രണ്ടാമൂഴത്തിലെ ദ്രൗപദി

ദ്രൗപദിയായിത്തന്നെയുള്ള രണ്ടാംവരവിൽ
പൂർവ്വജന്മസ്മരണകളില്ലായിരുന്നു.

അരങ്ങേറ്റം, സർവ്വസൈന്യാധിപവേഷത്തിൽ;
പാഞ്ചാലദേശം ഒന്നടങ്കം, ആവേശത്തിലാണ്ടു.

ഇന്ദ്രപ്രസ്ഥത്തിലാദ്യമായ്
കൊമ്പും കുഴലുമൂതി
പാഞ്ചാലരാടിത്തിമിർത്തു.

പാഞ്ചാലപൈതൃകം വാഴ്ത്തിയും
ദേശസ്നേഹ ഗാഥകളൊരുക്കിയും
കൊട്ടാരക്കെട്ടിൽനിന്നും
രാജകവികൾ, ജനങ്ങളിലേക്കിറങ്ങി…

തെരുവോരങ്ങൾ
ആഘോഷത്തിൽ മത്സരിച്ചുകൊണ്ടിരുന്നു…

ഉപായജ്ഞരായ കുരുസഭക്കാർ
ഇക്കുറി, യാജനെയാനയിച്ചില്ല;
പട്ടമഹിഷിയായി പാഞ്ചാലകുമാരിയെത്തുമ്പോൾ
ആയുധമേന്തിയെതിർക്കാനാവാതെ
ചൂതിലടിതെറ്റിയവർ ചിതറിയൊതുങ്ങുമെന്നത്
കരുക്കൾ മുന്നേയെറിയുന്ന-
‘ശകുനിബുദ്ധി!’

ആഘോഷരാവണയുംമുന്നേ
ദേശപതാകകളുയർത്തി
കാവൽസേനകളണിനിരന്നുകൊണ്ടിരുന്നു…

ബന്ധുജനങ്ങളേയും ഗോത്രക്കാരേയും
രാജവീഥികളിൽ കണ്ടതേയില്ല;
നാടൻമദ്യത്തിനും
പുകയിലക്കെട്ടുകൾക്കുമൊപ്പം
നാടുകടത്തപ്പെട്ടവർ
മറവിയുടെ പാതിരാവിലുറങ്ങിക്കഴിഞ്ഞിരുന്നു.

നിസ്സഹായ സ്വപ്നങ്ങളായിപ്പോലും
വിലാപങ്ങളുറങ്ങാത്ത തെരുവുകൾ
യാജ്ഞസേനിയെ തൊട്ടുണർത്തിയില്ല.

സേവകപദവികളിൽപ്പോലും
‘അഞ്ചാമൂഴ’ക്കാരെ കണ്ടുപോകരുതെന്ന
ദുശ്ശാസനകല്പനയറിഞ്ഞിട്ടും
ദ്രൗപദി കണ്ണീരൊഴുക്കിയില്ല!

രാജസൂയ വിളംബരങ്ങൾക്ക്
രാജ്ഞിയുടെ മേലൊപ്പുണ്ടായിരിക്കുമെന്ന
സുയോധനസന്ദേശത്തിൽ
മതിമറന്നിരുന്നു, ‘അവൾ!’

മഹാറാണിയുടെ ഉന്മാദത്തെ
ഒപ്പിയെടുക്കാൻ മത്സരിച്ച വിദൂഷകക്കൂട്ടം
നല്ലവാർത്തകൾമാത്രം ചമച്ച്
ദേശസ്നേഹത്തൂണുകളായി
ഭക്തിഗാനമൊരുക്കിക്കൊണ്ടിരുന്നു.

പുതിയ കഥപറയുന്ന മഹാനാടകത്തിലും
ജനപ്രീതിയാർക്കുന്ന കള്ളച്ചൂതിലെ
പണയപ്പെണ്ണുമാത്രമായിരുന്നെന്ന്
‘ഒരശരീരിയായിപ്പോലും’
കൃഷ്‌ണാശ്രവണപാശത്തിലെത്തിയതേയില്ല !

കണ്ണൂർ സ്വദേശി. ദുബായിൽ ജോലി ചെയ്യുന്നു. ആനുകാലിക മാഗസിനുകളിലും സോഷ്യൽ മീഡിയകളിലും എഴുതുന്നു. 'ഗുൽമോഹർ ഇത് നിനക്കായ്', 'നീക്കിയിരുപ്പ്', 'നിന്നോർമ്മയിൽ', 'ചില നേരങ്ങളിൽ' തുടങ്ങിയ ആൽബങ്ങൾക്ക് വരികൾ എഴുതി. 'ലേബർ ക്യാമ്പുകളിലെ തലയിണകൾ' എന്ന കവിത സമീപകാലത്തു വളരെ ശ്രദ്ധ നേടുകയുണ്ടായി.