
കഥകളെന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുക മുത്തശ്ശിമാരാവും. പക്ഷെ കൂടുതൽ യാത്ര ചെയ്യാൻ തുടങ്ങിയതിനു ശേഷം കഥകളുടെ പര്യായമെന്നത് ഓരോ നാടുകളിൽ നമ്മൾ പരിചയപ്പെടുന്ന മനുഷ്യരും അവിടങ്ങളിലെ ഗൈഡുകളുമെന്നായി മാറിയിട്ടുണ്ട്. ഏറെ സൗഹൃദത്തോടെ ഈ മനുഷ്യർ തങ്ങളുടെ രാജ്യത്തിന്റെ ചരിത്രത്തെയും അതിന്റെ അവർ തന്നെ സൃഷ്ടിച്ച ചരിത്രത്തെയും പറ്റി കഥകൾ നെയ്തു തുടങ്ങുന്നു. അത് നമ്മളിൽ കണ്ട കാഴ്ചകളെപറ്റിയുള്ള ഓർമ്മയായി നിലനിൽക്കുന്നു. ചിലപ്പോഴൊക്കെ ഈ കഥകൾ മറ്റെവിടെയെങ്കിലും കേട്ടവയുടെ ആവർത്തനമാവാം, കഥാപാത്രങ്ങളുടെ പേരുകൾ മാത്രം മാറിയിട്ടുണ്ടാവാം. തക്ഷകനാൽ കൊല്ലപ്പെട്ട പരീക്ഷിത്തിന് പകരം മറ്റൊരു രാജാവ്. രാമായണത്തിന് പകരം മറ്റൊരു കഥ. അങ്ങനെ പിന്നീട് ആലോചിക്കുമ്പോൾ കഥകൾ കൊണ്ടാണ് ലോകം പരസ്പരം ബന്ധിക്കപ്പെട്ടതെന്ന് തോന്നും. വിശ്വസനീയമായ ഒരു കഥ തന്നെയല്ലേ ചരിത്രവും. നൂറ്റാണ്ടുകൾക്ക് മുൻപ് ഈ വഴികളിലൂടെ സഞ്ചരിച്ചു പോയ, കഥകൾ കൈമാറിയ മനുഷ്യരിലേക്ക് ചിന്തകൾ മടങ്ങിപ്പോയേക്കാം. ഉദാഹരണത്തിന് സമർഖണ്ഡിലെ റെഗിസ്താനിലുള്ള (ഷെർദാർ മദ്രസയ്ക്ക് മുന്നിൽ) ഖോജ മുഹമ്മദ് കടങ്ങുവിന്റെ ശവകുടീരത്തെപ്പറ്റി കേട്ട കഥയിങ്ങനെയാണ്. ഖോജ മുഹമ്മദ് ഈ മദ്രസയുടെ പണി നടക്കുമ്പോൾ അവിടെ ഒരു ഭക്ഷണശാല നടത്തുകയായിരുന്നുവത്രെ. അയാൾ അവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് സമയാസമയത്ത് ഭക്ഷണം കൊടുത്തു. അതിലൂടെ നിർമ്മാണത്തിന്റെ സമയബന്ധിതമായ പൂർത്തികരണത്തിൽ അയാളും ഭാഗഭാക്കായി. പണി കഴിഞ്ഞ് എല്ലാവർക്കും ചക്രവർത്തി പാരിതോഷികങ്ങൾ നൽകുമ്പോൾ ഖോജ പറഞ്ഞത്രേ, എനിക്ക് മറ്റൊന്നും വേണ്ട, മരിക്കുമ്പോൾ എന്റെ ശരീരത്തിന് കുറച്ചു സ്ഥലം ഇവിടെത്തന്നെ തന്നാൽ മതിയാകും. ചക്രവർത്തി സമ്മതിച്ചു. ഖോജ മരിച്ചപ്പോൾ ഈ സ്ഥലത്ത് അടക്കം ചെയ്തു. കഥ ശരിയാവാം, ചിലപ്പോൾ തെറ്റുമാവാം. പക്ഷെ, ശരിയാണെങ്കിൽ ഖോജ ഒരു ബുദ്ധിമാനായ മനുഷ്യനാണ്, ഞാൻ പറഞ്ഞു – നൂറ്റാണ്ടുകൾക്ക് ശേഷവും ആളുകൾ അയാളെ ഓർക്കുന്നുണ്ടല്ലോ. വിലപിടിപ്പുള്ള സമ്മാനങ്ങൾ അയാളുടെ ഓർമ്മയ്ക്ക് ഇത്രയും ആയുസ്സ് നൽകില്ലായിരുന്നുവല്ലോ.
ഇനി മറ്റൊരു കഥ – Chimagan പർവ്വതത്തിനും Charvak റിസർവോയറിനും ഇടയിലാണെന്നു തോന്നുന്നു, ഒരു ചെറിയ ജംഗ്ഷനിൽ അഹമ്മദ് വണ്ടി നിർത്തി. “വന്നാട്ടെ,” അയാൾ അതീവ ശ്രദ്ധയോടെ പാത മുറിച്ചു കടത്തി അപ്പുറമെത്തിച്ചു. ചില്ലകൾ വിടർത്തി നിൽക്കുന്ന മരങ്ങൾക്ക് കീഴെയുള്ള ഒരു ഭക്ഷണശാലയിലേക്കാണ് അയാൾ കയറിയത്. “ഈ ചിനാർ മരത്തിന് എണ്ണൂറ് വയസ്സുപ്രായം കഴിഞ്ഞു”, – എന്റെ കണ്ണിൽ അത്ര വിശ്വാസം പോരാ എന്നു തോന്നിയതിനാൽ ആവണം അയാൾ മരത്തിനു താഴെ വച്ചിരുന്ന ബോർഡ് കാണിച്ചു. ശരിയാണ് -800 -850 വർഷം എന്നതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഞങ്ങൾ ആ മരത്തെ വിട്ട്, മരങ്ങൾ കയ്യേറിയ തുടങ്ങിയ ഒരു പാതയിലൂടെ, കുറ്റിച്ചെടികളുടെ ചില്ലകളെ വകഞ്ഞുമാറ്റി, പടവുകൾ കയറി മുകളിലേക്ക് നടന്നു. “ഇവിടെ ആണെന്ന് തോന്നുന്നു.” ഇടയ്ക്ക് അയാൾ ആരെയോ വിളിച്ച് സംശയം ദൂരീകരിച്ചു. “അതെ അത് തന്നെ.”
“മേലെയാണ് ആ വെള്ളച്ചാട്ടം. പുരുഷന്റെ കണ്ണുനീർ എന്ന അതിന്റെ പേരിനു പിന്നിൽ ഒരു കഥയുണ്ട്. ” അഹമ്മദ് കയ്യിൽ നിന്നും ഒരു കഥ മെനയുകയാണെന്നു തോന്നി. “ഒരു പയ്യനും പെൺകുട്ടിയും.” – അയാൾ തുടർന്നു. കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട് എന്ന എന്റെ മുഖഭാവത്തിനു മീതേക്ക് അഹമ്മദിന്റെ ചുണ്ടുകളിൽ പ്രണയ കഥയ്ക്ക് ജീവൻ വച്ചു. സാദാ കഥ – ഒരു ചെക്കനും പെണ്ണും പ്രേമിച്ചു. പ്രേമം പൊളിഞ്ഞു. ചെക്കന്റെ ഹൃദയം ഉരുകി. അത് അവന്റെ കണ്ണുനീരായി. കണ്ണുനീർ ഒരു വെള്ളച്ചാട്ടമായി താഴേക്ക് പതിച്ചു.
സ്വാഭാവികമായും Chimagan പർവ്വതത്തിൽ നിന്നും മഞ്ഞുരുകി വരുന്നതാവണം ഈ ചെറിയ വെള്ളച്ചാട്ടം. ഞാൻ മനസ്സിൽ കരുതി. അല്ലെങ്കിൽ Chirchiq നദിയുടെ ഒരു കൈവഴി. അഹമ്മദിന്റെ മൂഡ് കളയേണ്ട എന്നോർത്തു.
“അവന്റെ ഹൃദയരക്തം തന്നെ ഇത്”. ഞാൻ കൂട്ടിച്ചേർത്തു. പോകുന്ന വഴിക്ക് ഒരാളുടെ ഓർമ്മസ്ഥലം കണ്ടു. “ഇപ്പോഴും ആരുടെയൊക്കെയോ ഓർമ്മകളിൽ യുവാവായി തുടരുന്ന ഒരു സഖാവിന്റെ രക്തസാക്ഷി മണ്ഡപം പോലെ.” ഞാൻ അഹമ്മദിനോട് ചോദിച്ചു, ചോദ്യം മനസിലാക്കിയാണോ അല്ലാതെയാണോ, അയാൾ പറഞ്ഞു – “അതെ ഇത് തന്നെ ചെറുപ്പക്കാരൻ.” ഞാൻ ആ കണ്ടെത്തലിനു പിന്നിലെ കാരണം പറഞ്ഞു – “നോക്കൂ ആ കുന്നിന്റെ നെറുകിലെ പാറയിൽ ഒരു വിടവുണ്ട്, അതിന്റെ രൂപം ഹൃദയത്തിനു സമാനമാണ്. പക്ഷെ വർഷം മുഴുവൻ ഈ വെള്ളച്ചാട്ടത്തിന് ഒരേ ശക്തിയാണ്, അഥവാ ഒരു ദുർബലപ്രവാഹമാണ്, അത് കണ്ട ഏതോ സന്ദർശകയാണ് പുരുഷന്റെ കണ്ണുനീർ എന്ന് ഈ വെള്ളച്ചാട്ടത്തിനു പേരിട്ടത്.”

പിന്നീട് ആ ഇടത്തെ പറ്റി സേർച്ച് ചെയ്തപ്പോൾ Mavayan 1905 -1930, Killed by Class Enemy എന്നാണ് രക്തസാക്ഷിയുടെ ഓർമ്മയുടെ ശിലാലിഖിതം എന്ന് മനസിലാക്കാൻ കഴിഞ്ഞു.
കഥകളാണ് ഈ ലോകത്തിന്റെ സൃഷ്ടിക്കും നിലനിൽപ്പിനും കാരണം, കഥകൾ ഇല്ലായിരുന്നെങ്കിൽ ഈ ലോകം തന്നെ എന്നേ നശിച്ചുപോയേനെ, സ്വപ്നങ്ങളെ പോലെ സ്വർഗ്ഗകുമാരികളായ കഥകൾ.
*
താഷ്കെന്റിലേക്ക് പുറപ്പെടും മുന്നേ അവിടെയുള്ള ചങ്ങാതിയോടു ചോദിച്ചു, “കാലാവസ്ഥ ഇപ്പോഴെങ്ങനെ? ശൈത്യകാലത്ത് വേണ്ട കുപ്പായങ്ങൾ കരുത്തേണ്ടതുണ്ടോ? ഒരു ബാക്ക് പായ്ക്ക് സഞ്ചാരമായിരുന്നു മനസ്സിൽ. അതിനാൽ തന്നെ തോൾസഞ്ചിയുടെ ഭാരം പരമാവധി കുറിക്കുകയായിരുന്നു ഉദ്ദേശം. ചങ്ങാതി പറഞ്ഞു – “തണുപ്പ് കുറവാണ്. ശൈത്യത്തിനു വേണ്ട വസ്ത്രങ്ങൾ വേണ്ട.” കഷ്ടകാലം എന്നല്ലേ പറയേണ്ടൂ. ചെന്നിറങ്ങുമ്പോൾ വരണ്ട ശൈത്യത്തിന്റെ അപഹാരമാണ്. ശരീരം ആകെ കുത്തിക്കയറുന്ന തണുപ്പ്. ചങ്ങാതി പറഞ്ഞു – “നീ വരുന്നതിനു രണ്ടു ദിവസം മുന്നേ മഴ പെയ്തു. മഴ ഒരുവിധം മാറിയിരുന്ന തണുപ്പിനെ വീണ്ടും കൊണ്ട് വന്നു.”

വിറച്ചു കൊണ്ട് വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക്, അവിടെ നിന്നും ഹോട്ടലിലേക്ക് ഉള്ള യാത്രയിൽ ലാൽ ബഹാദൂർ ശാസ്ത്രിജിയെ ഓർത്തു. അതിശൈത്യത്തിന്റെ ജനുവരിപ്പകലിൽ പാകിസ്ഥാനുമായി സമാധാനക്കരാർ ചർച്ചയ്ക്കായി താഷ്ക്കെന്റിൽ എത്തിയ ശാസ്ത്രി കൊണ്ടുവന്ന കമ്പിളിയുടുപ്പുകൾ ഈ തണുപ്പിനെ ചെറുക്കാൻ പോന്നതല്ലായിരുന്നു. ചർച്ചയിൽ ഇരുപക്ഷത്തിനും ഇടയിൽ മാധ്യസ്ഥം നിന്ന റഷ്യൻ പ്രധാനമന്ത്രി തന്റെ മെച്ചപ്പെട്ട മേൽക്കുപ്പായം ശാസ്ത്രിയ്ക്ക് സമ്മാനിച്ചു. പക്ഷെ അദ്ദേഹം അത് സ്വീകരിച്ചില്ല. നിർബന്ധത്തിന് വഴങ്ങി ഒടുവിൽ വാങ്ങിയ കുപ്പായം തനിക്കൊപ്പം വന്ന പ്രതിനിധികളിൽ കമ്പിളിയുടുപ്പ് ഇല്ലാതിരുന്ന ഒരാൾക്ക് സമ്മാനിച്ചു. താഷ്ക്കെന്റ് എന്ന് കേൾക്കുമ്പോൾ ഇന്ത്യയുടെ ചരിത്രത്തോട് താല്പര്യമുള്ള ആരുടെ ചിന്തയിലും ആദ്യം എത്തുക ശാസ്ത്രിജിയുടെ മുഖമാവും.

യാക്കോവ് ഷാപിറോ എന്ന ശില്പിയാണ് താഷ്ക്കെന്റിലുള്ള ശാസ്ത്രി സ്മാരകത്തിന്റെ രൂപകൽപ്പന. ശാസ്ത്രി സ്ട്രീറ്റ് എന്ന് പേരിട്ടിരിക്കുന്ന റോഡിന്റെ ഇങ്ങേ തലയ്ക്കൽ, ജർമ്മൻ ദേവാലയത്തിന് അടുത്തായാണ് ഈ സ്മാരകം. ചരിത്രത്തോടും ചുരുങ്ങിയ കാലം മാത്രം ഇന്ത്യയുടെ പ്രധാനമന്ത്രിയായി, ചരിത്രത്തിൽ തന്റെ സ്ഥാനം അടയാളപ്പെടുത്തി. ആ മഹദ് വ്യക്തിയോടും താത്പര്യമുള്ള സന്ദർശകർ മാത്രം എത്തുന്ന തിരക്ക് കുറഞ്ഞ ഒരു ഇടമാണ് ശാസ്ത്രി സ്മാരകം.
*
താഷ്കെന്റ് നഗരത്തിന്റെ ഹൃദയഭാഗത്താണ് ഇന്ഡിപെണ്ടന്സ് സ്ക്വേയര്, അമീര് തീമുര് സ്ക്വേയര് എന്നീ ഇടങ്ങള്. ഈ ഇടങ്ങളെ ബന്ധിപ്പിക്കുന്നത് സാലിഗോഖ് സ്ക്വേയറാണ്. സാലിഗോഖിനെ ബ്രോഡ് വേ എന്നും വിളിക്കുന്നു. ബ്രോഡ് വേയുടെ പ്രഭാതങ്ങള് ഉന്മേഷദായകങ്ങളാണ്. നിരവധി കഫേകളും തെരുവ് കലാകാരന്മാരുടെ കൂട്ടായ്മകളും കൊണ്ട് സമ്പന്നമാണ്ഇവിടത്തെ പകലിരവുകള്.
ഉസ്ബെക്കിസ്ഥാനിലെ ആധുനികതയുടെ പര്യായമാണ് താഷ്കെന്റ് എങ്കിൽ ആ ആധുനികതയുടെ മറ്റൊരു മുഖമാണ് താഷ്കെന്റ് മെട്രോയെന്നു പറയാം. മധ്യേഷ്യയിലെ തന്നെ ആദ്യത്തെ ഭൂമിക്കടിയിൽ കൂടി കടന്നു പോവുന്ന മെട്രോ ശൃഖലയാണിത്. 1966ലെ ഭൂകമ്പത്തിനു രണ്ടു വർഷങ്ങൾക്ക് ശേഷമാണ് ഈ യാത്ര മാർഗത്തിന്റെ തുടക്കം. 1977ൽ സോവിയറ്റ് യൂണിയന്റെ അറുപതാം പിറന്നാൾ വർഷത്തിൽ ആദ്യ മെട്രോ ലൈൻ നിലവിൽ വന്നു. ഇപ്പോൾ നാല് ലൈനുകളാണ് മെട്രോയ്ക്ക് ഉള്ളത് -ചിലോൺസർ ലൈൻ ( Chilonzor line – ചുവപ്പ്) , ഉസ്ബെക്കിസ്ഥാൻ ലൈൻ (കടുംനീല) ഇതോടു ചേർന്ന ഇളം നീല ലൈനായ യെർ ഉസ്തി ആകാ (Yer Usti Xalqa line), പച്ച ലൈനായ യുനോസോബോഡ് (Yunusbod). മൊത്തം അൻപത് സ്റ്റേഷനുകൾ – ഓരോ സ്റ്റേഷനും മറ്റൊന്നിൽ നിന്നും വ്യത്യസ്തമായ രീതിയിൽ പണി പൂർത്തിയാക്കിയിരിക്കുന്നു. രണ്ടു തരം ട്രെയിനുകൾ ആണ് ഇപ്പോഴുള്ളത്, പഴയതും പുതിയതും. രണ്ടിലും ശീതികരിച്ചതും മാറിവരുന്ന കാലാവസ്ഥയ്ക്ക് യോജിച്ചതുമായ കമ്പാർട്ടുമെന്റുകൾ. പക്ഷെ പഴയത് കാണാൻ കൂടുതൽ രസമുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കിയുള്ള യാത്രയ്ക്ക് പുറമെ ടൂറിസം രംഗത്തിനും ഈ മെട്രോ ലൈനുകൾ ഏറെ സംഭാവന നൽകുന്നുണ്ട്. പല ടൂറിസ്റ്റു സ്പോട്ടുകളും മെട്രോ സ്റ്റേഷനുകൾക്ക് അരികിലായുണ്ട്.

മധ്യേഷ്യയിലെ ഏറ്റവും മികച്ച റെയിൽവേ എന്നുവിളിക്കാവുന്ന ഹൈ സ്പീഡ് ട്രെയിൻ സർവീസ് ഉള്ളത് ഉസ്ബെക്കിസ്ഥാനിലാണ്. സമർഖണ്ഡിനും ബുഖാറയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ഈ റയിൽവേ ലൈനിന്റെ ദൂരം അറുനൂറു കിലോമീറ്ററാണ്. മൂന്നു മണിക്കൂർ ഇരുപത് മിനിറ്റുകൊണ്ട് ഈ ദൂരം തരണം ചെയ്യുന്നു. അഫ്രൊസിയാബ് എന്ന് പേരിട്ടിരിക്കുന്ന ഹൈ സ്പീഡ് ട്രെയിനുകളും കുറച്ചു കൂടി വേഗം കുറഞ്ഞ XXXX ട്രെയിനുകളും ഈ റൂട്ടിലുണ്ട്. സ്വദേശികൾക്കും സന്ദർശകർക്കും ഒരുപോലെ ഇഷ്ടമുള്ള ഈ മൂന്നു നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ ട്രെയിനുകളുടെ ടിക്കറ്റ് നേരത്തെ ഉറപ്പു വരുത്തേണ്ടതുണ്ട്. വളരെ ചെലവ് കുറഞ്ഞ, ഒരു പക്ഷെ ഇന്ത്യയിൽ നിന്നുള്ള യാത്രികരെ അത്ഭുതപ്പെടുത്തുന്നത്ര കുറഞ്ഞ നിരക്ക് മാത്രമേ ടിക്കെറ്റിന് ഈടാക്കുന്നുള്ളൂ. യാത്രയ്ക്കിടയിൽ സൗജന്യ ലഘു ഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്.

*
താഷ്ക്കെന്റിൽ നിറയെ ഇലക്ട്രിക് വാഹനങ്ങളാണ്. അത് ബീ.വൈ.ഡി മുതൽ പേര് കേട്ടിട്ടില്ലാത്ത ഒട്ടേറെ ചൈനീസ് വാഹനങ്ങൾ വരെയുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ ലാഭകരമാണ് എന്നാണ് അത്തരം വാഹന ഉടമകളുടെ അഭിപ്രായം. ചാർജ് ചെയ്യാനുള്ള സൗകര്യമുള്ള വീടുകൾ ഉള്ളവർക്കാണ് ഇത്തരം വണ്ടികൾ കൂടുതൽ ചേരുക. ചാർജിങ് സ്റ്റേഷനുകൾ ഇനിയും വരാനുണ്ട്.

താഷ്കെന്റിലെ ഖസ്രത്തി ഇമാം ചത്വരം 2007-ലാണ് നവീകരിക്കപ്പെട്ടത്. അത് വരെ ഈ ചത്വരവുമായി ബന്ധപ്പെട്ട കെട്ടിടങ്ങൾ അവയുടെ അവശിഷ്ടങ്ങൾക്ക് സമാനമായിരുന്നു. നൂറ്റാണ്ടുകൾ കൊണ്ട് നിർമ്മിക്കപ്പെട്ട വിവിധ നിർമ്മിതിയുടെ ഒരു മിശ്രണമാണ് ഈ ചത്വരം. വിശുദ്ധ ഇമാമിന്റെ സ്മാരകം എന്ന അർത്ഥത്തിൽ ഹസ്തിം അഥവാ ഹസ്റത് ഇമാം എന്നും ഈ ചത്വരത്തെ വിളിക്കപ്പെടുന്നുണ്ട്. ആദ്യ കാലങ്ങളിൽ കളിമണ്ണ് കൊണ്ട് നിർമ്മിക്കപ്പെട്ടിരുന്ന ഈ കെട്ടിടങ്ങൾ പിന്നീട് പൊളിച്ചു പണിയുകയായിരുന്നത്രെ.


വിവിധ പേരുകളിൽ സംബോധന ചെയ്യപ്പെടുന്ന വിശുദ്ധ ഹസ്രത്തി ഇമാമിന്റെ ഒരു പേര് അബു ബക്കർ അൽ ശോഷി എന്നാണ്. ഒരു താഴ് (lock ) നിർമ്മാതാക്കളുടെ കുടുംബമായിരുന്നു ഹസ്രത്തി ഇമാമിന്റേത്. അതിനാൽ അദ്ദേഹത്തെ ആളുകൾ കഫൽ എന്നും വിളിച്ചിരുന്നുവത്രെ. കുടുംബ തൊഴിൽ ചെയ്യാൻ വിമുഖനായിരുന്ന ഹസ്രത്തി ശാസ്ത്രവും നിയമവും പഠിക്കാൻ ആഗ്രഹിച്ചു. താഷ്കെന്റ്, സമർഖണ്ഡ്, തുടങ്ങി വിവിധ സ്ഥലങ്ങളിലെ മദ്രസകളിൽ വിദ്യാഭ്യാസം നടത്തി. ഒടുവിൽ ബാഗ്ദാദിലേക്ക് പോയി. ബാഗ്ദാദ് അദ്ദേഹത്തെ ഒരു കവിയും തത്വചിന്തകനുമാക്കി. ജീവിതാന്ത്യത്തിൽ താഷ്കെന്റിലേക്ക് മടങ്ങിയെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങൾ അദ്ദേഹത്തിന്റെ ജീവിതം ദുരിതപൂർണ്ണമാക്കി. കരഖനിദ് തുർക്ക് വംശജരുടെ ആക്രമണങ്ങൾ ഈ പ്രദേശത്തെ സ്വര്യ ജീവിതത്തിനു തടസമായി. കരഖനിദ് തുർക്ക് വംശജർ അമുസ്ലിങ്ങൾ ആയിരുന്നു. അവരെ ഇസ്ലാം മതം സ്വീകരിക്കാനും അതുവഴി പിടിച്ചടക്കിയ പ്രദേശങ്ങളിൽ സമാധാനപരമായ ഭരണം സാധ്യമാക്കാനും പ്രേരിപ്പിക്കാൻ കഴിഞ്ഞതോടെ അബു ബക്കർ അൽ ശോഷിയെ ആളുകൾ ഹസ്റത്തി ഇമാമെന്നു വിളിക്കാൻ തുടങ്ങി. താഷ്ക്കെന്റിലെ പ്രഭുക്കന്മാർ അദ്ദേഹത്തെ വിശുദ്ധനായി അംഗീകരിച്ചു. 73-മത്തെ വയസിൽ അന്തരിച്ച അദ്ധേഹത്തിന്റെ ഖബർ ഈ അടക്കം ചെയ്ത ഈ ഇടത്തേക്ക് മറ്റ് പല പ്രമുഖരുടെയും വിശുദ്ധരുടെയും ഹസ്രത്തി ഇമാമിന്റെ മക്കളുടെയും അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെയും ഖബറുകൾ കൂടി ചേർന്നതോടെ ( ഈ മുസോളിയത്തിന്റെ ശില്പിയായ ഗൾയാൻ ഹുസൈൻ, കാലിഗ്രാഫർ ആയിരുന്ന ഖുദ്റത്ത് തുടങ്ങിയവർ ഉദാഹരണം) ഇതൊരു മുസോളിയമായി മാറി. അതോടെ ഈ സ്ഥലത്തെ ആളുകൾ വിശുദ്ധമായ ഒരു ഇടമായി കണ്ടു തുടങ്ങി.

ഈ ചത്വരത്തിലുള്ളവയിൽ, കഫാല ഷാഹി സ്മാരകം (കവിയായിരുന്ന അബു ബക്കർ മുഹമ്മദ് കഫാൽ ഷാഷി), ബാരാക് ഖാൻ മദ്രസ, മുയി മുബോറക്ക് മദ്രസ (ഇവിടെയാണ് ഒരു ലൈബ്രറിയുള്ളത്, ആദ്യകാലങ്ങളിൽ ദാർവീശുകൾക്കും തീർത്ഥാടകർക്കും മറ്റും വിശ്രമിക്കാൻ ഉപയോഗിച്ചിരുന്ന ഇടങ്ങൾ ഈ സ്മാരകത്തിൽ ഉണ്ടായിരുന്നു), ഹസ്രത്തി ഇമാം ലൈബ്രറി. ( ഈ പുസ്തകപ്പുരയിലാണ് ലോകത്തിൽ ഇന്ന് അവശേഷിക്കുന്നതെന്നു വിശ്വസിക്കപ്പെടുന്ന ഏറ്റവും പഴക്കമേറിയ ഖുർആൻന്റെ പതിപ്പ് ഉള്ളത്. ഈ മനുസ്ക്രിപ്റ്റ് വിവിധ സാമ്രാജ്യങ്ങളുടെ ഭരണ കാലത്ത് മദീനയിൽ നിന്നും ഡമാസ്കസിലേക്കും അവിടെ നിന്നും ബാഗ്ദാദിലേക്കും പിന്നീട് സമർഖണ്ഡിലും എത്തപ്പെട്ടു. റഷ്യൻ ചക്രവർത്തിമാരുടെ കാലത്ത് സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് കൊണ്ടുപോവുകയും ഒടുവിൽ താഷ്കെന്റിൽ എത്തുകയും ചെയ്തു. ഇപ്പോൾ ഈ ചത്വരത്തിൽ സൂക്ഷിച്ചിരിക്കുന്ന, യുനെസ്കോ അംഗീകാരമുള്ള ഖുർആൻ സന്ദർശകർക്ക് ദർശിക്കാവുന്നതാണ്.) എന്നിവ ഏറെ പ്രാധ്യാന്യമുള്ളവയാണ്.

കാലത്തെ അതിജീവിക്കുക ആർക്കാണ് ഇഷ്ടമല്ലാത്തത്? ആകാശത്തോടൊപ്പം തലയുയർത്തി, മേഘങ്ങളോട് കുശലം പറഞ്ഞു നിൽക്കുന്ന മിനാരങ്ങളുടെ ഉയരം ഒരു സാധാരണ മനുഷ്യനെ അവന്റെ ഉയരക്കുറവ് ഓർമ്മിപ്പിക്കും. മധ്യേഷ്യയിലെ ഭരണാധികാരികൾ തങ്ങളുടെ ഭരണകാലം ഭാവിയിൽ ഓർക്കപ്പെടാനും കാലങ്ങളെ അതിജീവിക്കാനും നടത്തിയ ശ്രമങ്ങളുടെ ഭാഗമാണ് ഈ ഉയരം കൂടിയ മിനാരങ്ങളുടെ നിർമ്മിതി എന്ന് തോന്നിപ്പോകും. മധ്യേഷ്യയിൽ നിന്നും ഇന്ത്യയിലേക്ക് സൈനികനീക്കം നടത്തുകയും പിന്നീട് തലമുറകളോളം ഇന്ത്യയുടെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമായി മാറിയ ഈ ഭരണാധികാരികൾ ഇന്ത്യയിലും മിനാരങ്ങളുടെ സംസ്കാരം വ്യാപിപ്പിച്ചു. കൂറ്റൻ സ്തൂപങ്ങളും പ്രതിമകളും അംബര ചുംബികളായ നവീന വാസ്തുശില്പ മാതൃകകളും ഓരോരോ കാലത്തേ ഭരണകർത്താക്കളുടെ സ്വപ്ന സാക്ഷാത്കാരങ്ങളാവണം.മികച്ച നേട്ടങ്ങൾ മറ്റൊന്നുമില്ലെങ്കിലും പ്രജകൾക്ക് സന്തോഷമോ സമാധാനമോ നൽകിയില്ലെങ്കിലും തങ്ങൾ രാജ്യത്തിന്റെയും വെട്ടിപ്പിടിച്ച സമ്പത്തിന്റെയും പിൻബലത്തിൽ നിർമ്മിച്ച കെട്ടിടങ്ങളും സ്മാരകങ്ങളും ഓരോ നിർമ്മാതാവിന്റെയും പേര് ഭാവിയിലേക്ക് പങ്കുവയ്ക്കുന്നു.

ഹസ്രത്തി ഇമാം ചത്വരത്തിലെ ഹസ്രത്തി ഇമാം പള്ളിയുടെ മിനാരങ്ങളുടെ ഉയരം 53 മീറ്ററാണ്. ഉള്ളിൽ സ്വർണം കൊണ്ട് കെട്ടിയതും ചന്ദനത്തൂണുകളാൽ അലങ്കരിച്ചതുമാണ് ഈ ദേവാലയം. ചന്ദനം ഇന്ത്യയിൽ നിന്നും, മരതക മാർബിൾ തുർക്കിയിൽ നിന്നും. നീലക്കല്ലുകൾ ഇറാനിൽ നിന്നും കൊണ്ടുവന്നത്. അങ്ങനെ വിവിധ രാജ്യങ്ങളുടെ ഒരു സാംസ്കാരിക സങ്കലനം കൂടി പതിനാറാം നൂറ്റുണ്ടുമുതൽ നിർമ്മിക്കപ്പെട്ടതും 2007 ആധുനിക രീതിയിൽ പണി അവസാനിച്ചതുമായ ഈ വാസ്തുവിദ്യ വിസ്മയത്തിനുണ്ട്. തില്ല ഷെയ്ക്ക് മോസ്ക്, നാമാസ് ഗൊഘ് മോസ്ക് എന്നിങ്ങനെ രണ്ടു പള്ളികൾ കൂടി ഈ ചത്വരത്തിൽ ഉണ്ട്.
*
ഫാനി ലീയറിന്റെ ഓർമ്മക്കുറിപ്പുകൾ (memoir Le Roman d’une Americaine en Russie. Accompagné de Lettres Originales/ ഇംഗ്ലീഷ് ട്രാൻസ്ലേഷൻ : Fanny Lear: Love and Scandal in Tsarist Russia) അവരുടെ റഷ്യൻ പ്രഭുവുമായുള്ള പ്രണയത്തെ പറ്റിയാണ്. ഫാനി ലിയാർ എന്നത് തൂലികാനാമമാണ് . Henrietta “Harriet” Ely Blackford എന്ന അമേരിക്കൻ വനിതയാണ് തനിക്ക് അക്കാലത്ത് റഷ്യൻ പ്രഭുവായിരുന്ന നിക്കോളാസ് കോൺസ്റ്റാന്റിനോവിച്ചുമായി ഉണ്ടായിരുന്ന പ്രണയത്തെയും തന്മൂലം റഷ്യയിൽ നിന്നും നാടുകടത്തപ്പെടേണ്ടി വന്നതിനെപറ്റിയും ഫാനി ലിയർ എന്ന പേരിൽ ഓർമ്മക്കുറിപ്പ് എഴുതിയത്.
1873-ലാണ് അക്കാലത്തെ അറിയപ്പെടുന്ന സ്ത്രീവിഷയതല്പരനായിരുന്ന നിക്കോളാസ് ബ്ളാക്ക്ഫോർഡിനെ പ്രണയിക്കുന്നത്. ഈ സമയത്ത് കൊട്ടാരത്തിൽ നിന്നും ഏറ്റവും അമൂല്യമായ മൂന്നു വൈരക്കല്ലുകൾ കാണാതായി. ചക്രവർത്തി കള്ളനെ പിടിക്കാൻ രഹസ്യ പോലീസിനെ നിയോഗിച്ചു. പ്രണയം തലയ്ക്ക് പിടിച്ച കാമുകൻ നിക്കോളാസ് ഈ രത്നങ്ങൾ മോഷ്ടിച്ച് കാമുകിക്ക് കൊടുത്തുവെന്നാണ് അവർ കണ്ടെത്തിയത്. രണ്ടു പേരും തൊണ്ടിമുതലും പിടിയിലായി.

കാമുകൻ തന്റെ കുറ്റം സമ്മതിച്ചില്ല. കാമുകി തടവിലായി. കാമുകന്റെ പ്രഭുത്വങ്ങൾ പിടിച്ചു വാങ്ങി വിചാരണ ചെയ്തു ശിക്ഷ നൽകാൻ തീരുമാനിച്ചുവെങ്കിലും രാജകുടുംബത്തിലെ ഒരാൾക്ക് പരസ്യമായ വിചാരണയും ശിക്ഷയും നൽകേണ്ടി വരുന്നതിലൂടെ കുടുംബത്തിനും നിക്കോളാസിന്റെ പിതാവിനും നേരിടേണ്ടി വരുന്ന അപമാനങ്ങളെക്കുറിച്ചുള്ള ചിന്തകൾ നിക്കോളാസിന്റെ നാടുകടത്തലിൽ അവസാനിച്ചു. അയാളെ താഷ്ക്കെന്റിലേക്ക് നാടുകടത്തി, അവിടെ നിരീക്ഷണത്തിലാക്കി. ഭാവിയിൽ ഒരിക്കലും സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് കടന്നു പോവരുതെന്നായിരുന്നു നിർദ്ദേശം. നിക്കോളാസ് താഷ്ക്കെന്റിൽ വിവിധ കച്ചവടങ്ങൾ നടത്തി. തന്റെ എഞ്ചിനീയറിങ് പശ്ചാത്തലം ഉപയോഗിച്ച് ചില തടയണകൾ നിർമ്മിച്ചു. നാൽപ്പത് വർഷത്തോളം സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് കാലു കുത്തിയില്ല. ഇതിനിടെ കാമുകി ഫ്രാൻസിൽ പോയി. അവിടെ ഇരുന്ന് പുസ്തകം എഴുതി. 1890ൽ നിക്കോളാസ് നിർമ്മിച്ച ഒരു കൊട്ടാരം,Romanov Palace എന്ന പേരിൽ ഇപ്പോഴുമുണ്ട് താഷ്ക്കെന്റിൽ- അടച്ചിട്ട നിലയിൽ.

നിക്കോളാസിന് മറ്റു പ്രഭുക്കന്മാരുടെ വലിയ കൊട്ടാരങ്ങൾ ഇഷ്ടമായില്ല. പകരം ഒരു ചെറിയ കൊട്ടാരം മതി എന്ന് തീരുമിച്ചു നിർമ്മിച്ചതാണ് ഇത്. മരണശേഷം കൊട്ടാരം ഒരു മ്യൂസിയമാക്കി മാറ്റാനുള്ള അനുമതി നിക്കോളാസ് നൽകിയിരുന്നു. ഇതിന് പ്രകാരം സോവിയറ്റ് കാലത്ത് ഈ കൊട്ടാരം നിക്കോളാസ് സംഘടിപ്പിച്ചിരുന്ന പെയിന്റിങ്ങുകളും മറ്റും ചേർത്ത് ഒരു ആർട്ട് മ്യൂസിയമാക്കി മാറ്റി. പാലസിന്റെ ഗേറ്റിൽ സ്ഥാപിച്ച നായ്ക്കളുടെ പ്രതിമകളും അതിനെ ചുറ്റിയുള്ള വൃക്ഷങ്ങളുടെ തണലും അതിൽ നിന്നുള്ള ഇരുട്ടും ഒക്കെ ചേരുമ്പോൾ,പകൽപ്പോലും ഒരാളെ ഭയപ്പെടുത്താൻ കഴിയുന്ന ഒറ്റപ്പെടലുള്ള ഈ കെട്ടിടത്തിന്, ഒരു ഭൂതബംഗ്ളാവിന്റെ ഭംഗിയാണുള്ളത്.
*
ഇതാണ് ഗംഗ സ്ട്രീറ്റ് . ഞങ്ങളുടെ ചെറുപ്പത്തിൽ ഇവിടെ ഒരു ഐസ് ക്രീം കടയുണ്ടായിരുന്നു. ഇന്ത്യാക്കാരായിരുന്നു ഉടമകൾ. അച്ഛനുമൊത്ത് ഒരുപാട് തവണ ഞാൻ ഇവിടെ നിന്ന് ഐസ് ക്രീം കഴിച്ചിട്ടുണ്ട്. അതിന്റെ രുചി ഏറെ വേറിട്ടതായിരുന്നു. ഇപ്പോൾ ആ ഉടമകൾ ഒക്കെ മാറി. സ്ട്രീറ്റിന് പുതിയ പേരായി. എന്നാലും ഞങ്ങൾക്ക് ഇത് ഗംഗാ സ്ട്രീറ്റ് ആണ്. “ഗംഗ ഇന്ത്യയിലെ ഒരു നദിയാണ്,ഇല്ലേ ? പുണ്യ നദി? മുഹമ്മദ് പറഞ്ഞു തുടങ്ങി. ഞാൻ ഗംഗയെ പറ്റി ചുരുങ്ങിയ വാക്കുകളിൽ ഉപസംഹരിച്ചു.
“ഇന്ത്യയിൽ ഇപ്പോൾ മുസ്ലിങ്ങൾക്ക് നേരെ എന്തോ അതിക്രമങ്ങൾ നടക്കുന്നുണ്ട്, ല്ലേ? അയാളുടെ ചോദ്യത്തിനും എന്റെ വക മറുപടി, ഉപസംഹാരം ഉണ്ടായി.
മുഹമ്മദ് ഗാന്ധിയെപ്പറ്റി, നെഹ്റുവിനെ പറ്റി, രാജീവിനെ പറ്റി, ബോളിവുഡിനെ പറ്റി വാചാലനായി. അത് നന്നായി. ഞാൻ മനസ്സിലോർത്തു. ഇല്ലെങ്കിൽ അയാൾ പുതിയ ഇന്ത്യയെ പറ്റി ലോകത്തിനുള്ള ധാരണ പങ്കുവച്ച് എന്നെ നാറ്റിച്ചേനെ.
“നോക്കൂ സുഹൃത്തേ,” അയാൾ വീണ്ടും പറഞ്ഞു – “ഞങ്ങൾ ഉസ്ബെക്കുകാരെ കൂടാതെ റഷ്യക്കാരും ടാറ്ററുകളും കൊറിയൻ വംശജരും താജിക്കുകളും യൂലിഗുരുകാരും കസാക്കികളും ഇന്ത്യാക്കാരും ഒക്കെയായി കുറഞ്ഞത് 80 രാജ്യങ്ങളിൽ നിന്നുള്ളവർ ഇവിടെക്കാണും. അങ്ങനെ പറയത്തക്ക അസഹിഷ്ണുതയോന്നും ഞങ്ങൾക്കിടയിൽ ഇല്ല.”
അങ്ങനെയല്ല ഞാൻ വായിച്ചിരുന്നത് – പറയാൻ ശ്രമിച്ചെങ്കിലും ആ വാക്കുകൾ ഞാൻ വിഴുങ്ങി. പക്ഷെ കുളത്തിലെ തവളകൾ അല്ലെങ്കിൽ ലോകം നിങ്ങളെ എങ്ങനെയൊക്കെയാണ് കാണുന്നതെന്നും കേൾക്കുന്നതെന്നും അറിയുന്നത് നല്ലതാണ്. ഏകാധിപത്യ, സമഗ്രാധിപത്യ പ്രവണതകളും മതപരമായ അസഹിഷ്ണുതയും ഒരു രാജ്യത്തിൻറെ മുഖം എങ്ങനെയാണ് ചീത്തയാകുന്നത് എന്നറിയാൻ വെറുതെ ഒന്ന് പുറത്തിറങ്ങി നടന്നാൽ മതി എന്ന് മാത്രം തോന്നി.
*
താഷ്കെന്റ് ടെലിവിഷൻ ടവറിനു നേരെ എതിർവശത്തായാണ് 2002-ൽ സ്ഥാപിതമായ സോവിയറ്റ് അധിനിവേശ കാലത്തെ മനുഷ്യാവകാശ ധ്വംസനങ്ങളുടെ സ്മരണയുണർത്തുന്ന ഒരു സ്മാരകമുള്ളത്. വിശാലമായ ഒരു പൂന്തോട്ടത്തിനു നടുവിലായാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്തായി ഒരു സ്മാരകവുമുണ്ട്. സ്മാരകത്തിന്റെ ഉള്ളിൽ കൊലചെയ്യപ്പെട്ട തങ്ങളുടെ പൗരന്മാരുടെ സ്മരണയ്ക്കായി ഒരു ശവപ്പെട്ടിയുമുണ്ട്. ഇതേ ഇടത്ത് ഒരു നിർമ്മാണത്തിനായി ഭൂമി കുഴിച്ചപ്പോൾ കണ്ടെത്തിയ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങൾ സോവിയറ്റ് കാലത്ത് റഷ്യൻ സൈന്യത്തെ കൊന്നു കുഴിച്ചു മൂടിയ ഉസ്ബെക്ക് പൗരന്മാരുടേതാണ് എന്ന് കരുതപ്പെടുന്നു. അവരിൽ തിരിച്ചറിയപ്പെട്ട മനുഷ്യരുടെ ഓർമ്മയാണ് ഈ മ്യൂസിയം പങ്കു വയ്ക്കുന്നത്. തങ്ങളുടെ രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനും സ്വയംഭരണാവകാശത്തിനും വേണ്ടി പോരാടി ജീവൻ ത്യജിച്ച മനുഷ്യരുടെ ഓർമ്മകൾ, എങ്ങനെയല്ലാമാണ് റഷ്യൻ സൈന്യം തങ്ങളുടെ സഹജീവികൾക്ക് മേൽ അക്രമം അഴിച്ചു വിട്ടിരുന്നതെന്നതിന്റെ മറക്കാനാവാത്ത തെളിവുകൾ ഒക്കെ ഈ സ്മാരകവും മ്യൂസിയവും പങ്കുവയ്ക്കുന്നു. ഒരു സന്ദർശകനെ ഏകാധിപത്യവും സമഗ്രാധിപത്യവും എങ്ങനെയെല്ലാമാണ് ഒരു രാജ്യത്തെ ജനങ്ങളെ പീഡിപ്പിക്കുന്നതെന്ന് ഈ മ്യൂസിയത്തിന്റെ ഉള്ളടക്കം ഓർമ്മിപ്പിക്കുന്നു.

1860 ലാണ് ചെറുത്തുനിൽപ്പിന്റെ കാലം ആരംഭിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോളം ഈ പോരാട്ടം തുടർന്നു. അതായത് റഷ്യൻ സാമ്രാജ്യം തങ്ങളുടെ വ്യാപ്തി വർധിപ്പിക്കാൻ തുടങ്ങിയ കാലം മുതൽ ഒക്ടോബർ വിപ്ലവത്തിലൂടെ കമ്യൂണിസം നിലവിൽ വന്ന കാലത്തിലൂടെ സ്റ്റാലിന്റെ ഭരണം വരെ അടിച്ചമർത്തൽ തുടർന്നുപോയി. അക്കാലത്തെ ഓർമ്മിപ്പിക്കുന്ന ചിത്രങ്ങൾ, രേഖകൾ, തടവുകാരെ കയറ്റിക്കൊണ്ടു പോയിരുന്ന വണ്ടി, കോണ്സെന്ട്രേഷൻ ക്യാമ്പുകളുടെ മാതൃകകൾ, ജയിലുകളുടെ രീതികൾ, മരണമടഞ്ഞവരിൽ ചില വ്യക്തികളുടെ സ്വകാര്യ വസ്തുക്കൾ തുടങ്ങി പലതും സൂക്ഷിച്ചിരിക്കുന്ന മ്യൂസിയത്തിന്റെ അതിരിലൂടെ ഒരു ചെറിയ കനാൽ കടന്നു പോവുന്നുണ്ട്.

രാവിലെ കനാലിൽ നിന്നും ഒരാൾ മീൻ പിടിക്കുന്നുണ്ട്, അരികിലായി ആ മീൻ പ്രതീക്ഷിച്ചു കൊണ്ട് ഒരു പൂച്ച വെയിൽ കായുന്നു. ഒരു സാമ്രാജ്യത്വ വിരുദ്ധ കാർട്ടൂൺ പോലെ ആ ദൃശ്യം.

രാവിലെ തന്നെ മ്യൂസിയവും സ്മാരകവും അതിനെ ചുറ്റിയുള്ള പൂന്തോട്ടവും വൃത്തിയാക്കാൻ ശുചീകരണ തൊഴിലാളികൾ എത്തിയിട്ടുണ്ട്. പൂന്തോട്ടത്തിലെ ചാരുബെഞ്ചിൽ കൗമാരക്കാരായ കുട്ടികൾ പുസ്തകം വായിച്ചിരിക്കുന്നു. കൗമാരക്കാരായ ചിലർ പൂന്തോട്ടത്തിലൂടെ പ്രഭാത സവാരി നടത്തുന്നു. വ്യത്യസ്ത ഇനത്തിലുള്ള വൃക്ഷങ്ങളുടെ തണലുണ്ട്. വിഭിന്നങ്ങളായ ചെടികൾ പുഷ്പിച്ചു നിൽക്കുന്നു. കനാലിന്റെ ഇരുവശത്തേയും ബന്ധിപ്പിച്ചു കൊണ്ട് ഒരു പാലവും നടപ്പാതയുമുണ്ട്. നേരെ എതിർവശത്തുള്ള താഷ്കെന്റ് ടെലിവിഷൻ ടവർ തുറക്കാൻ ഇനിയും ഒരു മണിക്കൂർ ബാക്കിയുണ്ട്.
താഷ്കെന്റ് ടവർ അഥവാ താഷ്കെന്റ് ടെലിവിഷൻ ടവർ 375 മീറ്റർ നീളമുള്ളതും ഉയരക്കൂടുതലിൽ ലോകത്തിലെ പന്ത്രണ്ടാമത്തെ സ്ഥാനം അലങ്കരിക്കുന്നതുമാണ്. താഷ്ക്കെന്റിലെ ടെലിവിഷൻ ശൃഖലയ്ക്കു വേണ്ടി 1971 ലാണ് ഈ കെട്ടിടം പണികഴിപ്പിച്ചത്. നൂറു മീറ്റർ ഉയരം വരെ സന്ദർശകർക്ക് അനുമതിയുണ്ട്. രാവിലെ പത്തുമണിയ്ക്കാണ് സന്ദർശനം അനുവദിച്ചു തുടങ്ങുക. മേലെ നിന്ന് നഗരം കാണാം. മുകളിലുള്ള റെസ്റ്റോറന്റിൽ (Koinot) നിന്നും ചായകുടിക്കാം. ടവറിന്റെ താഴെ ലോകത്തിലെ വിവിധ അംബരചുംബികളായ നിർമ്മിതികളുടെ ഒരു താരതമ്യവും ഉണ്ട്.

ടി.വി ടവർ കോമ്പൗണ്ടിനു തൊട്ടടുത്തായാണ് ഏറെ പ്രശസ്തമായ പുലാവ് ഭക്ഷണശാലയായ ബെസ്റ്റ് ഖോസൂൻ (Best Quzon) ഉള്ളത്. ഇവിടെ സന്ദർശകർ എത്തുന്നത് ഭക്ഷണം കഴിക്കുക എന്ന ഉദ്ദേശത്തെക്കാൾ ഉസ്ബെക് ദേശീയ ഭക്ഷണമായ പുലാവ് ഉണ്ടാക്കുന്നത് കാണാനും അതിന്റെ ചിത്രങ്ങളും വീഡിയോയും എടുക്കാനുമൊക്കെയാണ്. തിരക്കുള്ള സമയങ്ങളിൽ ഭക്ഷണത്തിനായി മൂന്നു മണിയ്ക്കൂറോളം വരെ കാത്തിരിക്കേണ്ടി വരും .

താഷ്കെന്റിന് റൊട്ടിയുടെ നഗരം എന്നൊരു പേരുമുണ്ട്.
1966-ൽ ഉണ്ടായ ഭൂചലനം ഈ രാജ്യത്തെ നാമാവശേഷമാക്കി. ദശാബ്ദങ്ങളോളം നീണ്ട പുനർനിമ്മിതിയായിരുന്നു ആ ഭൂചലനം ഈ നഗരത്തിൽ അവശേഷിപ്പിച്ചത്. April 26, 1966 പ്രാദേശിക സമയം at 05: 23 നാണ് 200ലധികം പേരുടെ മരണത്തിനും മൂന്നു ലക്ഷത്തോളം പേരെ ഭവനരഹിതരുമാക്കിയ ഭൂകമ്പം ഉണ്ടായത്. നഗരത്തിന്റെ പുനർനിർമ്മാണത്തിനായി അക്കാലത്തെ വിവിധ സോവ്യറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള തൊഴിലാളികളും മറ്റു സഹായങ്ങളും എത്തി. ഈ മനുഷ്യരിൽ പലരും മടങ്ങിപ്പോയില്ല. അത് ഈ നഗരത്തിന്റെ മാനവിക ഘടനയെ തന്നെ മാറ്റിമറിച്ചു. ഉസ്ബെക്ക് വംശജർ അല്ലാത്ത മനുഷ്യരുടെ എണ്ണം വർദ്ധിക്കാൻ ഇത് ഇടയാക്കി. താഷ്കെന്റിലെ വാസ്തുശില്പ മാതൃകയിൽ സോവ്യറ്റ് രീതികൾ വർദ്ധിക്കാനും പുതുതായി നിർമ്മിക്കപ്പെട്ട ഒരു ലക്ഷത്തോളം ഭവനങ്ങൾ ഇടയാക്കി. പത്തു വർഷത്തിന് ശേഷം ഈ ഭൂകമ്പത്തെ ഓർമ്മിപ്പിക്കുന്ന ഒരു സ്മാരകം – Memorial to victims of the 1966 earthquake എന്ന പേരിൽ നിർമ്മിക്കപ്പട്ടു. Courage (ധീരത -അതിജീവനം) എന്ന പേരാണ് സൗഹൃദം, ധീരത, ചെറുത്തുനിൽപ്പ്, തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ, ദിമിത്രി റാബിച്ചേവ് എന്ന ശില്പി വിഭാവനം ചെയ്ത ഈ സ്മാരകത്തിന് നൽകിയത്. ഒരു കറുത്ത ഗ്രാനൈറ്റ് കല്ലിൽ ഭൂകമ്പം നടന്ന സമയം കൊത്തി വച്ചിരിക്കുന്നു. ഒപ്പം അതെ കല്ലിൽ ഒരു വിടവ്, ഭൂകമ്പം ഭൂമിയിൽ സൃഷ്ടിക്കുന്ന തരത്തിലുള്ള ഒരു വിടവ് സൃഷ്ടിച്ചിട്ടുണ്ട്. ആ വിടവ് അഥവാ ഭൂമിയുടെ മുറിവ് മേലെയുള്ള കുടുംബം വരെ എത്തിനിൽക്കുന്നു. എങ്ങനെയാണ് ആ ഭൂകമ്പം ഈ നാട്ടിലെ ജനതയെ സ്വാധീനിച്ചത് എന്ന് ഈ സ്മാരകത്തിന്റെ സൃഷ്ടാവ് പറയാതെ പറയുന്നു. കുടുംബത്തിലെ സ്ത്രീയാവട്ടെ ഒരു കയ്യിൽ തന്റെ കുട്ടിയെ പിടിച്ചിരിക്കുന്നു. നിരവധി രീതിയിൽ ഉസ്ബെക്ക് സംസ്കാരത്തെയും പഴയ സോവിയറ്റ് ശില്പകലയെയും വായിച്ചെടുക്കാൻ ഒരാളെ പ്രേരിപ്പിക്കുന്നുണ്ട് ഈ സ്മാരകം.

നഗരത്തിൽ ഒട്ടേറെ സ്മാരകങ്ങളും പാർക്കുകളുമുണ്ട്. മ്യൂസിയങ്ങൾ പലതും പുനർനിർമ്മാണത്തിനായും അറ്റകുറ്റപണികൾക്കായും അടച്ചിട്ട നിലയിലാണ്.
*
മധ്യേഷ്യൻ രാജ്യങ്ങളിൽ പൊതുവെ കാണാൻ കഴിയുന്ന ഒന്നാണ് വലിയ ചന്തകൾ (bazar). സിൽക്ക് റൂട്ടിന്റെ ഭാഗമായുള്ള ഇടത്താവളങ്ങൾ ആയിരുന്നു ഈ ബസാറുകളിൽ പലതും. യാത്രികർ തങ്ങളുടെ വിശ്രമത്തിനും ഭക്ഷണത്തിനായി അക്കാലത്ത് ആശ്രയിച്ചിരുന്നത് ഇത്തരം ചന്തകളെയാണ്.

ഉസ്ബെക്കിസ്ഥാനിലെ ചോർസു ബസാറിന്റെ കഥയും വിഭിന്നമല്ല. അതും സിൽക്ക് റൂട്ടിന്റെ ഭാഗമായിരുന്നു. റഷ്യൻ അധിനിവേശകാലത്ത് 1865 ആണ് ഈ ബസാറിന്റെ വീണ്ടെടുപ്പ് നടന്നതെന്ന് പറയുന്നു. സോവിയറ്റ് യൂണിയന്റെ കാലത്താണ് ഇപ്പോൾ കാണുന്ന മകുട രീതിയിലുള്ള വൃത്താകൃതിയിൽ ഉള്ള നിർമ്മാണം നടന്നത്. ചൂടും പൊടിയും ഏൽക്കാതെ കച്ചവടക്കാർക്ക് തങ്ങളുടെ കച്ചവടം നടത്താൻ കഴിയുന്ന രീതിയിലാണ് ഈ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഈ നാട്ടിലെ മനുഷ്യരുടെ നിത്യോപയോഗത്തിനു വേണ്ട എല്ലാ വസ്തുക്കളും ലഭ്യമായ ഒരിടമാണ് ചോർസു. സുഗന്ധ വ്യജ്ഞനങ്ങൾ, മാംസം, പച്ചക്കറികൾ, പഴങ്ങൾ, ഈ നാട്ടിലെ മനുഷ്യരെ പാരമ്പര്യ വസ്ത്രങ്ങൾ, തലപ്പാവ്, റൊട്ടികൾ, തുടങ്ങി എല്ലാം ഇവിടെയുണ്ട്. മാംസം വിൽക്കുന്ന ഒട്ടേറെ കടകൾ ഉണ്ടായിരുന്നിട്ടും ഒട്ടും ദുർഗന്ധമോ വൃത്തിക്കുറവോ ഇല്ലെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.

ബസാറിലേക്ക് വഴിയിൽ വഴിയോര ഭക്ഷണശാലകൾ ഉണ്ട്. ചായ്ക്കാനകൾ എന്നറിയപ്പെടുന്ന ഈ കടകളിൽ പുലാവ്, ഗ്രിൽ ചെയ്ത മാംസം (shshlik), സൂപ്പ്, ബീഫ് കബാബ്, പാസ്ത തുടങ്ങി വിവിധ ഭക്ഷണങ്ങൾ ലഭ്യമാണ്. നമ്മുടെ സമൂസയ്ക്ക് സഹോദരതുല്യനായ സംസയും ഇവിടെയുണ്ട്. സംസ ഉസ്ബെക്കിൽ എവിടെയും കിട്ടുന്ന ഭക്ഷണമാണ്. ഓരോ ഇടത്തും നിർമ്മാണത്തിലും ചേരുവകളിലും വ്യത്യസ്തത ഉണ്ടാകുമെന്നു മാത്രം. ഉസ്ബെക്കിൽ കാപ്പിയേക്കാൾ ആളുകൾക്ക് പ്രിയം ചായയാണ്. ഏത് ഭക്ഷണത്തിന് ഒപ്പവും ചായ ലഭിക്കുന്നു. ആളുകൾ ഏറെ സൗഹൃദം കാംക്ഷിക്കുന്നവരും ഇന്ത്യയോട് ഏറെ അടുപ്പം കാണിക്കുന്നവരുമാണ്.

*
രാവിലെ ആറുമണിക്കുള്ള ബുള്ളറ്റ് ട്രെയിനിലാണ് സമർഖണ്ഡിൽ എത്തിയത്. സമർഖണ്ഡിലെ ഏറ്റവും വലിയ ചന്ത നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന സീയോബ് ബസാറാണ്. ഏഴ് ഏക്കറോളം വലിപ്പമുണ്ട് ഈ ബസാറിന്. ഏഴ് വലിയ പവലിയനുകളാണ് സീയോബിലുള്ളത്. സീയോബ് ബസാറിൽ നിന്നും അരകിലോമീറ്ററോളം നടക്കാനുണ്ട് ബീബി ഖാനും മോസ്ക്കിലേക്ക്. ഈ മോസ്ലിന്റെ വാതിൽക്കൽ നിൽക്കുമ്പോൾ ഒരു മനുഷ്യൻ തന്റെ വലിപ്പക്കുറവിനെപ്പറ്റി ചിന്തിച്ചു പോയാൽ തെറ്റ് പറയാനാവില്ല. കാരണം തൊട്ടരികിൽ എത്തുമ്പോഴാണ് മോസ്കിന്റെ പുറം വാതിലുകളുടെ ഉയരം മനസിലാവുകയുള്ളൂ. തന്റെ ഇന്ത്യയിലേക്കുള്ള പടയോട്ടം കഴിഞ്ഞു മടങ്ങിയെത്തിയ തിമൂർ ചക്രവർത്തി ഈ വിജയത്തിന്റെ സ്മാരകമായി ഒരു വലിയ നിർമ്മാണം നടത്താൻ തീരുമാനിക്കുകയും തന്റെ ഭാര്യമാരിൽ ഏറ്റവും പ്രിയപ്പെട്ടവളായ സാരായ് മുൽക്ക് ഖാനുമിനെ ഈ നിർമ്മാണത്തിന്റെ ഉത്തരവാദിത്തം എൽപ്പിക്കുകയും ചെയ്തു. പക്ഷേ മറ്റൊരു പടയോട്ടത്തിന് ഇടയിൽ മടങ്ങിയെത്തിയ ചക്രവർത്തിയ്ക്ക് ഈ സ്മാരകത്തിന്റെ നിർമ്മാണ പുരോഗതി ഇഷ്ടമായില്ല. അദ്ദേഹം നേരിട്ട് നിർമ്മാണവും നടത്തി. പൂർത്തിയായ നിർമ്മിതിക്ക് ചക്രവർത്തി ഭാര്യയായ സാരായ് ഖാനുമിന്റെ പേരിട്ടു. ഷാഹി സിന്ദ മുസോളിയവും ഖസ്രത്ത് ഖിസിർ മോസ്ക് എന്നിവയും ബസാറിന് അടുത്തുതന്നെയാണ്.



സിൽക്ക് റൂട്ടിലുണ്ടായിരുന്ന ഒരു ഇടത്താവളമായിരിക്കുന്നു റെഗിസ്ഥാൻ. ഒട്ടകങ്ങൾക്കും കുതിരകൾക്കും വിശ്രമിക്കാൻ പറ്റിയ ചുവന്ന കട്ടികുറഞ്ഞ മണ്ണായിരുന്നു ഈ മൈതാനത്ത് ഉണ്ടായിരുന്നതത്രെ. എന്നാൽ അതു മാത്രമല്ല, വിവിധ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരുടെ ശിക്ഷ നടപ്പിലാക്കിയിരുന്നത് ആളുകൾ ഒത്തുചേരുന്ന ഈ മൈതാനത്ത് ആയിരുന്നുവെന്നും ശിരച്ഛേദവും കല്ലെറിഞ്ഞു കൊല്ലലും ഉൾപ്പടെയുള്ള ശിക്ഷകളിലൂടെ രക്തം വീണാണ് ഇവിടത്തെ മണ്ണ് ചുവന്നതെന്ന് പറയുന്നവരും ഉണ്ട്. ഇവിടെ നിർമ്മിക്കപ്പെട്ട ചത്വരത്തിൽ ഉലൂഗ് ബെഗ്, ഷേർ ഡോർ, തില്യ കൊരി എന്നിങ്ങനെ മൂന്ന് മദ്രസകളാണ് ഉള്ളത്. 1400നും 1600നും ഇടയിലാണ് ഈ നിർമ്മാണങ്ങൾ നടന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. റെഗിസ്താന്റെ മധ്യത്തിൽ കണ്ണടച്ച് ഒരു നിമിഷം നിന്നാൽ എത്ര മനുഷ്യരുടെ നിലവിളിയാവും കാതിൽ വന്നലയ്ക്കുക? ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോൾ ആരുടെയെല്ലാം നെടുവീർപ്പ് ആവും ഉള്ളിലേക്ക് ആവാഹിക്കപ്പെടുക? ചരിത്രത്തിന്റെ നിയോഗങ്ങൾ അങ്ങനെയാണ്.
*
സമർഖണ്ഡിൽ ഉള്ള ഏറ്റവും മനോഹരമായ മറ്റൊരു ഇടമാണ് ഷാഹ്-ഈ-സിന്ദ. വിവിധ ശവകുടീരങ്ങളും മദ്രസകളും വിവിധ ആരാധനകൾക്കുള്ള ഇടങ്ങളുമായി ഇരുപതിൽ ഏറെ കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. ഓരോന്നും ഒന്നിൽ നിന്നും ഏറെ വ്യത്യസ്തങ്ങളും മനോഹരങ്ങളുമാണ്.
കുസും-ഇബ്ൻ-അബ്ബാസ് മുസോളിയം, മോസ്ക് എന്നിവയടങ്ങിയ ഒരു കോംപ്ലക്സ്, ഖോദ്ജ- അഖ്മദ് മുസോളിയം, തിമൂർ ചക്രവർത്തിയുടെ വിവിധ ബന്ധുക്കളുടെയും അദ്ദേഹത്തിന്റെ വിശ്വസ്തരുടെയും ശവകുടീരങ്ങൾ, ഖാസി സെദ് റൂമി, ഉലുഗ് ബെഗ് തുടങ്ങിയവരുടെ മുസോളിയങ്ങൾ തുടങ്ങിയ ഇവിടെയുണ്ട്. ശരിക്കും അവിശ്വസനീയമായ വാസ്തുശില്പചാതുര്യവും മരതകനിറത്തിലുള്ള മാർബിൾ കല്ലുകൾ കൊണ്ട് നിർമ്മിച്ച ഏറെ ഉയരമുള്ള സ്മാരകങ്ങളുടെ ഒരു സമുച്ചയമാണ് ഷാഹി സിന്ദ. ഒരു സന്ദർശകന്റെ ഹൃദയവും മനസും നിറയ്ക്കാൻ പോന്ന ഒന്നാണ് ഈ ഷാഹി സിന്ദ നെക്രോപോളീസ് .
*
പണ്ട് പണ്ട്, 751-ൽ ചൈനാ രാജ്യത്തിന്റെ ഒരു സംഘം പട്ടാളക്കാർ സമർഖണ്ഡ് ആക്രമിച്ചുവത്രെ. സമർത്ഥനായ സമർഖണ്ഡിലെ ഭരണാധികാരി അവരെ തോൽപ്പിച്ചു. ആയിരക്കണക്കിന് വരുന്ന ചൈനക്കാരെ തടവിലാക്കി. ശത്രുസൈന്യത്തിന്റെ ഭാഗമായ തങ്ങളെ കൊല്ലുകയോ അടിമകളാക്കുകയോ ചെയ്തേക്കാം. ചൈന സൈന്യത്തിൽ ഉൾപ്പെട്ടിരുന്ന ചില സൈനികർ തങ്ങൾക്ക് അറിയാവുന്ന ഒരു രഹസ്യം സമർഖണ്ഡുമായി പങ്കുവയ്ക്കാൻ തയ്യാറായി. എങ്ങനെയാണ് കടലാസ് ഉണ്ടാക്കുന്നതെന്നതായിരുന്നു ആ രഹസ്യം. ചൈനയിൽ കടലാസ് ഉണ്ടാക്കുന്ന വിദ്യ നേരത്തെ തന്നെയുണ്ട്. മൾബെറിയുടെ തൊലിയിൽ നിന്നാണ് കടലാസ് ഉണ്ടാക്കുന്നത്. ഈ വിദ്യ വശപ്പെട്ടതോടെ സമർഖണ്ഡ് കടലാസ് നിർമ്മാണത്തിന്റെ കേന്ദ്രമായി. ബൾബെറിയുടെ തൊലി വൃത്തിയാക്കിയശേഷം നാലുമുതൽ ആറുമണിക്കൂർ വരെ വെള്ളത്തിലിട്ട് തിളപ്പിക്കുന്നു. അതിനുശേഷം ജലത്താൽ ചലിക്കുന്ന പൽച്ചക്രങ്ങളുടെ സഹായത്തോടെ ഈ തൊലി കുഴമ്പു പരുവത്തിലാക്കുന്നു. ഈ കുഴമ്പ് കൊണ്ടാണ് കടലാസ് നിർമ്മിക്കുന്നത്. പണ്ട് കാലത്ത് ഈ കടലാസിലായിരുന്നു കാലിഗ്രാഫിയും മറ്റും ചെയ്തിരുന്നത്. ഇതേ കടലാസ് നിർമ്മാണ രീതി ഉപയോഗിച്ച് വസ്ത്രങ്ങളും നിർമ്മിച്ചിരുന്നു. ആധുനിക കാലത്തെ പേപ്പറിനെക്കാൾ ആയുർദൈർഘ്യമുണ്ട് ഈ കടലാസിന്.

സമർഖണ്ഡ് പട്ടണത്തിനു വളരെയടുത്തുള്ള കോണുഗിൽ ഗ്രാമത്തിലെ മെറോസ് പേപ്പർ മിൽ മൾബറി കൊണ്ടുള്ള പേപ്പർ നിർമ്മാണത്തിന്റെ രീതികൾ പരിചയപ്പെടുത്തുന്ന ഇടമാണ്. ഒരു പക്ഷെ പ്രാദേശികമായ നിർമ്മാണ രീതികളും കൃഷി രീതികളും എങ്ങനെയെല്ലാം സന്ദർശകരെ ആകർഷിക്കാനും അതുവഴി സാംസ്കാരിക ഇടങ്ങൾ വിനോദ സഞ്ചാരത്തിന് ഉപയോഗിക്കാനും കഴിയുന്നതിന്റെ ഒരു മികച്ച മാതൃകയാണ് മെറോസ് പേപ്പർ മിൽ. പരുത്തി എണ്ണയും മറ്റും പാരമ്പര്യ രീതിയിൽ ആട്ടിയെടുക്കുന്നതിന്റെ ഡെമോയും മറ്റും ഇവിടെയുണ്ട്. വിശാലമായ പച്ചപ്പിന്റെയും അതിന്റെ നടുവിലൂടെയുള്ള ഒരു കനാലിന്റെയും പശ്ചാത്തലത്തിലാണ് മിൽ സ്ഥിതിചെയ്യുന്നത്. മുക്തറോക് സഹോദരന്മാർ പത്തുവർഷത്തോളം അദ്ധ്വാനിച്ചാണ് ഈ മില്ലിനെ ഇപ്പോഴത്തെ നിലയിൽ എത്തിച്ചത്. അവിടെ ചെല്ലുമ്പോൾ അവരിൽ ഒരാൾ അവിടെയുണ്ട്. കേരളം എന്ന് കേട്ടപ്പോൾ അദ്ദേഹം സന്തുഷ്ടനായി – ഓ, നിങ്ങളുടെ ബീച്ചുകൾ എത്ര മനോഹരമാണ്. ഞാൻ വന്നിട്ടുണ്ട്. മുന്നൂറ് മുതൽ നാനൂറ് വർഷങ്ങൾ വരെ ഈ മൾബറി മഞ്ഞപ്പേപ്പർ കേടുകൂടാതെ സൂക്ഷിക്കാൻ പറ്റുന്നുണ്ട്. ഇതേ പേപ്പർ കൊണ്ട് നിർമ്മിച്ച വിവിധ സുവനീറുകളും ഇവിടെ ലഭ്യമാണ്.

*
പുരുഷമേധാവിത്വവും ഏകാധിപത്യ പ്രവണതയുള്ള ഒരു ഭരണക്രമവും ഒരു സമൂഹത്തിലെ പൌരന്മാരെ എങ്ങനെ സ്വാധീനിക്കുന്നു എന്നറിയാൻ ചില മനുഷ്യരോടു സംസാരിച്ചാൽ മതി. നമ്മൾ ജീവിക്കുന്ന ഇടത്തിന്റെ സാമൂഹിക രാഷ്ട്രീയ ഭാവിയെക്കുറിച്ച് കൂടിയുള്ള ചൂണ്ടുപലകയാവും ഇത്തരം സംഭാഷണങ്ങൾ.
അവൻ 1
എന്റെ മുത്തച്ഛൻ പറഞ്ഞുതന്നത്, സ്ത്രീകൾക്ക് അധികം ചെവി കൊടുക്കരുതെന്നാണ്. നിർണ്ണായകമായ ഒരു തീരുമാനം എടുക്കുമ്പോൾ കുടുംബത്തിന്റെ നാഥൻ എന്ന നിലയിൽ ഭർത്താവ് അഥവാ പിതാവ് അഥവാ മുതിർന്ന പുരുഷൻ എല്ലാവരോടും അഭിപ്രായം ചോദിക്കണം. പക്ഷെ തീരുമാനം തന്റേതാവണം .പുരുഷന്റേത് മാത്രമാവണം അവസാനതീരുമാനം. കാരണം പുരുഷൻ ഹൃദയവും തലച്ചോറും ഉപയോഗിക്കും. ഏത് അവസരത്തിൽ ഹൃദയം ഉപയോഗിക്കണം എപ്പോൾ തലച്ചോറ് ഉപയോഗിക്കണം എന്ന് പുരുഷന് അറിയാം. സ്ത്രീകൾ ഹൃദയം മാത്രം ഉപയോഗിക്കുന്നവരാണ്. ഉദാഹരണത്തിന് ഈയ്യടുത്ത് ഭാര്യ പറഞ്ഞത് കേട്ട് ഞാൻ ഒരു തീരുമാനമെടുത്തു. പക്ഷെ അത് പാളിപ്പോയി. സ്ത്രീകൾക്ക് നമ്മൾ അധികം സ്വാതന്ത്ര്യം കൊടുക്കരുത്. ഇന്ന് രാവിലെ വിശേഷദിവസം ആയതിനാൽ ഭാര്യ അവളുടെ വീട്ടിലേക്ക് പോകണം എന്ന് പറഞ്ഞു. ഞാൻ സമ്മതിച്ചു. അവൾ പകൽ അവളുടെ കസിന്സും ഒത്ത് പുറത്തു പൊക്കോട്ടെ എന്ന് ചോദിച്ചു. -ഞാൻ പറഞ്ഞു, പറ്റില്ല. നീ പുറത്തു പോവേണ്ടത് നിന്റെ ഭർത്താവും ഒത്താണ്. തനിയെയോ കൂട്ടുകാരും ഒത്തല്ല.
ചങ്ങാതി, കല്യാണപ്രായം പെണ്ണിന് പതിനെട്ടും ആണിന് മാക്സിമം ഇരുപത്തിയഞ്ചും – അതിലപ്പുറം പോവാൻ പാടില്ല. ആണ് ഒരു ഇരുപത്തിമൂന്നിൽ തന്നെ കെട്ടണം. എന്റെ കാര്യം നോക്കൂ, സാമ്പത്തികമായി ഒന്ന് സെറ്റിലായി കെട്ടണം എന്നാണ് കരുതിയത്. കെട്ടിയപ്പോൾ പ്രായം 31 ഒന്നായി. പ്രശ്നം എന്താണെന്നു വച്ചാൽ നമുക്ക് 31 ആവുമ്പോൾ അതേപോലെ പ്രായം കൂടിയ ഒരു പെണ്ണാവും വരിക. അവൾ കൂടുതൽ പഠിച്ചിട്ടുണ്ടാവും. അല്ലെങ്കിൽ ലോകവുമായി കൂടുതൽ സ്വതന്ത്രമായി ഇടപെട്ടിട്ടുണ്ടാവും. അപ്പോൾ അവൾക്ക് നമ്മൾ പറയുന്നത് എല്ലാം ഇഷ്ടമാവില്ല. കണ്ണിൽ നോക്കി സംസാരിക്കും. ജോലിക്ക് പോയി സ്വന്തമായി പണം സമ്പാദിക്കണം എന്ന് പറയും. ഭാഗ്യവശാൽ ഇത്തിരി പ്രായം കൂടിയിട്ടും എന്റെ ഭാര്യ എന്നേക്കാൾ പഠിച്ചവളല്ല.
അവൾ -1
നിങ്ങളുടെ നാട്ടിൽ എങ്ങനെയാ? അറേൻജ്ഡ് മാരേജ് ആണോ അതോ ലവ്വോ ? ഇവിടെ പണ്ടൊക്കെ കുടുംബക്കാർ പറയും അടുത്തയാഴ്ച്ച കല്യാണം. അവർ തീരുമാനിക്കും. ചെറുക്കനും പെണ്ണും കണ്ടിട്ടുകൂടി ഉണ്ടാവില്ല. ഇപ്പൊ മാറി. ആദ്യം പെണ്ണുകാണൽ. നിശ്ചയം. പണം കുറവുള്ളവരാണെങ്കിൽ ചിലപ്പോൾ നിശ്ചയം കഴിഞ്ഞ് ഒരു ഇടവേള കാണും കല്യാണത്തിന് മുന്നേ. ഇപ്പൊ മുതിർന്നവർക്ക് പേടിയാണ്. കാരണം നിശ്ചയം കഴിഞ്ഞുള്ള ഇടവേളയിൽ പെണ്ണ് ചെറുക്കനെ കൂടുതൽ അറിയാൻ ഇടയുണ്ട്. അവൻ അവളെ നിയന്ത്രിക്കാൻ ഒക്കെ ശ്രമിയ്ക്കും. അങ്ങനെ പെണ്ണ് കല്യാണം വേണ്ടെന്നു പറയും. ചിലപ്പോൾ വീട്ടുകാർ തന്നെ വേണ്ടെന്നു വയ്ക്കും. ഇത് ഒരു പേടിയായി തുടങ്ങിയിട്ടുണ്ട്. പിന്നെ ചെറുക്കൻമാരെ എല്ലാവരും ചെറിയപ്രായത്തിൽ ഒരു 23നു മുന്നേ കെട്ടിയ്ക്കാൻ ശ്രമിക്കും. വൈകിയാൽ അവന്മാരുടെ തലയിൽ വേറെ വല്ല ചിന്തയും കയറിക്കൂടിയാലോ. നേരത്തെ ഉത്തരവാദിത്തങ്ങൾ തലയിൽ കെട്ടിവച്ചാൽ വേറെ ഒന്നും ചിന്തിക്കാതെ അവൻ കുടുംബം പുലർത്തി ജീവിക്കും. അതും നല്ലതു തന്നെയാണ്.
ഇവിടെ നാല് പാർട്ടികൾ ഉണ്ട്. തിരഞ്ഞെടുപ്പ് ഒക്കെ നടക്കും. പക്ഷെ ഞാൻ ഇതുവരെ വോട്ട് ചെയ്യാൻ പോയിട്ടില്ല. നമുക്കറിയാം ആര് ജയിക്കുമെന്നും എങ്ങനെ ജയിക്കുമെന്നും, ശേഷം എന്ത് സംഭവിക്കുമെന്നും. ആ നേരത്ത് ഞാൻ മകൾക്ക് കഥകൾ വായിച്ചു കൊടുക്കും. അവൾക്ക് കഥകൾ ഇഷ്ടമാണ്. എനിക്ക് ഒമർ ഖയ്യാമിന്റെ കവിതകൾ ഇഷ്ടമാണ്. അയാൾ സ്ത്രീകളുടെ മുടിയെ പോലും വീഞ്ഞുമായി ഉപമിക്കും. എന്താ ല്ലേ ആ ഉന്മാദം?
അവൻ 2
നോക്കൂ ചങ്ങാതി, ഈ നാട്ടിൽ ഒന്ന് പ്രാർത്ഥിക്കണമെങ്കിൽ ദേവാലയം കണ്ടുപിടിക്കാൻ ഗൂഗിൾ മാപ് നോക്കണം. ഇത് മുസ്ലിം രാജ്യം എന്നൊക്കെ പറയാനേ പറ്റൂ. ആവശ്യത്തിന് മസ്ജിത് ഇല്ല. അതൊക്കെ തുർക്കിയിൽ, എന്തോരം ദേവാലയങ്ങൾ ആണ്. അധികം തിരയാതെ പ്രാർത്ഥിക്കാം. പിന്നെ ഒരു പ്രശ്നം അവിടെ കുട്ടികൾ കുറവാണ്. എന്നെ നോക്കൂ. ഇപ്പോൾ മുപ്പത് വയസായി. മൂന്നു കുട്ടികൾ എനിക്കുണ്ട്. കുട്ടികൾ ദൈവം തരുന്നതല്ലേ? അവർ എങ്ങനെയെങ്കിലും വളരും. പക്ഷെ തുർക്കിയിൽ കുട്ടികൾ കുറവാണ്. കുടുംബങ്ങൾക്ക് ഒരു കുട്ടി ഒക്കെയുള്ളൂ. പക്ഷെ ഈ പെണ്ണുങ്ങളും ആണുങ്ങളും ഒരുപാട് പുക വലിക്കും. അതും പരസ്യമായി വന്നിരുന്ന്. പുകവലിക്കാൻ പാടില്ലാത്തതാണ്. പുരുഷൻ വലിച്ചാൽ തന്നെ സ്ത്രീകൾ അങ്ങനെ ചെയ്യാൻ പാടില്ല. പിന്നെ താടി വളർത്താൻ എന്റെ രാജ്യത്തെ പോലീസ് സമ്മതിക്കില്ല. അവർക്ക് ഞങ്ങൾ ക്ളീൻ ഷേവ് ആവണം അത്രേ. അതൊക്കെ തുർക്കിയിൽ ആർക്കും താടി വളർത്താം. എത്ര വേണേലും വളർത്താം. അതൊക്കെ മതപരമല്ലേ?
മതപരമായ ചട്ടക്കൂടുകളും മതം ഇടപെടുന്നതും ഏകാധിപത്യ പ്രവണതയുള്ളതുമായ സാമൂഹിക-രാഷ്ട്രീയ പരിതഃസ്ഥിതികൾ ഓരോ സമൂഹത്തെയും എത്തിക്കുന്ന, തിരിച്ചെത്താനാവാത്ത വീഴ്ചകളുടെ ഉദാഹരണങ്ങളായി ഈ സംഭാഷണങ്ങളെ ഓർത്തെടുക്കാം എന്ന് തോന്നുന്നു.
നടക്കുന്നതിനിടെ റെഗിസ്ഥാനിൽ കുറച്ചു മൈനകളെ കണ്ടു. ഒരാൾ പറയുന്നു – നോക്കൂ സുഹൃത്തേ ഇവ ഇന്ത്യൻ മൈനകളാണ്. ഞങ്ങൾ പണ്ട് ഇന്ത്യയിൽ നിന്നും കുറച്ചു മൈനകളെ കൊണ്ടുവന്നു, പക്ഷെ അവ പെരുകിയതോടെ ഞങ്ങളുടെ പക്ഷികളെ ആക്രമിച്ചു തുടങ്ങി. ഇപ്പോൾ ഇവർ, ഈ മൈനകളാണ് പ്രബലർ. നിങ്ങളുടെ നാട്ടിൽ നിന്നും ഇവിടെ പഠിക്കാൻ വന്ന പലരും തിരിച്ചു പോവുന്നില്ല. അവരും ഒരിക്കൽ മൈനകളെ പോലെയാകുമോ? .
















