എന്റെ കർത്താവെ ഞാൻ സഹിച്ച അപമാനം വെച്ച് നോക്കുമ്പോൾ നീ കാൽവരിയിലൂടെ ചുമന്ന ആ കുരിശൊക്കെ വെറും നിസ്സാരം. മൂന്നു മണിക്കൂറത്തെ പീഡനത്തിനും മൂന്നു ദിവസത്തെ അരക്ഷിതാവസ്ഥയ്ക്കുമൊടുവിൽ വലിയ കല്ലും തള്ളി മാറ്റി നീ പുഷ്പം പോലെ അങ്ങ് ഉയർത്തു പോയി, ഞാനോ ഈ കുരിശെവിടാ ഒന്നു വെക്കുക എന്നും നിനച്ച് ഈ അണ്ഡകടാഹത്തിൽ ഓടാൻ ഒരു സ്ഥലം പോലും ബാക്കിയില്ല.
അയ്യോ ഇങ്ങനെയൊക്കെ പറഞ്ഞിട്ടും കഥയറിയാതെ ആട്ടം കാണുന്നവനെപ്പോലെ നീ ഇങ്ങനെ മിഴിച്ചിരിക്കുന്നതെന്നാ കർത്താവെ !?. സർവശക്തനും സർവ്വവും അറിയാവുന്നവനും നീ ആണെന്ന ധാരണയിലാ ഞാനീ അറ്റോം മുറി ഒക്കെ വെച്ചെന്റെ കഷ്ടപ്പാടും ദണ്ണവും വിവരിച്ചേ. നിനക്കിതീന്നൊന്നും പിടികിട്ടിയില്ലേ മുഴുവനും? ഞാൻ പീസ് പീസായി വിവരിക്കാം. പക്ഷെ, ഇടയ്ക്കു ഗത്സെമെൻ തോട്ടത്തിലേയ്ക്കെന്നോ പിതാവു വിളിച്ചെന്നോ പറഞ്ഞു എഴുന്നേറ്റു പോകുകേലാ എന്നൊരു ഉറപ്പു നീ എനിക്കു തരണം. തുടങ്ങി കഴിഞ്ഞാൽ പിന്നെ തീരും വരെ നിന്നെ എന്റെ മുന്നിൽ പിടിച്ചിരുത്താനുള്ള ഗിമ്മിക്കും ഭാഷാ പ്രയോഗവുമൊക്കെ ഞാൻ ഇടയ്ക്കിടുമേ, നല്ലോണം മനസിലാകാത്ത എന്തേലുമുണ്ടെ ഇടയ്ക്കു ചോദിച്ചോണം നിന്റെ അരമായ ഭാഷാപോലല്ല ഞങ്ങടെ ഈ മലയാളം അതിമ്മണി പാടുള്ള ഭാഷയാന്നേ, എന്നാലും മഞ്ചേരിക്കുളത്തിലച്ചൻ എഴുത്തിനിരുത്തിയെന്റെ ഗുണം എനിക്കുണ്ടായിട്ടുണ്ടെന്നു പലരും പലതവണ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ടേ.
എഴുത്തിൽ സരസ്വതി വിളയാടുന്നവനെന്നാ നാട്ടുകാർ എന്നെക്കുറിച്ചു പറയുന്നേ ! ആയ്യോടാ കർത്താവെ ഒന്നാം പ്രമാണമാണ് ഞാൻ ലംഘിച്ചതിപ്പോൾ ഈ സരസ്വതി എന്നു പറയുന്നത് ഞങ്ങൾ ഇന്ത്യക്കാരുടെ ലോക്കൽ ദൈവമാ വിശേഷിച്ചും ഞങ്ങളീ നാലക്ഷരം കൂട്ടി എഴുതുന്നോർ പുള്ളിക്കാരിയുടെ കടുത്ത ആരാധകരാ. നാട്ടിൽ പള്ളിലച്ചന്മാരും മെത്രാച്ചന്മാരും പറയും പോലെ നിങ്ങള് തമ്മിൽ പിണക്കത്തിൽ അല്ല എന്നൊക്കെ എനിക്കറിയാം. അല്ലെങ്കിലും സരസ്വതിയെ പോലെ മുഖകാന്തിയുള്ള ഒരു ദേവിയുടേം മുഖത്ത് നോക്കി പിണങ്ങാൻ കർത്താവിനെന്നല്ല ഈ അപ്പച്ചൻ കുട്ടിക്കു പോലും ഇതുവരെ പറ്റിയിട്ടില്ല. നീട്ടീം പരത്തിയും നിന്റെ സമയം മെനക്കെടുത്താൻ നിൽക്കാതെ ഞാൻ വേഗം വിഷയത്തിലേക്കു വരാം .
ഒറ്റാം തടിയായി വണ്ടിപെരിയാറ്റിലെ ഏലത്തോട്ടത്തിലെ വിളഞ്ഞ ഏലത്തിന്റെ മണവും കാറ്റുമേറ്റു നടന്ന പരിഷ്കാരി അപ്പച്ചൻ കുട്ടിയെ കുരിശുമേ തറച്ച സംഭവമാരുന്നു എന്റെയീ കല്യാണം. എഴുത്തിന്റെ ഏനക്കേടിച്ചിരി ഉണ്ടന്നതൊഴിച്ചാൽ മലയോരത്തു എന്നെപോലെ തങ്കപ്പെട്ടൊരു മനുഷ്യൻ വേറെ ഇല്ലാരുന്നെന്നാ എസ്റ്റേറ്റ് പണിക്കാരായ തൊഴിലാളിപെണ്ണുങ്ങൾ സർട്ടിഫിക്കറ്റ് എഴുതി തന്നിരുന്നത്. എന്നിട്ടും എനിക്കീ പുതനയെ തന്നെ കെട്ടേണ്ടി വന്നല്ലോ എന്നോർക്കുമ്പോൾ എന്റെ കർത്താവെ ഇച്ചിരിയല്ലാത്ത ദണ്ണമുണ്ടേ. വീണു പോയതാണ് കര്ത്താവേ ശരിക്കും. ലണ്ടനെന്നു കേട്ടപ്പോൾ ഞാൻ വീണു പോയതാ. അപ്പൻ മാത്തുക്കുട്ടി കുറേക്കാലം ഹൈറേഞ്ചിലെ വില്ലി സായിപ്പിന്റെ വാല്യക്കാരനായിരുന്നപ്പോ അയാളപ്പനെ മോഹിപ്പിച്ചു വശം കെടുത്തി ഒടുക്കം പറ്റിച്ചു കടന്നു കളഞ്ഞു. ഇംഗ്ലണ്ടിലെ കാറ്റേറ്റു മേപ്പിളിന്റെ ഇല പൊഴിയുമ്പോൾ അതിനിടയിൽ കൂടി നടക്കണമെന്ന അപ്പന്റെ എല്ലാക്കാലത്തേയും സ്വപ്നം നടക്കാതെയാണ് അപ്പൻ വണ്ടിപെരിയാറ്റിലെ കുടുംബ കല്ലറയിൽ ഉറങ്ങുന്നത്. ആ അപ്പനു വേണ്ടി മകനായ ഞാനെങ്കിലും സായിപ്പിന്റെ നാടു കാണാൻ പോകുമ്പോൾ അപ്പനാ കുഴിയിൽ കിടന്നെങ്കിലും സന്തോഷിക്കുമെന്നു ഞാൻ കരുതി. ചത്തുപോയ അപ്പന്റെ സന്തോഷത്തിനു പകരം കൊടുക്കേണ്ടി വന്നത് എന്റെ ജീവിതമാരുന്നെന്ന തിരിച്ചറിവിലാണ് നീറിനീറി ഞാനിപ്പോൾ ഈ മഞ്ഞിന്റെ കൂടാരത്തിൽ കഴിയുന്നത്.
ആശുപത്രി ജോലിയാണ് ടെൻഷനൊള്ള ജോലിയാണ് എന്നാലും സൂസമ്മേ സ്ക്കോച്ചും ഞാനൊണ്ടാക്കുന്ന പന്നിക്കറീം തിന്നിട്ടു നീയെന്റെ ആറാം വാരിയെല്ലു നോക്കി ചവിട്ടുന്നതെന്തിനാണെന്നു ഞാൻ പലതവണ അവളോടു പലതവണ ചോദിച്ചു നോക്കി. പക്ഷെ രണ്ടെണ്ണം വിട്ടാൽ അവൾക്കു മൈക്ക് ടൈസൻറെ പവറാ. മുഖത്തും മുതുകത്തും എന്നു വേണ്ട, അവളുടെ പഞ്ചു വീണു പിഞ്ചാത്ത ഒരു സ്ഥലം പോലും… ആ അല്ല ഒന്ന് രണ്ടു സ്ഥലമീ ബോഡിയിൽ ബാക്കിയുണ്ട് അതിനവളുടേതായ കാരണവും അവൾക്കുണ്ട്. മുഖത്തവൾ തല്ലില്ല പിന്നെ… പിന്നെ .. കർത്താവിനോടായതു കൊണ്ടു ഒളീം മറേം ഇല്ലാതെ ഞാൻ പറയാം, അരയ്ക്കു കീഴെ മുട്ടിനു മുകളിൽ അവൾ കൈവെക്കില്ല. മുഖത്തു കൈവെച്ചാ പിറ്റേന്നു അയലോക്കത്തെ ജോര്ജുകുട്ടീം പെണ്ണുമ്പുള്ളേം കാണുമെന്നും കാരണം തിരക്കുമെന്നും അവൾക്കറിയാം എന്നതിനാലും മർമ്മത്തു കൈവെച്ചാൽ അവൾ പട്ടിണി ആയാലോ എന്നും വെച്ചാണീ മുൻ കരുതലുകൾ. ഉള്ളതു പറയാല്ലോ കർത്താവെ, തല്ലും തെറിവിളീം കഴിയുമ്പം അവക്കതും വേണം. സ്നേഹമില്ലാതെ രതി ഉണ്ടാകത്തില്ലെന്നു പഠിപ്പിച്ച മഞ്ചേരിക്കുളം അച്ചനെ ഞാൻ അപ്പോ ഓർക്കും. എന്റെ പുരുഷനെ ഉണർത്താനും അതിന്മേൽ കയറി നിന്നു കാളിയ നർത്തനമാടാനുമൊക്കെ അവൾക്കു നല്ല മിടുക്കാണ്. നേഴ്സല്ലേ ഇമ്മാതിരി ലൊട്ടുലൊടുക്ക് വിദ്യകളൊക്കെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ കൂടെ അവർ അഭ്യസിച്ചിട്ടുണന്ന് കരുതി ഞാൻ മലർന്നു കിടന്നു കൊടുക്കും. അവരാതം കഴിഞ്ഞു അവളെഴുന്നേറ്റു പോകുമ്പോഴും ഞാൻ പുറത്തെ തണുപ്പ് ബാധിക്കാത്ത മരക്കഷണം പോലെ വിക്ഷേപം മുട്ടി മുന്നിട്ടു തന്നെ നിൽക്കും. എന്റെ രതിയല്ല കർത്താവെ അവളുടെ രതി. അവൾക്കു കഴപ്പു തീർക്കാനുള്ളതാണ് രതിയെങ്കിൽ എനിക്ക് സ്നേഹിക്കാനൊള്ളതാണത്. സ്നേഹമില്ലാത്ത രതീം അവളുടെ ചിലവിൽ അടുക്കളപണീം അടിമപണീം ചെയ്തു ഞാൻ ഞാനല്ലതായി തീർന്നിരിക്കുന്നു കർത്താവെ.
അപ്പൊ കർത്താവു ചോദിക്കും, ഹീത്രൂ വിമാനത്താവളത്തിൽ നിന്നും എന്നും കൊച്ചീക്കു ഫ്ലൈറ്റ് പോകുന്നുണ്ടല്ലോ അതിന്മേൽ ഒന്നിൽ കയറി വണ്ടിപെരിയാറിനു വിട്ടു കൂടെയെന്ന്. അങ്ങനെ എളുപ്പം ഇട്ടെറിഞ്ഞു പോകാൻ പറ്റാത്ത വിധമൊരു കിനാവള്ളിയാണീ സാരി വിസ കർത്താവേ. വണ്ടിപെരിയാറ്റിലെ ആകെയുണ്ടായിരുന്ന ഒന്നര ഏക്കർ വിറ്റു തുലച്ചിട്ടല്ലേ തുക്കിടി സായിപ്പാകാൻ ഞാൻ വിമാനം കയറിയത്. ചില സമയം തോന്നും, അവളടിക്കുമ്പോൾ ഏലം പറിച്ചു തഴമ്പിച്ച കൈകൊണ്ടൊന്നു കരണത്തിനു കീച്ചിയാലോ എന്ന്. പക്ഷെ നാടും നിയമവും വേറെയാ കർത്താവേ.. അവളിറങ്ങി ഒരു പരാതി കൊടുത്താൽ സായിപ്പിന്റെ ജയിലിൽ പോയി ഞാൻ ബർഗർ തിന്നേണ്ടി വരും. പിള്ളേരൊണ്ടായ പിന്നെ അവരുടെ അപ്പനെന്ന രീതിയിൽ അവളെനിക്കിച്ചിരി ബഹുമാനം തരുമെന്നുള്ള പ്രതീക്ഷ എനിക്കാദ്യമൊക്കെ ഉണ്ടാരുന്നെങ്കിലും അവളെന്തോ ഗുളിക കഴിച്ചിട്ടാണ് എന്റെ മേലെ നിരങ്ങാൻ വരുന്നതെന്നു പറയുന്നു . കോലഞ്ചേരിയിൽ അവളുടെ അപ്പൻ വാങ്ങിയ റബ്ബർ തോട്ടത്തിന്റെ കടം തീർന്നിട്ടു മതി കുഞ്ഞുങ്ങൾ എന്നാണ് അവളുടെ ഇപ്പോഴത്തെ വാശി. നാലു കൊല്ലമായില്ലേ എനിക്കു നാല്പതാകാൻ പോകുന്നില്ലേ സുസമ്മേ എന്നൊക്കെ നല്ല മൂഡായിരിക്കുമ്പോ ചോദിച്ചാലും അവൾ ചൂടാകും. ഈ ഗർഭ പാത്രം എന്നൊരു സാധനം അവൾക്കുണ്ടോ എന്നു എനിക്കിപ്പോൾ സംശയം തോന്നി തുടങ്ങിയിരിക്കുന്നു. കർത്താവെ നീ ഒന്നന്വേഷിച്ചിട്ടു പറയാമോ അവൾക്കെന്തെങ്കിലും പ്രശനമുണ്ടോയെന്നു.. ? നിനക്കെല്ലായിടത്തും അദൃശ്യനായി കയറി ചെല്ലാമല്ലോ അത് കൊണ്ടു മാത്രമാണീ അപേക്ഷ. ഈ ഡോക്ടർമാരേം നേഴ്സുമാരേം അവരുടെ രീതികളെയൊന്നും തമ്പുരാനാണേൽ കല്യാണം കഴിയും വരെ എനിക്കറിയാൻ പാടില്ലായിരുന്നു. അതെങ്ങനാ ഒരു ജലദോഷ പനിക്കു പോലും ഞാനൊരു ആശുപത്രിയിൽ പോയിട്ടില്ല. പോകണമെന്ന് വെച്ചാ വണ്ടിപെരിയാറ്റിൽ ഒരു ആശൂത്രീ പോണേൽ നാൽപതു കിലോമീറ്റർ നടക്കണം. കാളിവൈദ്യൻ കുറിച്ച് തരുന്ന മരുന്നല്ലാതെ ഈ ഇംഗ്ളീഷ് വൈദ്യം അന്നും ഇന്നുമെനിക്കു പിടിക്കുകേല. അത് കൊണ്ട് തന്നെ അറിവില്ലായ്മ കൊണ്ടു ഞാൻ ഈ കുരിശെടുത്തു ചുമക്കുകയായിരുന്നു കർത്താവെ.
ഓർമ്മവെച്ച നാളു മുതൽ അമ്മച്ചിയും അപ്പച്ചനും മഞ്ചേരിക്കുളത്തിൽ അച്ചനും കാണിച്ചു തന്ന അവസാനത്തെ ആശ്രയം നീയാണ്. അത് കൊണ്ടാണ് ഈ അപേക്ഷ നിന്റെ സന്നിധാനത്തു ഞാൻ സമർപ്പിക്കുന്നത്. സൂസമ്മ എന്ന രാക്ഷസിയിൽ നിന്നും സൂസമ്മയെന്ന മാലാഖയാക്കി എനിക്കവളെ നീ തിരിച്ചു തരണം. അല്ലങ്കിൽ പടച്ചു വിട്ട പോലെ നീയവളെ സ്വർഗ്ഗത്തിലേയ്ക്കോ നരകത്തിലേയ്ക്കോ തിരിച്ചു കൊണ്ട് പോകണം. ഇത് രണ്ടിലൊന്നിൽ സമ്മതിക്കാതെ ഈ കുരിശെന്നെ കൊണ്ടു ചുമപ്പിക്കാനാണ് പ്ലാനും പദ്ധതിയുമെങ്കിൽ അപ്പച്ചൻ സ്വപ്നം കണ്ടു പാർത്തിരുന്ന ഈ നാട്ടിൽ അപ്പൻ സ്വപ്നം കണ്ട ആ മേപ്പിൾ മരക്കൊമ്പിൽ ഞാൻ തൂങ്ങി ചാകും. അപ്പന്റെ സ്വപനം എന്നൊക്കെ പറഞ്ഞു ചാടി ലണ്ടനിലെത്തിയ എന്റെ ആത്മാവിനു നീ കൂട്ടായിരിക്കണേ ……….