വാഴുന്നോർ

കല്പന
പ്രമാണിക്ക
അകൃത്യ കല്പന
വാഴുന്നോർ തൻ
വരബലം
ഭോഗിച്ചു തീർക്കുന്നു
ദേശവാഴികൾ;
അന്യന്റെ കർമ്മഫലങ്ങളും….

മുഴങ്ങുന്നൊരാപ്തവാക്യം;
ചൂണ്ടുന്നു ദേശവാഴിക്കു നേരെ
വയലേലയിൽ, പണിയിടങ്ങളിൽ
കനൽ കത്തുന്ന കണ്ണിൽ നിന്നും
സഹികെട്ട നാവേറായ്:
ആലക്കുടിയിൽ കിടക്കും
നായയ്ക്കുണ്ടോ പേടി
തീപ്പൊരി കണ്ടീടിനാൽ ….

അനുതപിക്കുന്നു
പ്രജാപതി
വെറും വാക്കിനാൽ കോർത്തു വച്ച
നോക്കുകുത്തികളല്ലോ നമ്മൾ;
ഇഹപരലോകവാസികൾ….

മതം
ദേശം
മാനവികത
തരം പോലെ മൊഴിയുന്നു
വൃഥാഭിമാനങ്ങൾ
മുഴങ്ങുന്നു
ഇഹപരലോക വൃത്താന്തങ്ങൾ
വരവായ്
ആദിത്യൻ നീചഭാവത്തിൽ
ഉന്മത്തരായ്
നമ്മൾ
ജന്മാന്തരങ്ങളാൽ …

ഒഴിഞ്ഞഹംബുദ്ധിതന്നാരവം
കൊഴിയുന്നു നിർജ്ജിവമായ്
ദൈവത്തിന്നുടലാധാരങ്ങൾ…

അരങ്ങേറുന്നു
നരമേധങ്ങൾ ;
ദേശമിന്നൊരു യാഗശാല…
പ്രജാപതി കല്പിക്കുന്നു :
ദൈവത്തിന്നുടൽ നിറം മങ്ങുന്നു;
പൂവിന്റേതല്ല;
ഇലയുടേതുമല്ലാതായ് …

മൺ മറഞ്ഞുപോയ്
മൃദുസ്വരത്താൽ
നമ്മെ സ്പർശിച്ച കുല മൂർത്തികൾ …
ആർത്തിയോടെ ഭക്ഷിച്ചു
ദേശവാഴികൾ
അപര പ്രാർഥന…
ആട്ടിയോടിച്ചു
ബുദ്ധനെ
ശ്രീരാമനാമം ജപിച്ചാമോദമോടെ
പുലർന്നു കാലം
ദേവാസുര മിശ്രഭോജനത്തിനായ് ..
മർത്ത്യനായ്
ജനിച്ചവർ വഴി മാറുക
തുറക്കുന്നു
വൈകുണ്ഠകവാടം
വരത്തിനായ്
തിരക്കായ്
ദേവാസുരോത്തമന്മാർ.

തിരുവന്തപുരം കാക്കാമൂല സ്വദേശി. റിട്ടേർഡ് പഞ്ചായത്ത് സെക്രിട്ടറി. ബുദ്ധപൂർണ്ണിമ, സർപ്പ സീൽക്കാരത്തിൻറെ പൊരുൾ, കരിന്തണൽ, വയൽ ജീവി എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്