
ഭാഗം രണ്ട് : സ്ത്രീപർവ്വം – തുടർച്ച
തത്ത്വമസി
കര്‍മ്മങ്ങളെല്ലാം ക്ഷയിക്കും
പ്രാരാബ്ധ കര്‍മ്മം കടുക്കും
സ്ത്രീയെന്ന ധര്‍മ്മം പഠിക്കും
പെണ്ണില്‍ നീ ചേതന കാണും
അക്ഷരമെല്ലാം മറക്കും
അന്നു നീ മാനവനാകും
കണ്ണാടി നിന്നെ വെറുക്കും
തത്വമസിക്കനവ് വറ്റും
സരയൂതീരമണഞ്ഞു
രാമനും മാനവനായി…
അപഹാരമാണ് നിന് മന്ത്രം
മനശുദ്ധിയെന്നങ്ങു തന്ത്രം
കാറ്റിനെ കല്പനയാക്കും
കടലെന്ന ഭാവം നിനക്ക്
നാട്ടുനടപ്പായ നോട്ടം
കാരുണ്യവാനെന്ന ഭാവം
‘ന സ്ത്രീ ശൂദ്രൌ വേദ മധീ-
‘യാതാം’-നാവില്‍ മനുമൊഴി
പൂവിട്ടു വാഴിച്ച നേരം
താഴിട്ട ജന്മസാഫല്യം
ഇമ്പം വഴുക്കുന്നവാക്കാല്
ചന്തത്തില്‍ എന്നെയുറക്കി…
ഹിംസയ്ക്കു സ്ത്രീലിംഗശബ്ദം
ചാരുഹംസമെന്നുപമ
പാവനശീലയെന്നോതാന്
പാടുപെട്ടോടുന്ന കാലം
ആവര്‍ത്തനം ശീലമാക്കും
ജീവിതം താനേ ഗമിക്കും
പക്ഷിമൃഗാദികള്ക്കെന്തു-
കര്‍മ്മം;പഞ്ചഭൂതങ്ങളാല്‍
ധന്യര്‍;കുഞ്ജത്തില്‍ പൂക്കളും-
പൂഴിയില്‍ ജീവാണു പോലും…
പാതിവ്രത്യം പഴിചാരി
വ്യാമോഹമാക്കിയ ജന്മം
ചന്ദ്രനെക്കാണാന്‍ ഭയക്കും
നിന്റെ സന്യാസജീവിതം ശുഷ്കം
തീവെക്ക കൊള്ളും മുഖത്തില്‍
പ്രാരാബ്ധദുഃഖം കനക്കും
സൂര്യപ്രകാശത്തില്‍ വാടും
ചന്ദ്രകാന്തത്തില്‍ ജ്വലിക്കും
നിനക്ക് പെരുവഴി,നെടു-
വഴി-കടല്‍വഴി;എനിക്ക്
പെരുവഴി നെടുവഴി-
കുറുവഴി-കനല്‍വഴി…
പ്രാരാബ്ധത്തിന് പരഗതി-
സന്ധിക്കും നാം പുതുവഴി…

