കാറ്റു തൊട്ടാലണയുന്ന നാളമായി
കാത്തു നിൽപ്പൂ, ഞാനീ വഴിത്താരയിൽ
ഏറെ നേരമില്ലീ യാത്ര തീരുവാൻ
പാതിരക്കാറ്റുലയുന്നു, ചുറ്റിലും
തോറ്റുപോയൊരു കനവിന്റെ നൊമ്പരം
കൂട്ടിനുണ്ടൂന്നുവടിയായി,തേങ്ങലായി…
കൂരിരുൾ നീന്തിയെത്തുമെൻ ചേതന
കൂട്ടുകാരീ,നിന്നെ തഴുകുന്നുവോ..
പ്രണയമേ നീ മറന്നുവോ, സന്ധ്യകൾ
തൊഴുതിറങ്ങിയ ധനുമാസരാവുകൾ.
ശുദ്ധസംഗീതധാരയായി നമ്മളിൽ
പെയ്തിറങ്ങിയ കവിതകൾ, കാഴ്ചകൾ.
എന്റെ ഭാഗം തരാതൊരു രാത്രിയിൽ
യാത്ര പോലും പറയാതെ പോയി നീ…
യാത്ര പോലും പറയാതെ പോയിനീ….