
ട്രെയിൻ്റെ താളങ്ങൾക്ക് ചെവി കൊടുത്തു കൊണ്ട് കണ്ണുകളടച്ച് ഞാനിരുന്നു. അനന്തമായി നീണ്ട പാളങ്ങളിലൂടെ താളത്തിൽ പാടി നീങ്ങുന്ന ട്രെയിൻ. എത്രയോ സ്വപ്നങ്ങളുടെയും സ്വപ്നഭംഗങ്ങളുടെയും കഥകളായിരിക്കാം ഇവളീ പാടുന്നത്?
പിന്നോട്ടോടി മാറുന്ന നാടിൻ്റെ വശ്യഭംഗി അടഞ്ഞ കണ്ണുകൾക്കിടയിലൂടെയും എനിയ്ക്ക് കാണാമായിരുന്നു. നമ്മുടെ നാടിന് ഒരു പ്രത്യേക ഗന്ധം തന്നെയുണ്ട്! കേരളത്തിന് വെളിയിൽ നിന്നും വരുമ്പോഴത് പെട്ടെന്ന് മനസ്സിലാകും. പുഴകളും പാടങ്ങളും മഴയും വെയിലും മരങ്ങളും എല്ലാംകൂടി ചേർന്ന ഒരു പ്രത്യേക സുഗന്ധം. ഒരു പച്ചനിറം കലർന്ന കൊതിപ്പിക്കുന്നൊരു ഗന്ധം! അത് ശ്വസിക്കുമ്പോൾ ഹൃദയത്തിലൂടെ ഉന്മേഷം ഇരച്ചു കയറുന്ന പോലെയൊരനുഭവമാണ്. നാട്ടിൽ നിന്നും തിരികെ പോരുമ്പോൾ ആ സുഗന്ധം നേർത്ത് നേർത്ത് ഇല്ലാതാകുമ്പോഴാണ് കേരളത്തിൻ്റെ അതിർത്തി കടന്നുവെന്ന കാര്യം തന്നെ മനസ്സിലാകുന്നത്. പിന്നെ ട്രെയിൻ്റെ ജനാലയിൽ മുഖം ചേർത്ത് വച്ച് എവിടെയോ നഷ്ടപ്പെട്ടു പോയ ആ പച്ചപ്പിൻ്റെ ഗന്ധം ഒരാവർത്തികൂടി ശ്വസിക്കാനൊരവസാന ശ്രമം. അപ്പോൾ ആ സുഗന്ധഭൂമിയിലിരുന്ന് എനിക്കായി പ്രാർത്ഥനയോടെ വിതുമ്പുന്ന സ്നേഹത്തിൻ്റെ കുറെ മുഖങ്ങൾ മനസ്സിൽ തെളിയും. പ്രാർത്ഥനയുടെ അലകൾ കാറ്റിലുടെ ഏറ്റു വാങ്ങുമ്പോൾ അറിയാതെ കണ്ണുനീരിൻ്റെ ഉപ്പുരസം കവിളുകളെ ഉമ്മ വയ്ക്കും.
കരയുന്നത് മറ്റുള്ളവർ കാണാതിരിക്കാൻ ഞാൻ ചുണ്ടുകൾ കടിച്ചമർത്തി.
ഓർക്കരുത് എന്ന് കരുതിയിട്ടും കൂട്ടാക്കാതെ, അശാന്തമായ മനസ്സ് കടന്നു പോയ പാളങ്ങളിലുടെ ഒരു മടക്കയാത്ര നടത്തി.
പട്ടാളക്കാർ എല്ലാവരുടെയും കൊതിപ്പിക്കുന്ന ഒരോർമ്മയാണ് അവൻ്റെ പിറന്ന നാട്. പ്രത്യേകിച്ചും, കാശ്മീർ പോലെ നിതാന്ത ജാഗ്രത പുലർത്തേണ്ട അതിർത്തി ഗ്രാമങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അതൊരു ജീവവായു തന്നെയാണ്. ഒന്നാലോചിച്ചു നോക്കൂ… ക്യാംപിന് പുറത്തിറങ്ങിയാൽ ദേഷ്യവും വെറുപ്പും നിറഞ്ഞ കണ്ണുകളാണ് ചുറ്റും എതിരേൽക്കുക. ക്യാംപിനുള്ളിലോ, കർക്കശമായ ജീവിതരീതികളുടെ ബന്ധനവും. ഇതിനു രണ്ടിനുമിടയിൽ ഏത് നിമിഷവും നമ്മെ തേടി വരാവുന്ന ഒരു വെടിയുണ്ടയും കാത്ത് സദാ ജാഗരൂകരായുള്ള ഒരു ജീവിതം. സോഷ്യൽ മീഡിയായിലൂടെ ‘ജയ്’ വിളിക്കാൻ എളുപ്പമാണെങ്കിലും, സാധാരണക്കാർക്ക് സങ്കൽപ്പിക്കാൻ പോലുമാകാത്തത്ര സംഘർഷപരിതമായ മണിക്കൂറുകളിലൂടെയാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്. ഈ ദിവസങ്ങളിലൊക്കെയും നാട്ടിൽ തന്നെയും കാത്തിരിയ്ക്കുന്ന കുറെ മനുഷ്യരുടെ പ്രതീക്ഷയും പ്രാർത്ഥനയും മാത്രമാണ് അവൻ്റെ ജീവസ്ത്രോതസ്സ്. കോച്ചിവലിക്കുന്ന തണുപ്പിനും പൊള്ളുന്ന സംഘർഷങ്ങൾക്കും ഇടയിൽ ജീവിയ്ക്കുന്ന പട്ടാളക്കാരൻ്റെ മനസ്സിൽ ഒറ്റ സ്വപ്നം മാത്രം – അവധിക്കാലം. ഞങ്ങളെപ്പോലെ അവധിയ്ക്കായി ഇത്ര തീവ്രമായി കൊതിയ്ക്കുന്ന വേറെയാരെങ്കിലും ഉണ്ടാകുമെന്ന് തോന്നുന്നില്ല. വെടിയുണ്ടകളെ ഭയപ്പെടാതെ, നിയമങ്ങളുടെ നിയന്ത്രണങ്ങളില്ലാതെ, സ്നേഹത്തിൽ നീന്തിക്കളിച്ചാഹ്ളാദിച്ച് ആസ്വദിയ്ക്കാൻ കുറെ ദിവസങ്ങൾ.
ദാഹിച്ച് മോഹിച്ചിരുന്ന എൻ്റെയവധി, അങ്ങനെ. അവസാനമൊരു ദിവസം അനുവദിച്ച് കിട്ടി.
അവധി അനുവദിച്ചു കിട്ടുന്ന ദിവസം ഒരുത്സവം തന്നെയാണ്. യൂണിറ്റിലുള്ള എല്ലാവരും അത് ഒന്നായി ചേർന്ന് ആഘോഷിക്കും. കൊച്ച് കൊച്ച് കളിയാക്കലുകളായും, ഉറക്കെയുള്ള പൊട്ടിച്ചിരികളായും, വൈകുന്നേരത്തെ രണ്ട് എക്സ്ട്രാ ലാർജായും, ഓർമ്മകളും നെടുവീർപ്പുകളുമായും യൂണിറ്റൊന്നായി വരാൻ പോകുന്ന അവധിക്കാല സ്വപ്നങ്ങൾ ആഘോഷമാക്കും. എൻ്റെ ആഹ്ളാദത്തിൽ പങ്കു ചേരുമ്പോൾ അവരുടെയുള്ളിലും ഒരു കൊച്ചു ഗ്രാമവും അതിലെ കുറെ മനുഷ്യരും ഓർമ്മകളും മുളപൊട്ടുന്നുണ്ടാവാം. മനസ്സിൻ്റെ സന്തോഷം ഒരു മൂളിപ്പാട്ടായി ചുണ്ടത്തെങ്ങും തത്തിക്കളിക്കും. ആകെയൊരുത്സാഹം. ആ ദിവസങ്ങളിലെ മാർച്ച്പാസ്റ്റിനു പോലുമുണ്ട് ഒരു പ്രത്യേക ഉന്മേഷം. മുഖത്ത് സ്ഥിരമായി വിരിഞ്ഞ് നിൽക്കുന്ന ചിരി കണ്ട് ആളുകൾ ഇത്തിരി സംശയത്തോടെ നോക്കുന്നത് പോലും കാണാം! ‘ഞാൻ വീട്ടിൽ പോകാൻ പോണേ’ എന്ന് എല്ലാവരോടും വിളിച്ചു പറയാൻ തോന്നിപ്പോകുന്ന ഒരുതരം ഭ്രാന്തൻ സന്തോഷത്തിലേക്ക് മനസ്സും ശരീരവും ഒന്നിച്ച് മുങ്ങാംകുഴിയിടും.
പിന്നെ ഒരു തിരക്കാണ്! എന്തൊക്കെയാണ് നാട്ടിലോട്ട് പോകുമ്പോൾ വാങ്ങേണ്ടതെന്ന വേവലാതിയാണ് മനസ്സു മുഴുവനും..
‘ഇവിടെയെല്ലാം കിട്ടും, നിങ്ങളിങ്ങു വന്നാ മതി’ എന്ന് ഭാര്യ തലേന്ന് കൂടി വിളിച്ചപ്പോൾ ഓർമ്മിപ്പിച്ചതാണ്. എന്നാലും…. കണ്ണിൽ കണ്ടതെല്ലാം അടുത്തുള്ള മാർക്കറ്റിൽ നിന്നും വാങ്ങി ബാഗിൽ കുത്തിനിറച്ച്, അവധിയുടെ ദിവസവും എണ്ണി അക്ഷമയോടുള്ള കാത്തിരുപ്പ്. ആ കാത്തിരിപ്പിനൊടുവിൽ, ഒരിക്കലും തീരില്ല എന്നു തോന്നിപ്പിക്കുന്ന നീണ്ട പാളങ്ങളിലൂടെയുള്ള ഒരു യാത്ര. യാത്രയിലെവിടെയോ വച്ച് പച്ചപ്പിൻ്റെ ഒരു സുഗന്ധം എന്നെ വരവേറ്റു..
‘ഹൊ! നാടെത്തി!’
പെട്ടികളും തൂക്കി ട്രെയിനിൽ നിന്നിറങ്ങിയപ്പോൾ ഞാനാദ്യം കണ്ടത് അച്ഛനെയാണ്. തിരക്കിട്ടോടുന്ന മുഖങ്ങൾക്കിടയിൽ ശാന്തതയുടെ ഒരു തുരുത്തു പോലെ അഛൻ. വേണ്ടായെന്ന് എത്ര വിലക്കിയാലും എന്നെ സ്വീകരിക്കാൻ അഛനെന്തായാലും വരും. അഛൻ്റെ കരുതൽ കണ്ടാൽ തോന്നും ഞാനിപ്പോഴും സ്കൂളിൽ പോകുന്ന ഒരു കുട്ടിയാണെന്ന്! തിരക്കിനിടയിൽ നിന്നും എന്നെ കണ്ടതും മനസ്സിൽ തുളുമ്പി വന്ന ആഹ്ളാദം അടക്കാനാവാതെ ഒരു വലിയ ചിരിയായി അച്ഛൻ്റെ മുഖത്ത് വിരിഞ്ഞു. അഛന് പ്രായം തോന്നി തുടങ്ങിയിട്ടുണ്ട്. പ്രായത്തിൻ്റെ കൂന് ആ ശരീരത്തെ ഒന്ന് ചെറുതാക്കിയതു പോലെ. പക്ഷെ അഛനെ കാണുന്നത് പോലെയൊരു സന്തോഷം ! സ്നേഹത്തിൻ്റെ ഒരു സുഗന്ധമുണ്ട് അഛനെ ചൂഴ്ന്നെപ്പോഴും ! തഴമ്പിച്ച ആ കൈകളിൽ പിടിയ്ക്കുമ്പോൾ, അധ്വാനിച്ചുറച്ച ആ തോളിൽ തല ചായ്ക്കുമ്പോൾ …. ഞാൻ വീണ്ടും ഒരു കൊച്ചു കുട്ടിയാകുന്നത് പോലെ….
വീടിൻ്റെ വാതിൽക്കൽത്തന്നെ അമ്മയും ഭാര്യയും കാത്ത് നിൽപ്പുണ്ടായിരുന്നു. മോള്, ഇത്തിരി ഭയത്തോടും ഒത്തിരി കൗതുകത്തോടും അമ്മയുടെ സാരിയുടെ പുറകിൽ മറഞ്ഞിരുന്ന് എന്നെ ഒളിഞ്ഞ് നോക്കി. അമ്മ കെട്ടിപ്പിടിച്ചുമ്മ തന്ന് സ്വീകരിച്ചു. പൊട്ടി വരുന്ന സന്തോഷവും ഒത്തിരി പരിഭവങ്ങളും ഉള്ളിൽ ഒളിപ്പിച്ച് ഭാര്യ വിടർന്നു പുഞ്ചിരിച്ചു. ഇരു കൈകളും കൊണ്ട് മോളെ വാരിയെടുക്കുമ്പോൾ, ഞാനും വളർന്ന് ഒരച്ഛനായെന്ന് ഒട്ടൊരത്ഭുതത്തോടെ മനസ്സ് മന്ത്രിച്ചു.
എത്ര കിട്ടിയാലും മതിവരാത്ത മധുരം പോലെയാണ് സ്നേഹവും സന്തോഷവും. അപ്പോൾ പിന്നെ അതിൽ നീന്തി തുടിയ്ക്കുന്ന ഒരവധിക്കാലത്തെപ്പറ്റി പ്രത്യേകം പറയേണ്ടതുണ്ടോ? സമയത്തിന് അസാധാരണമായ വേഗതയാണ്. ഒന്നു കണ്ണുചിമ്മി നോക്കുമ്പോൾ ഒരു ദിവസം കഴിഞ്ഞിരിക്കും! നിയമങ്ങളുടെ ബന്ധനങ്ങളില്ലാത്ത രാവും പകലും. പുലരിയിൽ ഭാര്യയുടെ ചെറുചൂടുള്ള ശരീരത്തോട് ചേർന്ന് കിടന്നുള്ള അർദ്ധമയക്കത്തിൻ്റെ സുഖം. ജനാലയിലൂടെ നാണിച്ച് മടിച്ച് മുറിയിലേക്ക് മെല്ലെ അരിച്ച് കയറുന്ന സൂര്യകിരണങ്ങൾ. ദിവസം മുഴുവനും നീളുന്ന സൽക്കാരങ്ങൾ… ബന്ധുക്കൾ.. സുഹൃത്തുക്കൾ.. എത്ര വേഗമാണ് ദിവസങ്ങൾ ഓടി മറയുന്നത്?
നമ്മൾ ഒത്തിരി സന്തോഷിക്കുമ്പോൾ ജീവിതത്തിന് ഒരു സംശയം തോന്നും. ഈ മനുഷ്യർ സന്തോഷത്തിൻ്റ യഥാർത്ഥ മൂല്യം മനസ്സിലാക്കിയിട്ട് തന്നെയാണോ ഇങ്ങനെ ആഹ്ളാദിയ്ക്കുന്നത്? ആ സംശയം തോന്നിയാലുടൻ ജീവിതം നമുക്കായൊരു പരീക്ഷണം ഒരുക്കും.
ഒന്നാലോചിച്ചാൽ അതിലെന്താണ് തെറ്റ്? ദുഃഖമെന്തെന്നറിയാതെ സന്തോഷത്തിൻ്റെ മൂല്യം നമ്മളെങ്ങനെയാണ് മനസ്സിലാക്കുക? വിശപ്പനുഭവിക്കാത്തവന് ഭക്ഷണത്തിൻ്റെ വില മന്നസ്സിലാകില്ല എന്ന് പറയുന്ന പോലെ.
ഈ അവധിക്കാല സന്തോഷത്തിൻ്റെ മൂല്യം എനിയ്ക്ക് മനസ്സിലാക്കി കൊടുക്കുവാൻ സമയമായി എന്ന് ജീവിതത്തിന് തോന്നിക്കാണും. ആ പരീക്ഷണം ഒരു ഫോൺ കോളായാണ് എന്നെ തേടി വന്നത്. അസമയത്തുള്ള ഫോണിൻ്റെ മണിയടിയിൽ തന്നെ വരാൻ പോകുന്ന ഏതോ ദുർവാർത്തയുടെ ധ്വനിയുണ്ടായിരുന്നു. അതിർത്തിയിലെ പാക്കിസ്ഥാൻ പടയൊരുക്കവും അതിനാൽ അവധി വെട്ടിചുരുക്കി ബോർഡറിലേക്ക് തിരികെ വരാനുള്ള ഉത്തരവായിരുന്നു അത്.
ഉത്തരവറിഞ്ഞപ്പോൾ എന്ത് വികാരമാണ് മനസ്സിൽ ആദ്യം വന്നത്? തീർച്ചയായും ഭയമല്ല. ഒരു തരം നിസ്സംഗത…അതോ രസച്ചരട് പൊട്ടിയ ദേഷ്യമോ ? ഘനീഭവിച്ച ഒരുതരം വിഷാദമോ ? എന്തോ, തിരിച്ചറിയാനാവുന്നില്ല.
ഉടൻ തിരികെ പോകണമെന്ന് പറഞ്ഞപ്പോൾ മുതൽ അമ്മ കരച്ചിൽ തുടങ്ങി. മരണം യുദ്ധത്തിൻ്റെ നിഴൽ ധരിച്ച് വീട്ടിനുള്ളിലെങ്ങും ഉഴറി നടക്കുന്ന പോലെ. ആ നിഴൽ കണ്ട മുഖങ്ങൾ ഭയത്തോടെ കണ്ണുകൾ ഇറുകെ പൂട്ടി. ഒന്നിലും ശ്രദ്ധയുറക്കാതെ യാന്ത്രികമായി ഭാര്യ, തിരിച്ചുള്ള യാത്രക്കായി പെട്ടി അടുക്കി വച്ചു. എപ്പോഴും എല്ലാവർക്കും ധൈര്യം കൊടുക്കുന്ന അഛൻ പോലും ഇന്നെന്തേ ഇങ്ങനെ? മോള് മാത്രം പോകാനുള്ള സ്ഥലത്തേക്കുറിച്ചുള്ള വിശേഷങ്ങൾ ചോദിച്ച് കളിപ്പാട്ടങ്ങളുമായി യുദ്ധം കളിച്ച് ഉല്ലാസവതിയായി നടന്നു. അല്പം മുൻപ് വരെ പൊട്ടിച്ചിരികൾ മാത്രമുയർന്നിരുന്ന വീട് പൊടുന്നന്നെ അമർത്തിയ തേങ്ങലുകളുടെയും ദീർഘനിശ്വാസസളുടേയും കൂടാരമായി മാറി!
വീട്ടിൽ നിന്നിറങ്ങുമ്പോൾ അമ്മ ഉറക്കെത്തന്നെ കരയുന്നുണ്ടായിരുന്നു. കുതിച്ചു വരുന്ന കണ്ണുനീർ ചാലുകൾ തീർത്ത മുഖവുമായി ഭാര്യ കൂടെ ചേർന്നു നടന്നു. താൻ കരയുന്നത് മറ്റുള്ളവർ കാണാതിരിക്കാനാവണം അഛൻ പെട്ടിയുമെടുത്ത് മുന്നേ തന്നെ നടന്നു. മോൾക്കു പോലും പതിവുള്ള ഉന്മേഷമില്ല. മരണത്തിൻ്റെ നിഴൽ ആ കുഞ്ഞ് ഹൃദയത്തേയും ഭയപ്പെടുത്തിയോ?
ട്രെയിനിൽ കയറും മുൻപേ മോളെ ഒന്നുകൂടി ചേർത്തണച്ചുമ്മ വച്ചു. പരിസരം പോലും മറന്ന് ഉറക്കെ കരഞ്ഞ് കൊണ്ട് അമ്മ ഇറുകെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചനുഗ്രഹിച്ചു.
ഉറക്കെ കോട്ടുവായിട്ടുകൊണ്ട് ദൂരങ്ങൾ താണ്ടാനായി ട്രെയിൻ തയ്യാറെടുത്തു.
അമ്മയെ മെല്ലെ വേർപെടുത്തി, ഭാര്യയുടെ കൈകളിൽ മൃദുവായൊന്നമർത്തി, നിശബ്ദമായി കണ്ണകൾ കൊണ്ട് ഞാൻ യാത്രചോദിച്ചു. അഛനെ കെട്ടിപ്പിടിച്ച് ആ സ്നേഹസുഗന്ധം ഒരിക്കൽ കൂടി നുകർന്ന് കൊണ്ട് ട്രെയിനിൽ കയറി. പുഞ്ചിരിക്കാനൊരു അവസാന ശ്രമം നടത്തിനോക്കി… പരാജയപ്പെട്ടു. ട്രെയിൻ പതുക്കെ ഇളകി തുടങ്ങി. കണ്ണുനീർ തുളുമ്പി നിന്നിരുന്നതിനാൽ മുഖങ്ങൾ അവ്യക്തമായിരുന്നു. എല്ലാവരും കൈകൾ വീശി യാത്ര പറയുന്നുണ്ടായിരുന്നു. ഏതോ പ്രാർത്ഥനയിലെന്നവണ്ണം അഛൻ കണ്ണുകളടച്ചു നിന്നു. പതുക്കെ പതുക്കെ അവരുടെ രൂപങ്ങൾ അകന്നകന്ന് പൊയ്ക്കൊണ്ടിരുന്നു. ഒടുവിൽ എല്ലാവരും ദൂരെയൊരു പൊട്ടായ് മറഞ്ഞപ്പോൾ സീറ്റിലേക്ക് മടങ്ങി. ഹൃദയത്തിൽ ഒരു വലിയ ഭാരം കയറ്റിവച്ചതു പോലെ .. ശരീരമാകെ തളർന്നത് പോലെ തോന്നി. നനഞ്ഞ കണ്ണകൾ മറ്റ് യാത്രക്കാർ കാണാതിരിക്കാൻ ഞാൻ തല താഴ്ത്തി വച്ചു.
കൺമുൻപിൽ കാണുന്നത് പോലെ എല്ലാം ഇപ്പോഴും വൃക്തമായി മുൻപിൽ കാണാം.
എപ്പോഴൊ പഞ്ഞിക്കെട്ട് പോലെ മുദുലമായ ഒരു സ്പർശനമാണ് ചിന്തകളിൽ നിന്നുമെന്നെ ഉണർത്തിയത്. വർത്തമാനകാലത്തിലേക്ക് തിരികെ വന്ന ശരീരവും മനസ്സും തന്നെ ഉണർത്തിയ ആ സ്പർശനമെന്തെന്ന് തിരഞ്ഞു. എന്നോട് ചേർന്നിരുന്ന് കൊച്ചരിപ്പല്ലുകൾ കാട്ടി ചിരിയ്ക്കുന്ന ആ കുഞ്ഞിനെ അപ്പോൾ മാത്രമാണ് ഞാൻ കണ്ടത്. തന്നെ കണ്ടുവെന്ന് മനസ്സിലാക്കിയ ആ കുഞ്ഞ് ഈ ലോകത്തിലെ സകല സൗന്ദര്യവും സന്തോഷവും കാച്ചിക്കുറുക്കിയ ഒരു വിടർന്ന ചിരിയോടെ എൻ്റെ മടിയിലേക്ക് മെല്ലെ കയറി. ഏതോ പൂർവ്വ ബന്ധം പറഞ്ഞുറപ്പിക്കുന്ന പോലെ ആ കുഞ്ഞ്മാലാഖ എൻ്റെ നെഞ്ചോട് ചേർന്നിരുന്നു. മൃദുലമായ ആ ചെറിയ ശരീരം ചേർത്ത് പിടിച്ചപ്പോൾ, ആ നിഷ്കളങ്ക വിശ്വാസം അനുഭവിച്ചപ്പോൾ മനസ്സിലെ വേദനകളെല്ലാം ഉരുകിയകലുന്നത് ഞാനറിഞ്ഞു..
എൻ്റെയീ യാത്ര ഓരോ കുഞ്ഞിനും ‘എൻ്റെ രാജ്യം’ എന്ന് വിളിച്ചഭിമാനിക്കാണ്… ‘സ്വതന്ത്രരായി ജീവിക്കാനാണ്’ … എന്ന സത്യം എൻ്റെ സിരകളിൽ അഭിമാനത്തിൻ്റെ ഉന്മേഷമുണർത്തി.
ദൂരെ, നാട്ടിൽ എന്നെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയും ഭാരതത്തിലെ ലക്ഷകണക്കിന് കുഞ്ഞുങ്ങളുടെ വിശ്വാസവും ഒരു രക്ഷാകവചമായി എന്നെ പൊതിയുന്നത് ഞാനറിഞ്ഞു. ആ സംരക്ഷണത്തിൻ്റെ ഉറപ്പിൽ ശാന്തനായി സീറ്റിലോട്ട് ചാരിയിരുന്ന് ഞാനാ കുഞ്ഞിനെ ഒന്ന് കൂടെ നെഞ്ചോട് ചേർത്ത് പിടിച്ചു.














