ഭാഗം രണ്ട് – സ്ത്രീപർവ്വം തുടർച്ച
അശുദ്ധി വചനം
ഇല്ല ദേഹശുദ്ധി നിനക്ക്
ഇല്ല രക്തശുദ്ധി നിനക്ക്
ഇല്ല വസ്ത്രശുദ്ധി നിനക്ക്
ഇല്ല ദൃഷ്ടിശുദ്ധി നിനക്ക്
ഇല്ല കണ്ഠശുദ്ധി നിനക്ക്
ഇല്ല ശബ്ദശുദ്ധി നിനക്ക്
ഇല്ല ചിന്താശുദ്ധി നിനക്ക്
ഇല്ല ആത്മശുദ്ധി നിനക്ക്
ഇല്ല ഗോത്രശുദ്ധി നിനക്ക്
ഇല്ല മന്ത്രശുദ്ധി നിനക്ക്
ഇല്ല അംഗശുദ്ധി നിനക്ക്
ഇല്ല വംശശുദ്ധി നിനക്ക്
ഇല്ല ഗര്‍ഭശുദ്ധി നിനക്ക്
ഇല്ല പാദശുദ്ധി നിനക്ക്
ഇല്ല ശിരോശുദ്ധി നിനക്ക്
ഇല്ല ബ്രഹ്മശുദ്ധി നിനക്ക്
ഇല്ല ധ്യാനശുദ്ധി നിനക്ക്
ഇല്ല വചനശുദ്ധിയും…
ഹേ…..സ്ത്രീ
ആത്മജ്ഞാനം വര്‍ജ്യം നിനക്ക്…..
എത്ര ലാഘവം ജല്പനം-
കൊത്തിവെച്ച പാതിമെയ്യേ…
കഷ്ടജന്മം ; വിപ്രവാക്കാല്‍
കൊത്തിവെച്ചനുശാസനം
പുകതട്ടിയ കണ്ണുകള്‍
പുകയുന്നു നേര്‍ക്കാഴ്ചകള്‍….
വ്യഥ നിനക്ക് ജന്മശാപം
കര്‍മ്മവിധിയാല്‍ കല്പിതം
അഗ്നിശുദ്ധിക്കഴിയില്ല
നിന്‍ ദേഹം ദേഹീ ബന്ധനം….
*രണ്ടല്ല ദിനം ; വര്‍ഷം രണ്ട്
പുടവ തന്നു പൊറുത്തു
വണ്ണാത്തി മാറ്റിന്‍റെ ശൌചം
ഉച്ചാര്‍വേലയ്ക്കൊത്ത ദേഹം….
അവധൂതഭ്രാന്തിനൊരു-
ബലിതര്‍പ്പണം- മംഗല്യം
പുരികത്തില്‍ മൂര്‍ച്ചയറ്റ
മുഖം ; മുഷിപ്പിച്ച മൌനം…..
നാവില്‍നിന്നടരുന്നഗ്നി-
പ്രാണന്‍റെ പ്രച്ഛന്നഭാവം
**സ ഏവമേതദ് ഗായത്രം പ്രാണേഷു
പ്രോതം വേദ പ്രാണി ഭവതി….
ജനിച്ചപുലയിലശുദ്ധി
മരിച്ചപുലയിലശുദ്ധി
പതിനെട്ട് പുലകുളി താണ്ടി
വരവിളിക്കോലമായ് നിന്നു….
*ഞാന്‍ ചെമ്പഴന്തിയില്‍ചെന്നപ്പോള്‍ സ്വാമിയുടെ സമപ്രായക്കാരനായ ഒരു വൃദ്ധനുമായി സംസാരിക്കാനിടയായി.അദ്ദേഹം സ്വാമിയുടെ മച്ചുനനോ മറ്റോ ആയ അടുത്ത ബന്ധക്കാരനായിരുന്നു. സ്വാമിയുടെ വിവാഹം കഴിഞ്ഞ് രണ്ടുകൊല്ലം ഭാര്യയോടുക്കൂടി വീട്ടില്‍ താമസിച്ചു എന്നാണദ്ദേഹം പറഞ്ഞത്.ഇപ്പോഴുള്ള ജീവചരിത്രങ്ങളില്‍ സ്വാമി വിവാഹം കഴിഞ്ഞ ഉടനെ സന്യസിച്ചു എന്നാണ് പറഞ്ഞിട്ടുള്ളതെന്നു തോന്നുന്നു.സ്വാമി വീടുവിട്ടതിനുശേഷം അവര്‍ ചിറയിന്‍കീഴുള്ള സ്വഗൃഹത്തില്‍പോയി താമസിച്ചു. അവര്‍ വേറെ വിവാഹം ചെയ്തിട്ടില്ല. കുറെക്കാലം കഴിഞ്ഞ് മരിച്ചു….(‘സ്വാമിയിലേക്ക് ഒരു തിരിഞ്ഞുനോട്ടം’- കെ.അയ്യപ്പന്‍)
**പ്രാണങ്ങളില്‍ കോര്‍ത്ത ഈ ഗായത്രം അറിയുന്നവന്‍ പ്രാണങ്ങളെ (ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നു-ഛാന്ദോഗ്യോപനിഷത്ത്.
ഇല്ലമുഗ്ദ്ധമാം പുഞ്ചിരി
അംഗജലീലാവിലാസം
ഇന്ദ്രീയജാലമായ്മുറ്റും
വിഷാദം ; വിഷയസംഗം
വിരക്തനെന്തു വിഭാന്ത്രി
ഋതുക്കള്‍ മാറും ഭൂമിയില്‍
മൌനം കൊണ്ടു പ്രഹരിച്ചു
മ്ലാനം ; പ്രതിരൂപങ്ങള്‍
മിഥുനസൂര്യന്‍ ക്ഷയിച്ചു
മൌനമോഹമേ വിട…
വന്ദിച്ചുനിന്നുള്ളരാത്രി
നിന്ദിച്ചെന്നുദരദൌത്യം…
ഉടലുകളഭിമുഖം
നിഴലിന്‍സഹശയനം
പ്രാതസ്നാനത്തിനൊരുങ്ങൂ….
വിളിക്കുന്നു പെരുമഴ….
മണ്ണടങ്ങുന്നു;മനവും
സര്‍വ്വവശ്യവും നിലാവും…
മനമടങ്ങുന്നു ; കുല-
സ്ഥാനത്തിനെന്ത് തലക്കുറി…?