ഒരു മോഹമുണ്ടെനിക്ക്
മഴയെ പ്രണയിക്കണം
മഴമേഘത്തെ ഗർഭം ധരിക്കണം
നിറസന്തോഷത്തിൻ
പളുങ്കുമണികളാം
മഴകുഞ്ഞുങ്ങളെ പ്രസവിക്കണം
കൊച്ചു കുഞ്ഞുങ്ങളുടെ
കുഞ്ഞി കൈകളിൽ
മഴകുഞ്ഞുങ്ങൾ ആനന്ദനൃത്തം ചവിട്ടണം…
പ്രണയിനികൾക്ക് നടുവിലൊരു
അനുഭൂതിമഴയായ് പെയ്തിറങ്ങണം…
മഴകുഞ്ഞുങ്ങളുടെ കുസൃതിയിൽ
അവരുടെ കണ്ണുകളിൽ
പ്രണയത്തിൻ്റെ നക്ഷത്രങ്ങൾ തിളങ്ങണം.
കുന്നിൻ ചരുവിൽ
ഒറ്റയ്ക്കു താമസിക്കും മുത്തശ്ശിയ്ക്ക്
മതിയാവോളം മഴക്കുഞ്ഞുങ്ങളെ
കൂട്ടിനു കൊടുക്കണം…
ഇളം തെന്നലിനെ കൂട്ടുപിടിച്ച്
കുന്നുകളും, പാടങ്ങളും,
പുഴയും കടന്ന്
ആരെയും നൊമ്പരപ്പെടുത്താതെ
ഒരായിരം മനസ്സുകളിൽ
പെയ്തിറങ്ങണം.