വാർദ്ധക്യം

അറിഞ്ഞു മയങ്ങാൻ കൊതി എനിക്കേറുന്നു
അറിവു തിരഞ്ഞ രാപ്പകലുകൾ അകലുന്നു
അരികത്തു നീയില്ല, അറിയാൻ കൊതിയില്ല
ആകെ നിറം കെട്ട കോലമിന്ന്
ഞാൻ ആകെ നിറം കെട്ട കോലമിന്ന്

തണലേകാനാവില്ല, മുകുളങ്ങൾ വിടരില്ല
സുഖവും സുഗന്ധവും നിറയുകില്ല
ആരൊക്കെയാണെന്ന്, ആരൊക്കെ ഉണ്ടെന്ന്
ആമോദം കൊണ്ടു നടന്ന കാലം
അകലങ്ങൾ താണ്ടി കടന്നു കഴിഞ്ഞിന്നു
അരികത്തിരിക്കാനും ആരുമില്ല

അഴലുള്ളൊരുടലുമായ് അകലത്തിൽ നോക്കി
നിഴലിൻറ കേളികൾ കണ്ടിരിപ്പൂ….
ഇന്ന് നിഴലിൻറ കേളികൾ കണ്ടിരിപ്പൂ
പീറത്തുണിപോലുറഞ്ഞു ദേഹം
പീളയടിഞ്ഞീറനണിഞ്ഞു നേത്രം
ചിറകറ്റ ഓർമ്മകൾ ചിലനേരമുണരുന്നു
ഇണയെ പുണർന്നു വിതുമ്പിടുന്നു

വൈക്കം ടിവി പുരം സ്വദേശി. മഹാരാഷ്ട്രയിൽ സ്ഥിരതാമസം .