കൂട്ടിലേക്കു ചേക്കേറുന്ന പക്ഷികളുടെ ശബ്ദം കേട്ട് ഞാൻ കണ്ണുകൾ പതുക്കെ തുറക്കാൻ ശ്രമിച്ചു. വളരെ പണിപ്പെട്ടപ്പോൾ പാതിയോളം തുറന്നു.
ചുറ്റും ഇരുൾ പരക്കാൻ തുടങ്ങിയിരുന്നു. ശരീരമാസകലം വല്ലാതെ വേദനിക്കുന്നു. ആരെക്കെയോ ചേർന്നു എന്നെ പുറത്തേക്കു വലിച്ചെറിഞ്ഞതാണ്. എന്റെ നീണ്ട കഴുത്ത് ഇപ്പോൾ ഒടിഞ്ഞു തൂങ്ങിയിരിക്കുന്നു. ശരീരമാസകലം മുറിവുകളാണ്. അതിലും വലുതായിരുന്നു എന്റെ മനസ്സിനേറ്റ മുറിവ്. എന്റെ കൂടെ നാലഞ്ചു പേരും വലിച്ചെറിയപ്പെട്ടിട്ടുണ്ടായിരുന്നു. അവരുടെ സ്ഥിതിയും ഇതുപോലെ തന്നെയാണ്. മുറ്റത്തു പലയിടങ്ങളായി അവരും മുറിവേറ്റു ചിതറി കിടക്കുന്നു.
ഇനി എന്നെ കുറിച്ച് പറയാം. ഞാൻ വീണ. ആനന്ദാതിരേകത്തെയും,അഗാധമായ വിഷാദത്തെയും, ഭക്തിയുടെ പാരമ്യതയും ഒരു പോലെ ആവിഷ്കരിക്കുന്ന ഒരു മാന്ത്രിക പേടകം. എല്ലാ തന്ത്രിവാദ്യങ്ങളുടെയും മാതാവ്. പ്രണയത്തിന്റെ നിഗൂഡതയിലേക്കും, വിരഹത്തിന്റെ അഗാധഗർത്തങ്ങളിലേക്കും, ഭക്തിയുടെ നിറവിലേക്കും ചരാചരങ്ങളുടെ മനസ്സിന്റെ തന്ത്രികളെ വലിച്ചു മുറുക്കാൻ ഒരേ സമയം കഴിയുന്ന ഒരു വാദ്യോപകരണം.
സ്വർഗ്ഗവാസികളായ ഞങ്ങൾ ഭൂമിദേവിയുടെ മടിതട്ടിൽ പിറന്നു വീണതിന് പിന്നിൽ ഒരു കഥയുണ്ട്. പേരുകേട്ട അപ്സരസ്സുകൾ പോലും തന്റെ നൃത്തത്തിന്റെ മുൻപിൽ ഒന്നുമല്ലെന്ന ഉർവ്വശിയുടെ അഹങ്കാരം ശമിപ്പിക്കാൻ നാരദമുനി തീരുമാനിച്ചു. അങ്ങനെ അദ്ദേഹം ദേവേന്ദ്രന്റെ സഭയിലെത്തി വീണ വായിക്കാൻ ആരംഭിച്ചു. നാരദമുനിയുടെ വീണ വായനക്കനുസരിച്ച് അപ്സരസ്സുകൾ നൃത്തമാടാൻ തുടങ്ങി. ഇടക്ക് അദ്ദേഹം മനഃപൂർവം വീണവായനയുടെ താളം തെറ്റിച്ചു. എന്നാൽ തന്റെ കഴിവുകളിൽ അഹങ്കരിച്ചിരുന്ന ഉർവ്വശിക്ക് നാരദൻ വരുത്തിയ തെറ്റു തിരുത്തി നൃത്തം ചെയ്യാൻ കഴിഞ്ഞില്ല. അങ്ങനെ ഉർവ്വശിയുടെ നൃത്തത്തിന്റെ താളം പിഴച്ചു. അന്നു ദേവസഭയിലുണ്ടായിരുന്ന അഗസ്ത്യമുനി നൃത്തം തെറ്റിച്ച ഉർവ്വശിയെ ഒരു മനുഷ്യന്റെ ഭാര്യയായി ഭൂമിയിൽ കഴിയാൻ ഇടവരട്ടെ എന്നു ശപിച്ചു. വീണവായനയിൽ അറിഞ്ഞുകൊണ്ടു തെറ്റു വരുത്തിയ നാരദമഹർഷിയെയും അദ്ദേഹം ശിക്ഷിച്ചു. അതുവരെ ലോകത്തു ആർക്കുമില്ലാത്ത “മഹതി “എന്ന വീണ ഭൂമിയിലെ മനുഷ്യർക്കു ഉപയോഗിക്കാൻ കഴിയട്ടെ എന്നു ശപിച്ചു. അങ്ങനെയാണത്രെ ഭൂമിയിൽ ഞങ്ങൾ എത്തിച്ചേർന്നത്.
എന്റെ ജന്മം ഒരു വലിയ കോവിലകത്തായിരുന്നു. അവിടുത്തെ തമ്പുരാട്ടിയുടെ ഗായത്രി മന്ത്രജപം കേട്ടു കൊണ്ടായിരുന്നു ഞാൻ ഉണർന്നിരുന്നത്. എല്ലാ ദിനവും അവർ എന്നെ പനിനീർ തളിച്ച് ആരതി ഉഴിയുമായിരുന്നു. സുഗന്ധപൂരിതമായ ചന്ദനത്തിരികൾ പുകച്ചതിനു ശേഷം എന്റെ നീണ്ട കഴുത്തിൽ മുല്ലമാല ചാർത്തുമായിരുന്നു. അങ്ങനെ മന്ത്രധ്വനികൾ ഉയരുന്ന സുഗന്ധപൂരിതവും നിർമ്മലവും ആയ അന്തരീക്ഷത്തിൽ ഒരു രാജ്ഞിയെപ്പോലെ പോലെ ഞാൻ വിരാജിച്ചു. ചന്ദനത്തിന്റെ സുഗന്ധമുള്ള ആ തമ്പുരാട്ടിയുടെ വെണ്ണ പോലെ മാർദ്ദവമായ വിരൽത്തുമ്പ് എന്റെ തന്ത്രികളിൽ സ്പർശിക്കുമ്പോൾ തന്നെ ഞാൻ കോരിത്തരിച്ചു പോകും. ആ രോമാഞ്ചത്തിൽ നിന്നും ഞാൻ ഉതിർക്കുന്ന നാദം കോവിലകത്തെങ്ങും പ്രതിധ്വനിച്ചിരുന്നു. വായന കഴിഞ്ഞാൽ എന്നെ ഒരു പിഞ്ചുകുഞ്ഞിനെ എന്നവണ്ണം വളരെ ശ്രദ്ധിച്ചു കൊത്തുപണികളാൽ അലംകൃതമായ ഒരു പീഠത്തിൽ വെച്ചു, പട്ടു തുണി കൊണ്ടു ഭദ്രമായി മൂടി വെയ്ക്കും.
അങ്ങനെ വർഷങ്ങൾ കുറെ കടന്നു പോയി. കോവിലകത്തിന്റെ പഴയ പ്രൗഢിയും, പ്രതാപവും ഒക്കെ ഇപ്പോൾ നഷ്ടപ്പെട്ടു. തകർച്ചയുടെ വക്കിലേക്കു എത്തപ്പെട്ട കോവിലകത്തെ ഓരോ വിലപിടിപ്പുള്ള സാധനങ്ങളും തമ്പുരാൻ വിൽക്കാൻ ആരംഭിച്ചു. അങ്ങനെ അവസാനം എന്റെ ഊഴവും വന്നു. അന്നു കുറച്ചു സംഗീതവിദ്വാന്മാർ കോവിലകത്തെത്തി. തന്ത്രി വാദ്യങ്ങൾ, സുഷിരവാദ്യങ്ങൾ, തോലുവാദ്യങ്ങൾ ഇവയുടെയെല്ലാം ഒരു സമന്വയ രൂപമാണ് അവരുടെ ലക്ഷ്യം. ആ ലക്ഷ്യപ്രാപ്തിക്കു വേണ്ടി അവരെന്നെ കോവിലകത്തു നിന്നും വിലക്കുവാങ്ങി. കണ്ടാൽ തന്നെ ഭയം തോന്നുന്ന ഒരു ആജാനബാഹുവായ മനുഷ്യന്റെ കൈയിലേക്ക് എന്നെ കൊടുത്തപ്പോൾ തമ്പുരാട്ടിയുടെ മിഴികൾ ഈറനായത് ഞാൻ വേദനയോടെ കണ്ടു. അവരുടെ മിഴിനീർ കണങ്ങൾ എന്റെ താന്ത്രികളിലൂടെ ഒഴുകിയിറങ്ങി. ഞാൻ അലറിക്കരഞ്ഞെങ്കിലും എന്റെ രോദനം ആരും കേട്ടില്ല. പരുക്കനായ ആ മനുഷ്യന്റെ കൈകളിൽ കിടന്നെനിക്ക് ശ്വാസം മുട്ടി. ശ്വാസം മുട്ടി പിടയുമ്പോൾ തന്റെ ബലിഷ്ഠമായ കരം കൊണ്ടു അയാൾ ഒന്നുകൂടി ബലമായി എന്നെ പിടിച്ചു ഞെരിച്ചു. എന്റെ ബോധം പതുക്കെ മറയുകയായിരുന്നു.
ബോധം വീണപ്പോൾ ഞാൻ ഏതോ ഒരു ബംഗ്ലാവിലായിരുന്നു. പതുക്കെ ചുറ്റുപാടൊക്കെ ഒന്നു കണ്ണോടിച്ചു. നിശബ്ദത തളം കെട്ടി കിടക്കുന്ന വലിയൊരു ഹാൾ. തംബുരു, മൃദംഗം, രുദ്ര വീണ, ചെണ്ട തുടങ്ങി ധാരാളം വാദ്യങ്ങൾ അവിടെ ഉണ്ടായിരുന്നു. എങ്കിലും തമ്പുരാട്ടിയുടെയും, കോവിലകത്തിന്റെയും ഓർമകളിൽ എന്റെ മിഴികൾ സജലങ്ങളായി.
ആ ആജാനബാഹു മൂന്നു നാലു പ്രാവശ്യം വീണാവാദനത്തിനായി വന്നിരുന്നു. അയാളുടെ പരുപരുത്ത വിരലുകൾ ഒരു ദാക്ഷിണ്യവും ഇല്ലാതെ എന്റെ തന്ത്രികളെ വേദനിപ്പിച്ചു കൊണ്ടിരുന്നു. അമർഷവും, വേദനയും സഹിക്കാനാവാതെ ഞാൻ അപശ്രുതി വരുത്തികൊണ്ടേയിരുന്നു. അയാളുടെ മുഖവും, കണ്ണുകളും ദേഷ്യം കൊണ്ടു ചുമന്നു. പെട്ടെന്നു വർദ്ധിച്ച കോപത്തോടെ തറയിലേക്ക് ശക്തിയായി എന്നെ വലിച്ചെറിഞ്ഞു ആക്രോശിച്ചു കൊണ്ടയാൾ പോയി. പിന്നീട് ഒരിക്കലും അയാൾ വീണ വായിക്കാൻ വന്നതെ ഇല്ല..
ആരാലും ശ്രദ്ധിക്കപ്പെടാതെ ആ വലിയ ഹാളിന്റെ ഒരു മൂലയിൽ ഞാൻ പൊടി പിടിച്ചു കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ‘വാദ്യങ്ങളുടെ സമന്വയ സൃഷ്ടി’ അവിടെ ഒരു ഭാഗത്തു തകൃതിയായി നടക്കുന്നു. അപ്പോൾ കാഴ്ച്ചയിൽ സൗമ്യനാണെന്നു തോന്നിക്കുന്ന ഒരു താടിക്കാരൻ എന്റെ സമീപം വന്ന് അത്ഭുതത്തോടെ നോക്കി. എന്നിട്ടു എന്റെ ശരീരത്തിലെ പൊടി മൃദുവായി തുടച്ചു നീക്കികൊണ്ടു ആ ആജാനബാഹുവിനോടായി ചോദിച്ചു
“ഈ വീണയാകെ പൊടിപിടിച്ചു നാശമായിരിക്കുന്നല്ലോ !! ഇതെന്താ ഉപയോഗിക്കാറില്ലേ “?
ആജാനബാഹുവിന്റെ മറുപടി ഉടനെ വന്നു
“ഏയ് അതു കൊള്ളില്ല, അപശ്രുതിയേ വര്വള്ളൂ…… വല്ല ആക്രിക്കാരനും കൊടുക്കണം “.
ഒരു നിർവികാരതയോടെ ഞാനതു കേട്ടിരുന്നു.
“മോഹത്തിന്റെയും, സങ്കല്പത്തിന്റെയും, വിഷാദത്തിന്റെയും തന്ത്രികളെ എന്റെ മന്ത്രികസ്പർശത്താൽ ഞാനുണർത്തും “വശ്യമായ മന്ദഹാസത്തോടെ ആ താടിക്കാരൻ എന്നെ നോക്കി മന്ത്രിച്ചു.
വളരെ മൃദുവായി എന്നെ തുടച്ചു വൃത്തിയാക്കിയതിനു ശേഷം അയാളുടെ ഷർട്ടിന്റെ പോക്കറ്റിൽ ഇരുന്ന ഒരു പനിനീർപൂവ് എന്നെ ചൂടിച്ചു. നീണ്ടവിരലുകൾ കൊണ്ടു എന്നെ തഴുകി തലോടി. എന്റെ അമർഷവും, നീരസവും, വിഷമവും എല്ലാം ഒരു ഹിമകണം പോൽ ഞൊടിയിടയിൽ അലിഞ്ഞു പോയി. അയാളുടെ മന്ത്രികവിരൽ സ്പർശത്താൽ എന്നിൽ നിന്നൊഴുകിയ നാദം അവിടെയാകെ പ്രതിധ്വനിച്ചു. ആ ഹാളിൽ ഉണ്ടായിരുന്നവർ എല്ലാം മധുരമായ വീണാനാദം ശ്രവിക്കാൻ എനിക്കു ചുറ്റും വന്നു നിന്നു. വായന കഴിഞ്ഞ് അയാൾ ഭദ്രമായി പൊതിഞ്ഞു വളരെ ശ്രദ്ധയോടെ എന്നെ ഒരു പീഠത്തിൽ വെച്ചു. അപ്പോൾ ചുറ്റും കൂടിനിന്നവരെല്ലാം അയാളെ അനുമോദിക്കുന്നുണ്ടായിരുന്നു.
തുടർന്നുള്ള ഓരോ ദിവസവും ഞാൻ അയാളുടെ വരവും പ്രതീക്ഷിച്ചിരുന്നു. അയാളെന്നും പനിനീർപ്പൂക്കൾ എന്നെ ചൂടിച്ചുകൊണ്ടിരുന്നു. ഓരോ ദിവസവും എന്നെ പൊതിഞ്ഞു വെച്ചിരിക്കുന്ന പട്ടുതുണി മാറ്റുമ്പോൾ എന്നെ നോക്കി അയാൾ മന്ദഹസിക്കും.
“നിനക്കു സുഖമാണോ ” എന്നു ചോദിക്കും പോലെ.
അങ്ങനെ, പതുക്കെ ഞാനയാളെ പ്രണയിക്കാൻ തുടങ്ങി. ഞാൻ അയാളുടെ കാമുകിയാണെന്നു സ്വയം സങ്കൽപ്പിച്ചു. അയാളുടെ അംഗുലീസ്പർശത്താൽ എന്റെ തന്ത്രികൾ മധുരതരമായ നാദം പുറപ്പെടുവിക്കാൻ തുടങ്ങി. അങ്ങനെ ഭൂമിയിലും സ്വർഗ്ഗമുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു. പക്ഷെ, മനുഷ്യർക്കു ഞങ്ങളുടെ ഹൃദയവികാരങ്ങളൊന്നും മനസ്സിലാക്കാനുള്ള കഴിവില്ലല്ലോ. അവരെ സംബന്ധിച്ചിടത്തോളം ഞങ്ങൾക്ക് ജീവചൈതന്യം ഇല്ല. അവരുടെ വെറുമൊരു വിനോദോപാധിക്കുള്ള ഒരു ഉപകരണം മാത്രമാണ് ഞങ്ങൾ.
അങ്ങനെ വർഷങ്ങൾ കുറെ കടന്നു പോയി. ഒരു ദിവസം അയാൾ വന്നപ്പോൾ കൂടെ സുന്ദരിയായ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. അവരുടെ സംസാരവും, തൊട്ടുരുമ്മിയുള്ള നടത്തവും കണ്ടപ്പോൾ തന്നെ എനിക്ക് അസൂയ മുള പൊട്ടാൻ തുടങ്ങി. അയാൾ പതിവ് പോലെ സുസ്മേരവദനനായി വന്ന് സാവധാനം എന്നെ എടുത്തു മടിയിൽ വെച്ചു. പതിവുപോലെ പനിനീർ പൂവ് പോക്കറ്റിൽ നിന്നും എടുത്ത് എന്നെ ചൂടിക്കാനൊരുങ്ങി. പക്ഷെ പെട്ടെന്നയാൾ ആ പനിനീർ പൂവ് ആ പെൺകുട്ടിയുടെ മുടിയിൽ തിരുകി വെച്ചു. സ്വല്പം നാണത്തോടെ പുഞ്ചിരി തൂകി ആ പെൺകുട്ടി അയാളോട് കുറച്ചു കൂടി ചേർന്നിരുന്നു. എനിക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്. പതിവായി എന്നെ ചൂടിക്കുന്ന പനിനീർപൂവ് ഇന്നിതാ ആ പെൺകുട്ടിയുടെ അളകങ്ങളിൽ ശോഭിക്കുന്നു. ഞാൻ അസൂയയോടെ അവളെ നോക്കി. ശില്പചാതുര്യം ഒത്തിണങ്ങിയ അംഗലാവണ്യത്തിന് ഉടമയായിരുന്നു അവൾ. അന്നയാളുടെ അംഗുലീ സ്പർശം എനിക്കു അരോചകമായി തോന്നി. അപശ്രുതികൾ ഉയരാൻ തുടങ്ങിയപ്പോൾ അയാൾ വീണാ വാദനം നിർത്തി പ്രണയിനിയോട് സല്ലപിക്കാൻ തുടങ്ങി. പിന്നീടുള്ള ദിനങ്ങളിൽ അയാളുടെ കൂടെ ആ പെൺകുട്ടിയും വരുന്നത് പതിവായി.
ഒരു മർത്യനെ പ്രണയിച്ച എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. മർത്ത്യർക്ക് അവരുടെ വിവിധ ഭാവത്തിലുള്ള വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള വെറും ഒരു ഉപകരണം മാത്രമാണ് ഞങ്ങൾ. അവരെ പോലെ തന്നെ ഞങ്ങൾക്കും വികാരവിചാരങ്ങൾ ഒക്കെ ഉണ്ടെന്നു അവർക്കറിയില്ലല്ലോ. സ്വന്തം തെറ്റു തിരിച്ചറിഞ്ഞപ്പോൾ, പിന്നീടുള്ള ദിനങ്ങളിൽ ആ താടിക്കാരന്റെയും, പ്രണയിനിയുടെയും സന്തോഷനിമിഷങ്ങളിൽ ഞാനും പങ്കു ചേർന്നു. എന്റെ തന്ത്രികൾ തലോടി അയാൾ നാദമുണർത്തുമ്പോൾ അവൾ അതിമനോഹരമായി നൃത്തം ചെയ്യും.
ഒരു ദിവസം പതിവായി വരുന്ന സമയം കഴിഞ്ഞിട്ടും അവരെ കണ്ടില്ല. ഇരുൾ പരക്കാൻ തുടങ്ങി. ഞാൻ ചെറിയ പരിഭ്രാന്തിയിലായി. അപ്പോളതാ അയാൾ തീരെ നടക്കാൻ വയ്യാത്തത് പോലെ വേച്ചു വേച്ചു വരുന്നു. അയാൾ എന്നെ എടുത്തു മടിയിൽ വെച്ചു വായിക്കാൻ തുടങ്ങി. അയാളുടെ വിരലുകൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. ചന്ദനത്തിന്റെയും, പിച്ചിയുടെയും സുഗന്ധത്തിന് പകരമായി അയാളിൽ നിന്നും ഉയർന്നു വന്നത് ഏതോ മദ്യത്തിന്റെയും, സിഗററ്റിന്റെയും രൂക്ഷഗന്ധമായിരുന്നു. എനിക്കു ഛർദിക്കാൻ വന്നു. കൈകൾ വിറക്കുന്നതിനാൽ അയാൾക്കു എന്റെ തന്ത്രികളെ ശരിയായി മീട്ടാൻ കഴിയുന്നുണ്ടായിരുന്നില്ല. കുറച്ചു കഴിഞ്ഞതിനു ശേഷം അയാൾ വായന നിർത്തി, എങ്ങോട്ടോ വേച്ചു വേച്ചു നടന്നു പോയി. അയാളെ എന്തോ മാനസികമായി തളർത്തിയിട്ടുണ്ടെന്നു എനിക്കു മനസ്സിലായി.
പിന്നീടുള്ള ദിനങ്ങളിൽ അയാൾ ഏകനായിട്ടാണ് വന്നിരുന്നത്. ആ പെൺകുട്ടിയെ അയാൾക്കു നഷ്ടപെട്ടിട്ടുണ്ടാവുമെന്നു ഞാനൂഹിച്ചു. അയാളിപ്പോൾ പൂർണമായും മദ്യത്തിനടിമയായി കഴിഞ്ഞിരുന്നു. അയാളുടെ വികാരങ്ങൾ തീർക്കാനുള്ള ഒരു ഉപാധി മാത്രമായി വീണ വായന. അയാളുടെ പരിതാപകരമായ അവസ്ഥ മനസ്സിലാക്കി അപശ്രുതി ഇടാതെ ഞാൻ പരമാവധി അയാളുമായി സഹകരിച്ചു. വീണവായന കഴിഞ്ഞ്, അയാളുടെ വികാരവിക്ഷോഭങ്ങൾ അടങ്ങുമ്പോൾ എന്നെ ആ തറയിൽ തന്നെ ഉപേക്ഷിച്ചു ഒന്നു തിരിഞ്ഞു പോലും നോക്കാതെ അയാൾ പോവും. പഴയതു പോലെ സ്നേഹപ്രകടനങ്ങൾ ഒന്നുമില്ല. പണ്ട് ചെയ്യുന്നത് പോലെ പീഠത്തിൽ കൊണ്ടു വെച്ച്, പട്ടുതുണിയിട്ടു പുതപ്പിക്കുകയോ, സൗഖ്യമാണോ എന്നു ചോദിക്കലോ ഒന്നുമില്ല ഇപ്പോൾ.
ആ ദിവസം… ആ ദിവസം ഒരിക്കലും എനിക്കു മറക്കാൻ പറ്റില്ല. ജീവിതത്തിലെ ഒരു കറുത്ത അദ്ധ്യായമായിരുന്നു അന്ന്. അയാൾ അന്നു വളരെ അധികം ക്ഷീണിതനായി കാണപ്പെട്ടു. അയാളെ ഒന്നാശ്വസിപ്പിക്കാൻ പോലും കഴിയാത്ത എന്റെ നിസ്സഹായാവസ്ഥയിൽ ഞാൻ വേദനിച്ചു. ഞാൻ വെറുമൊരു വീണയല്ലേ.. മർത്യനല്ലല്ലോ. വിരഹത്തിന്റെ തീവ്രത അംഗുലികളിൽ ആവാഹിച്ചു അയാൾ എന്റെ തന്ത്രികൾ മീട്ടി തുടങ്ങി. വായന കഴിഞ്ഞപ്പോൾ അയാൾ മുഖം എന്റെ നീണ്ട കഴുത്തിലേക്ക് ചായ്ച്ചു.. കുറെ നേരം അങ്ങനെ കിടന്നു. പാവം കുറച്ചു നേരം അങ്ങനെ കിടന്നോട്ടെ എന്നു ഞാനും വിചാരിച്ചു. ഇടക്കെപ്പോഴോ ഞാനും ഒന്നു മയങ്ങി.
എന്തെക്കെയോ ഒരു ബഹളം കേട്ടാണ് ഞാൻ ഉണർന്നത്. നോക്കിയപ്പോൾ രണ്ടു മൂന്ന് പേർചേർന്ന് അയാളെ താങ്ങി എടുക്കുന്നു. മുഖത്തും ശരീരത്തും എല്ലാം രക്തം പുരണ്ടിരിക്കുന്നു. അയാൾ രക്തം ഛർദ്ദിച്ചിരിക്കുന്നു. അവരെല്ലാം അയാളെ താങ്ങി എടുത്തുകൊണ്ടു പോയി. എന്റെ കഴുത്തിലും ശരീരത്തിലും എല്ലാം അയാളുടെ രക്തം തളം കെട്ടിക്കിടന്നു. പിന്നീടൊരിക്കലും ഞാൻ അയാളെ കണ്ടില്ല. അയാൾ എന്നെ തേടി വന്നതും ഇല്ല. തന്റെ പ്രണയിനിയുടെ പാതയിലൂടെ അയാളും പോയിക്കാണും. എങ്കിലും വെറുതെ ഞാൻ ആ മന്ത്രികസ്പർശനത്തിനു വേണ്ടി വർഷങ്ങൾ പോയതറിയാതെ കാത്തിരുന്നു.
ഞാനൊരു വിഷാദ മൂകാവസ്ഥയിലായി. അപശ്രുതികൾ മാത്രം പിറവി എടുക്കുന്ന വീണയായി മാറി ഞാൻ…. ആരും വായിക്കാതെ ആ ബംഗ്ലാവിന്റെ ഇരുട്ടുമുറിയിൽ കിടന്ന് എന്റെ തന്ത്രികൾ എല്ലാം തുരുമ്പിച്ചു.
അതാ….. ആ… വലിയ ഗേറ്റ് ഇപ്പോൾ മലർക്കെ തുറന്നു.
ബംഗ്ലാവിന്റെ ഉടമയായ ആ ആജാനബാഹു തുരുമ്പിച്ചതും, കേടായതും ഒക്കെ ആയ വാദ്യോപകരണങ്ങളെല്ലാം കൊണ്ടു പോവാൻ ആരെയോ ഏർപ്പാടാക്കിയിട്ടുണ്ട്. അയാളുടെ വരവ് വിളിച്ചറിയിക്കുന്ന വാഹനത്തിന്റെ ഹോണടി ശബ്ദം കാതുകളിൽ മുഴങ്ങുന്നു . ആ വാഹനത്തിൽ നിന്നും രണ്ടു പേർ ചാടിയിറങ്ങി. മുറ്റത്തു ചിതറിക്കിടന്ന ഞങ്ങളെയെല്ലാം അവർ ഒരു ദാക്ഷിണ്യവും ഇല്ലാതെ വാഹനത്തിലേക്ക് വലിച്ചെറിഞ്ഞു. അവരുടെ കണ്ണുകളിൽ ഞങ്ങളെല്ലാം വെറും ജഡങ്ങൾ ആണല്ലോ. ഇപ്പോൾ എന്റെ നീണ്ട കഴുത്ത് പൂർണമായും ഒടിഞ്ഞു. ഏഴു തന്ത്രികളും പൊട്ടി തകർന്നു, ഒറ്റത്തടിയിൽ തീർത്ത കുടം പോലെയുള്ള ദേഹം ഛിന്നഭിന്നമായി. അങ്ങനെ അനശ്വരമായ നിദ്രയിലേക്ക് ഞാൻ വഴുതി വീണു.