മോക്ഷ

ഡാനിയേൽ തൻ്റെ ആത്മാവിൽ തൊട്ട് നീലകണ്ഠൻറെ കണ്ണുകളിലേക്ക് നോക്കി ഒരുവട്ടം കൂടെ കെഞ്ചി. ഏറെ ആഗ്രഹമുണ്ടായിട്ടും ഒരിറ്റ് കണ്ണുനീർ പൊഴിയാത്ത ഡാനിയേലിൻറെ ചുവന്നുവീർത്ത കണ്ണുകളിൽ നോക്കി ഇത്രനേരം മനസ്സിനെ കല്ലാക്കി പിടിച്ചുനിന്നപോലെ ഇനിയും അയാൾക്ക് കഴിയുമായിരുന്നില്ല. അയാൾ ഡാനിയേലിനോട് സമരസപ്പെടുകയാണ് എന്നതിൻറെ ആദ്യ സൂചകമായി ഏറെ നേരത്തെ നിർവികാരതയെ തകർത്തുകൊണ്ട് അയാളുടെ വായിൽനിന്നും ആ ചോദ്യമുയർന്നു.

“ആർ യൂ ഷുവർ, യു വാണ്ട് ട്ടു ഡു ദിസ്?”

ആ വാക്കുകൾ കേട്ടതോടെ മുഖത്ത് ഇതുവരെ ഒരിക്കൽപോലും വന്നിട്ടില്ലാത്ത വികാരങ്ങൾ ആവിഷ്കരിക്കാൻ തൻ്റെ കഴിവിൻറെ പരമാവധി ഉപയോഗിച്ചുകൊണ്ടിരുന്ന ഡാനിയേൽ ആ ശ്രമം ക്ഷണനേരത്തിൽ അവസാനിപ്പിച്ചു. അയാളിൽ സന്തോഷവും അത്യുന്മാദവും അലതല്ലി. അയാൾ നീലകണ്ഠനോട് ഏറെ ഭക്തിയോടെയും അർപ്പിതഭാവത്തോടെയും പതിഞ്ഞസ്വരത്തിൽ പറഞ്ഞു.

“യെസ്. ദിസ് ഈസ് മൈ ഡെസ്ടിനി, ആൻഡ് നൗ യു ആർ മൈ ലോർഡ്. ലൈക് ഇൻ ഹിന്ദുവിസം യു ആർ ഗ്രാൻഡിങ് മി മോക്ഷ. യു ആർ ദി ഹാൻഡ്‌സ് ഓഫ് ദി ഡിവൈൻ. പ്ലീസ് ബ്ലസി മി, പ്ലീസ് ഫ്രീ മി.”

ആ വാക്കുകൾ കൂടി കേട്ടതോടെ നീലകണ്ഠൻ ഇരുന്നിരുന്ന പാറയിൽനിന്നും ചാടി എഴുന്നേറ്റ് അയാളുടെ ഇരുകൈകളും കൂട്ടിച്ചുരുട്ടി അകത്തുള്ള കൈയ്യുടെ മടക്കിയ ചൂണ്ടുവിരൽ തുടങ്ങുന്നഭാഗത്തായി ആഞ്ഞു കടിച്ചുകൊണ്ട് വിറയ്ക്കുന്ന ശരീരത്തോടെ ദൂരേക്കുനോക്കി അൽപനേരം നിന്നു.

ഒടുവിൽ സാവധാനം അയാളുടെ ശരീരം ശാന്തമായി. അയാൾ തൻ്റെ വിരലിലെ കടി അവസാനിപ്പിച്ച് കൈകൾ ശരീരത്തോട് ചേർത്ത് ഡാനിയേലിനു മുൻപിലായി മുട്ടുകുത്തിനിന്നു. അയാൾ ഡാനിയേലിൻറെ മുഖത്തുനോക്കാതെ അവൻ്റെ കൈകളും കാലുകളും കൂട്ടി കെട്ടിയിരുന്ന തൻ്റെ മുണ്ട് അഴിച്ചെടുത്തു. അതോടെ വില്ല് ആകൃതിയിൽ പൂർണ നഗ്നതയിൽ ഏറെനേരം കഴിഞ്ഞിരുന്ന ഡാനിയേൽ കൈകളും കാലുകളും നിവർത്തി പാറയിൽ മുഖം പതിപ്പിച്ച് അൽപനേരം കിടന്നു. ഒപ്പം മറുവശത്ത് നീലകണ്ഠൻ അതേ പാറയിൽ ദൂരെ തങ്ങളേക്കാൾ ഉയരം കുറഞ്ഞ പർവ്വതനിരകളെ മേഘങ്ങൾ മൂടുന്ന കാഴ്ചയിലേക്ക് കണ്ണുംനട്ട് ഇരുന്നു.

ഇരുവരുടെയും ആ നിമിഷങ്ങൾ കടന്നുപോയി. ഡാനിയേൽ മെല്ലെ കിടപ്പിൽനിന്നും എഴുനേറ്റു. ഒരുവട്ടം നീലകണ്ഠൻനെ സൂക്ഷിച്ചുനോക്കി. ശേഷം അവൻ കൈകളും കാലുകളും പാറയിൽകുത്തി എഴുന്നേറ്റുനിന്നു. അവൻ ഒരുനിമിഷം കൂടെ നീലകണ്ഠനെ നോക്കി. അയാൾ ഇപ്പോൾ ഒന്നും കാണുന്നില്ല, അറിയുന്നില്ല. അയാൾ വിജനതകളിലെ മേഘപരപ്പിൽ ആണ്ടിറങ്ങിയിരിക്കുന്നു. ഒരുപക്ഷെ ആ നിശബ്ദ സാക്ഷിയിലപ്പുറം മറ്റൊന്നും ആകാൻ നീലകണ്ഠനാകില്ല. അക്കാര്യം ഡാനിയേൽ പൂർണമായും മനസ്സിലാകുന്നു.

ഡാനിയേൽ ഒരു ദീർഘശ്വാസം ഉള്ളെലേക്കെടുത്ത് സാവധാനം നിശ്വസിച്ചു. കൈകൾ മുകളിലേക്കുയർത്തി കാൽവിരലുകളിൽ നിന്നുകൊണ്ട് ശരീരം ഒന്ന് വരിഞ്ഞു മുറുക്കി. നിമിഷങ്ങൾക്കുള്ളിൽ വീണ്ടും സ്വാഭാവികതയിലേക്ക് എത്തിയ ഡാനിയേൽ രണ്ടടി പുറകോട്ട് നീങ്ങി. ആ നില്പിൽനിന്നുകൊണ്ട് അയാൾ ഒരുവട്ടംകൂടി നീലകണ്ഠനുനേരെ നോക്കി. നീലകണ്ഠൻ അപ്പോഴും ദൂരെ മേഘപരപ്പുകളിൽ വിഹരിക്കുകയാണ്. ഡാനിയേൽ തൻ്റെ മുഖം നീലകണ്ഠനിൽനിന്നും പിൻവലിച്ച് നേരെ ആക്കി. ഒരിക്കൽക്കൂടി അയാൾ ഒരു ദീർഘശ്വാസം ഉള്ളിലേക്കെടുത്തു, ആ ശ്വാസവും പേറി അയാൾ മുന്നിലേക്ക് കുതിച്ചു. ഏതാനും കാലടികൾക്കപ്പുറം ഡാനിയേൽ ആ പർവ്വതമുകളിൽനിന്നും നോക്കെത്താ ദൂരെ കൊടും കാടുമൂടിയ താഴ്വരയിലേക്കുള്ള തൻ്റെ വിധിയിലേക്ക് യാത്രയായി.


ഡാനിയേൽ പാറയിൽനിന്നും കുതിക്കുന്നത് കണ്ട നീലകണ്ഠൻ അയാളുടെ നിശ്ചലതയിൽനിന്നും ഞെട്ടിയുണർന്ന് എഴുന്നേറ്റുനിന്നു. മുന്നിലെക്കുചാടിയ ഡാനിയേൽ ശരീരം തിരിച്ചുകൊണ്ടു നീലകണ്ഠനെനോക്കി തൻ്റെ വലതുകൈ വിടർത്തി നെറ്റിയിൽ വച്ചുകൊണ്ട് അയാൾക് ഒരു സല്യൂട്ട് നൽകി. ഉടനെ കൈകൾ വശങ്ങളിലേക്ക് വിടർത്തി ആകാശത്തേക്ക് നോക്കികൊണ്ട് അഗാധതയിലേക്കു പോകുന്നതിനിടയിൽ അയാൾ അലറി.

“മോക്ഷാ….”

പതിവുപോലെ നീലകണ്ഠൻ രാവിലെയുള്ള ചായകുടിയും പത്രംവായനയും കഴിഞ്ഞു ചായക്കടയിൽനിന്നും പുറത്തിറങ്ങി. മുറുക്കാൻ കടയിൽനിന്നും ഒരു സിഗരറ്റ് വാങ്ങി കൊളുത്തി പുകയെടുത്ത് നിൽക്കുമ്പോൾ അയാളുടെമുന്നിൽ ഒരു ബസ്സ് വന്നു നിന്നു. നീലകണ്ഠൻറെ സുഹൃത്തായ സുകു ആയിരുന്നു മണ്ണാർക്കാടുനിന്നും വന്ന ആ ബസ്സിൻറെ ഡ്രൈവർ.

“നീലട്ടോ… വൈകീട്ടെന്താ പരിപാടി..?”

സുകു ബസ്സിലിരുന്നുകൊണ്ട് നീലകണ്ഠനോട് കുശലം ചോദിച്ചു.

“എന്താ സുകൂ.. പതിവുപോലൊക്കെത്തന്നെ.”

നീലകണ്ഠൻ പുക പുറത്തേക്കുവിട്ടുകൊണ്ട് മറുപടി നൽകി.

“നീലട്ടോ.. ഇന്ന് ഒന്നാംതിയ്യതിയാണെന്ന് ഞാൻ ഇന്നലെ ഓർത്തില്ല. എൻ്റെ കയ്യിൽ ഒന്നും ഇല്ലട്ടോ. ഇങ്ങടെൽ കോട്ട കാണുമല്ലോ. രാത്രി ഒന്നിരുന്നാലോ.?”

“ഓ.. വന്നട്ട് വിളിക്കി നീയി..”

നീലൻ സുകുവിനെ കൈവീശി യാത്രപറഞ്ഞുകൊണ്ട് മറുപടിനല്കി. സുകുവും നീലനെ തിരികെ കൈവീശി ബസുമായി യാത്രതുടർന്നു.

ബസ്സ് മുന്നോട്ട് നീങ്ങിയപ്പോൾ റോഡിൻറെ മറുവശത്തായി ഒരു സായിപ്പ് ആ ബസ്സിൽ വന്നിറങ്ങിയതായി നീലൻ ശ്രദ്ധിച്ചു. വളരെ വിരളമെങ്കിലും ചിലപ്പോഴെല്ലാം ആദിവാസി സമൂഹങ്ങളെ പഠിക്കാനും, പക്ഷി-മൃഗ നിരീക്ഷകരായവരും, ഫോട്ടോഗ്രാഫർമാരും ആയ വിദേശികൾ അട്ടപ്പാടിയിൽ വരാറുണ്ട്. അവരെല്ലാം മിക്കവാറും ഏതെങ്കിലും സർക്കാർ പ്രോഗ്രാമുകൾ വഴിയാണ് ഇവിടെ എത്തുന്നത് എന്നതിനാൽ പ്രൈവറ്റ് വാഹനങ്ങളാണ് കൂടുതലായി ഉപയോഗിക്കാറുള്ളത്. ടൂറിസ്റ്റുകളായ വിദേശികൾ അട്ടപ്പാടി തിരഞ്ഞെടുക്കുന്നത് അസ്വഭാവികമാണ്. മാത്രമല്ല വന്നിരിക്കുന്ന സായിപ്പിൻറെ പുറത്ത് ബാക്ക്പാക്കോ, കയ്യിൽ ട്രോളിയോ ഇല്ല. അയാളുടെ കക്ഷത്തിൽ ഒരു തുണി സഞ്ചി മാത്രമാണ് ഉള്ളത് അതിനർത്ഥം അയാൾ മേല്പറഞ്ഞ കൂട്ടത്തിൽ പെടുന്ന ആരുമല്ല.

സായിപ്പിനെ നിരീക്ഷിച്ചു നിൽക്കവെ നീലന് വീട്ടിൽനിന്നും ഫോൺ വന്നു. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള ഓർമപ്പെടുത്തലായിരുന്നു ആ കോളിൽ. അയാൾ ഫോൺ കട്ട് ചെയ്ത് നേരെ തൻ്റെ സ്കൂട്ടറിലിനുള്ളിനിന്നും സഞ്ചിയെടുത്ത് മുനിസാമിയുടെ പലചരക്ക് കടയിൽ കയറി. കുശലം പറയുന്നതിനിടയിൽ ഭാര്യ പറഞ്ഞ സാധനങ്ങൾ ഓരോന്നായി മുനിസാമിയോട് പറഞ്ഞു അവ പൊതികളായി സഞ്ചിയിലേക്ക് വച്ചുകൊണ്ടിരിക്കവെ, നേരത്തെകണ്ട സായിപ്പ് ഒരു തുണിക്കടയിലേക്ക് കയറുന്നതായി നീലൻ ശ്രദ്ധിച്ചു.

നീലൻ സാധനങ്ങൾ എല്ലാം വാങ്ങി അൽപനേരം മുനിസാമിയോട് കുശലം പറഞ്ഞു. ശേഷം വെളിയിലേക്ക് ഇറങ്ങി തൻ്റെ സ്കൂട്ടറിനരികിൽ എത്തി. അപ്പോഴേക്കും തുണിക്കടയിൽ കയറിയ സായിപ്പ് മലയാളികൾ ധരിക്കുംവിധം ഒരു മങ്ങിയ പച്ച നിറമുള്ള ഷർട്ടും ചാരനിറത്തിലുള്ള മുണ്ടും ധരിച്ച് ആ തുണിക്കടയിൽനിന്നും വെളിയിലേക്ക് ഇറങ്ങിവന്നു. നേരത്തെ അയാളുടെ കക്ഷത്തിൽ ഉണ്ടായിരുന്ന തുണിസഞ്ചിയുടെ വലിപ്പം കൂടിയതായും നീലൻറെ ശ്രദ്ധയിൽപെട്ടു. അതായത് സായിപ്പ് തൻ്റെ പഴയ വസ്ത്രങ്ങൾ മടക്കി തുണിസഞ്ചിയിൽ വച്ചിരിക്കുന്നു. കടയിൽനിന്നും ഇറങ്ങിയ സായിപ്പ് നീലന് മുൻപിലൂടെ കടന്നുപോയപ്പോൾ അയാൾ ഒരുകാര്യം ശ്രദിച്ചു. ഇറുകിയ ഷർട്ടിൻറെ മുകളിലെ ഏതാനും ബട്ടണുകൾ നടന്നുകൊണ്ട് സായിപ്പ് പൂട്ടാൻ ശ്രമിക്കവെ അയാളുടെ നെഞ്ചിൽ കുത്തിയിരിക്കുന്ന ടാറ്റുവാണ്‌ നീലൻറെ ശ്രദ്ധ പിടിച്ചുപറ്റിയത്. ദാവീദിൻറെ നക്ഷത്രത്തിന് നടുവിൽ നിൽക്കുന്ന വാളിനെ ഒലിവ് ഇലകൾകൊണ്ട് പൊതിഞ്ഞിരിക്കുന്നു. അത്തരത്തിൽ രണ്ട് നക്ഷത്രങ്ങൾ ആണ് സായിപ്പിൻറെ നെഞ്ചിൽ പച്ചകുത്തിയിരിക്കുന്നത്.

തൊണ്ണൂറുകളുടെ ആദ്യം നീലൻ ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിക്കവെ വളരെ യാദൃശ്ചികമായാണ് തന്നെക്കാൾ ഉയർന്ന റാങ്കിലുള്ള ചില ഉദ്യോഗസ്ഥർക്കൊപ്പം ഒരു പരിശീലനത്തിനായി നീലൻ അടങ്ങുന്ന ഇരുപതോളം പട്ടാളക്കാർ മിഡിൽ ഈസ്റ്റിലുള്ള മറ്റൊരു രാജ്യത്തേക്ക് അയക്കപ്പെടുന്നത്. നീലൻറെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവാണ് ആ പരിശീലനപരിപാടിക്ക് അയാളെ അർഹനാക്കിയതെന്ന് അയാൾ പിന്നീട് മനസ്സിലാക്കുകയുണ്ടായി. അന്നത്തെ ഇന്ത്യൻ പട്ടാളത്തേക്കാൾ സാങ്കേതികമായി ആ രാജ്യത്തെ സൈന്യം വളർച്ച കൈവരിക്കുന്ന കാലമായിരുന്നു അത്. അമേരിക്കയുടെ അളവറ്റ സഹായമായിരുന്നു അതിൻ്റെ കാരണം. അതുകൊണ്ടുതന്നെ ചാരവൃത്തി, യുദ്ധമുഖത്തെ സാകേതികവിദ്യയുടെ ഉപയോഗം, തീവ്രവാദ നിർമാർജനം, മനഃശാസ്ത്രം എന്നീ വിഷയങ്ങളിൽ ഊന്നിയുള്ള പരിശീലനങ്ങൾക്കിടെ ധാരാളം സമയം ആ രാജ്യത്തെ സൈനീകർക്കൊപ്പം ചെലവിടാനും നീലനുൾപ്പെടുന്ന ഇന്ത്യൻ സൈനികർക്ക് അവസരമുണ്ടായിരുന്നു.

ലോകത്തെ പടർന്നുപിടിച്ച ഹിപ്പി കൾച്ചറിന്റെ ബാക്കിപത്രം എന്ന പോലെ ആ രാജ്യത്തെ സൈനീകർക്കിടയിലും പച്ചകുത്തൽ അക്കാലത്ത് തരംഗമായിരുന്നു. തീവ്രദേശീയതയിൽ വിശ്വസിച്ചിരുന്ന അവർ ദേശീയ-മതപരമായ ചിഹ്നങ്ങൾ പച്ചകുത്തിയിരുന്നു. യൂണിഫോം ധരിക്കുമ്പോൾ പുറത്തുകാണാത്ത രീതിയിലായിരുന്നു അവർ അത്തരം പച്ചകുത്തലുകൾ ചെയ്തിരുന്നത്.

അത്തരത്തിൽ അവർക്കിടയിൽ നിലനിന്നിരുന്ന ഒരു രീതിയായിരുന്നു ദാവീദിൻറെ നക്ഷത്രവും അതിനുനടുവിൽ ഒലീവിലകളാൽ സംരക്ഷിക്കപ്പെട്ട വാളും. ആ രാജ്യത്തെ പട്ടാളത്തിൻറെ ഔദ്യോഗിക ചിഹ്നത്തിൻറെ പൂർണമല്ലാത്ത ഒരു രൂപമാണ് ഇത്തരത്തിൽ പച്ചകുത്തിയിരുന്നത്. ചിഹ്നത്തിൻറെ എണ്ണമനുസരിച്ച് പച്ചകുത്തപെട്ട ആൾ ഏതു തലമുറയിൽപെട്ടതാണെന്ന് മനസ്സിലാക്കാം. അതായത് ആദ്യമായി പട്ടാളത്തിൽച്ചേരുന്നയാൾ ഒരു ചിഹ്നവും, അയാളുടെ മകനും പട്ടാളത്തിൽ ചേർന്നാൽ രണ്ട് ചിഹ്നവും, ആ മകൻറെ മകനും പട്ടാളസേവനം അനുഷ്ഠിച്ചാൽ മൂന്നുചിഹ്നവും പച്ചകുത്തുന്നു. പ്രധാനമായും കൈകളുടെ മസ്സിൽ, നെഞ്ച് എന്നിവിടങ്ങളിലായാണ് ഇത്തരം പച്ചകൾ കാണപ്പെടുന്നത്.

തൻ്റെ മുന്നിലുള്ള വ്യക്തിയെ സൂക്ഷ്മമായി നിരീക്ഷിച്ച നീലന് അയാൾ ഒരു പട്ടാളക്കാരനാണെന്ന് തോന്നുന്നില്ല. കാരണം ശരീരമാകെ മെലിഞ്ഞൊട്ടി, ചട പിടിച്ച മുടിയും താടിയും, ഉള്ളിലേക്ക് തള്ളിയ കവിളും, ബീഡിക്കറ പുരണ്ട പല്ലും, കലങ്ങിയ കണ്ണും, നീണ്ട് കറുത്ത നഖവും അയാൾ ഒരു മാനസിക രോഗിയാണോ എന്ന സംശയപോലും തോന്നുന്നരീതിയിലാണ് അയാളെ കാണപ്പെടുന്നത്.

പക്ഷെ ആ ചിഹ്നങ്ങൾ..!

നീലൻ ആശയക്കുഴപ്പത്തിലായി.

അയാൾ സാധനങ്ങൾ സ്കൂട്ടറിനുള്ളിൽ വച്ചശേഷം മുറുക്കാൻകടയിൽനിന്നും ഒരു സിഗരറ്റ്കൂടെ കത്തിച്ച് സായിപ്പിനെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്നു. തുണിക്കടയിൽനിന്നും ഇറങ്ങിയ സായിപ്പ് നേരെ റോഡിന് ഓരം പിടിച്ചുനടക്കുകയാണ്. അയാൾ കൃത്യമായി ആ നാടും വഴികളും അറിയുന്ന ആ നാട്ടുകാരനെപോലെ പെരുമാറുന്നു. അതിനാൽത്തന്നെ വന്നിറങ്ങിയപ്പോഴുള്ള അയാളുടെ വേഷം മാറി ഈ നാട്ടിലെ സാധാരണക്കാരുടെ വസ്ത്രം ധരിച്ചതോടെ പ്രത്യേകിച്ച് ആരുംതന്നെ അയാളെ ശ്രദ്ധിക്കുന്നുമില്ല. അയാൾ അയാളുടെ സ്വാഭാവികതയിൽ എന്നപോലെ നടന്നു നീങ്ങുകയാണ്.

കത്തിച്ച സിഗരറ്റ് തീരുന്നതിനും മുൻപേ നീലൻ സായിപ്പിനെയും പഴയ മിലിട്ടറി ഓർമ്മകളെയും ചവിട്ടികെടുത്തി തൻ്റെ ജീവിതത്തിലേക്കുള്ള തിരിച്ചുപോക്കിനായി സ്കൂട്ടറിലേക്ക് കയറി. അയാൾ ഹെൽമറ്റ് എടുത്തുവച്ചശേഷം വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിനും തൊട്ടുമുൻപായി ഒരിക്കൽക്കൂടി സായിപ്പ് നടന്ന ദിശയിലേക്ക് നോക്കി. അപ്പോൾ സായിപ്പ് നീലൻ നിന്നിരുന്ന കവലയിൽനിന്നും അല്പം മാറി ഒറ്റപെട്ടുനിൽക്കുന്ന ഒരു പെട്ടിക്കടയുടെ മുൻപിലേക്ക് കയറുന്നു. അവിടെ എത്തിയശേഷം കടക്കകത്തെ അല്പം പ്രായമായ സ്ത്രീയോട് എന്തോ ആവശ്യപ്പെട്ടു. ആ സ്ത്രീ സാവധാനം ഫ്രിഡ്ജ് തുറക്കാൻ തിരിഞ്ഞ ഞൊടിയിടയിൽ കടയുടെ വശത്തായി വച്ചിട്ടുള്ള ഇരുമ്പിൻറെ ഒരു ഡ്രമ്മിൽ പരിസരത്തെ ചവറുകൾ അടിച്ചുവാരി സ്ഥിരമായി കത്തിക്കുന്ന തീയിലേക്ക് ചുറ്റുംനോക്കി തന്നെ ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പുവരുത്തിയശേഷം അയാൾ തൻ്റെ തുണിസഞ്ചി നിക്ഷേപിച്ച് തിരികെ കടയുടെ മുന്നിൽ വന്നുനിന്നു.

ഹെൽമെറ്റിനുള്ളിലൂടെ ഈ കാഴ്ച വ്യക്തമായി കണ്ട നീലന് സായിപ്പിൻറെ പെരുമാറ്റത്തിലെ നിഗൂഢത വ്യക്തമായി. നീലൻ സ്‌കൂട്ടർ ഓഫ് ചെയ്ത് സായിപ്പിൻറെ നീക്കങ്ങൾ വീണ്ടും നിരീക്ഷിച്ചു. അയാൾ ആ വയോധിക നൽകിയ സർബത്ത് കുടിച്ചശേഷം അവിടെനിന്നും നടത്തം തുടർന്നു. നീലൻ അല്പം ദൂരം ഇടനിർത്തി അയാളുടെ പുറകെ മെല്ലെ സ്‌കൂട്ടർ ഓടിച്ച് അയാളെ പിൻതുടരാൻ തീരുമാനിച്ചു.

അതിവേഗം മുന്നേറുകയാണ് എങ്കിലും പലപ്പോഴായി പുറകിലേക്കും വശങ്ങളിലേക്കും തിരിഞ്ഞുനോക്കിയാണ് അയാൾ നടക്കുന്നത്. പലതവണകളായി ഫോൺ ചെയ്യുന്നതായി അഭിനയിച്ചും, വഴിയിൽ കണ്ട ആളുകളോട് സംസാരിച്ചും തൻ്റെ വേഗത ക്രമീകരിച്ചുകൊണ്ട് നീലൻ സായിപ്പിനെ പിൻതുടർന്നു. ഒടുവിൽ കോവിൽ പരിസരത്ത് എത്തിയപ്പോൾ സായിപ്പ് ക്ഷേത്രം ലക്ഷ്യമാക്കി തിരിഞ്ഞു.

സമയം ഏകദെശം ഒൻപതുമണി ആയിക്കഴിഞ്ഞിരുന്നു. രാവിലെ പതിവായുള്ള പൂജകൾ കഴിഞ്ഞു ക്ഷേത്രം അടക്കുന്ന സമയമാണ്. മാത്രമല്ല ഇന്ന് ഒരു തിങ്കളാഴ്ച ആയതിനാൽ പൂജാരിയല്ലാതെ മറ്റാരുംതന്നെ അവിടെ ഇല്ല. പക്ഷെ സായിപ്പ് നേരെ ക്ഷേത്രത്തിനകത്തേക്ക് കയറുകയാണ്. നീലൻ സ്‌കൂട്ടർ ഒരു വേലിക്കരികിൽ ഒതുക്കി അയാളെ ക്ഷേത്രത്തിൽനിന്നും നോക്കിയാൽ കാണാത്തവിധം സ്‌കൂട്ടറിൽ ഇരുന്നുകൊണ്ടുതന്നെ സായിപ്പിനെ നിരീക്ഷിച്ചു.

സായിപ്പ് കേരളത്തിലെ ക്ഷേത്രാചാരങ്ങൾ വ്യക്തമായി അറിയാവുന്ന ആളാണ്. കാരണം ക്ഷേത്രത്തിനകത്ത് കയറിയപ്പോൾ അയാൾ മേൽവസ്ത്രം അഴിച്ചുമാറ്റി കൈകൾകൂപ്പി പ്രധാന പ്രതിഷ്ഠക്ക് മുൻപിലെത്തി. അയാളെ കണ്ടതും പൂജാരി ആശ്ചര്യത്തോടെ തൻ്റെ ജോലികൾ നിർത്തിവച്ചുകൊണ്ട് അയാൾക്കരികിലെത്തി. നേരത്തെ കവലയിലെ തുണിക്കടയിലും, പെട്ടിക്കടയിലും ഇപ്പോൾ ക്ഷേത്രത്തിലെ പൂജാരിയോടും അയാൾ ആശയവിനിമയം ചെയ്യാനുപയോഗിക്കുന്ന ഭാഷ ഏതാണെന്ന് മനസിലാകുന്നില്ല. പക്ഷെ അയാൾ ആളുകളെ വളരെ എളുപ്പത്തിൽ തനിക്ക് ആവശ്യമായ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കുന്നുണ്ട്. അയാളുടെ ആ കഴിവ് മനസ്സിലായപ്പോൾ അയാളും പണ്ട് പരിശീലനത്തിനായി പോയ രാജ്യത്തെ പട്ടാളവുമായുള്ള ബന്ധത്തിൽ സംശയം നീലനിൽ വർധിച്ചു. കാരണം നീലൻ പങ്കെടുത്ത പരിശീലനത്തിൽ ഭാഷാധീതമായി ആളുകളോട് ഇടപെടാൻ ആവശ്യമായ മനഃശാസ്ത്രപരമായ രീതികൾ അവിടെ വിശദീകരിച്ചിരുന്നു. സാധാരണ പട്ടാളത്തിലുപരി തന്നെ പോലെ ഉള്ള സ്‌പെഷ്യൽ കമാണ്ടോകൾക് അത്തരം പരിശീലനം പ്രവേശനകാലം മുതൽ ലഭ്യമാണെന്നകാര്യം നീലൻ ഓർത്തു.

പൂജാരിയെ നിമിഷനേരങ്ങൾകൊണ്ട് സായിപ്പ് അയാളോട് അടുപ്പിച്ചതായി നീലൻ നിരീക്ഷിച്ചു. ചില യോഗ ആസനങ്ങളും പൂജ മുദ്രകളും എല്ലാം സായിപ്പ് പൂജാരിയെ കാട്ടുന്നു. ആദിവാസി അനുഷ്ഠാനങ്ങൾ പിന്തുടരുന്ന ആ ക്ഷേത്രത്തിലെ പൂജാരിക്ക് സായിപ്പ് കാട്ടുന്ന മുദ്രകളും ആസനങ്ങളും എല്ലാം തികച്ചും പുതിയതും, അവ പ്രദർശിപ്പിക്കുന്ന സായിപ്പിനെ ഒരു മഹാ പണ്ഡിതനെപോലെയും പൂജാരി നോക്കിനിൽക്കുകയാണ്. അൽപ്പം കഴിജത്തോടെ പൂജാരി സായിപ്പിനെ പ്രതിഷ്ഠക്കുമുൻപിൽനിന്നും തുറസ്സായ ഇടത്തേക്ക് കൊണ്ടുപോയി അടുത്തുള്ള വലിയ മലമുകളിലേക്ക് ചൂണ്ടി എന്തൊക്കെയോ അയാൾക്ക് വിശദീകരിക്കുന്നുണ്ട്.

ക്ഷേത്രപരിസരത്തുനിന്നും മണിക്കൂറുകളോളം കാടിനുള്ളിലൂടെ നടന്നാൽ എത്തുന്ന മലമുകളിൽ എല്ലാവർഷവും ശിവരാത്രി ദിവസം താഴെയുള്ള ഈ ക്ഷേത്രത്തിൽനിന്നും ഒരു വലിയ തിരിയും എണ്ണയും കൊണ്ടുപോയി അതവിടെ കൊളുത്തി ചില കർമ്മങ്ങൾ നിർവഹിക്കാറുണ്ട്. ചില ആദിവാസി ഗോത്രത്തിലെ തിരഞ്ഞെടുത്തവർ മാത്രമാണ് അത്തരത്തിൽ ആ പർവ്വതമുകളിൽ പോകാൻ അനുമതിയുള്ളവർ. അവർക്ക്പോലും ശിവരാത്രി ദിനം മാത്രമാണ് അതിന് അനുവാദമുള്ളത്. ആ ഒരു ദിവസ്സമൊഴികെ മഹാ മുടി എന്ന ആ പർവ്വതത്തിലേക്കോ അതിനരികിലേക്കോ ആർക്കും പ്രവേശനമില്ല. അട്ടപ്പാടിയിലെ ആദിവാസികൾക്ക് മഹാൻ ശിവനാണ്. മഹാ മുടി അവരുടെ ശിവലിംഗവും, അതിനാൽ ആരുംതന്നെ ആ വിശ്വാസങ്ങളും ആചാരങ്ങളും ലംഘിക്കാറില്ല.

ഒരുപക്ഷെ പൂജാരി സായിപ്പിന് ഈ കഥകളായിരിക്കാം വിശദീകരിക്കുന്നത്. വൈകാതെ പൂജാരിയും സായിപ്പും വീണ്ടും ക്ഷേത്രത്തിനകത്തേക്ക് കയറി. പൂജാരി സായിപ്പിന് പ്രസാദം നൽകി അയാൾ അവ കഴിച്ചശേഷം വലിയ ഒരു തുകതന്നെ പൂജാരിക്ക് ദക്ഷിണയായി നൽകി. കയ്യിലെടുത്ത ബാക്കി പണം തിരികെ വെക്കാത്ത അയാൾ ക്ഷേത്ര ഭണ്ഡാരത്തിലും നിക്ഷേപിച്ചു. വൈകാതെ അയാൾ പൂജാരിയോട് യാത്രപറഞ്ഞു അവിടെ നിന്നുമിറങ്ങി. പൂജാരി അയാളുടെ കൂടെ ക്ഷേത്രത്തിൻറെ കവാടത്തിനടുത്തുവരെ വന്ന് നീലൻ നിൽക്കുന്ന ദിശയിലേക്ക് വിരൽ ചൂണ്ടി ഏതോ വഴി പറഞ്ഞുനൽകുന്നപോലെ സംസാരിച്ചു. ശേഷം സായിപ്പ് കൈകൂപ്പി കുനിഞ്ഞുകൊണ്ട് പൂജാരിയോട് നന്ദി പറഞ്ഞു, തിരിഞ്ഞു പൂജാരി കൈചൂണ്ടിയ ദിശയിലേക്ക് നടക്കാനൊരുങ്ങി. പൂജാരിയും അയാളോട് യാത്രപറഞ്ഞുകൊണ്ട് തിരികെ ക്ഷേത്രത്തിനകത്തേക് നടന്നു.

ഇത്രയും ആയതോടെ നീലന് സായിപ്പിന് മേലുള്ള സംശയം വർദ്ധിച്ചു . അയാൾ സ്‌കൂട്ടർ സ്റ്റാർട്ട് ചെയ്യാനൊരുങ്ങി. പൊടുന്നനെ പൂജാരിയെ തിരിഞ്ഞുനോക്കിയ സായിപ്പ് പൂജാരി ക്ഷേത്രത്തിനകത്ത് പ്രവേശിച്ചു എന്ന് മനസ്സിലാക്കിയതോടെ തൻ്റെ നടപ്പ് എതിർദിശയിലേക്ക് മാറ്റി. ക്ഷേത്രപരിസരം കഴിഞ്ഞതോടെ അയാൾ ഒരുവട്ടം ചുറ്റുംനോക്കി റോഡിൽനിന്നും കാട്ടുവഴിയിലേക്കിറങ്ങി.

അതോടെ നീലനുള്ളിൽ ഉറങ്ങിക്കിടന്ന കമാൻഡോ ഉണർന്നു. അയാൾ സ്‌കൂട്ടർ ക്ഷേത്രപരിസരത്ത് പാർക്ക് ചെയ്ത്, ഫോൺ നിശബ്ദമാക്കി സായിപ്പിനെ പിൻതുടരാൻ ആരംഭിച്ചു. അവസ്സാന ശിവരാത്രി ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് കഴിഞ്ഞത്. അതിനാൽ കോവിൽ പരിസരത്തുനിന്നും മലയുടെ താഴ്‌വാരം വരെ കാട്ടിലൂടെയുള്ള പാത വെട്ടിത്തെളിച്ച രീതിയിലാണുള്ളത്.

ആ തെളിഞ്ഞ പാതയിലൂടെ സായിപ്പ് അതിവേഗം മുന്നേറുകയാണ്. മുണ്ട് ഉടുത്ത് ശീലമില്ലാത്ത സായിപ്പിൻറെ അതിവേഗമുള്ള പ്രയാണത്തിനിടയിൽ പലതവണ മുണ്ട് അഴിഞ്ഞു വന്നു. പലതവണ തിരികെ ഞൊറിഞ്ഞുകുത്തിയിട്ടും അഴിഞ്ഞുവരുന്ന മുണ്ടിനെ ഒടുവിൽ കാട്ടുവള്ളി ഉപയോഗിച്ചു കെട്ടിവച്ചുകൊണ്ടാണ് സായിപ്പിൻറെ നടത്തം. നീലനും അയാൾ നടക്കുന്ന വഴിയിൽനിന്നും അൽപ്പം മാറി മരങ്ങൾക്കുപുറകെനിന്നും മരങ്ങൾക്കുപുറകിലേക്ക് കുതിച്ചുകൊണ്ട് അയാളെ കാണുംവിധം പിൻതുടർന്നുകൊണ്ടിരുന്നു. ഉൾക്കാട്ടിലേക്ക് കയറാൻ തുടങ്ങിയതോടെ സായിപ്പിൻറെ ശ്രദ്ധ മുന്നിലേക്ക് മാത്രമായി ചുരുങ്ങി. അയാൾ പുറകിൽനിന്നും വശങ്ങളിൽനിന്നും വരുന്ന ശബ്ദങ്ങളെപോലും അവഗണിച്ചുകൊണ്ട് നടന്നുനീങ്ങുകയാണ്.

അയാളുടെ നടപ്പിനെ നിരീക്ഷിച്ച നീലൻ അയാൾ ഒരു പട്ടാളക്കാരനോ മിലീഷ്യ ഗാങ് മെമ്പറോ ആണെന്ന് ഉറപ്പിച്ചു. കാരണം വർഷങ്ങളുടെ പരിശീലനംമൂലം ജാഗ്രതാനിർഭരമായ സാഹചര്യങ്ങളിൽ അല്പം മുന്നിലേക്ക് കുനിഞ്ഞു എവിടേക്കാണോ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അവിടേക്ക് പൂർണ ശ്രദ്ധ കേന്ദ്രീകരിച്ച് ആയിരിക്കും അത്തരക്കാർ നടക്കുക. ഭാരമേറിയ തോക്കും, ബാക്ക്പാക്കും ശരീരത്തിലുണ്ടെന്ന പഴയ ഓർമകൾപോലും ശരീരഭാഷയെ ഒരുപക്ഷെ ഇത്തരം സന്ദർഭങ്ങളിൽ സാധീനിച്ചേക്കാം. സായിപ്പിൻറെ നടത്തം ഏകദേശം അത്തരത്തിലൊക്കെ ആണെങ്കിലും, അല്പംകൂടെ ആഴത്തിൽ അയാളെ നിരീക്ഷിച്ചു പിന്തുടരുന്ന നീലൻ സായിപ്പിൻറെ ശരീരഭാഷയും മിലിട്ടറി മൂവ്മെൻറുകളും അയാളുടെ മസ്സിൽമെമ്മറി മാത്രമാണെന്നും അയാളുടെ മനസ്സ് ഇപ്പോൾ ശരീരവുമായി ഏകീകൃതമല്ല എന്നും മനസ്സിലാക്കി.

ഏറെ മുന്നോട്ട് നടന്നപ്പോൾ സായിപ്പിൻറെ ലക്ഷ്യം മലമുകളാണെന്ന് നീലൻ കണ്ടെത്തി. ഓരോ വളവ് കഴിയുമ്പോഴും മരങ്ങൾക്കിടയിലൂടെ അയാൾ മലമുകൾ കാണുന്നില്ലേ എന്ന് ഉറപ്പിക്കുന്നു. നീലൻ തൻ്റെ ഫോൺ എടുത്ത് നോക്കിയപ്പോൾ കവറേജ്‌ നന്നായി കുറഞ്ഞിരിക്കുന്നതായി മനസ്സിലായി. ഇനിയും ഉൾകാട്ടിലേക്ക് നീങ്ങുമ്പോൾ ഒരുപക്ഷെ പൂർണമായും റേഞ്ച് നഷ്ടപ്പെട്ടേക്കാം എന്നുമനസ്സിലാക്കിയ നീലൻ വേഗം തൻ്റെ മൂത്തമകൾക്ക് “കോഡ് – സ്റ്റോക്കിങ്” എന്ന് ഒരു മെസ്സേജിനൊപ്പം ലൊക്കേറ്റഷൻ പിൻചെയ്ത് അയച്ചു.

നീലന് രണ്ട് പെണ്മക്കളാണ്, അതിൽ മൂത്തമകൾ വിദേശത്തുനിന്നും പഠനം കഴിഞ്ഞു ഇപ്പോൾ വീട്ടിൽ വന്നിട്ടുണ്ട്. നീലൻ തൻ്റെ മക്കളെ ഏതുസാഹചര്യവും നേരിടാൻ പ്രാപ്തരാക്കിയാണ് വളർത്തി വലുതാക്കിയിട്ടുള്ളത്. ഓരോ അടിയന്തിര സാഹചര്യത്തിലും പരസ്പരം രഹസ്യമായി ആശയവിനിമയം ചെയ്യേണ്ടുന്ന രീതിയും, അത്തരം ഒരു സന്ദേശം ലഭിച്ചാൽ കൈകൊള്ളേണ്ടുന്ന നടപടികളും നീലൻ മക്കളെ പഠിപ്പിച്ചിട്ടുണ്ട്. കോഡ് – സ്ടാൽക്കിങ് മെസ്സേജ് ലഭിച്ചാൽ അത് നീലൻ ആരെയോ പിൻന്തുടരുകയാണ് എന്ന് മനസ്സിലാക്കി ആദ്യം വീട്ടുകാരും കൂട്ടുകാരും നീലനെ അന്വേഷിക്കുന്നതിൽനിന്നും വഴിതിരിക്കുക. ശേഷം 12 മണിക്കൂറിനകം വീണ്ടും സന്ദേശം ഒന്നും ലഭിച്ചില്ല എങ്കിൽ നീലൻറെ കമാൻഡോ കൊംറഡ് അൻവർ അലിയെ വിവരമറിയിക്കുക എന്നതാണ് അർഥം.

നീലൻ മെസ്സേജ് അയക്കാൻ എടുത്ത സമയത്തിനുള്ളിൽ സായിപ്പ് ഏറെദൂരം പിന്നിട്ടിരുന്നു. സായിപ്പുമായുള്ള അകലം കുറക്കാൻ നീലന് കുറച്ചുദൂരം ഓടേണ്ടിവന്നു. അത്തരത്തിൽ ഓടുന്നതിനിടയിൽ നീലൻ കരിയിലയിൽ ചവിട്ടിയ ശബ്ദം സായിപ്പ് കേൾക്കാനിടയാവുകയും അതുമനസ്സിലായ നീലൻ കൃത്യസമയത്ത് മരത്തിന് പുറകിൽ ഒളിക്കുകയും ചെയ്തു. അതിനാൽ സായിപ്പ് തിരിഞ്ഞുനോക്കിയപ്പോൾ നീലനെ കണ്ട് ഉണ്ടാകാമായിരുന്ന അപകടം തലനാരിഴക്ക് ഒഴിവായി. അത്തരത്തിൽ അപ്രതീക്ഷമായ സായിപ്പിൻറെ തിരിഞ്ഞുനോക്കലുകൾ പിന്നെയും പലതവണ നീലൻ വിദഗ്ദമായി മറികടന്നു. ഒടുവിൽ കിലോമീറ്ററുകളോളം പിന്നിട്ട് അവർ ഇരുവരും മലകയറ്റം ആരംഭിച്ചു.

ശിവരാത്രി ഉത്സവത്തിനായി ആളുകൾ ഉപയോഗിച്ച വഴി പിൻതുടരുന്നതിനാൽ സായിപ്പിന് മലകയറ്റം അത്ര കഠിനമല്ല. പക്ഷെ സായിപ്പിൻറെ കണ്ണിൽപ്പെടാതെ അയാളെ സമാന്തരമായി പിന്തുടരുന്ന നീലന് കാര്യങ്ങൾ അത്ര എളുപ്പമല്ല. മുള്ളുകൾ നിറഞ്ഞ കുറ്റിച്ചെടികളും കുത്തനെയുള്ള പാറയിടുക്കുകളും തെന്നുന്ന മൺചരിവുകളും എല്ലാം താണ്ടണമായിരുന്നു അയാൾക്ക്. വെള്ളമോ ആഹാരമോ വിശ്രമമോ ഇല്ലാതെയാണ് സായിപ്പിൻറെ പ്രയാണം. നീലനും സായിപ്പിനെ കൺവെട്ടത്തുനിന്നും അകലാതെ പിൻതുടരുന്നുണ്ടെങ്കിലും പലപ്പോഴായി കിട്ടുന്ന കാട്ടുപഴങ്ങൾ കഴിച്ചു അയാൾ ഊർജം നിലനിർത്തുന്നുണ്ട്. ഉച്ച കഴിഞ്ഞതോടെ സായിപ്പ് മലയുടെ മുക്കാൽഭാഗം പിന്നിട്ടുകഴിഞ്ഞു.

നീലനും അതിസൂക്ഷ്മമായി അയാളെ നിരീക്ഷിച്ചുകൊണ്ട് പുറകെയുണ്ട്. സൂര്യൻ മലയുടെ മറുവശത്തേക്ക് മറിഞ്ഞതോടെ ആദ്യം സായിപ്പ് തൻ്റെ ഷർട്ട് ഊരി കരിയിലകൾക്കടിയിൽ ഒളിപ്പിച്ചശേഷം അതിനുമുകളിലായി ഒരുവലിയ പാറ കയറ്റിവച്ചു. ആ കാഴ്ച്ച നീലനിൽ അയാളുടെ ഉദ്ദേശത്തെപ്പറ്റി ഏറെ ചിന്തകളുളവാക്കി. അവിടെനിന്നും അല്പദൂരം പിന്നിട്ടപ്പോൾ സായിപ്പ് ഉടുത്തിരിക്കുന്ന മുണ്ടും കരിയിലകൾക്കടിയിൽ പാറയാൽ മൂടി. ശേഷം മലമുകളിൽ എത്തുന്നതിനും ഏതാനും മീറ്ററുകൾ മുൻപായി അയാൾ തൻ്റെ അടിവസ്ത്രവും അത്തരത്തിൽ ഉപേക്ഷിച്ച് പൂർണ നഗ്നനായി നടക്കാൻ ആരംഭിച്ചു.

അത്രയും ആയതോടെ നീലന് സായിപ്പിൻറെ ഉദ്ദേശം കൃത്യമായി മനസ്സിലായി. സായിപ്പ് അടിവസ്ത്രം ഒളിപ്പിക്കുന്ന വേളയിൽ നീലൻ തൻ്റെ വേഗം കൂട്ടി സായിപ്പിനേക്കാൾ മുൻപായി മലമുകളിലേക്ക് കുതിച്ചു. അയാൾ മലമുകളിലെ വലിയ പാറയുടെ പുറകിലായി സായിപ്പിനെ കാത്ത് ഒളിച്ചു. സായിപ്പ് മലമുകളിൽ എത്തിയശേഷം നീലൻ ഒളിച്ച പാറയെ കടന്ന് അല്പം മുന്നോട്ട് പോയി മലമുകളിൽനിന്നും പലഭാഗങ്ങളിലായി താഴോട്ട് നോക്കി ഒടുവിൽ ഒരു കോണിൽനിന്നും താഴേക്ക് നോക്കിയ അയാൾ അവിടെ അൽപ്പനേരം നിന്ന് ഒരു ദീർഘശ്വാസമെടുത്തു.നീലനും അയാളുടെ പുറകിലായി സ്വന്തം ഉടുമുണ്ട് ഊരി നീളത്തിൽ പിരിച്ച് ഒരു കയർ പോലെയാക്കി കയ്യിൽകരുതി മുന്നോട്ട് കുതിക്കാൻ തയ്യാറെടുത്തു. സായിപ്പിൻറെ പാറയുടെ അറ്റത്തുള്ള ആ നിൽപ്പിൽ നീലന് ഒന്നും ചെയ്യാനാകില്ല കാരണം നീലൻ ഉദ്ദേശിച്ച ഇടത്ത് സായിപ്പ് നിന്നില്ല എങ്കിൽ ഇരുവരും താഴ്വരയിലേക്ക് പറക്കും. അതിനാൽ നീലൻ തയ്യാറായി കാത്തുനിന്നു. അയാൾ ഉദ്ദേശിച്ചപോലെതന്നെ ഏതാനും നിമിഷങ്ങൾക്കുള്ളിൽ സായിപ്പ് അൽപ്പം ഒന്ന് പുറകോട്ട് നടന്നു. ആ നടത്തം മതിയായിരുന്നു നീലന്.

പാരണയൻ എസ് എഫ്, മൗണ്ടൈൻ റാറ്റ് 1985 – 1997 നീലകണ്ഠൻ ആചാരി അയാളുടെ 60 ആം വയസ്സിലും അയാൾ തൻ്റെ 35 ആം വയസ്സിൽ രാജ്യസേവനം അവസാനിപ്പിച്ചപ്പോഴുള്ള അതേ മെയ്‌വഴക്കത്തിലാണ്. സായിപ്പിൻറെ പുറകില്നിന്നും അയാളെ കൈകൾ ചുറ്റി ഉയർത്തി പുറകിലേക്ക് തിരിച്ച് അയാളുടെ മുകളിലേക്ക് വീണശേഷം ആദ്യം അയാളുടെ കൈകൾ രണ്ടും പുറകിലേക്ക് മുണ്ട് ഉപയോഗിച്ചു കെട്ടിയശേഷം നീലൻ തൻ്റെ കാലിൻറെ തള്ളവിരൽ കൊണ്ട് സായിപ്പിൻറെ വാരിയെല്ലിൽ ആഞ്ഞു കുത്തി. കുത്ത്കിട്ടിയപാടെ സായിപ്പ് രണ്ടുവട്ടം ചുമച്ചശേഷം നിശ്ചലനായി. ഈ അവസരം മുതലാകിയ നീലൻ അയാളുടെ കെട്ടഴിച്ച് കാലുകൾ കൂടെ മടക്കി കൈകളോട് ചേർത്തുകെട്ടി.

വില്ലുപോലെ പുറകോട്ട് വളഞ്ഞ രീതിയിൽ കെട്ടിയ സായിപ്പിനെ എടുത്ത് മലയുടെ അഗ്രഭാഗത്തുനിന്നും അൽപ്പംകൂടി പുറകോട്ട് വച്ചശേഷം നീലൻ ഒരു പാറയിൽ അയാൾക്ക് മുന്നിൽ ഇരുന്നു. പ്രത്യേകിച്ച് ചോദ്യങ്ങൾ ഒന്നും ഉണ്ടായില്ല, പരിപൂർണ നിശബ്ദനായി സായിപ്പിനെ നിരീക്ഷിച്ചുകൊണ്ട് നീലകണ്ഠൻ ആ കല്ലിൽ ഇരുന്നു. വാരിയെല്ലിൽ കിട്ടിയ കുത്ത് പുറമെ യാതൊരുവിധ പരിക്കുകളും ഏല്പിച്ചില്ല എങ്കിലും അകമെ സായിപ്പിൻറെ ശ്വസനം മുതൽ കാഴ്ചയും കേൾവിയും ചലനവും സ്വബോധവും പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. ഏറെ സമയമെടുത്ത് അയാൾ ക്ഷമയോടെ തന്നെ നോക്കിയിരിക്കുന്ന നീലകണ്ഠൻറെ മുഖത്തെക്ക് കൺ‌തുറന്നു. സായിപ്പ് ഗാഢമായ നീണ്ട ഒരു ഉറക്കം കഴിഞ്ഞുണർന്നപോലെ അൽപനേരം പരിസരവും സാഹചര്യങ്ങളും മനസ്സിലാക്കാൻ എടുത്തു. അയാൾ നീലകണ്ഠനെ ആഴത്തിൽ നിരീക്ഷിച്ചു. വീണ്ടും കണ്ണുകൾ അടച്ചു പാറയിൽ കവിൾവച്ച് കിടന്നു അൽപ്പനേരം. ശേഷം പിന്നെയും അയാൾ നീലനെ ഒരുപാടുനേരം തുറിച്ചുനോക്കി. ഒടുവിൽ അയാൾ സമയമെടുത്ത് ഇപ്പോൾ കിടക്കുന്ന അവസ്ഥയിൽനിന്നും പരമാവധി സുഖപ്രദമായ ഒരു രീതിയിലേക്ക് സ്വന്തം ശരീരത്തെ നീക്കി. നീലകണ്ഠൻ ആ കാഴ്ചകൾ കണ്ടുകൊണ്ട് അയാളെത്തന്നെ വീക്ഷിച്ച് മൗനത്തിൽ തുടർന്നു.

തന്നെ നിസ്സഹായതയിൽ ബന്ധിച്ച് തനിക്കുമുന്നിൽ ശക്തിസ്വരൂപനും അതിലേറെ ശാന്തനും നോക്കിൽ മൂർച്ചയുമായി ഇരിക്കുന്ന നീലകണ്ഠൻറെ പ്രഭാവലയം സായിപ്പിനെ കീഴടക്കി. അയാൾ ഒന്ന് ചുമക്കാൻ ശ്രമിച്ചു, പക്ഷെ ശരീരം അയാളെ അതിനനുവദിച്ചില്ല. അയാൾ ഒരുവട്ടംകൂടെ നീലകണ്ഠനെ നോക്കി. നീലകണ്ഠൻറെ ശരീരഭാഷ മാറുന്നതിൽനിന്നും നീലന് വ്യക്തമായി അറിയാം അടുത്തതായി നടക്കാൻ പോകുന്നത് എന്താണ് എന്ന് സായിപ്പിന് മനസ്സിലായി. വലതുകാൽ നിലത്ത് ഉറപ്പിച്ച് ഇടതുകാൽ വലതുകാലിൻറെ തുടമേൽ മടക്കിവച്ച് നട്ടെല്ലുനിവർത്തി ഇരുന്നിരുന്ന നീലകണ്ഠൻ രണ്ടുകാലുകളും നിലത്തുറപ്പിച്ച് അല്പം മുന്നോട്ട് കുനിഞ്ഞുകൊണ്ട് സായിപ്പിനെ കേൾക്കാൻ കാതോർത്തു.

“പിഞ്ചുകൾ ആയിരുന്നു എനിക്ക് പ്രിയം, ചിലപ്പോഴൊക്കെ വൃദ്ധരും. എപ്പോഴും ഞാൻ കയ്യിൽ ഒരു പ്ലേയർ കരുത്തുമായിരുന്നു, അതുപയോഗിച്ച് ഞാൻ കൊന്നവരുടെ ഒരു പല്ല് പിഴുതെടുത്ത് പട്ടാളക്കാരനായിരുന്ന എൻ്റെ അച്ഛന് റിട്ടയർമെൻറ് സമ്മാനമായി അദ്ദേഹത്തിൻ്റെ ആത്മീയ ഗുരു സമ്മാനിച്ച വാച്ചിൻറെ തുകൽ സഞ്ചിയിൽ ഇട്ട് സൂക്ഷിക്കുമായിരുന്നു. എൻ്റെ സഹപടയാളികൾ അവർ കൊന്നുതള്ളിയ ഭീകരവാദികളുടെ (ആ വാക്ക് പറഞ്ഞശേഷം അയാൾ ഒരു നിമിഷം മൗനമായി, ശേഷം മുഖത്ത് ഒരു പുച്ഛഭാവത്തോടെ പുഞ്ചിരിച്ചു.) എണ്ണം വീരവാദമായി പറയുമ്പോൾ ഞാൻ അവർക്ക് മുൻപിൽ എൻ്റെ സഞ്ചിതുറന്ന് പല്ലുകൾ വാരി പ്രദർശിപ്പിക്കുമായിരുന്നു. അതുവഴി എല്ലാവരും എന്നെ ഒരു വീരനായി കണ്ടു. ചിലർ ആ പല്ലുകളിൽ കുട്ടികളുടെയും സ്ത്രീകളുടെയും വയസ്സായവരുടെയും പുരുഷൻമാരുടെയും തരംതിരിച്ചുള്ള എണ്ണം എടുക്കുമായിരുന്നു.

ഞാൻ അവ ഒരിക്കലും എണ്ണിയിട്ടില്ല അത് എണ്ണൂതിനേക്കാൾ ആ സഞ്ചി നിറക്കാനുള്ള തിടുക്കമായിരുന്നു എന്നിൽ. ബോംബുവീണ് തകർന്ന കെട്ടിടങ്ങൾക്കിടയിൽ എലികളെപ്പോലെ കഴിയുന്ന മനുഷ്യർക്കിടയിലേക്ക് “റൈഡ്” എന്ന പേരിൽ ഞങ്ങൾ ഇറങ്ങുമായിരുന്നു. പുരുഷന്മാർ നഷ്ടപെട്ട സ്ത്രീകൾക്കിടയിൽ ചെല്ലുമ്പോൾ ഞങ്ങളെ ബഹുമാനിക്കാത്ത, ഭയപ്പെടാത്തവരെ കാണുമ്പോൾ എനിക്ക് ഉള്ളിൽ ഒരു തിരമാല അലതല്ലുമായിരുന്നു. ദൈവം ഏറെ പവിത്രതയോടെ സൃഷ്‌ടിച്ച ഞങ്ങളെ ബഹുമാനിക്കാത്തവർ എങ്ങനെ ദൈവം ഞങ്ങൾക്കേകിയ പരിശുദ്ധ ഭൂമിയിൽ ജീവിക്കാൻ അർഹരാകും..? അവരെ തിരുത്തേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്. തോക്കുചൂണ്ടിയിട്ടും ഭയപ്പെടാത്തവരെ നിർമാർജനം ചെയ്യുന്നത് ദൈവകൽപന അനുസരിക്കുന്ന ഒരു വിശ്വാസിയുടെ കടമയാണ്.”

ആദ്യം ഹിന്ദികലർന്ന മലയാളവും ശേഷം നീലകണ്ഠൻ ഇംഗ്ലീഷ് നന്നായി മനസ്സിലാക്കുന്നുണ്ട് എന്ന് മനസ്സിലായതോടെ സായിപ്പ് പൂർണമായും ഇംഗ്ലീഷിൽ കഥ തുടർന്നു.

“ചിലപ്പോൾ അത്തരത്തിൽ ഭയമില്ലാത്ത അമ്മമാരെ കുട്ടികളോടൊപ്പം കിട്ടാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ കുട്ടികൾക്കായി വെടിയുണ്ട പാഴാക്കാറില്ല. രാജ്യം യുദ്ധമുഖത്തായിരിക്കുമ്പോൾ തങ്ങളാൽ കഴിയുന്ന രീതിയിൽ വിഭവങ്ങൾ ആവശ്യത്തിനുമാത്രം ഉപയോഗിക്കേടത്തും ഒരു പൗരൻറെ കടമയാണല്ലോ. പക്ഷെ ചിലപ്പോഴൊക്കെ രണ്ടാംഘട്ട റെയ്ഡുകളിൽ അത്തരത്തിൽ വെടിയുണ്ട ലാഭിച്ച കുട്ടി പല്ലുകൾ എനിക്ക് കിട്ടിയിട്ടുണ്ട്, അപ്പോൾ അവ ഊരിയെടുക്കാനും ഏറെ എളുപ്പമാണ്”

ആ വാക്കുകൾ കേട്ട നീലകണ്ഠൻ ഒരുനിമിഷം അറിയാതെ തൻ്റെ അരയിൽ തോക്ക് തപ്പി, പക്ഷെ ഞൊടിയിടയിൽ അയാൾ തിരികെ യാഥാർഥ്യത്തിലേക്ക് വന്നു.

“വാർധ്യക്യ കൊടുമുടി കയറിയവർക്കുനേരെ ഞങ്ങൾ പൊതുവെ അന്ധത അഭിനയിക്കും. പക്ഷെ ഓർമയുടെ അശേഷം ബാക്കിയുള്ള ചില പഴുക്കയിലകൾ അടക്കത്തിൽ ശാപവാക്കുകൾ ചൊരിയും. അവരുടെ പല്ലുകൾ പിഴുതശേഷം മാത്രമേ അവർക്കുനേരെ ദൈവകൽപന അനുസരിക്കൂ. അത്തരം ശാപവാക്കുകൾ ചൊരിയുന്നവരെ അവരുടെ വാക്കുകൾ പൂർണമാവും മുൻപ് തന്നെ ഞാൻ കൈകാര്യം ചെയ്യുമായിരുന്നു.

പക്ഷെ ഒരുതവണ ഞാൻ കൈ തോക്ക് റീലോഡ് ചെയ്യാനെടുത്ത സമയത്തിനുള്ളിൽ ഒരു വയോധിക അവരുടെ വാക്കുകൾ പൂർത്തിയാക്കി.

എൻ്റെ പൊന്നോമനകുട്ടി എൻ്റെ കയ്യിൽകിടന്നുതന്നെ മരിക്കുമെന്നും, എൻ്റെ വീട്ടിലെ ഓരോരുത്തരായി രോഗബാധിതരാകുമെന്നും അവർ പുലമ്പി.

അതിനുള്ള തക്കതായ ശിക്ഷ തൽക്ഷണം ഞാൻ അവർക്കുനല്കി. അവരെ വലിച്ചു താഴെയിട്ട് താടിയിൽ ചവിട്ടിപ്പിടിച്ചു അവരുടെ വായിലേക്ക് മൂത്രമൊഴിച്ചു. അതിനുശേഷം തകർന്ന കെട്ടിടത്തിൻറെ കോൺക്രീറ്റ് കട്ട അവരുടെ വായിൽതിരിക്കി ചവിട്ടി ഉറപ്പിച്ചു. കൈകളിലും കാലുകളിലും വെടിയുതിർത്തു. ആ ദിവസ്സം ഞാൻ ആദ്യമായി ഏറെ വേദനിച്ച ഒരു ദിവസമായിരുന്നു. എൻ്റെ കുടുംബാങ്ങൾക്കെതിരെ മോശമായരീതിയിൽ സംസാരിക്കുന്നത് എനിക്ക് സഹിക്കാനാകില്ല.

ഇത്തരത്തിൽ ഞങ്ങളുടെ ലാൻഡ് റെയ്ഡ് കഴിഞ്ഞ കെട്ടിടങ്ങൾ മാർക്ക് ചെയ്ത് എയർ ഫോഴ്സിന് നൽകാറുണ്ട്. അത്തരം മാർക്കിങ്ങുകൾ ഏറെ ഇഷ്ടപ്പെടുന്നവരാണ് വായുസേനയിലുള്ളവർ. അവർക്ക് സത്യത്തിൽ ആകാശത്തുനിന്നും കളിക്കുന്ന ഒരു ഗെയിം പോലെയാണ് ഓരോദിവസവും, എന്നാണ് എനിക്ക് നേരിട്ടറിയുന്ന ചില വൈമാനിക-സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ഞങ്ങൾ നൽകുന്ന മാർക്കിങ്ങുകളെ കൃത്യമായി അവർ മത്സരിച്ചു തകർക്കാറുണ്ടത്രേ.

എല്ലാം സുഖകരമായി പോവുകയായിരുന്നു പക്ഷെ പെട്ടന്ന് ഒരുദിവസം എനിക്ക് വീട്ടിൽനിന്നും അടിയന്തരമായി ഒരു സന്ദേശം എത്തി. നാലുവയസ്സായ എൻ്റെ കുട്ടിയെ ന്യൂമോണിയ ബാധിച്ചു ആശുപത്രിയിലാക്കിയിരിക്കുന്നു, കുട്ടി അബോധാവസ്ഥയിലാണ്. അവളുടെ അമ്മ “ലിയോറ” അവളുടെ നിർബന്ധിത സൈന്യസേവനത്തിലെ 4 ആം മാസത്തിലാണ് ഗർഭിണി ആയത്. ശേഷം “എരേല” മോൾക്ക് മൂന്നുവയസ്സായപ്പോൾ ലിയോറ തിരികെ സ്വയമേവ അവളുടെ ബാക്കിയുള്ള ഇരുപതുമാസങ്ങളുടെ സേവനത്തിനായി പട്ടാളത്തിലേക്ക് വന്നു. കഴിഞ്ഞ 11 മാസക്കാലം റിസേർവ് ബെറ്റാലിയനിൽ കഴിഞ്ഞ അവൾ ഇപ്പോഴാണ് യുദ്ധമുഖത്തേക്ക് നിയമിക്കപെട്ടത്. അതിനാൽ ഞാൻ ഉടനടി എൻ്റെ ജനറലിൽനിന്നും അനുമതിവാങ്ങി പെട്ടന്നുതന്നെ നാട്ടിലെത്തി.

പക്ഷെ അവിടെ എന്നെ കാത്തിരുന്നത് ക്രൂരമായ ഒരു വാർത്തയാണ്. എരേലയെ രക്താർബുദം ബാധിച്ചിരിക്കുന്നു, അതും അവൾ വളരെ മോശം അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്. ആ വാർത്ത എന്നെ ആട്ടിയുലച്ചു. ഈ അവസ്ഥ ലിയോറയെ അറിയിക്കാൻ എന്നാൽ സാധ്യമല്ലായിരുന്നു എങ്കിലും ഞാൻ അവൾ ഡ്യൂട്ടി കഴിഞ്ഞു വിളിക്കുന്നത് കാത്തിരുന്നു. ആ ദിവസ്സം അവൾ വിളിച്ചില്ല. പക്ഷെ അടുത്ത ദിവസ്സം എനിക്ക് ഒരു സന്ദേശമെത്തി.

ലിയോറ, അവൾ കഴിഞ്ഞദിവസമുണ്ടായ ഒരു ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

പിന്നീടുള്ള ഓരോ ദിവസ്സവും എനിക്ക് ഓരോ യുഗമായിരുന്നു. ഒടുവിൽ ലിയോറ പോയി അൻപതാം ദിവസ്സം എരേല മോളും, അവിടെനിന്നും 13 ആം ദിവസ്സം എൻ്റെ അമ്മയും എനിക്ക് നഷ്ടമായി. ഒടുവിൽ എൻ്റെ വീട്ടിൽ ഞാനും ജോലിക്കായിവന്ന മലയാളി സ്ത്രീയും മാത്രമായി. മാനസികനില തെറ്റിത്തുടങ്ങിയപ്പോൾ എൻ്റെ സുഹൃത്ത് എന്നെ ഇന്ത്യയിലേക്ക് ക്ഷണിച്ചു.

ഇവിടെ കസോൾ, ധരംകോട്ട് പോലുള്ള ഹിമാലയ താഴ്വരകളിലും ഗോവ, പുഷ്കർ പോലുള്ള സമതലങ്ങളിലും എന്നെപ്പോലുള്ള ധാരാളം മുൻസൈനീകർ അവരുടെ മാനസിക പിരിമുറുക്കങ്ങൾ മാറ്റാൻ വന്നടിഞ്ഞിട്ടുണ്ടെന്നും, ലോകമെമ്പാടുമുള്ളവർ ഞങ്ങൾക്ക് വിസ നിഷേധിക്കുമ്പോൾ ഇന്ത്യൻ സർക്കാർ അത് അനുവദിക്കുന്നുവെന്നും അവൻ പറഞ്ഞു. ഞാൻ മുൻപിൻ നോക്കാതെ ആ ക്ഷണത്തെ സ്വീകരിച്ചു ഇവിടെ എത്തി.

ഇവിടെ എത്തിയശേഷം ഹിന്ദുവിസവും സന്ന്യാസിമാരും കഞ്ചാവും ഒക്കെയായി ആത്മീയതയുടെ പാതയിൽ ഞാൻ ഏറെ കാലം നടന്നു. പക്ഷെ എൻ്റെ ഭൂതം എന്നെ വേട്ടയാടിക്കൊണ്ടേയിരുന്നു. വയോധികയുടെ ശാപവാക്കുകൾ എന്നെ പിൻതുടർന്നുകൊണ്ടേയിരുന്നു. ആ അവസ്ഥയിൽ ഞാൻ പൂർണമായും സിന്തറ്റിക് ലഹരികളിലേക്ക് അഭയം പ്രാപിച്ചു. മലയിറങ്ങി പുഷ്ക്കറിലും ഗോവയിലുമായി ഞാൻ ലഹരികൾ ആഹാരമാക്കി അലഞ്ഞു. പക്ഷെ ഞാൻ പറിച്ച ഓരോ പല്ലും എന്നെ തിന്നാനായി തിടുക്കംകൂട്ടുകയാണ്. ഒരുപക്ഷെ ഞാൻ മറ്റൊരാളോടൊപ്പം ഇടപഴകിയാൽ അയാളെയും അവ നശിപ്പിക്കും എന്ന് തോന്നുന്നു. അതിനാലാണ് ഞാൻ എന്നെത്തന്നെ മായ്ക്കാൻ ശ്രമിക്കുന്നത്. ഉത്തരേന്ത്യയിൽ എവിടെയും എനിക്ക് അത് ചെയ്യാനാകില്ല കാരണം ഞങ്ങൾ എല്ലാവരും ഞങ്ങളുടെ രാജ്യത്തിലേതെന്നപോലെ നിരീക്ഷണത്തിലാണ്. അഥവാ ഞാൻ മരിച്ചാൽത്തന്നെ എൻ്റെ ശരീരം പുണ്യഭൂമിയിൽ എത്തപ്പെടുകയും ഞാൻ വീണ്ടും അവിടെ പുനർജനിക്കുകയും ചെയ്യപ്പെടും. അതിലും വലിയ ശാപം എനിക്ക് മറ്റൊന്നുമില്ല, കാരണം അവിടെ ജനിക്കുന്ന ഓരോ കുട്ടിയും മറുവശത്തുള്ളവർ തങ്ങളാൽ മരിക്കപ്പെടേണ്ടവരാണെന്ന് വിശ്വസിച്ചു വളരുന്നവരാണ്. അവരെ കൊല്ലുന്നത് ദൈവകല്പനയാണെന്നും അതിൽ അഭിമാനിക്കണമെന്നും മതത്തിലൂടെയും അവർ പഠിക്കും. അത്തരത്തിൽ ഒരു നീചജന്മം ആയി ഇനിയും എനിക്ക് പിറക്കേണ്ട.

ഏറെ നാളത്തെ പഠനത്തിനൊടുവിലാണ് ഞാൻ ഈ ഇടം തിരഞ്ഞെടുത്തത്. മതപരമായി പ്രവേശനം നിരോധിച്ച എൻ്റെ ഉദ്ദേശത്തിന് ഉതകും വിധം ഈ ഇടം പോലെ മറ്റൊരിടം ഈ സംസ്ഥാനത്ത് വേറെ ഇല്ല. ഇവിടെനിന്നും എൻ്റെ ശരീരം താഴെയെത്തിയാൽ ആരും അതിനെ കണ്ടെത്തില്ല. മാത്രമല്ല അപൂർവ്വമാണെങ്കിലും കഴുകന്മാരും, വരയൻ കഴുതപ്പുലികളും ഉള്ള ഇടമായതിനാൽ ഒരുപക്ഷെ അടുത്ത വർഷം ശിവരാത്രിക്ക് മുൻപായി എൻ്റെ അസ്ഥികൾപോലും പൂർണമായും അപ്രത്യക്ഷമായേക്കാം. അതിനാൽ അങ്ങ് ദയവായി എന്നെ അതിനനുവദിക്കണം. ഞാൻ ജീവനോടെ ഇരിക്കുന്ന ഓരോനിമിഷവും ആ ഇടത്തെ മലിനമാക്കുന്നു. ഒരു മതത്തിനും, ഗ്രന്ഥങ്ങൾക്കും എന്നെ കഴുകാനാകില്ല. അതിനാൽ അവിടുന്ന് ദയായുള്ളവനാകണം.

” നിങ്ങൾക്ക് എൻ്റെ പേരിൻറെ അർത്ഥമറിയുമോ ? ഡാനിയേൽ : ദൈവം ആണ് എൻ്റെ വിധികർത്താവ്. അദ്ദേഹം അത് വിധിച്ചു കഴിഞ്ഞിരിക്കുന്നു.”

ഡാനിയേൽ പറന്നകന്നശേഷം നീലകണ്ഠൻ അല്പനേരംകൂടെ ആ പാറയുടെ വക്കിൽ ചിലവിട്ടു, ശേഷം അയാൾ ഫോൺ എടുത്തുനോക്കി. ആ മലമുകളിൽ കവറേജ്‌ ഉണ്ടെന്നുമനസ്സിലായപ്പോൾ തൻ്റെ മകൾക്ക് മറ്റൊരു സന്ദേശംകൂടെ അയച്ചു.

“ഐ വാസ് റോങ്, വേ ബാക് ടു ഹോം”

ചാലക്കുടിക്കടുത്ത് മുരിങ്ങൂർ സ്വദേശി. പോർത്തുഗൽ തലസ്ഥാനമായ ലിസ്ബണിൽ ജീവിക്കുന്നു. സമൂഹമാധ്യമങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്.