വണ്ട്

“അല്ല ചങ്ങാതി ഒരുപാടുനാളുകളായി നീ എങ്ങനെയാണ് മരിച്ചത് എന്ന് പറയാമെന്നും പറഞ്ഞു എന്നെ പറ്റിക്കുന്നു. ഇന്ന് നീ അത് പറഞ്ഞേ തീരു, പറയാതെ നിന്നെ ഞാൻ വിടില്ല തീർച്ച”.

“അത് വലിയൊരു കഥയാണ് ചെമ്പൻ വണ്ടേ”..

“സാരമില്ല നീ എത്ര സമയം വേണേലും എടുത്തോളൂ കരിവണ്ടേ.. ഞാൻ കഥ കേൾക്കാൻ തയ്യാർ”..

“ഹമ്മ്… എന്നാൽ ശരി..

എന്റെ അവസാന ദിവസം രാത്രിയിൽ ഞാൻ കിഴക്കു നിന്നും സാധാരണ പോകും പോലെ പടിഞ്ഞാറോട്ടു ഒന്ന് പറക്കുകയായിരുന്നു.

നായരുടെ വീടു പിന്നിട്ടിരിക്കുന്നു. മുൻപിൽ കാണുന്ന ആ കൊച്ചുവേലിയും പിന്നിട്ടു വീണ്ടും പടിഞ്ഞാറോട്ടു പോയാൽ അവിടെയാണ് എന്റെ ഏദൻതോട്ടം…

വേലിയുടെ ഇടതുഭാഗത്തായി മാനംമുട്ടെ വളർന്നു പന്തലിച്ചു നിൽക്കുന്ന മുളംകൂട്ടമുണ്ട്. സന്ധ്യക്ക്‌ ശേഷം അവിടെ പോകാൻ എനിക്ക് ഭയമാണ്. കാറ്റത്തു ആടുന്ന മുളകളുടെ ശബ്ദവും മുളംകൂട്ടത്തിൽനിന്നും എപ്പോൾ വേണമെങ്കിലും എനിക്കുനേരെ ചാടിവീണേക്കാവുന്ന ചുവന്നകണ്ണുള്ള നത്തുകളോ പാമ്പുകളോ കാണും.

പക്ഷെ നേരെ വേലികടന്നു ചെന്നാൽ വളരെ വലിയൊരു പറമ്പാണ്. അങ്ങ് ദൂരെയായി പറമ്പിന്റെ രണ്ടാമത്തെ തട്ടിൽ പഴമയുടെ പ്രൗഢിയിൽ നിലകൊള്ളുന്ന ഒരു തറവാട് വീടുണ്ട്. ആ വീടിന്റെ അധീനതയിലുള്ളതാണ് വേലിക്കപ്പുറമുള്ള മുഴുവൻ പറമ്പും. വേലി കടന്നയുടൻ എനിക്കൊരു പതിവുണ്ട്. വലത്തോട്ടു തിരിഞ്ഞാൽ കാണുന്ന വട്ടമാവിന്റെയും മയിൽപീലിമാവിന്റെയും കടക്കൽ പോയി വീണുകിടക്കുന്ന പഴുത്തമാങ്ങകളിൽ ഒന്ന് ഇരിക്കുക.

അവിടെ നിന്നും വീണ്ടും അൽപ്പം പടിഞ്ഞാറോട്ടു പറന്നാൽ ഏറെക്കുറെ പറമ്പിന്റെ മുകൾ തട്ടിന്റെ നടുഭാഗത്തെത്തും. അവിടെനിന്നും ഇടത്തോട്ടു തിരിഞ്ഞാൽ നേരെ കാണുന്നത് ചെറിയൊരു കല്ലുവെട്ടും മടയാണ്. മടയുടെ അടുത്തായി ഒരു മുരിങ്ങമരവുമുണ്ട്. രാത്രിയിൽ വിരിഞ്ഞു നിൽക്കുന്ന മുരിങ്ങപൂക്കളിൽ മറ്റാരുമില്ലെങ്കിൽ ഞാൻ ചെറിയൊരു പരാഗണം ഒക്കെ നടത്തി മരത്തിൽ അൽപ്പം വിശ്രമിക്കാറുണ്ട്. മുരിങ്ങ മരത്തിനടുത്തുനിന്നും നേരെ വീണ്ടും തെക്കോട്ടു പോയാൽ ആ പറമ്പിൻറെ നിരനിരയായി പ്ലാവുമരംകൊണ്ടു തീർത്ത അതിർത്തിയാണ്.

പഴുത്ത ചക്കകളേക്കാൾ എനിക്കിഷ്ടം മാങ്ങയാണെന്നു നിനക്കറിയാമല്ലോ…. അതുകൊണ്ടുതന്നെ തെക്കുഭാഗത്തേക്കു സഞ്ചരിക്കുന്നതിനുപകരം എന്റെ സഞ്ചാരപഥം മിക്കപ്പോഴും വീണ്ടും പടിഞ്ഞാറോട്ടായിരിക്കും.

ആദ്യം കാണുന്നത് ആകാശകൊമ്പത്തു കുലകുലയായി തൂങ്ങിക്കിടക്കുന്ന കടുമാങ്ങകളാണ്. ആ മാവിൻകടക്കൽ നിലം മുഴുവനും പടർന്നു കിടക്കുന്ന അതിന്റെ വേരുപടർപ്പിനുള്ളിൽ കുനിയൻ ഉറുമ്പുകളുടെ കൂടുകൾ കാണാം. കുനിയൻ കൂടുകൾക്കിടയിൽ നിറയെ പഴുത്തുവീണുകിടക്കുന്ന കടുമാങ്ങകളും.

പഴുത്ത കടുമാങ്ങ കഴിക്കുന്നത് ആലോചിച്ചാൽ മതി എനിക്ക് കൊതിയാണ്…

പക്ഷെ അളവിൽ കൂടുതൽ കടുമാങ്ങ നുണഞ്ഞാൽ തലയ്ക്കു മത്തുപിടിക്കും..
മത്തുപിടിച്ചു ഇരുന്നാൽ കുനിയനുറുമ്പുകൾ കൂട്ടത്തോടെ വന്നു കടിച്ചുപറിച്ചു അപായപ്പെടുത്തുകയും ചെയ്യും. അതുകൊണ്ട് ഞാൻ അൽപ്പം കടുമാങ്ങ നുണഞ്ഞശേഷം നേരെ വീണ്ടും പടിഞ്ഞാറോട്ട് പടിക്കെട്ടിനടുത്തുള്ള തത്തമ്മ ചുണ്ടൻ പൂവിനും കുഞ്ഞനടക്കാമരത്തിനുമുള്ളിലൂടെയെല്ലാം ഒന്ന് പറന്ന് തിരികെ പൂഴി നിറഞ്ഞ വീട്ടുമുറ്റത്തെ നാട്ടുമാവിന്ചുവട്ടിലെ പഴുത്തമാങ്ങ നുണഞ്ഞശേഷം ഏദൻ തോട്ടത്തിലെ കറക്കം മതിയാക്കി തിരികെ പോവുകയാണ് പതിവ്.

എന്നാൽ അന്ന് പതിവിലധികം കടുമാങ്ങ നുണഞ്ഞതിനാൽ തലയ്ക്കു അൽപ്പം മത്തുപിടിച്ചു ഞാൻ ഒരു മാങ്ങയിൽ ഇരുന്നു ഉറങ്ങിപ്പോയി..

എന്റെ രണ്ടുവശങ്ങളിലെ കാലുകളിൽ രണ്ടു കുനിയന്മാർ പിടിമുറുക്കിയ ഉടനെ പെട്ടന്ന് ഞാൻ ഉറക്കമുണർന്നു ദിശയറിയാതെ പറന്നുയർന്നു. നേരെ ചെന്നെത്തിയത് മണിക്കുട്ടിയെ കെട്ടിയ തൊഴുത്തിലാണ്. സ്വബോധം ഇല്ലാത്തതിനാൽ ഒരു വിധത്തിൽ വളഞ്ഞും പുളഞ്ഞും പറന്നു മണിക്കുട്ടിയുടെ വാലുകൊണ്ടുള്ള അടിയിൽനിന്നും രക്ഷപ്പെട്ടു തൊഴുത്തിനപ്പുറത്തെ പുളിമരത്തിനടുത്തെത്തി.

തലക്കുപിടിച്ച മത്ത് ഇനിയും ഇറങ്ങാത്തതിനാൽ തൊഴുത്തിൻറെ പരിസരത്തുള്ള നിൽപ്പ് അത്ര ശരിയായി തോന്നിയില്ല എനിക്ക്. കാരണം തൊഴുത്തിൽ ചാണകം തിന്നുന്ന മണിയൻ ഈച്ചയോ മറ്റോ എന്നെ ഈ പരുവത്തിൽ കണ്ടാൽ , ഞാൻ മത്തുപിടിച്ചുനടക്കുന്നത് അവൻ അമ്മയോട് പറയും.

ഒരു വിധത്തിൽ കിണറിനടുത്തുനിന്നും അൽപ്പം വെള്ളം കുടിച്ചശേഷം നേരെ വീടിനുമുന്നിലൂടെ തെക്കോട്ടു പറന്നു. ഇലഞ്ഞിയുടെ കടയിൽ കുന്നുകൂടിക്കിടക്കുന്ന ഇലഞ്ഞിപൂക്കൾക്കിടയിൽ പൂണ്ടു.

അത് ഒരു സാധാരണ ഇലഞ്ഞിയല്ല. തറവാട്ടിലെ മുതിർന്ന കാരണവർ വലിയൊരു മുരുകഭക്തനായിരുന്നു. അദ്ദേഹം വീടിനകത്തുവച്ചു പൂജിച്ചിരുന്ന ലോഹനിർമ്മിത ശൂലം അദ്ദേഹത്തിന്റെ മരണശേഷം ആ ഇലഞ്ഞിത്തറയിൽ കുഴിച്ചിട്ടിരിക്കുന്നു. അവിടെ നിത്യവും വിളക്കുവെപ്പും പ്രാർത്ഥനയുമെല്ലാം നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

ഇലഞ്ഞിപൂക്കളുടെ രൂക്ഷ ഗന്ധം എന്റെ മത്ത് വീണ്ടും കൂട്ടുന്നതായി തോന്നിയപ്പോൾ ഞാൻ അതിനുള്ളിൽനിന്നും പുറത്തുകടന്നു. ഇന്ന് ഇനി മടങ്ങിപ്പോക്ക് അസാധ്യമെന്നു മനസ്സിലായതോടെ അവിടെ കൂടാൻതീരുമാനിച്ചു. എന്നാൽ തുറസ്സായ ഇടത്തുള്ള ഉറക്കം ഒരു പക്ഷെ വവ്വാലുകളുടെ വയറ്റിലെത്തിച്ചേക്കാം എന്ന ഭയത്തിൽ, ഇന്നുരാത്രി തറവാടിനകത്ത് കടന്നുകൂടി ഉറങ്ങാമെന്നു ഞാൻ പദ്ധതിയിട്ടു.

ഇലഞ്ഞിത്തറയിൽനിന്നും ഒറ്റക്കുതിപ്പിന് തെക്കേചായിപ്പിനു മുന്നിലെ ചുവരിന് അറ്റത്തായി കോലഴിക്കു മുകളിൽ കെട്ടിത്തൂക്കിയിട്ടിരിക്കുന്ന കല്ലിൽ തീർത്ത ഭസ്മ മഞ്ജത്തിൽ എത്തി.

രാത്രി ഏറെ വൈകിയതിനാൽ ഭക്ഷണശേഷം കോലഴിയിൽ ഉലാത്തുന്നവരോ, ഉമ്മറത്തെ മേശയിൽ വായനയിൽ മുഴുകിയിരിക്കുന്നവരോ, തുറന്നിട്ട തെക്കേ ചായിപ്പിൽ വച്ചിരിക്കുന്ന ടെലിവിഷൻ കാണുന്നവരോ ഇല്ല. എല്ലാവരും ഇറങ്ങിയിരിക്കുന്നു.

വീടിനുള്ളിൽ കയറി എങ്ങനെയെങ്കിലും തട്ടിന്പുറത്തു എത്തുക. അവിടെ സുഖനിദ്ര…

എന്നാൽ ഏതുവഴി അകത്തുകയറുമെന്നറിയാതെ ഒരുനിമിഷം ആലോചിച്ചശേഷം, പടിഞ്ഞാറേ ചായിപ്പിലെ വായുതുളയിലൂടെ അകത്തുകയറി ഒരിക്കലും അടക്കാതെ ചായിപ്പിന്റെ വാതിൽവഴി നടുമുറിയിൽ എത്തി. അവിടെനിന്നും രണ്ടാം നടുമുറിയിലെ തട്ടിന്പുറത്തേക്കുള്ള ഗോവണിവഴി പോവുക….

നേരെ പടിഞ്ഞാറേ ചായിപ്പിന്റെ ചുവരിലെ വായുതുള വഴി അകത്തുകയറി. എന്നാൽ തലക്കുപിടിച്ച മത്ത് പൂർണമായും ഇറങ്ങാത്തതിനാൽ ചായിപ്പിലെ ഇരുട്ടിൽ എനിക്ക് ദിശയറിയാതായി.

നേരെ ഞാൻ ഏതോ ഒരു ദ്വാരത്തിൽ കയറിപ്പോയി .

ട്ടും….. “അയ്യോ”…

പെട്ടന്ന് ആരോ ആ ദ്വാരത്തിനുള്ളിലേക്ക് എന്തോ കുത്തിക്കയറ്റി എന്നെ ഞെരിച്ചമർത്തി. ഒപ്പം അയാൾ ഉറക്കെ നിലവിളിക്കുന്നുമുണ്ട്…

ആ ദ്വാരത്തിനുള്ളിലേക് കൂടുതൽ ഇറങ്ങാൻ നോക്കുംതോറും മൃദുത്വമുള്ളതും ദ്രാവകരൂപവും അനുഭവപ്പെടുന്നു. എന്റെ കൊമ്പുകൾ വെച്ച് തടസ്സം കടിച്ചുമുറിക്കാൻ ശ്രമിക്കുമ്പോൾ അയാളുടെ കരച്ചിൽ ശബ്ദവും കൂടുന്നു. മാത്രമല്ല അയാൾ എന്നെ കൂടുതൽ ഞെരിക്കുന്നു.

അപ്പോഴാണ് ഞാൻ ഇപ്പോഴകപ്പെട്ടിരിക്കുന്നത് ഉറങ്ങുകയായിരുന്ന ഒരു പാവം മനുഷ്യന്റെ ചെവിക്കുള്ളിലാണെന്നും, വേദനയും അസ്വസ്ഥതയും കൊണ്ടാണ് അയാൾ കരയുന്നതെന്നും എന്നെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് അയാൾ തന്റെ ചെറുവിരൽ സ്വന്തം ചെവിയിലിട്ടു തിരുകുന്നത് എന്നും എനിക്ക് മനസ്സിലായത് .

എന്നാൽ ആകുന്ന രീതിയിൽ ഞാൻ മൂളി അയാളോട് പറഞ്ഞു ഞാൻ സ്വയം പുറത്തുവന്നോളാമെന്ന്. പക്ഷെ അയാൾക്ക് എന്റെ ഭാഷ മനസ്സിലായില്ല എന്നുമാതേമല്ല എന്റെ മൂളൽ അയാളിൽ കൂടുതൽ അസ്വസ്ഥത ഉളവാക്കി.

അപ്പോഴേക്കും തറവാട്ടിലെ എല്ലാവരും ഉണർന്നു പടിഞ്ഞാറേ ചായിപ്പിലേക്ക് ഓടിയെത്തി. സംഭവമറിഞ്ഞയുടൻ അയാളുടെ ചെവിയിലേക് വെള്ളമൊഴിച്ചു. എന്നാൽ എന്റെ കാലുകൾ ഒടിഞ്ഞു ദ്വാരത്തിന്റെ ഒരു വളവിൽ ഞാൻ കുടുങ്ങിയിരുന്നതിനാൽ വെള്ളത്തോടൊപ്പം പുറത്തുവരാനായില്ല.

അതിനുശേഷം അവർ എണ്ണ ഒഴിച്ച് നോക്കി. ഇത്തവണ കാൽവഴുതി അല്പഭാഗം പുറത്തുവന്നെങ്കിലും പൂർണമായും എനിക്ക് പുറത്തെത്താൻ സാധിച്ചില്ല. ഈ രണ്ടു പ്രയോഗത്തിലും എനിക്ക് ശ്വാസം മുട്ടുകയും തലക്കുപിടിച്ച മത്തുംകൂടി ആയതോടെ ഞാൻ ഏറെക്കുറെ നിശ്ചലമായിപ്പോയി.

അവർ ശ്രമം നിർത്തി എന്ന് ആശ്വസിച്ചപ്പോഴാണ് അതാ അവർ സൂചി പ്രയോഗവുമായി വന്നിരിക്കുന്നു. ചെവിയിലേക്ക് ശക്തിയായ ടോർച് വെളിച്ചവുമടിച്ച അവർ എന്നെ പുറകുവശത്തുകൂടി തലങ്ങും വിലങ്ങും കുത്തി വലിച്ചെടുക്കാൻ നോക്കുന്നു.

ആ പാവം മനുഷ്യൻ, വല്ലാത്തൊരു അനുഭവമായിരുന്നു അയാളുടേത്. സൂചിയുടെ കുത്തലിൽ എനിക്ക് വളരെ ആഴത്തിൽ പരിക്കേറ്റു. ബാക്കി ഉണ്ടായ അൽപ്പം ജീവനുംകൊണ്ട് ഞാൻ വീണ്ടും ചെവിയുടെ അകത്തേക്ക് ഏന്തിവലിഞ്ഞു കയറി. അതോടെ അവർ ശ്രമം ഉപേക്ഷിച്ചു. ആശുപത്രിയിൽ പോകാനുള്ള തീരുമാനത്തിലെത്തി.

രാത്രി ഏറെ വൈകിയതിനാൽ എങ്ങനെ പോകുമെന്ന ചിന്തയിലാണ് അവർ. ഈ അവസ്ഥയിൽ അയാളേക്കാൾ അയാളുടെ ചെവിയിൽനിന്നും പുറത്തുവരേണ്ടത് എന്റെ ആവശ്യമാണ്. അല്പനേരംകൂടി ഞാൻ അവിടെയിരുന്നാൽ മരണമുറപ്പാണ്. മാത്രമല്ല എനിക്ക് ഒന്ന് അനങ്ങാൻപോലും പറ്റാത്ത നിലയിലേക്ക് ഞാൻ എത്തിയിരുന്നു.

തറവാടിന് വടക്കുവശത്തെ വീട്ടിലെ മറ്റഡോർ ടെമ്പോ വിളിച്ചു അതിൽപോവാനുള്ള ഒരുക്കങ്ങളെല്ലാം ചുറ്റുംകൂടിയവർ ചെയ്യുന്നുണ്ടായിരുന്നു. ഏറെ വൈകാതെ തന്നെ ടെമ്പോ വരികയും അയാളെ അതിൽ കയറ്റി ആശുപത്രിയിലേക്ക് പുറപ്പെടുകയുംചെയ്തു.

പോകുന്ന വഴിയിൽതന്നെ എനിക്ക് ചെറുതായി ഓർമ്മ നഷ്ട്ടപ്പെടുന്നുണ്ടായിരുന്നു. ചുറ്റും നടക്കുന്നത് വിട്ടുവിട്ടായിരുന്നു എനിക്ക് മനസ്സിലായിക്കൊണ്ടിരുന്നത്.

അൽപ്പനേരം കഴിഞ്ഞു ഞാൻ കണ്ണ് തുറന്നപ്പോൾ ഞാൻ ഡോക്ടറുടെ കയ്യിലെ ചവണയിൽ അയാളുടെ ചെവിയിൽനിന്നും പുറത്തേക്ക് വന്നിരുന്നു. ഞാൻ അയാളുടെ മുഖം കണ്ടു.. പാവം, സുരക്ഷിതമാണെന്ന് കരുതി സ്വന്തം വീടിനകത്തു ഉറങ്ങികിടന്ന അയാളെ എന്റെ തലക്കുപിടിച്ച മത്ത് ഇവിടെവരെ എത്തിച്ചിരിക്കുന്നു.

അറിയാതെയാണെങ്കിലും ഒടിഞ്ഞ കൈകൾ കൂപ്പി അയാളോട് മാപ്പുപറഞ്ഞു തീരും മുൻപേ ഡോക്റ്റർ എന്നെ ഒരുപാട് രാസപഥാർത്ഥങ്ങൾ നിറഞ്ഞ ഒരു ചവറ്റുകുട്ടയിലേക്ക് എറിഞ്ഞു. അതിനുശേഷം ഏതാനും നിമിഷങ്ങൾ മാത്രം…. അവസാനമായി ഞാനൊന്നു മൂളി…..

ചാലക്കുടിക്കടുത്ത് മുരിങ്ങൂർ സ്വദേശി. പോർത്തുഗൽ തലസ്ഥാനമായ ലിസ്ബണിൽ ജീവിക്കുന്നു. സമൂഹമാധ്യമങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്.