ദുർഗ മനോജ്
സഹകരണ ബാങ്ക് ഉദ്യോസ്ഥയും സംസ്ഥാന ശിശുക്ഷേമ സമിതിയംഗവുമായ ദുർഗ്ഗ മനോജിന്റെ നിരവധി കഥകൾ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ കുഞ്ഞനിലയും ആൽമരവും , ഉത്തരധ്രുവത്തിൽ നിന്ന് ഒരു കുഞ്ഞു മേഘം എന്നീ പാരിസ്ഥിതിക ബാലസാഹിത്യ നോവലുകളും കുട്ടികൾക്കു വേണ്ടി സ്നേഹക്കൂട്ട് എന്ന നോവലും ഇതിനോടകം പ്രസിദ്ധീകൃതമായിട്ടുണ്ട്. ആകാശവാണിയിൽ തുടർച്ചയായി സംപ്രേഷണം ചെയ്ത സുഭാഷിത ശകലങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.
വിജയം നിങ്ങളുടേതാണ് (പ്രചോദന ഗ്രന്ഥം)
ആധുനിക രചനാ സങ്കേതങ്ങൾ പുത്തൻ തലങ്ങളിലേക്ക് വഴിമാറി നടക്കുന്ന പ്രവണത മലയാളത്തിലും പ്രതിഫലിച്ചു തുടങ്ങിയിട്ട് കുറച്ചു നാളായി. വൃത്തഭംഗമില്ലാത്ത കവിതയിൽ നിന്നും വൃത്തമേതുമില്ലാത്ത കുറിമാനങ്ങളുടെ സ്വാതന്ത്ര്യത്തിലേക്ക് മലയാളവും സ്വമേധയാ കടന്നു ചെല്ലുകയായിരുന്നു. പരമ്പരാഗത പദ്യ ഗദ്യ, നിരൂപണ, ശാസ്ത്ര സാഹിത്യങ്ങൾ നിലനിൽക്കവേ തന്നെ വാണിജ്യ സംബന്ധിയായ ഗ്രന്ഥങ്ങളും ഫാഷൻ , ഓട്ടോമൊബൈൽ മുതലായ ഉത്തരാധുനിക മാദ്ധ്യമ സങ്കേതങ്ങൾക്കും മലയാളത്തിൽ നല്ല മാർക്കറ്റ് നിലവിലുണ്ട്. വിവിധ പരീക്ഷാ സഹായികൾ , വിദ്യാഭ്യാസ , വിജ്ഞാന പരിപോഷണ ഗ്രന്ഥങ്ങൾ , സോദ്ദേശ കഥകൾ മുതലായവയും ഇവിടുത്തെ ബെസ്റ്റ് സെല്ലറുകളിൽപ്പെടുത്താവുന്നവ തന്നെ. ഇതര മേഖലകളിൽ ഇത്തരത്തിലുള്ള നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങൾ ഉള്ളപ്പോഴും മന:ശ്ശാസ്ത്രപരവും വായനക്കാരിൽ പോസിറ്റീവ് ചിന്തകൾ പകരുന്നവയുമായ പുസ്തകങ്ങൾ ഇപ്പോഴും മലയാളത്തിൽ വളരെ വിരളമാണ്. പ്രത്യേകിച്ചും വനിതകളായ എഴുത്തുകാരുടേത്. ആ കുറവ് നികത്തുന്ന ഭേദപ്പെട്ടൊരു പുസ്തകമാണ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥയും സംസ്ഥാന ശിശുക്ഷേമ സമിതിയംഗവുമായ ദുർഗ്ഗ മനോജിന്റെ “വിജയം നിങ്ങളുടേതാണ് “ എന്ന ഗ്രന്ഥം.
ഈ ജനുസ്സിൽപ്പെടുന്ന പുസ്തകങ്ങൾ പൊതുവേ ഉദ്യോഗാർത്ഥികളെയാണു ലക്ഷ്യം വക്കുന്നതെങ്കിലും ഈ ഗ്രന്ഥം പ്രായഭേദമെന്യേ വീട്ടമ്മമാർക്കും കുട്ടികൾക്കും വരെ വിദ്യാഭ്യാസ, സാമ്പത്തിക, ജീവിത വിജയത്തിനു വഴികാട്ടിയാകാൻ പോന്ന ഒന്നാണ്. വിദ്യാർത്ഥികളും വീട്ടമ്മമാരും ജീവിത വിജയം കൊയ്യാനാഗ്രഹിക്കുന്ന ബിസിനസ് പ്രൊഫഷണലുകളുമെല്ലാം നിത്യജീവിതത്തിൽ ചില സന്നിഗ്ദ്ധാവസ്ഥകൾ അഭിമുഖീകരിക്കാറുണ്ട്. അത്തരം അവസ്ഥകളിൽ നേരായ വഴികളിലേക്കു വെളിച്ചം വീശുന്നതിന് ഈ ഗ്രന്ഥം ഉപകരിക്കും.
കോപം നിയന്ത്രിക്കാനും കുടുംബ ജീവിതത്തിൽ സന്തോഷം നിലനിർത്താനും അടക്കമുള്ള നിർദ്ദേശങ്ങൾ ഇൻസ്റ്റന്റ് പൊടിക്കൈകളായല്ല പറയുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. മറിച്ച് അവയിലെ സന്ദേശങ്ങൾ മനസ്സിലുൾക്കൊണ്ട് പ്രാവർത്തികമാക്കുന്നതിലേക്ക് വായനക്കാരെ നയിക്കുന്നു. നെടുങ്കൻ വാചകങ്ങൾ ഇല്ലാതെയും ഉള്ളു പൊള്ളയായ വാക്കുകൾ കൊണ്ട് ഉപരിപ്ലവമായ മാസ്മരികത സൃഷ്ടിക്കാതെയും തയ്യാറാക്കിയിട്ടുള്ള 176 പേജുകളുള്ള ഈ പുസ്തകത്തിലെ സന്ദേശങ്ങൾ ഉള്ളിൽത്തട്ടുന്നവയാണ്. ആത്മാർത്ഥമായ വായനയുള്ളവർക്ക് സ്വയം സ്വാംശീകരിച്ചെടുക്കാവുന്ന നിരവധിയായ വിജയസൂചനകൾ ഓരോ പേജിലുമുണ്ട്.
അസംതൃപ്തിയുടെ അളവുകോൽ എന്തെന്നും അവനവൻ തന്നെ സ്വയം മാറാത്തത് എന്തുകൊണ്ടെന്നും സ്വയംവിമർശനാത്മകമായി ഉത്തരങ്ങളിലെത്താൻ ഗ്രന്ഥം വളരെ സഹായകമാവും. പ്രതിസന്ധികളെ അവസരങ്ങളായി കാണുകയെന്ന കേട്ടു പഴകിയ മാനേജ്മെന്റ് തത്വമോർമ്മിപ്പിക്കുന്ന അദ്ധ്യായം വായിക്കുമ്പോൾ മാതൃവാത്സല്യത്തിന്റേതോ സഹോദരീ നിർവ്വിശേഷ സ്നേഹത്തിന്റേതോ ആയ സ്വരമാണ് ഗ്രന്ഥത്തിൽ നിന്നും ഉയരുന്നത്. ബുദ്ധിമാനായാൽ മാത്രം വിജയിക്കണമെന്നില്ലെന്നും ആത്മവഞ്ചനയോടെയുള്ള ന്യായീകരണങ്ങൾ നിലനിൽക്കുകയില്ലെന്നും ഈ പുസ്തകം നമ്മെ ഓർമ്മപ്പെടുത്തുന്നു. ദുഃഖത്തെ ആശ്ലേഷിച്ചാൽ മാത്രമേ അത് നമ്മോടൊപ്പമുണ്ടാവൂ എന്നും ഇല്ലെങ്കിൽ അത് സ്വയം നമ്മളെ വിട്ടൊഴിഞ്ഞു പൊയ്ക്കൊള്ളും എന്നുമുള്ള യാഥാർത്ഥം ലഘുവാചകങ്ങളിലൂടെ ഇതിൽ അനാവരണം ചെയ്യപ്പെടുന്നു. ചിത്രങ്ങളും ചാർട്ടുകളുമില്ലാതെയും മഹദ് വചനങ്ങൾ ഒഴിവാക്കിയും നിത്യജീവിതത്തിലെ സത്യങ്ങൾ യാഥാർത്ഥ്യബോധത്തോടെ ഉൾക്കൊണ്ട് പ്രായോഗിക ബുദ്ധിയോടെ ഏവർക്കും നേർജീവിതം നയിക്കുന്നതിന് ഈ പുസ്തകം ഒരു വഴിവിളക്കാവും.
മികച്ച നിലവാരത്തിലുള്ള ലേ ഔട്ടും അച്ചടിയും ഈ പുസ്തകത്തെ ഉള്ളടക്കം പോലെ തന്നെ കമനീയമാക്കുന്നുണ്ട്
പ്രസിദ്ധീകരണം മാക്സ് ബുക്സ് , കോട്ടയം., വില 299 രൂപ.