വരകൾ ഒഴിഞ്ഞ ക്യാൻവാസിൽ ‘വര’ഞ്ഞിട്ടുപോയൊരു ആത്മബന്ധം

ഗന്ധർവ്വൻ ഒരിക്കൽ നേരിട്ട് വന്നുകണ്ട എനിക്ക് പരിചയമുണ്ടായിരുന്ന നീലക്കണ്ണുള്ള ഒരു യുവാവിന്റെ കഥയുണ്ട് ഇന്നോർക്കാൻ. കഥയല്ല സത്യമായ കഥ .

ആ യുവാവിന്റെ കണ്ണുകൾ സാധാരണയിൽ നിന്നും വ്യത്യസ്തമായി എനിക്ക് തോന്നിയത് വെറുതെയല്ല. ഞാൻ കണ്ട ഏറ്റവും സുന്ദരനായ മനുഷ്യൻ…… !

ആ യുവാവിനെ ചെർപ്പുളശ്ശേരിക്കടുത്ത് കാറൽമണ്ണണ്ണയിലെ കഥകളി സന്ധ്യയിൽ ആദ്യമായി കാണുമ്പോൾ പതിഞ്ഞ താളത്തിൽ മേളപദം അനുയാത്ര ചെയ്യുന്നത് ഓർക്കുന്നുണ്ട്..

മഞ്ഞുകാലത്തിന്റെ തുടക്കമെന്ന് തോന്നുന്നു.. തണുപ്പിന്റെ ശലഭമുദ്രകൾ പാറി നടന്നു….. അന്ന് ഡിസംബറിലെ ധനു അവിട്ടം ആണെന്നാണ് ഓർമ്മ …

ഡിസംബർ 25ന്റെ ക്രിസ്മസ് രാവിലേക്ക് ഇരുൾ നീളും നേരം… എല്ലാ പുലൂട്ടിയിലും പുൽക്കുടിലിലും നക്ഷത്രങ്ങൾ വിരിയും നേരം… മാലാഖമാർ ചിറകു നീർത്തും യാമം….!

പിന്നീട് കണ്ടത് കുറ്റിപ്പുറത്തെ ഭാരതപ്പുഴക്ക് നടുവിലാണ്.. മണൽപരപ്പിൽ പോക്കുവെയിൽ അത്ര മങ്ങാത്ത ഒരു അഞ്ചുമണി നേരത്ത് , ചൂടുകാലമായിട്ടില്ല എങ്കിലും വെയിൽ മൂത്ത മൂവന്തിയിൽ…. കിഴക്കു നിന്നും പടിഞ്ഞാട്ടു പറന്നു പോയിരുന്ന ഒരു കൂട്ടം സൈബീരിയൻ കൊക്കുകൾ ആകാശത്തിൽ ഒരു മിറാഷ് വിമാനത്തെ ഓർമ്മിപ്പിച്ചു. അന്നയാൾ ജീൻസ് ഷർട്ടിലായിരുന്നെന്നു തോന്നുന്നു…

പിന്നീട് കാണുമ്പോൾ നക്ഷത്രങ്ങൾ ഒരുമിച്ച് കൂട്ടി പരത്തിയെടുത്ത ഒരു ചുവപ്പു ഷർട്ടിലായിരുന്നു. എന്ന് കാണുമ്പോഴും അസാമാന്യ സുന്ദരൻ. അക്കാലത്ത് സമൃദ്ധമായ മുടിയായിരുന്നു. പോണിടെയ്ൽ കെട്ടിയ മുടി ഇമ്മാനുവൽ പെറ്റിറ്റിനെ ( Emmanuel Petit) ഓർമ്മിപ്പിച്ചു… അക്കാലവും ആ യുവാവിനെ ദൂരെ നിന്ന് കണ്ട് മോഹിച്ചു…..

അപ്രതീക്ഷിതമായി വർഷങ്ങൾക്ക് ശേഷം ആദ്യമായി പ്രണയിച്ച പെണ്ണിനെ ഒരു ബസ്സ് യാത്രക്കിടയിൽ വെച്ച് നാം ഉറപ്പായും കാണും, അല്ലെങ്കിൽ ഒരു റെയിൽവേ സ്റ്റേഷനിൽ വെച്ച് ………

എല്ലാവരുടെയും ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ കാലം അത്തരമൊരു മാജിക്ക് കൊരുത്ത് വെക്കുന്നുണ്ട്. അന്ന് അവരുടെ തന്നോളം മുതിർന്ന മക്കൾ നമ്മെ കൗതുകപൂർവ്വം നോക്കും… ആൾക്കൂട്ടത്തിൽ ആരോ ഒരാൾ എന്നോർത്ത് വേറെ മുഖം തേടും. പിന്നെത്ര ഇഷ്ടങ്ങൾ വന്നു പോയാലും ആ വ്യക്തിയെ നമ്മുടെ ഓർമ്മകൾ മുറിക്കലയായി കൊണ്ട് നടക്കുന്നുണ്ട്. ഓർമ്മകൾക്കുണ്ടോ ജരാനര സന്ധ്യകൾ …!

അത്രയും സുന്ദരനായ ഒരു മനുഷ്യനെ പിന്തുടർന്ന കാര്യമാണ് ഞാൻ പറഞ്ഞു വന്നത്. ഓണത്തുമ്പികൾ ഇളം വെയിലിൽ തിരയിളക്കിക്കൊണ്ടിരുന്ന ഒരു സപ്തംബറിൽ ഞാൻ ആ യുവാവിനെ ഒരു ശ്വാസദൂരം മാത്രം അകലത്തിൽ പരിചയപ്പെട്ടു.

ജീവിതത്തിലെ ചില പ്രാരാബ്ധ മുഹൂർത്തങ്ങളിൽ പെട്ട് ആ മനുഷ്യന് കാര്യമായി പഠിക്കാൻ കഴിഞ്ഞില്ലായിരുന്നു.

ഒരമ്പലത്തിൽ പൂജാരിയായി ജീവിക്കുന്ന കാലത്ത് അദ്ദേഹത്തോട് കഴകക്കാരിയായിരുന്ന ഒരു പെൺകുട്ടിക്ക് പ്രണയം തോന്നിയ അക്കാലത്തെ അനുഭവത്തെ വളരെ കൗതുകപൂർവ്വം ഓർത്തു ചോദിച്ചു. പെട്ടെന്ന് പൊട്ടിച്ചിരിച്ച് അദ്ദേഹം അതോർത്തെടുത്ത്, പിന്നീട് ഓർമ്മയിലേക്ക് ഒരു വര വരച്ചു ..വളയാത്ത ഒരു വര…കുറിയ വര….നിന്നിലേക്ക് നീളുന്ന രേഖകൾ…

പ്രിയപ്പെട്ട കഴകക്കാരിയായ പെൺകുട്ടീ, എൺപതു വർഷം മുൻപുള്ള നിങ്ങളുടെ ഒറ്റത്തിരിയുടെ നീല വെളിച്ചച്ചത്തിന്റെ വിശുദ്ധമാം ഓർമ്മയിൽ പൂക്കൾ ഇന്നും വാടാതിരിക്കുന്നുണ്ടാകുമോ…???

അയാളുടെ നീണ്ടു ചുമന്നു വിളറിയ കൈകൾ എന്റെ ശിരസ്സിൽ പലവട്ടം അനുഗ്രഹം തൊട്ടു തലോടി. എത്രയോ മണിക്കൂറുകളുടെ ശബ്ദം ഞാൻ റെക്കോർഡ് ചെയ്ത് വെച്ചിട്ടുണ്ട്. അയാളെ ഞാൻ പിന്നീട് വിശേഷിപ്പിക്കുന്നതൊക്കെ “നമ്പൂരി മുത്തശ്ശൻ” എന്ന് മാത്രമാവാൻ തുടങ്ങി…

ഓരോ തവണ കാണുമ്പോഴും പിന്നെയും പിന്നെയും ഞാൻ ഭാരമില്ലാത്തവനായി… ഇടക്കൊക്കെ അരൂപിയായി… മാനായി, മയിലായി, നക്ഷത്രമായി…..!!!

അദ്ദേഹം ഏറ്റവും അവസാനം ഒരു ചിത്രം വരച്ചു തന്നത് എനിക്കാണ്. ടി.പദ്മനാഭന്റെ നളിനകാന്തിയുടെ സാക്ഷാത്കാരത്തിലേക്ക്, പ്രിയപ്പെട്ട ഷിബു ചക്രവർത്തിയുടെ വരികൾക്കുള്ള വരപ്രസാദം…. പിരിയും നേരം എന്നത്തേയും പോലെ ഞാൻ നമസ്കരിച്ചപ്പോൾ, സാധാരണ ഒരു തലോടലാണ് പതിവ്, ഇത്തവണ എന്റെ ശിരസ്സിൽ രണ്ട് കൈയും തൊട്ടനുഗ്രഹിച്ചു. ബാലമാകന്ദം പൂവിട്ടു, ഉണ്ണികൾ മൂർദ്ധാവിൽ പൊട്ടി വിരിഞ്ഞു….

നമ്പൂരി മുത്തശ്ശൻ അത് കഴിഞ്ഞു മൂന്നാം ദിവസം മുതൽ ആശുപത്രിയുടെ നിശബ്ദതയിൽ ഒറ്റക്കായി. ഇന്നലെ രാവിലെ മുതൽ മഴയുടെ സിംഫണിയായിരുന്നു. അദ്ദേഹത്തെ കിടത്തിയ നടുമുറ്റത്തോട് ചേർന്ന് മഴത്തുള്ളികൾ ഇറ്റു വീണു കൊണ്ടേ ഇരുന്നു…

സന്ധ്യ രാത്രിയിലേക്ക് തിരി നീട്ടിയ നേരത്ത് അദ്ദേഹത്തിന്റെ ചിതയിൽ നിന്നും സുഗന്ധം ഉയർന്നു – വിശാലമായ ക്യാൻവാസാണ്…!

ചിത പിടിക്കുമ്പോൾ പുകയിൽ നീണ്ടും കുറുതായും നിഴൽ രേഖകൾ….!!

കർമ്മബന്ധങ്ങളെക്കുറിച്ച് മാത്രം ഞാൻ ഇപ്പോൾ ഓർക്കുന്നു ……….!!!

പെരിന്തൽമണ്ണ സ്വദേശി. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നു. കലാ - സംസ്കാരിക രംഗത്ത് സജ്ജീവ സാന്നിദ്ധ്യം. നവമാധ്യമങ്ങളിൽ എഴുതാറുണ്ട്.