കുറച്ചു വര്‍ഷങ്ങള്‍ക്ക് മുൻപ് പ്രോജെക്റ്റ് ഗുട്ടെന്‍ബര്‍ഗ് എന്ന പേരില്‍ പല കാലങ്ങളില്‍ എഴുതപ്പെട്ട പതിനഞ്ചായിരത്തോളം പുസ്തകങ്ങളുടെ എഴുത്തുകാരെ; പലകാലങ്ങളില്‍ എഴുതിയ അവരുടെ എഴുത്തിന്റെ രീതികളുടെ സാമ്യതകള്‍ കൊണ്ട് അടയാളപ്പെടുത്തുവാന്‍ നടത്തിയ ഒരു ശ്രമത്തെ പറ്റി വായിച്ചിരുന്നു. പതിനൊന്നു സ്വഭാവത്തില്‍ പെട്ട എഴുത്തുരീതികളായി മേല്‍പ്പറഞ്ഞ എഴുത്തുകാരെ തരംതിരിക്കാനായ ആ ശ്രമത്തില്‍ ചില രസകരമായ വെളിപ്പെടുത്തലുകളും ഉണ്ടായി. ഭാഷ, ഭാവന, ആഖ്യാനത്തിലുള്ള വ്യത്യസ്തതകള്‍ എന്നീ വേറിട്ട് നില്‍ക്കലുകള്‍ക്ക് ഉപരിയായ ചില സാമ്യതകള്‍ ഈ എഴുത്തുകാര്‍ക്ക് ഇടയിലുണ്ട് എന്ന കണ്ടെത്തല്‍ ഈ പ്രോജക്റ്റ് വായിച്ച കാലത്ത് അത്ഭുതകരമായി തോന്നിയ ഒരു വസ്തുതയാണ്.
എഴുത്തിനെ ജീവിതത്തോട് ബന്ധിപ്പിക്കുന്നതോ എഴുത്തില്‍ നിന്ന് വേര്‍പെട്ടു നില്‍ക്കുന്നതോ ആയ എന്തെല്ലാമാണ് ജീവിതത്തിലുള്ളത് എന്നു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന, എഴുത്തിന്റെതായ ആ മുന്നോട്ട് എറിയപ്പെട്ട കല്ലിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍, ഭാവനയുടെ ആന്തരിക ലോകത്തെ ജീവിതത്തോട് ബന്ധിപ്പിക്കുന്ന ഒരെഴുത്തുകാരനെ വായിച്ചുകൊണ്ടിരുന്ന കാലം കൂടിയായിരുന്നു അത്.
വായിച്ച ലോകത്തെ പറ്റി, ആ എഴുത്തുകാരന്‍ സൃഷ്ടിച്ച ഉന്മാദലോകത്തിന്റെ പല അടരുകളെ പറ്റി, അത്തരം യാത്രകളുടെ അനുഭവത്തെ പറ്റി ബാഹ്യലോകത്തോട് പറയാന്‍ വാക്കുകള്‍ കിട്ടാത്ത വിധം വായന ഒരു ഉന്മാദകാലമായിരുന്നു. വായനക്കാരന്റെ ആന്തരിക ലോകങ്ങളില്‍ അയാള്‍ സൃഷ്ടിച്ച ഇടങ്ങള്‍ വായനയുടെ ആത്മാവിനോട് അത്രയേറെ ഇഴുകി നിന്നിരുന്നു. എഴുത്തുകാരന്‍, കവി എന്നൊക്കെ സ്വയം പരിചയപ്പെടുത്താന്‍ മടിയുള്ള ഇതെഴുതുന്ന വായനക്കാരനാവട്ടെ, വായിച്ച കൃതികളില്‍ സൃഷ്ടിക്കപ്പെട്ട എഴുത്തുകാരുടെ കൂട്ടം ചേരല്‍, അവരുടെ കുറ്റകൃത്യങ്ങളിലെ കവിത നുരയുന്ന ഒളിയിടങ്ങൾ എന്നിവയൊക്കെ ഒട്ടും പരിചിതമല്ലാത്ത ഒരു ഇടത്തെപ്പറ്റിയുള്ള അവിശ്വസനീയയോടെ വായിച്ചു പോന്നു. എഴുത്തുകാരില്‍ ഒളിച്ചു പാര്‍ക്കുന്ന ഒരു കുഴലൂത്തുകാരനെ പറ്റിയുള്ള സങ്കല്‍പമാവട്ടെ ദൃഡമായിക്കൊണ്ടുമിരുന്നു. എഴുത്തുകാരന്റെ കുഴലൂത്ത് പ്രകോപനത്തെ തന്റെ ഭാവനയുടെ വിത്തായി ഉള്‍ക്കൊണ്ട്, ഉള്ളില്‍ ഒരു മായായാത്രയ്ക്ക് തയ്യാറെടുക്കുന്ന കുട്ടിയായിരുന്നു ഞാൻ എന്ന വായനക്കാരനപ്പോള്‍. മറ്റൊരു ഭാഷയില്‍ അന്‍പതോളം വര്‍ഷമെന്ന ചെറിയ ജീവിതകാലം കാലം വലിയ ഒരു ലോകത്തെ വിട്ടുപോയ ഇടത്ത് അവശേഷിപ്പിച്ച ആളായിരുന്നു ആ എഴുത്തുകാരന്‍. അയാളെ തേടി മരണശേഷം അംഗീകാരങ്ങളെത്തി. അയാളുടെ അപൂര്‍ണ്ണമായ കൃതിയ്ക്ക് പോലും വ്യത്യസ്തങ്ങളായ വായനകള്‍ ഉണ്ടായി. അത് ഭാഷകളുടെ അതിരുകളെ ഭേദിച്ച് മലയാളമെന്ന കൊച്ചു ഭാഷയിലുമെത്തി. അതിനും മുന്നേ അയാളുടെ ആംഗലേയത്തിലേക്ക് മൊഴിമാറ്റപ്പെട്ട കഥകളും കവിതകളും നോവലുകളും ചുരുക്കം ചില മലയാള വായനക്കാരെ അതിശയിപ്പിച്ചിരുന്നു താനും.
ഏറെ യാദൃശ്ചികമായി, മുന്നേ പറഞ്ഞ മറ്റൊരു ഭാഷയിലെ എഴുത്തുകാരനെ വായിച്ചു കൊണ്ടിരുന്ന അതേ കാലത്തും, അതിനു ശേഷമുള്ള കഴിഞ്ഞ കുറെ വര്‍ഷങ്ങളിലും മലയാളത്തില്‍ എഴുതിയിരുന്ന പ്രിയപ്പെട്ട മറ്റൊരു എഴുത്തുകാരന്റെ കൃതികളില്‍ ആദ്യം പറഞ്ഞ എഴുത്തുകാരന്റെ തുടര്‍ച്ചയുടെ അടയാളങ്ങളെ അനുഭവിക്കാനാവുന്നു. ഈ തുടര്‍ച്ച ബോധപൂര്‍വം സൃഷ്ടിച്ചെടുത്ത ഒന്നല്ല എന്ന അചഞ്ചലമായ ബോധ്യത്തെ പറ്റി ആദ്യമേ പറഞ്ഞു കൊള്ളട്ടെ. അതിശയിപ്പിക്കുന്ന സമാനതകള്‍ വലിയൊരു അളവുവരെ ആനന്ദത്തിന്റെതാണ്. ഈ ആനന്ദം വായനയുടെ തുടര്‍ ആഘോഷങ്ങളുമാണ്.
മേല്‍ പറഞ്ഞ രണ്ടു പേരെ വായിക്കുന്ന സമയത്ത്, ഏതാണ്ട് അതേ കാലത്ത് എന്റെ ഭാഷയിലെ ഒരു ചെറുപ്പക്കാരനായ എഴുത്തുകാരന്‍ അപ്പോള്‍ ജീവിച്ചിരിക്കാത്ത വിദേശിയായ എഴുത്തുകാരനെ പറ്റി, “അയാള്‍ എന്റെ കൃതികള്‍ വായിക്കാത്ത സ്ഥിതിക്ക് ഞാനയാളെയും വായിച്ചിട്ടില്ല” എന്നോ മറ്റോ പറയുകയുണ്ടായി. “ഈ ഭാഷയിലും, ഈ രാജ്യത്തും ഒരു ചെറുപ്പക്കാരനായ എഴുത്തുകാരന്‍ എത്താവുന്ന ദൂരങ്ങള്‍ എല്ലാം താണ്ടിയ ഞാനെന്ന്” ആ മലയാളി എഴുത്തുകാരന്‍ മറ്റൊരിടത്ത്, മറ്റൊരു രാജ്യത്ത് വച്ച് പറയുമ്പോള്‍ കേള്‍വിക്കാരനായിരുന്നു, ഞാൻ എന്ന വായനക്കാരന്‍. അസൂയാവഹമായ നേട്ടങ്ങളാണ് ഇവയൊക്കെ എന്ന മട്ടില്‍ ചെറുപ്പക്കാരനായ എഴുത്തുകാരന്‍ പറയുമ്പോള്‍ ഞാന്‍ മറ്റൊരു കാര്യമോര്‍ത്തു. അന്ന് ചെറുപ്പക്കാരന്റെ വിവാദപരമായ ആ സംഭാഷണത്തിന് മറുപടിയെന്നെന്നോണം ഏറെ മുന്നേ മരിച്ചു പോയ മറ്റൊരു ദേശത്തെ, ഞാനപ്പോള്‍ വായിച്ചു കൊണ്ടിരുന്ന പുസ്തകങ്ങളുടെ സൃഷ്ടാവായ എഴുത്തുകാരന്‍, മലയാളിയായ ആ എഴുത്തുകാരനെ അഭിസംബോധന ചെയ്തെഴുതുന്നു എന്ന മട്ടില്‍ മലയാളത്തിലെ മറ്റൊരു പ്രമുഖ എഴുത്തുകാരന്‍ ഒരു കത്തെഴുതി. ആ കത്ത് പച്ചക്കുതിര മാസികയിലോ മറ്റോ പ്രസിദ്ധീകരിച്ചു വന്നിരുന്നു.
റോബര്‍ട്ടോ ബോലാനോ (അതോ ബോലാഞ്ഞോ-യെന്നോ) യെ വായിച്ചു കൊണ്ടിരുന്ന കാലത്തെ പറ്റിയായിരുന്നു ആദ്യം പറഞ്ഞത്. ബോലാനോയായിരുന്നു എഴുത്തിലെ ആ പൈഡ്പൈപ്പര്‍. ഒട്ടൊരുഹാസ്യ രൂപേണ എന്ന് തോന്നിപ്പിക്കുന്ന വിധം ചിലിയിലെ ഒരു കാലത്തെ രാഷ്ട്രീയ സാഹചര്യത്തെ പറ്റി, കവികളെ, വിപ്ലവകാരികളെ, സാഹസികനായ ഒരു ആകാശയാത്രികനെ പറ്റി പറഞ്ഞ നോവല്‍ ഡിസ്റ്റന്റ് സ്റ്റാർ ആയിരുന്നു ആദ്യ വായന. ആനോവലിലെ മാജിക്കല്‍ റിയലിസം തുളുമ്പുന്ന കവികളുടെയും എഴുത്തുകാരുടെയും ജീവിതചര്യകള്‍, കവികളുടെയും എഴുത്തുകാരുടെയും കൂട്ടംചേരലുകള്‍; ഇവയൊക്കെ ജീവിതവും കാലവും എഴുത്തും തമ്മിലെ വേര്‍പിരിക്കാനാവാത്ത എന്തോ ഒന്ന് ഈഎഴുത്തുകാരനെ കൂടുതല്‍ കൂടുതല്‍ വായിക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെയാണ് അമ്യൂലെറ്റ്, 2666, സാവേജ് ഡിക്ടറ്റീവ്സ് തുടങ്ങിയ മറ്റു പല കൃതികളിലുമെത്തിയത്. ഒടുവിലായാണ് ബോലാഞ്ഞോയുടെ ആദ്യ നോവല്‍, മൂന്നു ആണ്‍കഥാപാത്രങ്ങളുടെ ഏറ്റുപറച്ചിലിന്റെ ആഖ്യാനരീതി അവലംബിച്ച ദി സ്‌കേറ്റിങ് റിങ്ക് വായിക്കുന്നത്. പരിമിതവും ലഭ്യമായതുമായ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ ബോലാനോയുടെ ആഖ്യാനത്തിന്റെ, എഴുത്തില്‍ പൊതുവായി വന്നു പോവുന്ന കവികളുടെയും വിപ്ലവകാരികളുടെയും സാന്നിധ്യം, അവരുടെ അപകടകരമാം വിധം സാഹസിക ജീവിതവും കൂട്ടായ്മയും, പലപ്പോഴും ഒരുമുത്തശ്ശിക്കഥയെന്ന മട്ടില്‍പറയുന്ന, പ്രവാസ ജീവിതത്തിന്റെ ഒളിവും നിറവും, അതിന്റെ അനിശ്ചിതത്വങ്ങള്‍ ഒക്കെ വായനക്കാരന്റെ വിശപ്പിനെ ഒടുക്കാനും എഴുത്തിലേക്ക് പ്രകോപിപ്പിച്ചു കൂടെ വരാനും കാരണമായിട്ടുണ്ടാവണം, ഒരുപരിധിവരെ. പലപ്പോഴും വായനാനുഭവമെന്നത് ദൃശ്യങ്ങളുടെ ഒരു പത്മവ്യൂഹമായിതോന്നാറുണ്ട്. പുറത്തിറങ്ങാന്‍ ശ്രമിക്കുന്തോറും ഉള്ളില്‍ കുടുക്കിയിടുന്ന ഒരുലാബറീന്ത് .കവികളുടെ ഉന്മാദതുല്യമായ ഇടപെടലുകള്‍ എൻഡ് ലെസ് പൊയട്രി എന്നചലച്ചിത്രത്തിലും മറ്റും പിന്നീട് കണ്ടിട്ടുണ്ട്.
അതേ കാലത്തും, കഴിഞ്ഞ ഏഴു വര്‍ഷമായും മലയാളത്തിലെ മറ്റൊരു എഴുത്തുകാരനെ ബോലാഞ്ഞോയുടെ വാക്കുകളുടെ, ആന്തരിക ലോകത്തിന്റെ നിഴല്‍ പറ്റിയുള്ള നടത്തമെന്നോണം വായിച്ചു പോന്നു. കരുണാകരന്‍ എന്ന ആ പ്രിയപ്പെട്ട എഴുത്തുകാരന്‍ ഈ വര്‍ഷങ്ങളില്‍ തന്‍റേതു മാത്രമായ ഭാവനയുടെ മറ്റൊരു ലോകത്തില്‍ തന്‍റേതു മാത്രമായ ഒരു ഭാഷയില്‍ താന്‍ കടന്നു പോന്ന ജീവിതത്തെയും കാലത്തെയും പറ്റി എഴുതുന്നു എന്ന് തോന്നിപ്പിക്കുന്ന മട്ടില്‍, തന്റെ സമകാല ജീവിതത്തോടും കാലത്തോടും ചേര്‍ന്നു നില്‍ക്കുന്ന പുതു ഭാവുകത്വത്തെ വെളിപ്പെടുത്തിക്കൊണ്ടിരുന്നു. പലപ്പോഴും മുറകാമിയുടെ, ബോലനോയുടെ പാമുകിന്റെയൊക്കെ ഭാവനയോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു എഴുത്ത് ലോകം അയാള്‍ക്ക് ചുറ്റുമുണ്ട് എന്ന് അനുഭവിപ്പിച്ചു കൊണ്ടിരുന്നു. എന്റെ ദ്വിഭാഷാ കവിതാ സമാഹാരമായിരുന്ന ടെക്വിലയുടെ ആമുഖത്തില്‍ കവിതയിലെ ചിത്രണത്തെ പറ്റി എഴുതുന്നതില്‍ കരുണാകരന്‍ അല്ലാതെ മറ്റൊരാളെ മനസ്സില്‍ വന്നിരുന്നില്ല. സമൂഹമാധ്യമം ആശയകൈമാറ്റങ്ങളുടെ വേഗത കൂട്ടിയ വര്‍ഷങ്ങളില്‍ കരുണാകരനുമായി നിരന്തര സമ്പര്‍ക്കങ്ങളുണ്ടായി. അത് എഴുത്തിന്റെ, വായനയുടെ പുതിയ ദിശാബോധം നല്‍കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
കരുണാകരന്‍ എന്ന ആ എഴുത്തുകാരന്റെ മരക്കൊമ്പിലെ കാക്ക, ബൈസക്കില്‍ തീഫ്, യുവാവായിരുന്ന 9 വര്‍ഷങ്ങള്‍ (നോവലുകള്‍), അതികുപിതനായ കുറ്റാന്വേഷകന്‍ (കഥകള്‍) തുടങ്ങി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ആനുകാലികങ്ങളില്‍ വായിച്ച കഥകളുടെ വായനാനുഭവം കൊണ്ട്, ഈ എഴുത്തിന്റെ ഒരു പിന്തുടര്‍ച്ച അത് ബോലാനോയില്‍ ചെന്ന് നില്ക്കുന്നതായുള്ള തോന്നലില്‍ നിന്നാണ് ഈ കുറിപ്പുണ്ടാവുന്നത്. രണ്ടു പേര്‍ക്കും ഇടയിലുള്ള ഭാഷയുടെ സാമ്യത ഈ യാത്രയുടെ ഒരു താക്കോലാണ്. ഉപമകളുടെ അന്യാദൃശമായ വേറിട്ട് നില്‍ക്കല്‍ മറ്റൊരു അടയാളമാണ്.
അത് പ്രിയപ്പെട്ട രണ്ടാമത്തെ എഴുത്തുകാരന്‍ അറിഞ്ഞു സംഭവിക്കുന്നതല്ല എന്ന വിശ്വാസത്തെ, ഉറപ്പിനെ ആദ്യമേ പറഞ്ഞുവല്ലോ.എങ്കിലും ഏറെ അതിശയകരമായി തോന്നുന്ന ഒരു സാമ്യതയെ പറ്റി, അതി സാഹസികമായ ഒരു വെളിവാക്കല്‍ പോലെയുള്ള ആ കാഴ്ചയെ പറ്റി കരുണാകരനോട് തന്നെ പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ഭാഷയിലെ ബോലഞ്ഞോ എന്ന് വിളിച്ച് ചിരിച്ചിട്ടുമുണ്ട്. അങ്ങനെയൊന്ന് അതീവ രസകരമായ ഒന്നായി പങ്കു വെയ്ക്കാന്‍ കരുണാകരനല്ലാതെ മറ്റൊരു എഴുത്തുകാരനുമായുള്ള സൗഹൃദത്തിനുമാവില്ലയെന്നതാണ് ഇങ്ങനെ ഒരു കുറിപ്പിനുള്ള കാരണം തന്നെ.
ഒടുവില്‍ വായിച്ച രണ്ടു പുസ്തകങ്ങളായ യുവാവായ 9 വര്‍ഷങ്ങളിലും സ്കേറ്റിംഗ് റിങ്കിലും ഈ സാമ്യത കാണാനാവും ആഖ്യാനത്തില്‍ രണ്ടു നോവലുകളിലും. രണ്ടു ദേശങ്ങളില്‍, രണ്ടു സാഹചര്യങ്ങളില്‍, രണ്ടു കാരണങ്ങളാല്‍ സംഭവിക്കുന്ന രണ്ടു കൊലപാതകങ്ങളാണ് ഈ നോവലുകളുടെ ഇതിവൃത്തങ്ങള്‍. അത് കേവല സാമ്യതയാണ്. ബോലാനോയുടെ ഏറ്റവും മോശം കൃതികളില്‍ ഒന്നായാണ് സ്കേറ്റിംഗ് റിങ്ക് വിലയിരുത്തപ്പെടുന്നത്. കരുണാകരന്റെ ഏറ്റവും നല്ല നോവലുകള്‍ ഒന്നാണ് യുവാവായ 9 വര്‍ഷങ്ങള്‍. അതിലെ കൊലപാതകത്തിനു വ്യക്തമായ രാഷ്ട്രീയ കാരണങ്ങളുണ്ട്. അതില്‍ ഉള്‍പ്പെടുന്നവര്‍ക്ക്, കൊലപാതകം നടക്കുന്ന രീതിക്ക്, കൊല ചെയ്യപ്പെടുന്ന വ്യക്തിയ്ക്ക് കേരളത്തിന്റെ ഭൂതകാല രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളുമായി ഏറെ ബന്ധമുണ്ട്. ഈ കഥ പറയുന്ന രീതിയില്‍, അതില്‍ യാദൃശ്ചികമായി സംഭവിക്കുന്ന പലതും ബോലനോയുടെ നോവലുകളുടെ രീതികളുമായി ഏറെ ചേര്‍ന്ന് നില്‍ക്കുന്നതായി ഒരു വായനക്കാരന് (എനിക്ക്) തോന്നിയാല്‍ തെറ്റ് പറയാനാവില്ല.
ഇതേ സാമ്യതകള്‍, ഭാവനയുടെതായ ലോകങ്ങള്‍ ബൈസിക്കിള്‍ തീഫിലും (കരുണാകരന്‍) ഡിസ്റ്റന്റ് സ്റ്റാറിനും (ബോലാനോ) തമ്മിലുണ്ട്. രണ്ടിലും എഴുത്തുകാരുടെ കൂടിച്ചേരലുകളുണ്ട്. മരകൊമ്പിലെ കാക്കയിലും അമ്യൂലെറ്റിലും ഭാവനയുടെ സമാനതകളുള്ള അപരലോകങ്ങളുണ്ട്. രാഷ്ട്രീയത്തിന്‍റെയും പ്രവാസത്തിന്‍റെയും അടിയൊഴുക്കുകളുടെ സജീവതയുണ്ട്.ഒന്ന് പരിചിതമായ ലോകമല്ല. മറ്റൊന്നാവട്ടെ ഏറെ പരിചിതമായ സമീപസ്ഥ ഭൂതകാലത്തിന്റെ അടയാളങ്ങളെ പേറുന്നുണ്ട്. അത് കാക്കനാടന്റെയോ ആശാന്‍റെയോ ഓ.വി വിജയന്‍റെയോ ചില കൃതികള്‍ ആരോപിക്കപ്പെടുന്ന തരത്തിലുള്ള ഉള്ളടക്ക സാമ്യതയല്ല. ഈ സജീവയടയാളങ്ങള്‍ ഈ വായനക്കാരനെ ചെടിപ്പിക്കുന്നില്ല. സമകാലത്തെ എഴുത്തിനെ മറ്റൊരു കാലത്ത് ഏറെ വ്യത്യസ്തമായിരുന്ന ഒരുഭാവുകത്വത്തിന്‍റെയും ഭാവനയുടെയും തുടര്‍ച്ചയായി വായിക്കുന്നതിലൂടെ ആനന്ദത്തിനും ഉന്‍മാദത്തിനും മറ്റൊരു കാരണമാവുകയാണ് ഈ കണ്ടെത്തല്‍ എന്ന് പറയട്ടെ; ഏറെ ഇഷ്ടത്തോടെ.
കരുണാകരന്‍: കഥാകൃത്ത്, നോവലിസ്റ്റ്, കവി. ആനുകാലികങ്ങളില്‍ സാഹിത്യ-രാഷ്ട്രീയ സംബന്ധങ്ങളായ പഠനങ്ങള്‍, ലേഖനങ്ങള്‍ എഴുതുന്നു. പ്രസിദ്ധീകരിച്ച കൃതികള്‍: പറയാനിരുന്നത്, പായക്കപ്പല്‍, ഏകാന്തതയെ പറ്റി പറഞ്ഞു കേട്ടിട്ടല്ലേ ഉള്ളൂ, കൊച്ചിയിലെ നല്ല സ്ത്രീ, അതികുപിതനായ കുറ്റാന്വേഷകനും മറ്റു കഥകളും (കഥകള്‍), പരസ്യജീവിതം, ബൈസിക്കിള്‍ തീഫ്, യുദ്ധകാലത്തെ നുണകളും മരക്കൊമ്പിലെ കാക്കയും (നോവല്‍)
റോബര്‍ത്തോ ബോലാഞ്ഞോ: ചിലിയന്‍ നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കവി, ലേഖനകാരന്‍. 1999ല്‍ ദി സാവെജ് ഡിക്ടറ്റീവ്സ് എന്ന നോവലിന് ഗാലഗോസ് പുരസ്‌കാരം. 2666 എന്ന നോവലിന് മരണാനന്തര ബഹുമതി.
പ്രധാന കൃതികള്‍: ദി സ്കേറിംഗ് റിങ്ക്, അമ്യൂലെറ്റ്, 2666, സാവേജ് ഡിക്ടറ്റീവ്സ്, ഡിസ്റ്റന്റ് സ്റ്റാർ, ബൈ നൈറ്റ് ഇൻ ചിലി(നോവൽ), ഡി റൊമാന്റിക് ഡോഗ്സ്, ദി അൺനോൺ യൂണിവേഴ്സിറ്റി (കവിതകൾ). 1953 ഏപ്രിൽ 28 ന് ജനിച്ച്, 2003 ജൂലൈ 15 നു മരിച്ചു.