തിയിരുന്നു. ഉമ്മിച്ചയുടെ കഥകളില്ലാത്ത ദിനങ്ങളിൽ റേഡിയോയിൽ നിന്നുയരുന്ന പാട്ടുകളും നാടകങ്ങളും അന്നൊക്കെ ഉച്ചയൂണിന് കൂട്ടായിരുന്നു !