അവൾ പുറപ്പെട്ടു പോയിട്ട് രണ്ട് മാസത്തിലേറെയായി. എന്നിട്ടും ഞങ്ങൾക്കവളെ മറക്കാനായില്ല. “എന്തിന്റെ കുറവായിരുന്നു അവൾക്കിവിടെ. പോട്ടെ, പോയി തെണ്ടി തിരിഞ്ഞു നടക്കട്ടെ. പട്ടിണിയാവുമ്പം താനേ തിരികെ വരും” ഡൈനിങ് ഹാളിലിരുന്ന് വത്സ പാഴാങ്കം പറഞ്ഞു.
“മുടിയനായ പുത്രന്റെ കഥ കേട്ടിട്ടില്ലേ. അതുപോലെ കുറെ കഴിയുമ്പോൾ തിരികെ വന്നോളും അഹങ്കാരി” ഞാൻ സ്വയം സമാധാനിക്കാനായി പറഞ്ഞു.
മകൾ സോഫിയാണ് അവൾക്ക് ലൂണ എന്ന് പേരിട്ടത്. ഹാരിപോട്ടർ സീരിസിലെ ലൂണ ലവ്ഗുഡ് ആയിരുന്നു പ്രചോദനം. അമേരിക്കൻ വംശജ. നീല കണ്ണുകളും വെള്ളയിൽ ചാരനിറം ചേർന്ന ഉടലും. ആരും കൊതിച്ചു പോകുന്ന സുന്ദരി.
എലിയുടെ രൂപവും ഗന്ധവുമുള്ള പ്രത്യേക ബിസ്ക്കറ്റുകൾ, ചിക്കൻ സൂപ്, കടിക്കാനും നക്കാനും എല്ലിന്റെ രൂപമുള്ള കളിക്കോപ്പുകൾ എന്ന് വേണ്ട ഞങ്ങളുടെ തീൻ മേശയിൽ എത്തും മുൻപ് വറുത്ത മീൻ പോലും അവൾക്ക് അവകാശപ്പെട്ടതായിരുന്നു.
ലൂണക്കായി ഞങ്ങൾ വാങ്ങിയ പ്രത്യേക ഷാമ്പുവും, കണ്ടീഷണറും ചീപ്പും കത്രികയുമൊക്കെ അലമാരയിൽ ഇരിക്കുന്നു. അതു കാണുമ്പോൾ സോഫി കരയാൻ തുടങ്ങും. കുറച്ചുനാൾ ഭക്ഷണം പോലും കഴിക്കാനും കോളജിൽ പോകാനും പോലും അവൾക്ക് മടിയായിരുന്നു. കോളജിൽ നിന്ന് വന്നാലുടൻ ലൂണ അവളോടൊപ്പം കൂടും. മടിയിൽ കയറിയിരിക്കും. അവൾ എറിഞ്ഞു കൊടുക്കുന്ന പന്തിനൊപ്പും കെട്ടിമറിഞ്ഞു കളിക്കും. രാത്രി ഉറങ്ങുന്നത് പോലും അവളോടൊപ്പമാണ്.
പുറപ്പെട്ട് പോകുന്നതിന് കുറച്ചു നാൾ മുൻപ് അവളുടെ സ്വഭാവത്തിൽ ചില വ്യതിയാനങ്ങൾ കണ്ടിരുന്നു. കൂടുതൽ സമയവും ബാൽക്കണിയിൽ കഴിയും. ഭക്ഷണത്തോടും കളികളോടുമുള്ള താൽപര്യം കുറഞ്ഞു തുടങ്ങി. സോഫിയുടെ ഒപ്പം കട്ടിലിൽ കിടന്നാലും രാവിലെ നോക്കുമ്പോൾ മുറിയുടെ ഏതെങ്കിലും ഒരു മൂലയിൽ കിടന്നുറങ്ങുന്നതു കാണാം.
അങ്ങനെ ഒരു ദിവസം രാവിലെ അവളെ കാണാതായി. എല്ലായിടത്തും അന്വേഷിച്ചിട്ടും കണ്ടില്ല. ചിലർ പറഞ്ഞു കുറച്ചകലെ പാർക്കിന്റെ അങ്ങേ തലക്കൽ ചപ്പു ചവറുകൾക്കിടയിൽ ഭക്ഷണം തിരയുന്നത് കണ്ടെന്ന്. മറ്റു ചിലർ പറഞ്ഞു ആളൊഴിഞ്ഞ ഒരു കെട്ടിടത്തിനുള്ളിൽ തവിട്ടു നിറവും പുള്ളികളുമുള്ള നാടൻ പൂച്ചയോടൊപ്പം കണ്ടെന്ന്. കുറച്ചു നാളായി പിന്നീട് വിവരം ഒന്നും ലഭിച്ചില്ല.
സോഫിയും മാറുകയായിരുന്നു. കോളേജിൽ നിന്നും തിരിച്ച് വന്നാൽ പിന്നെ മൊബൈലുമായി മുറിയിൽ ഒതുങ്ങിക്കൂടും. കൂടെ പഠിക്കുന്ന ഇറാനിയായ അദ്നാനുമായി മാത്രമായിരുന്നു ഏറെ സമയം വാട്ട്സാപ്പ് ചാറ്റിംഗ് എന്ന് വത്സ പറഞ്ഞു.
ഇന്നു രാവിലെ പള്ളിയിലേക്ക് ഞങ്ങൾ കുടുംബമായി കാറിൽ പോകുകയായിരുന്നു. വണ്ടി ഒരു ചെറിയ സിഗ്നലിൽ നിന്നു. അപ്പോളാണ് മുന്നിലിരുന്ന ഞാനും വത്സയും ആ കാഴ്ച കണ്ടത്. മൂന്നു കുഞ്ഞുങ്ങളോടൊപ്പം അവൾ റോഡ് മുറിച്ചു കടക്കുന്നു! വെള്ള നിറമുള്ള രണ്ട് കുഞ്ഞുങ്ങളും തവിട്ടും പുള്ളികളുമുള്ള മറ്റൊരു കുഞ്ഞും. റോഡിനപ്പുറം ഒരു നാടൻ കണ്ടൻ പൂച്ച കാത്തു നിൽപ്പുണ്ടായിരുന്നു. ഞങ്ങളെ ഒന്ന് തിരിഞ്ഞു നോക്കി കണ്ടെന്ന് നടിക്കാതെ പാർക്ക് ചെയ്തിരിക്കുന്ന കാറുകൾക്കിടയിലൂടെ അവൾ മറഞ്ഞു.
പിൻ സീറ്റിലിരുന്ന സോഫി ഈ കാഴ്ച കണ്ടോ എന്നറിയാനായി ഞങ്ങൾ തിരിഞ്ഞു നോക്കി. അപ്പോൾ അവൾ പുഞ്ചിരിച്ചുകൊണ്ട് ആരോടോ ചാറ്റു ചെയ്യുകയായിരുന്നു. അവളുടെ കണ്ണുകളിൽ പ്രണയത്തിന്റെ തിരയിളക്കം.