റീൽസ്

സഹസ്രഹസ്തങ്ങളിൽ
നഖമുന നീട്ടിച്ചോപ്പിച്ച്
മാരിവില്ലിൻ
കൊടുവാളുമേന്തി
ട്രെന്റിങ് പാട്ടിനൊപ്പം റീൽസിൽ
മുരിക്കുമര-
മുടുത്തതഴിച്ചിട്ടുറഞ്ഞു തുള്ളുന്നു.

കരിമേഘക്കലങ്ങളുടച്ച്
പുഷ്കരമദ്ധ്യേ സൂര്യൻ
ചെളിയിൽ മുങ്ങിയ
പന്തായുരുണ്ടുവന്ന്
മുരിക്കിന്മേലുടക്കി നിൽക്കുന്നു
പുലരിയിൽ.

വെളുപ്പാങ്കാലത്ത്
തൊട്ടി താണുയരും നേരം
മുരിക്കു,ങ്കാളി വെട്ടിയിട്ട
ചോരക്കറപുരളും
നഖമുന
വെള്ളത്തിൽ,
വെയിലൊരസ്സൽ
സ്റ്റൈൻലസ് സ്റ്റീൽ റേസർ ബ്ലേഡ്.

ഇടയ്ക്കെപ്പഴുമന്തിയിൽ
കാർകൊണ്ടൽ ചിക്കൊതുക്കി
നഖം കൂർപ്പിച്ചു ചോപ്പിക്കും
മുരിക്കുങ്കാളി
പെണ്ണൊരുത്തി.

പൊട്ടലും ചീറ്റലും
കഴിഞ്ഞേറേനാളായി
അന്തവും കുന്തവുമില്ലാതെ
ഇടിച്ചു കേറിയതിൻ മീതെ
കുരുമുളകിൻ
വള്ളിപ്പടർപ്പുകൾ.

നോക്കി നോക്കി നിൽക്കുമ്പോൾ
മുരിക്കുമ്പൂക്കൾ
നിറുകയിൽ
സിന്ദൂരം ചാർത്തും
മരിച്ച പെണ്ണുങ്ങളുടെ
നഖങ്ങളുടെ ശേല്.

യുദ്ധമൊഴിഞ്ഞ
രണ്ട് രാജ്യങ്ങളെക്കുറിച്ചുള്ള
വൈറലായ റീൽസിൽ
പല വലുപ്പത്തിൽ
തറഞ്ഞും മുറിഞ്ഞും വീണ
മുരിക്കുമ്പൂക്കൾ
കറുക്കുന്നു
മുരിക്കുമരങ്ങളുറഞ്ഞുതുള്ളുന്നു
അവിടം നിറയെ.

ഡിപിയിലെ
മുരിക്ക് മരത്തിലേക്ക്
പടർന്നു കേറിയ
കുരുമുളക് വള്ളിയിൽ നിന്ന്
രക്തത്തുള്ളികളായി
മെസേജിൽ
കമെന്റ് ബോക്സിൽ
പോസ്റ്റിൽ
കവർ ഫോട്ടോയിൽ
വാൾപേപ്പറിൽ
സ്ലോമോഷനിൽ
ഇറ്റാൻ തുടങ്ങി.

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു