നീ തന്നെനിക്കായൊരഗ്നിജ്വാലാശില,
നീ തന്നെനിക്കായരക്കില്ലമായിരം
നീ വിധീ, നീ തന്നു വൻകൊടുങ്കാറ്റുകൾ
നീ തന്നു വേനലും, വർഷവും, ശൈത്യവും
നീ തന്നുരുക്കിൻ്റെ വന്മതിൽക്കെട്ടുകൾ
നീ തന്നു മുള്ളും മുരിക്കും, നിരാശയും
നീ തന്നു ചക്രവ്യൂഹങ്ങൾ, വലച്ചുരുൾ
നീ തന്നു പോരിൻ പുകച്ചുരുൾ വാക്ശരം
നീ തന്നിരുട്ടിൻ്റെ ചായം, മഷിപ്പുഴ
നീ തന്നു മേഘക്കറുപ്പിൻ്റെ താഴ്വര!
കാളിന്ദി, കാളിയം, ഇന്ദ്രവജ്രായുധം,
മായ കാട്ടാൻ കാട്ടിലെത്തും ചതുർമുഖം
കോട്ടകൾ, കൊത്തളങ്ങൾ, കിടങ്ങായിരം
തൂക്ക് കുന്തങ്ങൾ, ത്രിശൂലങ്ങളമ്പുകൾ
പേക്കിനാവോർമ്മയുലത്തീക്കനലുകൾ
വാക്കിലെ ചില്ല്, മിഴാവിൻ്റെ വാദനം
നീ വിധീ, നീ തന്നതെല്ലാം മനസ്സിനെ
കീറുന്ന വാൾമുനത്തുമ്പിൻ്റെ ഗർജ്ജനം
നീ തന്നതെല്ലാമൊരൊറ്റ ജന്മത്തിനെ
ഹോമിക്കുവാൻ പോന്ന അഗ്നിലാവാജലം,
നീ തന്നതെല്ലാമൊരൊറ്റ ശ്വാസത്തിനെ-
ആഹൂതി ചെയ്യും ശ്മശാനനിശ്ശബ്ദത..
ആരവാന്ത്യം കഴിഞ്ഞെപ്പോഴോ ഞാനു-
ണർന്നാരോഹണത്തിൻ സ്വരം കണ്ടെടുക്കവേ
പ്രാണൻ്റെ പാതി നിർജ്ജീവമായെങ്കിലും
പാതിരാപ്പൂക്കൾ കൊഴിഞ്ഞുവീണെങ്കിലും
ചോലത്തണുപ്പിൻ്റെ ചെങ്കല്ലുപാതയിൽ
ഗ്രാമം വിരിച്ചിട്ട പച്ചപ്പിനുള്ളിലായ്
ഞാനിരുന്നാദിഗോത്രത്തിൻ്റെ പാട്ടുമായ്
ഞാനിരുന്നോരോ യുഗത്തിൻ്റെ ഭാഷയായ്
മഞ്ഞുപോൽ ഹൃദ്സ്പന്ദനങ്ങൾ തണുക്കിലും
കണ്ണിലെ മിന്നാമിനുങ്ങ് മങ്ങീടിലും
വിണ്ണിലെ രാശിക്കളങ്ങൾ ഗ്രഹങ്ങളെ
ഒന്നായിയമ്മാനമാടിയെന്നാകിലും
കാന്തം കൊളുത്തിപ്പിടിക്കുന്ന പോൽ ഭൂമി –
കൂടെപ്പിടിച്ചാശ്വസിപ്പിച്ച നേരത്ത്
വീണ്ടും തളിർക്കുന്നൊരാദി ഗാനത്തിൻ്റെ
ബാലപാഠങ്ങൾ പഠിക്കാനിരുന്നു ഞാൻ…
അക്ഷരം തെറ്റിപ്പിടഞ്ഞു വീഴുമ്പോഴും
മുഗ്ദ്ധഭാവങ്ങൾ ലയം തെറ്റിയെങ്കിലും
ഓരോ ദിനാന്ത്യവും മൺചെരാതിൽ നിന്ന്-
നോവും, തിളക്കവും വേർതിരിച്ചീടവേ
ഞാൻ നിനയ്ക്കാതെ തിമിർത്ത ലോകത്തിനെ,
ഞാൻ മരിക്കാതെ മരിച്ച കാലത്തിനെ;
ഞാനോ മറക്കാൻ ശ്രമിച്ചു, നിശ്ശബ്ദത-
യ്ക്കായിരം നാവെന്നറിഞ്ഞ നേരങ്ങളിൽ..
ജാലകപ്പാളിയിൽ ഭൂമി വന്നെപ്പോഴോ-
പോരൂ, മടിക്കാതെയെന്ന് ചൊല്ലീടവേ
നീ വിധീ, നീ തന്ന തീക്കനൽപ്പൊട്ടുകൾ
പാരിജാതങ്ങളായ് മെല്ലെത്തളിർക്കവേ,
വേനൽമഴത്തുള്ളി വീണ മണ്ണിൽ നിന്ന്-
പ്രാണനെ വീണ്ടും വിളിച്ചുണർത്തീടവേ
നീ വിധീ, നീ നടക്കുന്നു സമാന്തരപാതയിൽ-
മഞ്ഞായ്, ഇരുട്ടായ്, പ്രകാശമായ്..