വരവിളിക്കോലങ്ങൾ

ഭാഗം രണ്ട് : സ്ത്രീപർവ്വം – തുടർച്ച

സീതായനം


വിഘ്നം വിരഹം വിശുദ്ധം
നാരിയെന്ന നാമധേയം
അല്പാല്പമായ് ഭക്ഷിച്ചെന്നെ
അഗ്നിക്ക് സാക്ഷിയായ് ജീവിതം
വില്ലോങ്ങി* ഭൂമിക്കുന്നമായ്
ചേക്കയറ്റകാറ്റുപോലെ
പേക്കിനാവിന്‍ വാഴ്വായ് ജന്മം….

എത്ര കഠിനമീഭോഷത്വം
‘മാനിഷാദ’-അരുതെന്നു-
പറയാന്‍ വ്യഗ്രതകാട്ടും
മറ്റൊരുകവിയുടെ ഗദ്-
ഗദമോ;കരളലിവോ-
ഉത്തരരാമചരിതം….?

ഭീരുത്വം മുഖമുദ്രയോ?
അഹന്ത;ജ്ഞാനപൂജ്യത….
അനുചരപ്പെരുമയും
പ്രതാപവും – കീര്‍ത്തിമുദ്ര
വരണ്ടപദം സന്യാസം
ചത്തമിത്തായ് രാമനാമം….

പേടിയാണെനിക്ക് നിന്നെ
കാമം;നിന്നുടല്‍സായകം
ഹീനസംസര്‍ഗ്ഗമെന്നോതി
ഭോഗസുഖമുപായമോ?
കാത്തുനിന്ന ഋതുക്കളില്‍
ഓര്‍ത്തുവച്ചില്ലൊരുദിനം…
മൃദുലമല്ല നിന്‍മനം
ദര്‍പ്പണത്തിന്‍ മറുപുറം…..
അണഞ്ഞദീപനാളമായ്
പൊലിമകെട്ട നിന്‍മനം

*രാജനീതിക്കുവഴങ്ങുന്ന മഹര്‍ഷിമാരുടെ / രാജഗുരുക്കന്മാരുടെ നിസ്സഹായാവസ്ഥ പുരാണങ്ങളിലുടനീളം കാണാം.
സീതയെ ചേര്‍ത്തണച്ച ഭൂമിദേവിക്കുനേരെ വില്ലോങ്ങിയ രാമനെ വാല്മീകി മഹര്‍ഷി തടയുന്നതോര്‍ക്കുക.
ഉത്തരരാമചരിതം വാല്മീകി രാമായണത്തോടൊപ്പം പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ത്തതാവാമെന്നും അഭിപ്രായം.

അഹല്യാഗതി
*പ്രച്ഛന്നവേഷിതന്‍ ദേവ-
ദേവനുശാപവരമായ്
കനിഞ്ഞരുളിയായിരം
ലിംഗങ്ങള്‍;പതിച്ചഹല്യ
ചേതനയറ്റശിലയായ്……

മദിച്ചുവാഴാനായിരം
ലിംഗങ്ങള്‍ ദേവാധിദേവന്;
സഹിച്ചുറങ്ങുന്നഹല്യ
ശിലയായ് കാറ്റുംമഴയും
വെയിലും വര്‍ഷവും;ഗതി-
മാറിയെത്തുംഋതുക്കളും
കല്പകാലത്തിന്‍മറുകായ്;
ഒരു കൈത്താങ്ങായ് ഭൂമിയും….

*തന്‍റെ പ്രച്ഛന്നരൂപം കൈക്കൊണ്ട് അഹല്യയെ പ്രാപിച്ച ദേവേന്ദ്രന് ആയിരം ജനനേന്ദ്രിയങ്ങള്‍ നല്‍കിയും അഹല്യയെ ശിലയായും ഗൌതമമഹര്‍ഷി ശപിച്ചു.

തിരുവന്തപുരം കാക്കാമൂല സ്വദേശി. റിട്ടേർഡ് പഞ്ചായത്ത് സെക്രിട്ടറി. ബുദ്ധപൂർണ്ണിമ, സർപ്പ സീൽക്കാരത്തിൻറെ പൊരുൾ, കരിന്തണൽ, വയൽ ജീവി എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്