സ്ത്രീപർവ്വം – തുടർച്ച
ഋതുപ്പകര്‍ച്ച
മഴ,വെയില്‍ മനമതില്‍
അനുദിന ഋതുപ്പകര്‍ച്ച
മക്കളെപ്പോറ്റുന്നോരമ്മ
ദുഷ്കര്‍മ്മിയെന്ന വിലക്കും
*ശൂദ്രനും ഞങ്ങളുമൊന്നായ്
നാശം വിളയിച്ച ജന്മം…
കാലം തെറ്റാതെ വിടരും
കൈനാറിപ്പൂക്കളായ് നമ്മള്‍…
ആകൃഷ്ടരാകാതെ നമ്മള്‍
ആര്‍ജ്ജവത്തോടെ സഹിച്ചു…
ചക്രവാളം നമുക്കന്യം
ചൊല്‍ക്കാഴ്ചപോലായ ജന്മം
നാട്ടുനടപ്പല്ലോ ന്യായം
വീട്ടാധിയുള്ളില്‍ പുകഞ്ഞു…
കാഴ്ചയില്‍ നീ കണ്ട ദോഷം
വീഴ്ചയായെല്ലാം സഹിച്ചു
ക്രോധിച്ച ദുഃഖം മനസ്സില്‍
ഭാവിച്ചതില്ലതിന്‍ വീര്യം
**ജീവനില്‍ പ്രേമം വരണ്ടാല്‍
ത്യാഗം പരിത്യാഗമെന്നായ്…
സ്പര്‍ശസുഖത്തിന്‍ ഗുരുത്വം
വ്യര്‍ഥശ്രുവായങ്ങൊടുങ്ങി…
പുത്തന്‍ വഴികള്‍ നീതേടി
സത്യം നിനക്കെന്നുമന്യം…
*മനീഷാപഞ്ചകം.ചണ്ഡാലന്‍റെ ചോദ്യശരമേറ്റ് ബോധോദയമുണ്ടായ ശങ്കരാചാര്യര്‍ രചിച്ച അഞ്ചുശ്ലോകങ്ങള്‍. വഴിമാറാന്‍ പറഞ്ഞ ശങ്കരാചാര്യരോട് ചണ്ഡാലന്‍ ഉന്നയിച്ച ചോദ്യം : അന്നമയത്തില്‍ (ജഡം)നിന്ന് അന്നമയത്തെ അല്ലെങ്കില്‍ ചൈതന്യത്തില്‍ (ചിത്ത്) നിന്ന് ചൈതന്യത്തെ അകറ്റുവാന്‍ അല്ലയോ ബ്രാഹ്മണ ശ്രേഷ്ഠ ‘പോ…പോ…’ എന്ന് എന്തിനുപറയുന്നു?. ചണ്ഡാലന്‍ അന്നമയമാണെങ്കില്‍ ആചാര്യനും അന്നമയമാണ്. അല്ല ചൈതന്യമാണെങ്കില്‍ രണ്ടു പേരും ചൈതന്യമാണ്.
ഈ മനോഭാവം ആചാര്യന്‍മാര്‍ സ്ത്രീകളോടും പുലര്‍ത്തിപ്പോന്നു.
ആര്യന്മാരുടെ / ബ്രാഹ്മണ പണ്ഡിതന്മാരുടെ തെറ്റുതിരുത്തുന്ന അനാര്യരെ / ശൂദ്രനെ ദൈവത്തിന്‍റെ പ്രതിരൂപങ്ങളാക്കിയും മറ്റും അവരുടെ സ്വത്വമഹിമ കെടുത്തുന്ന കുതന്ത്രങ്ങള്‍ പുരാണങ്ങളില്‍ കാണാം.ഇവിടെ പരമശിവന്‍ ചണ്ഡാലന്‍റെ രൂപത്തില്‍ ശങ്കരാചാര്യരെ പരീക്ഷിച്ചതെന്ന തൊടുന്യായം പറഞ്ഞ് ശൂദ്രന്‍റെ യുക്തിവിചാരങ്ങളെ / ആത്മജ്ഞാനത്തെ അവഗണിക്കുന്നതായ് കാണാം.
‘മനീഷാപഞ്ചകം’ ശങ്കരാചാര്യരുടെ രചനയല്ലെന്നാണ് നാരായണഗുരുവിന്‍റെ അഭിപ്രായം.ശ്രീനാരായണന്‍ അംഗീകരിച്ച തത്ത്വശാസ്ത്രം ശ്രീ ശങ്കരന്‍ പ്രചരിപ്പിച്ച അദ്വൈതം തന്നെയാണ്.
** ‘ഉഗ്രവ്രതന്‍’ എന്നാണ് കുമാരനാശാന്‍ നാരായണഗുരുവിനെ വര്‍ണ്ണിച്ചിട്ടുള്ളത്.വലിയ സ്ട്രഗിള്‍ ബുദ്ധനും ക്രിസ്തുവിനും ഉണ്ടായതുപോലെ മാരന്‍റെയും സാത്താന്‍റെയും പ്രലോഭനങ്ങള്‍ ഉണ്ടായിട്ടും ഗുരുവിന്‍റെ ബ്രഹ്മചര്യത്തിന് കോട്ടമുണ്ടായില്ലെന്നാണ് സ്വാമിയുടെ അടുപ്പക്കാരുടെ അഭിപ്രായം.(സ്വാമിയിലേക്ക് ഒരു തിരിഞ്ഞുനോട്ടം-കെ.അയ്യപ്പന്‍)
അതിഗൂഢമായ് നിന്‍ നോട്ടം
ഒണ്ടിക്കിടന്നാലശുദ്ധം
പണ്ഡിത സദസ്സിന് കേമന്‍
മിണ്ടാതെ വന്നങ്ങുറങ്ങും…
അടക്കി അപരാധങ്ങള്‍
ഉറഞ്ഞശില മാതൃത്വം…
നീ നിന്നെ അറിയാന്‍ മറന്നു
നീ എന്നെ അറിയാന്‍ മറന്നു
പറഞ്ഞോ നീ എന്നൊരു ശങ്ക:
‘വീതംവയ്പ്പിന് നിന്നുതരാന്‍
വീര്‍പ്പിച്ചോ ഞാന്‍ നിന്നുദരം…
കൊല്ലും ശൂന്യതയെന്നുള്ളില്‍
മത്തായോ അത് നിന്നുയിരില്‍
‘രണ്ടുപേര്‍ ഒരേകട്ടിലില്‍
കിടക്കും; ഒരാള്‍മരിക്കും
മറ്റേയാള്‍ജീവിക്കും’-ക്രിസ്തു
മൊഴിയിലെന്ത് തത്വചിന്ത…?
ഇറ്റു ജലത്തിനു കേഴും
ഞാന്‍; വറ്റിയ കിണറോ നിന്‍
ഹൃദയം; മുറ്റിയസ്നേഹം
സന്യാസം;വറ്റിയന്യായം…?
കല്പിക്കാനോ ഞാനാളല്ല
കല്പന കേള്‍ക്കല്‍ പെണ്‍ജന്മം
പുഴുവില്‍ കാണാന്‍ മനസ്സില്ല
വര്‍ണ്ണ ചിറകിന്‍ മുകുളങ്ങള്‍….
ഓര്‍മ്മപുസ്തകത്തില്‍
അവസാനതാളില്‍
മരണദിനം
അവള്‍ കുറിച്ചതിങ്ങനെ :
ഈ ഒരു ദിവസം
നിഷ്ഫല സമാപ്തി
എന്‍റെ ജന്മം-?
സ്ത്രീ…
കര്‍മ്മ ഫലത്തിനു നീ
എന്തു പേര്‍ ചൊല്ലും?
മഹാപരിത്യാഗം
നിര്‍വ്വാണം
നിയോഗസമാധി…