‘എനിക്ക് നീയേ ഉള്ളു’
ശരീരം പ്രാണനോട് പറഞ്ഞു.
ശരീരത്തിന്റെ കടുത്ത
റൊമാന്റിസത്തെ
ഒരു നിമിഷം കൊണ്ട് ചവിട്ടിയരച്ച്
റിയലിസത്തിന്റെ ചിരിയുമായി
പ്രാണൻ പറഞ്ഞു,
‘എനിക്കു ഞാനെ ഉള്ളു’.
അത് കേട്ട് അമ്പേ ഞെട്ടിത്തളർന്ന
ഒരു തിരിനാളം
എണ്ണ തീരാറായിട്ടും
പിന്നെയും ജീവനെ
പിടിച്ചെടുക്കാനെന്ന വണ്ണം
എഴുന്നു നിൽക്കുന്നു.
ഒന്നാളിപടർന്നത് കരിഞ്ഞണയുന്നു .
റിയലിസത്തിനു അർത്ഥം
അത്രേ ഉള്ളു
എണ്ണയില്ലെങ്കിൽ കരിന്തിരി.
ഓരോ പ്രാണൻ കരിയുമ്പോഴും
ജീവിച്ചിരിക്കുന്ന
ശരീരത്തിന്റെ റൊമാന്റിസവും
മരണപ്പെട്ട ശരീരത്തിന്റെ
റിയലിസവും തമ്മിൽ
പിന്നൊരു പോരാട്ടമാണ്!
റിയലിസത്തിൽ നിന്നും
റൊമാന്റിസത്തിലേക്ക്
അത്രേം ദൂരം മാത്രമേ
ഉണ്ടാവുകയുള്ളു.
റിയലിസം സത്യത്തിൽ
പകച്ചുപോകുന്നത്
ബെൽറ്റ് കഴുത്തിലിട്ടു
യജമാനനെ സ്മരിക്കുമ്പോൾ
വാലാട്ടുകയും
ഇല അനങ്ങുമ്പോൾ
നിഴലാട്ടം കാണുമ്പോൾ
കുരക്കുകയും ചെയ്യുന്ന
പട്ടികളെ കാണുമ്പോഴാണ്.
വളർത്തുനായ്ക്കളുടെ
കഴുത്തിലെ ബെൽറ്റിലുണ്ട്
നമ്മൾ അനുഭവിക്കാത്ത
പാരതന്ത്ര്യത്തിന്റെ റിയലിസം.
എന്നാൽ,
വളർത്തുനായ്ക്കളുടെ അറിവിൽ
സ്വാതന്ത്ര്യത്തിന്റെ
ഭാഷ എന്തെന്നാൽ
തെരുവുനായ്ക്കൾ അലയുന്നതും
ഭക്ഷണമില്ലാതെ മരിക്കുന്നതും
അച്ഛനില്ലാത്ത കുഞ്ഞുങ്ങളെ
പെറ്റു പോറ്റുന്നതും
കല്ലേറിൽ ആക്രമിക്കപ്പെടുന്നതും
കണ്ടിടത്ത് ഉപേക്ഷിക്കപ്പെടുന്നതും
ചാവാലികളെന്നും കൊടിച്ചികളെന്നും
ഉറക്കെ ആക്ഷേപിക്കപ്പെടുന്നതും
പലപ്പോഴും അന്യായമായി
വധിക്കപ്പെടുന്നതുമാണ്.
അതിനാൽ വളർത്തുനായ
ബെൽറ്റിന്റെ പാരതന്ത്ര്യത്തെ
അതിന്റെ സ്വാതന്ത്ര്യമെന്ന
സുഖത്തിൽ അഭിമാനിച്ചു.
ചിലരുടെ സ്വാതന്ത്ര്യം
ചിലർക്ക് അവരുടെ പാരതന്ത്ര്യമാണ്.
ചിലരുടെ പാരതന്ത്ര്യമെന്നാൽ
ചിലർക്ക് അവരുടെ സ്വാതന്ത്ര്യവും.
റിയലിസത്തിനു ഭൂരിപക്ഷവും
സ്ഥായിയായ ഭാവം
വിഷാദാത്മകതയാണ്.
“എനിക്കു നീയേ ഉള്ളു’ എന്ന
ജീവിത പദപ്രശ്നത്തിൽ നിന്നും
റൊമാന്റിസം
ഉത്തരം കിട്ടാതെ പൂരിപ്പിക്കാത്ത
അപൂർണവും സരളവും
സരസവുമായ ചോദ്യത്തിൽ
‘എനിക്കു ഞാനേ ഉള്ളു’ എന്ന്
ഒരു കോളത്തിൽ വെച്ച്
ഉത്തരമെന്നോണം
ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്
റിയലിസം
ഒറ്റ ഇറങ്ങിപ്പോക്കായിരുന്നു.
റിയലിസത്തോളം വലിയ
ഹീറോയിസമില്ല
വില്ലത്തരവും.