‘രാഗനിലാവു പൂക്കും ശ്യാമരാവിൽ
രാഗമാല കോർക്കും
ശ്യാമമേഘമേരാഗനദിയിലെ
രാഗ കൽഹാരവുമായ്രാധതൻ
രാഗദൂത് പോകാമോ’
നിത്യ വിരഹണിയായ രാധയുടെ പ്രണയസമർപ്പണത്തിന്റെ ഹൃദയസാരങ്ങൾ പ്രേക്ഷകരിലേക്കു ഒഴുക്കി, വേദിയിൽ നടനസാഗരത്തിലെ ലാസ്യത്തിന്നോളങ്ങൾ സൃഷ്ടിച്ചു യമുന. കരഘോഷങ്ങളുടെ താളത്തിലമർന്നു തിരശ്ശീലയുടെ ഞൊറികൾ വിടർന്നു താണു. നൃത്തച്ചുവടുകളുടെ താള ശേഷിപ്പുകളിൽ ലയിച്ചു സ്റ്റേജിന്റെ പിൻഭാഗത്തുള്ള ഗ്രീൻ റൂമിലേക്കു നടന്നു. അഭിനന്ദനങ്ങളുടെ ആനന്ദപ്രവാഹത്തിലൊഴുകുകയായിരുന്നു യമുന. അവളെന്നെ കണ്ടതും അടത്തേക്കോടി വന്നു.
“രഘുവേട്ടാ നമുക്കിറങ്ങാം”
അവളുടെ ദിശമാറിയുള്ള ഒഴുക്ക് ഒരു വേള എന്നെ അമ്പരപ്പിച്ചു. കാരണം ഏറെ നിർബന്ധിച്ചു വേണമെന്നും വേദിയിൽ നിന്നിറക്കി കൊണ്ടുവരാൻ.
താക്കോൽക്കൂട്ടത്തെ പോലെ തോരാതെ മൊഴിമണി കിലുക്കി, പല ഭാവ രൂപങ്ങളിലൊഴുകുന്ന യമുന കാറിൽ കയറി മൗനം പുതച്ചിരുന്നു.
“ചെറിയൊരു തലവേദന. ഞാനൊന്നു കിടക്കട്ടെ. ഒരൂട്ടം പറയാനുണ്ടേ”
സീറ്റ് പിന്നോട്ടാക്കി കിടന്നവൾ. കവിഞ്ഞൊഴുകാൻ വെമ്പുന്ന മനസ്സിന്റെ നിഴലൊഴുക്കുകൾ തുടിപ്പിച്ച അവളുടെ മുഖത്തു ഞാൻ നോക്കി. യമുന, ഇവളെപ്പോഴായിരുന്നു എന്റെ ജീവിതത്തിലേക്ക് ഒഴുകി ചേർന്നത്? അവളെന്നിലേക്കൊഴുകി വന്ന ഓർമ്മച്ചാലിലൂടെ ഞാൻ പിന്നോട്ടു നീന്തി. നാഷണൽ ഹൈവേയുടെ ഓരത്തു നിരത്തി വെച്ചിരിക്കുന്ന പ്ലാസ്റ്റര്‍ ഓഫ് പാരീസിൽ നിർമ്മിച്ച കൃഷ്ണ പ്രതിമക്ക് വിലപേശുന്നതിനിടയിൽ, പ്രായമുള്ള കച്ചവടക്കാരൻ ചോദിച്ചു,
“നിങ്ങൾക്കു രാധയും കൃഷ്ണനും ഒരുമിച്ചുള്ള പ്രതിമ വേണോ?”
“മ്മ്, എവിടെ ഒന്നു കാണട്ടെ” ” ഇന്നുണ്ടാക്കിയതിനാൽ പെയ്ന്റ് ഉണങ്ങിയിട്ടില്ല, ടെന്റിലാ ഉള്ളത്.”
അല്പം അകലത്തുള്ള, തകരഷീറ്റ് മേഞ്ഞ ടെന്റ് ചൂണ്ടികാണിച്ചയാൾ പറഞ്ഞു. ടെൻറിനടുത്തെത്തിയതും ഓടക്കുഴലൂതി നില്ക്കുന്ന കൃഷ്ണ പ്രതിമക്കു മുമ്പിൽ,
“രാധാ കൈസേ ന ജലേ”
എന്ന ഗാനമുറക്കെ പാടി മനോഹരമായി ചുവടു വെക്കുന്ന ദാവണിക്കാരിയെ കണ്ടു അല്പം മാറി നിന്നു. ചുണ്ടിലൊരു കള്ളച്ചിരിയുമായി, മുരുടനക്കി നിൽക്കുന്ന എന്നെ കണ്ടതും നാണത്തിന്നരുണിമ പൂക്കൾ മന്ദഹിച്ച മുഖം, ദുപ്പട്ടകൊണ്ട് മറച്ചു, എന്താ വേണ്ടെതെന്നു അവൾ ചോദിച്ചു.
പെയ്ൻറുണുങ്ങാത്ത രാധകൃഷ്ണ പ്രതിമയുമായി തിരിച്ചു നടക്കുമ്പോൾ, ഹൃത്തിലെ കാന്തം ദാവണിക്കാരിയെ ആകർഷിച്ചെടുത്തിരുന്നു. പ്രണയ പൂരിതമായ നിമിഷാകാശത്ത് ആദ്യകാഴ്ചയിൽ വരച്ചിട്ട സപ്തവർണ്ണങ്ങൾ, ശരവേഗത്തിൽ കറങ്ങിയ ഋതുചക്രങ്ങളിൽ തട്ടി മാഞ്ഞുപോകാതെ പതുക്കെ പതുക്കെ സ്വന്തമാക്കി. ചെറുപ്പത്തിലേ അപ്പനും അമ്മയും നഷ്ടപ്പെട്ട യമുനയെ, പ്രായമുള്ള അമ്മാവൻ കൈപിടിച്ചേൽപ്പിക്കുമ്പോൾ, അനുഗ്രഹം ഒറ്റപേക്ഷയിൽ ഒതുക്കി.
“ഒത്തിരി കഷ്ടതകളനുഭവിച്ചതാണെന്റെ കുട്ടി. അവളെ വേദനിപ്പിക്കരുതേ!”
അങ്ങിനെയാണ് അമ്മയും ഞാനുമടങ്ങുന്ന രണ്ടംഗ കുടുംബം തിങ്ങിപാർക്കുന്ന വടക്കേപ്പുര തറവാട് യമുനക്കും വിശിഷ്ടാഗംത്വം നൽകിയത്.
കാറിൽ ചാഞ്ഞുകിടക്കുന്ന ഞാനവളെ ഇടംകണ്ണാലൊന്നു നോക്കി. വർത്തമാനകാലത്തിൽ നിന്നും ഇന്നെലകളിലേക്ക് തെന്നിമാറിയന്റെ മനസ്സ്, കാറിനെ വഴിതെറ്റിച്ചു ചെറുതായൊന്നിളക്കി. കുലക്കത്തിൽ ഞെട്ടിയുണർന്ന യമുന എന്നെ നോക്കി.
“രഘുവേട്ടാ, കാർ ‘ശാരിക’ യിലൊന്നു നിർത്തണേ”
‘ശാരിക’ യമുന നടത്തുന്ന നൃത്തവിദ്യാലയമാണ്. അവളെ സഹായിക്കാൻ ഞാനുമിപ്പോൾ ലീവെടുത്ത് ‘ശാരിക’ യിൽ കുടിയേറിയിട്ടുണ്ട്.
“ന്തേലും എടുക്കാനുണ്ടോ, അത്യാവിശ്യമില്ലെങ്കിൽ നാളെ എടുക്കാം”
മറുപടി പറയാതെ പുറത്തേക്ക് നോക്കിയിരുന്നവൾ. യമുന ഒരു കാര്യത്തിലും നിർബന്ധം പിടിക്കില്ല, പ്രത്യേകിച്ചുമത് അവളുടെ കാര്യമാണെങ്കിൽ. കാർ ശാരികയുടെ മുറ്റത്ത് നിർത്തി ഞങ്ങളിറങ്ങി.
“ഓഫീസ് തുറക്കേണ്ടേ?”
“വേണ്ട, ഞാനല്പനേരം ഇവിടെ ഇരിക്കട്ടെ.”
ആൽമരച്ചോട്ടിലുള്ള നൃത്തമണ്ഢപത്തിനു മുകളിൽ തിളങ്ങുന്ന മുത്തുമണികളും ചുവന്ന കല്ലുകളും തുന്നിച്ചേർത്ത നൃത്തയുടയാടയിൽ ദേവീശില പോലെ അവളിരുന്നു. വെളിച്ചം തെളിയിക്കാൻ ഓഫീസിലേക്ക് നടന്ന എന്നെ അവൾ വീണ്ടും തടഞ്ഞു.
“വെളിച്ചം വേണ്ട.”
നിലാവെളിച്ചത്തിന്റെ സമൃദ്ധിയിൽ ഇരുൾ അകന്നു നിന്നിരുന്നു. ഞാൻ വാച്ചിൽ നോക്കി, അർദ്ധരാത്രിയുടെ അതിരുഭേദിച്ചു സമയസൂചി അരമണിക്കൂർ മുന്നോട്ടോടിയിരുന്നു.
“നമ്മുടെ മോളു വയസ്സറിയിക്കാനായെന്നു തോന്നുന്നു.”
“ആണോ”
ഹൃത്തിന്റെ അഗാധതയിലനുഭവപ്പെട്ട സ്പന്ദനത്തോടെ ഞാനവളെ ചേർത്തുപിടിച്ചു. ചെഞ്ചോര പൂക്കൾ നിറഞ്ഞ താലത്തിലെ മഞ്ഞ വെള്ളത്തിൽ യമുന മോളെ കുളിപ്പിക്കാനിറങ്ങതു മനസ്സിലെത്തി നോക്കിയെങ്കിലും മോളുടെ മുഖം വ്യക്തമായി കണ്ടില്ല. അവൾ ശബ്ദം താഴ്ത്തി മന്ത്രിച്ചു.
“ഞാനിന്നു കാളിന്ദീ രംഗം നടനമാടുമ്പോൾ, മനസ്സിലാടിയത് മോളുടെ തുടയിടുക്കിലൂടെ ഒലിച്ചിറങ്ങുന്ന കടും കാപ്പിവർണ്ണത്തിലുള്ള ദ്രാവകത്തിൽ ഫണം വിരിച്ചാടുന്ന നീലനാഗങ്ങളായിരുന്നു. എനിക്ക് പേടിയാവുന്നു”
അവളുടെ തലമുടി മൂടിയ ആശ്വാസ ഞരമ്പുകളിൽ എന്റെ വിരലുകൾ കെട്ടുപിണഞ്ഞുനിന്നു
“ആർത്തവാചാരങ്ങൾ അനുഷ്ഠിച്ചില്ലെങ്കിൽ തറവാട്ടിലെ നാഗത്താന്മാരും കരിമ്പാമ്പുകളും കോപിക്കുമോ? എനിക്കവളെ ഒരു മാത്ര പോലും പിരിഞ്ഞിരിക്കാനാവില്ല?” ഉടുക്ക് കൊട്ടുന്ന ഹൃദയമിടിപ്പിന്റെ പശ്ചാത്തത്തിലവൾ പറഞ്ഞു.
“സ്ത്രീകളെ ദൂരത്താക്കി ചലനം ചങ്ങലക്കിട്ടു അശുദ്ധമാചരിക്കുന്ന ചടങ്ങുകളൊക്കെ പഴങ്കഥകളല്ലേ, യമുനാ.”
അതു പറയുമ്പോൾ കണ്ണാരം പൊത്തിക്കളിച്ച കുട്ടിക്കാലത്തെ ചില ഓർമ്മകൾ ഓടിയണഞ്ഞെന്നെ തൊട്ടു, തറവാട്ടിലെ ദൂരത്തേതോ മുറിയിൽ മറഞ്ഞിരുന്നു ഏഴുദിവസത്തിനു ശേഷം പ്രത്യക്ഷമാകുന്ന അമ്മയേയും, തൂവെള്ള പെറ്റിക്കോട്ടു നനച്ച ചുവന്ന പുള്ളികളമായ അകന്നു പോയ കളികൂട്ടുകാരികളും
“തറവാട്ടിലെ ആചാരങ്ങളേയും വിശ്വാസങ്ങളേയും തള്ളിക്കളയാനാവുമോ?”
ആചാരങ്ങളെന്നു കേട്ടപ്പോൾ, അനാചാരങ്ങളെയാണ് മനസ്സ് കൂടെ കൂട്ടി വന്നത്
“തറവാട്ടിൽ സഹായിക്കാനെത്തുന്ന അയിത്തിര അമ്മയുടെ മൂത്തമോളെ പണ്ട് വിറകുപുരയുടെ ചായ്പ്പിലുള്ള തീണ്ടുപ്പുരയിൽ ഒറ്റയ്ക്ക് കിടത്തിയതും പാതിരാത്രി യക്ഷികഥകളുറങ്ങുന്ന കുഞ്ഞു മനസ്സ് എന്തോകണ്ടു പേടിച്ചു മാനസികനിലതെറ്റിയതും, അമ്മ പലവട്ടം എന്നോട് പറഞ്ഞിരുന്നു”
“ചടങ്ങുകളൊന്നും വേണ്ട. ഒരു സദ്യ ഒരുക്കണം. അവൾക്കു സമ്മാനം വാങ്ങിച്ചു കൊടുക്കാം”
അവളെ മയപ്പെടുത്തി ഞാൻ പറഞ്ഞു
“അവളിനി വല്യപെണ്ണായി പോകുമോ, കുട്ടിത്തവും കുസൃതിയും അകന്നു പോകുമോ, രഘുവേട്ടാ?” പണ്ടു, അടുത്ത വീട്ടിലെ കളികൂട്ടുകാരി മുട്ടോളമെത്തുന്ന കുട്ടി പാവടയിൽ നിന്നും സ്ഥാനയെറ്റം ലഭിച്ച മുഴുപ്പാവട ഞെരടി ചോദിച്ചതു ഓർമ്മ വന്നു.
“ഞാ വല്യകുട്ടിയായി. നിങ്ങളോടൊപ്പം തുള്ളി ചാടി നടക്കാനൊന്നും പറ്റില്ല.”
“ഇല്ലടോ, ചുവന്ന വട്ട പൊട്ടും കിലുങ്ങുന്ന പാദസ്വരവുമണിഞ്ഞു ഒരു കൊച്ചു പൂമ്പാറ്റയായി നമ്മൾക്കു ചുറ്റും പറക്കട്ടെ അവൾ” ഞാനവളെ സമാധാനിപ്പിച്ചു.
“ആർത്തവം എനിക്കിന്നും പേടിസ്വപ്നമാണ്.”
അഞ്ചുപേർ തിങ്ങിപാർത്ത തകരഷെഡ്ഡിലെ യമുനയുടെ ഒറ്റമുറിജീവിതം എനിക്ക് മന:പാഠമാണ്. ആൾക്കൂട്ടത്തെ വെറുത്ത അർത്തവനാളിൽ ഒന്നു തല ചായ്ക്കാൻ അമ്മയുടെ മാറിടമോ ഒരു തലയണ തുമ്പോ അവൾക്കില്ലായിരുന്നു.
“രഘുവേട്ടാ, ഇരുമ്പുപെട്ടിയിൽ സൂക്ഷിച്ചുവെക്കുന്ന വേദന ചോരയൊപ്പുന്ന പഴംതുണിയുടെ തുരുമ്പുമാണമാണിന്നുമെനിക്കു അർത്തവം”
അടിവയറ്റിലെ ചുവപ്പ് വിസ്ഫോടനത്തിന്റെ ഒഴുക്ക് അടയാളപ്പെടുത്തുന്ന കലണ്ടറിലെ കറുത്ത അക്കങ്ങളിന്നും യമനുക്ക് വേദനയുടെ ദിനകളാണ്. ചുവന്നു പൂക്കുന്ന വേദനാ ദിനങ്ങളിൽ, അവളുടെ അടിവയറ്റിൽ ഹോട്ട് ബാഗ് വെച്ചു ചേർത്തുവെക്കുമ്പോൾ അവളുടെ കണ്ണുകളിലെ വായിക്കാനാവാത്ത വികാരങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നു
“രഘുവേട്ടാ, നമ്മുടെ മോളിപ്പിപ്പോൾ ഋതുവതിയാവേണ്ടായിരുന്നു അല്ലേ”.
“പുതിയ ചിറകുകൾ തുന്നാതെ നമ്മളെന്ന കൊക്കൂണിൽ അവളെത്രകാലമിരിക്കും യമുനാ?”
“എനിക്കു പേടിയാ, അവൾ കൊച്ചുകുട്ടിയല്ലേ. ഇരുൾ പാറി വീഴുന്ന പാതയോരങ്ങളിൽ പ്രണയമെന്ന വികാരത്തിൽ കുടുക്കി ചോര കുടിക്കാൻ ഒളിച്ചിരിക്കുന്ന കഴുകരെന്റെ മോളുടെ ഹൃദയത്തെ കൊത്തിപ്പറിക്കില്ലേ.? അടുത്തവീടുകളിലെ ജനലിപ്പുറം, തൃഷ്ണയോടെ താമരമൊട്ടുകളും ഉടലനക്കങ്ങളും അളക്കുന്ന നോട്ടങ്ങളെന്റെ മോളെ നഗ്നതയുടുപ്പിക്കില്ലേ?”
കണ്ണുകളിലൂടെ ഒഴുകിവന്ന ഭയത്തോടും ചുണ്ടുകളിലെ വിറയലോടും അവളുറക്കെ പറഞ്ഞു,
“രഘുവേട്ടാ ന്റെ, മോളിപ്പോ രജസ്വലയാവേണ്ട. എനിക്കവളെ കൊഞ്ചിച്ചു മതിയായിട്ടില്ല.”
അവിചാരിതമായി വരുന്ന കാറ്റിലും കോളിലും ശാന്തമായൊഴുകുന്ന നദിയിലുയരുന്ന ഹുങ്കാരം പോലെ അവളുടെ ശബ്ദം ഉയർന്നപ്പോൾ കുടുംചുവപ്പ് നിറമുള്ള ഞെറികളുള്ള നീണ്ട പട്ടു പാവാടയും ബ്ലൗസുമണിഞ്ഞ ഒരു കൊച്ചു സുന്ദരി എവിടെ നിന്നോ ഞങ്ങളിടെ ഇടയിൽ ഓടിയെത്തി. രണ്ടു ഭാഗത്തായി പിന്നിവെച്ചിരിക്കുന്ന സ്വർണ്ണ നിറമുള്ള നീണ്ട തലമുടി ഇളക്കി റോസ്ഛവിയുള്ള കവിളുകളിൽ പുഞ്ചിരി തൂകി അവൾ യമുനയുടെ മാറിൽ കിടന്നു
“അമ്മാ” എന്നു വിളിച്ചതും കണ്ണുകൾ തുറന്നു ഞാൻ ചുറ്റം നോക്കി.
സ്വപ്നത്തിന്റെ ചിറകുകുടഞ്ഞു ഞാൻ യാഥാർത്ഥ്യത്തിലേക്ക് ഉണർന്നു. വെള്ളയിൽ നീലവരയുള്ള ഷീറ്റ് വിരിച്ച കിടക്കയിൽ ഉറവ വറ്റി വരണ്ട നദിപോലെ എന്നോടൊട്ടി ഒഴുകുന്നുണ്ടായിരുന്നു യമുന. അവളുടെ മാറിൽ ഒട്ടികിടക്കുന്നുണ്ടാ കൊച്ചു സുന്ദരി. നിർത്താതെ മുട്ടുന്ന വാതിൽ തുറന്നു. കൈയ്യിൽ ട്രേയുമായി വെള്ളയുടുപ്പിട്ട രണ്ടു മലാഖ കുഞ്ഞുങ്ങൾ.
“ചേച്ചി ഉറങ്ങുകയാണോ. വൈറ്റൽസ് ചെക്ക് ചെയ്യാൻ വന്നതായിരുന്നു.”
അവർ പുഞ്ചരിച്ചു മടങ്ങിപ്പോയി ഞാൻ കിടക്കിയിൽ വന്നിരുന്നു സെഡേഷനിൽ മയങ്ങുന്ന യമുനയിലേക്കെന്റെ നോട്ടം ചിതറി വീണു. കണ്ണിൽ നിന്നും വേദനകളൊഴുകിയ പാടുകൾ, തുടച്ചു. പതുക്കെ അവൾ മറോടടുക്കിപ്പിടിച്ചിരിക്കുന്ന കൊച്ചുസുന്ദരിയെ എടുത്തു മാറ്റാൻ ശ്രമിച്ചതും ശക്തിയാലവളതിനെ മുറുക്കി പിടിച്ചു.
കഴിഞ്ഞമാസം ‘ശാരിക’ യിൽ കുട്ടികളുടെ നൃത്തപരിപാടിക്കിടയിലായിരുന്നു യമുനക്ക് വയറുവേദന തുടങ്ങിയത്. അമ്മയാവാനുള്ള യമുനയുടെ ആഗ്രഹം പല പ്രാവിശ്യം തടസ്സെപെട്ടെങ്കിലും ഒടുവിലതു പൂവണിയാകുകയായിരുന്നു. യമുന മൂന്നുമാസം ഗർഭിണിയായിരുന്നു. വേദന യുടെ സൂചിമുനക്കൊപ്പം ബ്ലീഡിങ്ങും കണ്ടതോടെ ഹോസ്പിറ്റലിലെത്തി. നീണ്ട നിന്നു പരിശോധനകൾക്കു ശേഷം ഗർഭപാത്രം നീക്കം ചെയ്യണമെന്ന പറഞ്ഞപ്പോൾ ഞങ്ങൾക്കതാദ്യം ഉൾക്കൊള്ളാനായിരുന്നില്ല. താരാട്ടിലുറങ്ങുന്ന മധുരസ്വപ്നങ്ങളുടെ തൂവൽക്കൂട് നിനക്കാതെ ഉടലൊഴിഞ്ഞു പോകുന്നതു താങ്ങാവുന്നതിനുമപ്പുറമായിരുന്നു. യമുനയിൽ നിന്നൊഴുകുന്ന രക്തച്ചാട്ടത്തെ തടയിടാൻ മറ്റൊരുവഴിയില്ലാത്തതിനാൽ, മാതൃത്വത്തെ ഞെരുക്കി ഗർഭപാത്രത്തെ അവർ അറുത്തു നീക്കി. കുഞ്ഞിന്റെ ഹൃദയമിടിപ്പിനായി ചെവിയോർക്കേണ്ട വയറിന്റെ ഭാഗം ഞാൻ പതുക്കെ തൊട്ടു നോക്കി. അനുഭവിച്ച ആർത്തവ വേദനകളകന്നു മാതൃത്വത്തിലേക്കള്ള വഴി അടഞ്ഞപോയവൾ വിഷാദത്തിന്റെ ഇരുട്ടാഴങ്ങളിൽ ചെന്നു പതിക്കുകയായിരുന്നു.
സ്നേഹത്തോടെ ഉണ്ടാക്കിവെച്ച കുഞ്ഞുമുട്ടകൾ കഴിക്കാനെത്താത്ത വിരുന്നുകാരനു വേണ്ടി ഒരോ പെണ്ണുടലും നേദിക്കുന്ന ചുവന്ന പൂക്കൾ എക്കാലത്തേക്കും നഷ്ടമായ യമുനയെ നോക്കി, അവളുടെ മാറിലൊട്ടികിടക്കുന്ന സുന്ദരിപ്പാവയുടെ കാതിൽ പറഞ്ഞു
“യമുനയുടെ മോളിനി വയസ്സറിയിക്കേണ്ട. കടിഞ്ഞൂലിനായി നെഞ്ചിൽ നിറച്ചുവെച്ച വാത്സല്യ ദുഗ്ധം നീ നുകർന്നോളൂ. ചുവന്ന പൂക്കൾ അടർന്നു വീഴാതെ അമ്മ നിന്നെ ഭംഗിയായി ഒരുക്കും, നൃത്തം പഠിപ്പിക്കും, ഒരുപാട് നേരം സംസാരിക്കും, ഒന്നിച്ചെന്നും ഉറങ്ങും”