അയ്യോ…. നിലവിളി കേള്‍പ്പൂ
*അമ്മേ…. വിളിയില്‍ നെടുവീര്‍പ്പ്
ഭക്തന്‍, ഭക്തി-പ്രാണായാമം
ആത്മാവില്‍ ദുര്‍മേദസ്സായോ
ഉള്ളില്‍വേദന തൊട്ടാലും
ദേഹം ദ്വൈതമതദ്വൈതം.
**മൂത്തുനരച്ചോരാത്മാവില്‍
മുര്‍ത്തമമൂര്‍ത്തം മാതൃത്വം
മുക്തിപഥത്തില്‍ സ്ത്രീസ്പര്‍ശം
ഓങ്കാരത്തിനുള്‍ച്ചുഴിയില്‍
ആദ്യവെളിച്ചം മാതൃത്വം
ഉന്നംതെറ്റിയ ഉച്ചാരം
***‘ഹേ… സ്ത്രീ… ഹേസ്ത്രീ…
നിനക്ക് ഞാന്‍ ആര്‍?
പരിശുദ്ധാത്മാപുത്രഗര്‍വ്വ്
വചനം വാക്കുപൊളിച്ചു….
കാലം പെരുവഴി ദേഹം
പൂര്‍ണ്ണ വിരാമം; അശാന്തം
വേദോന്മാദം ; ജ്വരമുഖം
ഗുരുവിന്‍ ആര്‍ത്തവിലാപം
സൂര്യോന്മാദം; കടലാഴം
അടിവേരറ്റ മുഴക്കം..
ധ്യാനമാണോ സംവേദനം?
ലോകദുഃഖം ബോധിസ്വത്വം?
എന്തുപരിത്യാഗം ? നോവും
ദേഹമത് ആരൂഢശോകം
നിലച്ചശബ്ദം ആത്മാവില്‍
സ്വത്വം? ഭ്രാന്തചിത്തം മുക്തി..
നിലച്ചാരവം നിന്‍നാവില്‍
വസിച്ചതിന്‍ മായയില്‍ നീ…
****തായേ…. തായേ… മിഴിനീരില്‍
ഒരുമൃദുസ്പര്‍ശ നിലാവ്
തെളിനീര്‍ഗോളം പുല്‍നാമ്പില്‍
സത്തുമസത്തും മിത്രങ്ങള്‍…
ഇല്ലാതെപോയ് യോഗമെനിക്ക്
നിന്‍ നിലവിളിതൊട്ടൊന്നു-
ശമിപ്പിക്കാന്‍ ‘ബ്രഹ്മ ഗുരോ’
നിന്‍യോഗം ഉടല്‍ചുരുങ്ങി
തപംകൊണ്ടുമരിപ്പാനോ?
ജ്ഞാന നിര്‍വൃതി ഹാ കഷ്ടം
മാറ്റൊലിക്കൊള്ളുന്നാകശത്ത്
‘മായ’യായ് * ഗുരുവിലാപം.
*ക്ഷീണാവസ്ഥയിലും എണ്ണമറ്റ ഭക്തജനങ്ങള്‍ ഗുരുദേവന്‍റെ ദര്‍ശനലാഭത്തിന് തിക്കിത്തിരക്കി വന്നുകൊണ്ടിരുന്നു. അദ്ദേഹത്തെ കേവലം ഒരമാനുഷികനായി കരുതിയിരുന്ന അവരില് പലരും രോഗാവസ്ഥയില്‍പ്പോലും ആ അത്ഭുതചരിതന്‍ യാതൊരു വേദനയുമനുഭവിക്കയില്ലെന്നു ബലമായി വിശ്വസിച്ചിരുന്നു. എന്നാല്‍ ആ ഗ്രാമീണ ജനങ്ങള്‍ ഉത്ക്കണ്ഠയോടെ പുറത്തുകാത്തു നില്ക്കുമ്പോള്‍ അവരുടെ വിശ്വാസത്തിനു വിപരീതമായി ഗുരുദേവന്‍ ശിശുസഹജമായ നിസ്സഹായത ഭാവിച്ചുകൊണ്ട് “അമ്മേ…..അമ്മേ……”എന്നുവിളിച്ചു. പഞ്ചസ്മരണ മുഴുവന്‍ ഉപേക്ഷിച്ച് സ്നേഹസ്വരൂപിണിയായ ജഗദംബികയില്‍ മനസ്സുറപ്പിച്ച് അന്ത്യവേളയില്‍ അംബയെ ഏകാവലംബയായിക്കരുതിയ നിത്യമുക്തനായ ആ യോഗീശ്വരന്‍റെ “അമ്മേ….അമ്മേ……”എന്നുള്ള വിളികള്‍ ആ പുണ്യാത്മാവിന്‍റെ ശിഷ്ടായുസ്സ് സമര്‍പ്പിച്ചിരുന്ന ഭക്തിനിര്‍ഭരതയുടെയും വിനിമയമാധുര്യത്തിന്‍റെയും പ്രതിഫലമായി അവരുടെ കര്‍ണ്ണപുടങ്ങളില്‍ എന്നെന്നും മാറ്റൊലി മുഴക്കുന്നതാണ്.
(ജീവിതസായാഹ്നം – The World Of The Guru – നടരാജ ഗുരു)
**മൂത്തുനരച്ച ആത്മാവ് – നവീകരിക്കപ്പെടാത്ത ഭാരതീയ ബ്രഹ്മ സങ്കല്പം-പരമാത്മ, പരമപുരുഷ, പരബ്രഹ്മ, പരിശുദ്ധാത്മ-ആത്മീയതയുടെ ആണ്‍കോയ്മ
***കേവലം സ്ത്രീ എന്നതിനപ്പുറം കുരിശിന്‍റെ വഴിയില്‍ വച്ചാണ് ക്രിസ്തു അമ്മയുടെ മഹത്വം തിരിച്ചറിയുന്നത്.
****ആര്യദേവന്‍മാരുടെ നിഴലല്ലാത്ത മാതൃഭാവം. ദ്രാവിഡപൈതൃകത്തിന്‍റെ അന്തര്‍ധാര. ശങ്കരാചാര്യരുടെ ആത്മീയപൈതൃകം പിന്തുടര്‍ന്ന നാരായണഗുരു സവര്‍ണ്ണദൈവങ്ങളെ പ്രതിഷ്ഠിച്ചു. നവോത്ഥാന ഭൂമികയിലും അധഃസ്ഥിതര്‍ക്കിടയില്‍ സവര്‍ണ്ണ ഹിന്ദുത്വത്തിന് (സവര്‍ണ്ണ ഹൈന്ദവ ദാര്‍ശനികത) വേരോട്ടമുണ്ടായി.ഇത് Dr. പല്പുവിനെപ്പോലുള്ളവരെഉല്‍ക്കണ്ഠപ്പെടുത്തിയിരുന്നു. അത് ദ്രാവിഡ അമ്മത്തായ് വഴിയുടെ – ജൈന ബുദ്ധ പൈതൃകത്തിന്‍റെ പ്രഭകെടുത്തി.
*നാരായണഗുരു രോഗപീഡയാലുള്ള വേദനകൊണ്ട് പരിശുദ്ധാതാമാവ് കൈവിട്ട ക്രിസ്തുവിനെപ്പോലെ വിലപിച്ചു.