
കുമ്മാളമലയുടെ താഴെയുള്ള ഞാവൽപ്പഴക്കാടിൻ്റെ മറവിൽ കുമാരേട്ടൻ സ്നേഹമിട്ടു കാച്ചുന്ന വാറ്റ്. അതാണ് മൃതസഞ്ജീവനി.
ദേവ്യേച്ചിയോട് പ്രണയം പൂത്ത രാത്രിയാണ് വാറ്റുന്നതെങ്കിൽ പട്ടയും കരയാമ്പൂവും പച്ചകരിമ്പുമിടും. നാട്ടിലെ പതിനെട്ട് മരത്തിലെ പതിനെട്ട് കായ്ഫലങ്ങൾ ഇടുമത്രേ. രഹസ്യമാണ്. നാടിനെ തന്നെയാണ് കുമാരേട്ടൻ വാറ്റുന്നത് എന്ന് തോന്നും. കുമാരേട്ടൻ വാറ്റി തുടങ്ങുമ്പോൾ കുമ്മാളമലയിലെ പൊത്തുകളിൽ നിന്ന് കരിമൂർഖന്മാർ ഇറങ്ങി ഞാവൽമരത്തിൽ ചുറ്റിയിരുന്ന് വാറ്റ് കാണുമത്രേ.
വാറ്റുന്നത് കാണാൻ ചുരുങ്ങിയത് ആറ് പേർ വരും. വാർഡ് മെമ്പർ പൊക്കിളി ബാലൻ, നീണ്ടമുടിയുള്ള വെളിച്ചപ്പാട് രക്കൻ, തലയിൽ തേക്കില തൊപ്പി കെട്ടി വെള്ളച്ചി മുത്തി, ഒറ്റയ്ക്ക് ആറ് പോത്തിന് നോക്കുന്ന സദാ വെറ്റില തിന്നുന്ന അലമേലു ചെട്ടിച്ചാര്, പിന്നെ ബാങ്കിലെ ക്ലാർക്ക് പണി കളഞ്ഞ് വെറുതെ നടക്കുന്നു മീശ മാത്രം മുഴുവനായി നരച്ച ബേങ്ക് ശാരംഗപാണി.
സൂചന കിട്ടുന്ന സമയത്ത് ഞാനും പോവും. വിശ്വാസമാണ് ചോർത്തില്ല എന്ന്.
ഒരു പണിയും ചെയ്യാതെ തലയിൽ ഒരു ചീന്ത് കൈതപ്പൂ ചൂടിയ ദേവ്യേച്ചി കാലിൻമേൽ കാലും വെച്ച് വെട്ടുകല്ലിലിരുപ്പുണ്ടാവും. തീ വെളിച്ചത്തിൽ മഞ്ഞളരച്ച് കുളിച്ച ദേവ്യേച്ചിയുടെ കവിൾ തിളങ്ങും.
ആരും ഒന്നും മിണ്ടില്ല. മിണ്ടാൻ പാടില്ലല്ലോ.
തീ വെളിച്ചത്തിൽ പാമ്പിൻ്റെ തോൽക്കുപ്പായങ്ങൾ മിന്നും. പുറകിൽ കുറുക്കന്മാരും ചെന്നായക്കളും മണം പിടിച്ച് നിൽക്കും. വാറ്റ്, കുമാരേട്ടന് കവിത പോലെയാണ്. വേരുകളും ഇലകളും രഹസ്യക്കൂട്ടുകളും കഥക് നർത്തകനെ പോലെ വാറ്റു ചട്ടിയിലിടും. പുകയിലക്കറ പിടിച്ച പല്ലുകൾക്കിടയിൽ ഒരു മൃദു മന്ത്രം വിറകൊള്ളുന്നുണ്ടാവും. കാരണവർ പകർന്നു കൊടുത്ത രഹസ്യ മന്ത്രമായിരിക്കും.
പുലർച്ചെ അമ്പലത്തിൽ പാട്ട് വെയ്ക്കുമ്പോഴേക്കും വാറ്റി തീർന്നിട്ടുണ്ടാവും. കുമാരേട്ടേൻ തലയിൽ ഇരിഴത്തോർത്ത് കെട്ടി വാറ്റുമായി നടക്കും. മുന്നിൽ കൈ വീശി ദേവ്യേച്ചിയും.
പിന്നെ രാവിലെ ഒരു പതിനൊന്ന് മണിക്ക് കുമാരേട്ടൻ്റെ വീട്ടിൽ ചെല്ലണം. നേരെ പിന്നാമ്പുറത്തേക്ക്. കുമ്മായമടർന്ന ചുമരിൻ്റെ അടുത്തുള്ള ആട്ടുകല്ലിലിരിക്കണം. ഒരു ചെമ്പു കോപ്പയിൽ കുമാരേട്ടൻ ചാരായം പകരും. ദേവ്യേച്ചി നട്ടുവളർത്തിയ പച്ചമുളക് ചെടിയിൽ നിന്നും ഒരു കുഞ്ഞനെ പൊട്ടിച്ച് കടിക്കും. പിന്നെ ചാരായം കുടിക്കും. ഉള്ളിൽ എരിവും ചൂടും ചേർന്ന് താഴേക്ക് ഒരു അനുഭൂതി പോവുന്നത് ഞാനറിയും.
ബലിക്ക് കൊണ്ടു വന്ന കോഴിയുടെ തലയിൽ വെള്ളം തെളിക്കുമ്പോൾ കുടയുന്ന മട്ടിൽ ഞാൻ തല കുടയും. ഓര കണ്ണുകളോടെ ദേവ്യേച്ചി ചിരിച്ച് ഒരു പുകയില കൂടെ ചവയ്ക്കും.
ഞാൻ കുമാരേട്ടൻ്റെ വീട് വിട്ട് അകലുമ്പേഴേക്കും എൻ്റെ കണ്ണിൽ ക്ഷീരപഥങ്ങൾ തെളിയും. എത്ര മന:പ്പാഠമാക്കാൻ ശ്രമിച്ചിട്ടും കഴിയാത്ത, വിഷാദത്തിൽ ആത്മഹത്യ ചെയ്ത പ്രണയകവിത സാമന്ദമലഹരിയിൽ ഒഴുകും. വിശപ്പ് തിന്ന പകലുകളും, വിരഹം കൊന്ന പ്രണയങ്ങളും, പ്രാന്ത് പൂത്ത അസ്തിത്വ പ്രശ്നങ്ങളും, വരികളുടെ ചിറകിലേറും. ഷേക്സ്പിയറും ഷെല്ലിയും ഉച്ചാരണ ശുദ്ധിയോടെ അപകർഷങ്ങൾ വിട്ട് ആകാശത്തേക്ക് അപ്പൂപ്പൻ താടി പോലെ പറക്കും.
എൻ്റെ വികാര വിസ്ഫോടനം കേട്ട് വെള്ളച്ചി മുത്തി ആർത്ത് ചിരിക്കും. ഞാൻ ആയിരം കുതിരശക്തിയോടെ കുമ്മാളമല കയറും. കരിനാഗങ്ങൾ വഴി മാറും. കാൽപ്പാദങ്ങൾക്ക് താഴെ ഞാവൽപ്പഴങ്ങൾ ഞെരിഞ്ഞമരും. കാട്ടു പന്നികൾ എൻ്റെ പാട്ട് കേട്ട് ഓച്ഛാനിച്ച് നിൽക്കും.
നടന്ന് നടന്ന് കുമ്മാളമലയുടെ ഉച്ചിയിൽ എത്തും. ഉച്ചിയിലെ മുനിയൻ മുനമ്പിൽ നിന്ന് കൂവും. എൻ്റെ അസുരക്ഷത്വങ്ങൾ വവ്വാലുകൾ പോലെ പറന്നകലും. പിന്നെ ഉറക്കെ കരയും. എൻ്റെ കരച്ചിൽ കേട്ട് കുമ്മാളമലയും കരയും. തൊണ്ട പൊട്ടുമാറ് കരയും. കുമ്മാളമലയും. പിന്നെ ഞാൻ ചിരിക്കും. കുമ്മാളമലയും.
താഴെ തണുപ്പു പുതച്ചുറങ്ങുന്ന നാട്. കരഞ്ഞു തിണിർത്ത രാത്രി. ദുഃഖമൂറി കനമാർന്ന ഒരു കനാൽ നിശബ്ദമായി കുറുകെ ഒഴുകുന്നു. മുഷിഞ്ഞ വെളുത്ത ഷർട്ടിൽ കമ്മ്യൂണിസ്റ്റ് പച്ചയുടെ മറന്ന മുദ്രാവാക്യങ്ങൾ. കൂർത്ത പുല്ലിലും മുള്ളിലുമുരസി നെഞ്ചിൽ ചോരയുടെ മഴ നൂലുകൾ. ഒടുവിൽ ഞാൻ മുനിയൻ മുനമ്പിൽ കിടന്നുറങ്ങും.
ഇപ്പോൾ രാത്രിയാണ്. ആകാശം മുഴുവൻ നക്ഷത്രങ്ങൾ. നിറയെ നക്ഷത്രങ്ങൾ.
താഴെ നിന്നും വെള്ളച്ചി മുത്തി പിറുപിറുത്ത് എന്നെ തിരഞ്ഞ് കുമ്മാളമല കയറുന്നുണ്ടാവും. കുമരേട്ടൻ്റെ ചാരായത്തിൻ്റെ ചൂര് മണത്ത് പാമ്പുകൾ എൻ്റെ ദേഹത്തു കൂടെ ഇഴയുന്നുണ്ട്. എണ്ണമയമില്ലാത്ത എൻ്റെ മുടിയിൽ തേളുകൾ കാവൽ നിൽക്കുന്നു. വെള്ളച്ചി മുത്തിക്ക് സൂചന കൊടുത്ത് കുറുക്കന്മാർ ഓരിയിടുന്നുണ്ടാവും.














