ഒരിക്കൽ വാക്കിന്റെ വിത്തും
ഖലീൽ ജിബ്രാനും തമ്മിൽ കണ്ടു മുട്ടി.
കവിതയെ ആറുമാസം ഗർഭം ധരിച്ച
ഒരെഴുത്തുകാരി മരണപ്പെട്ടതിന്റെ
അഞ്ചാംദിനമായിരുന്നു അപ്പോൾ.
പൂർണ വളർച്ചയെത്താതെ
പുനർജനിയിലേക്ക് വീണ കവിതയുടെ
വാക്കിന്റെ വിത്ത് അഗ്നിസ്‌നാനത്തിനിടെ
വീണ്ടും ജിബ്രാനെ തിരഞ്ഞു.
അക്ഷരങ്ങൾക്കിടയിലെ
നിമ്നോനതകളുടെ കടൽത്തിരകൾ,
മണ്ണും മരങ്ങളും ആരവങ്ങളൊഴിഞ്ഞ
കൂർത്ത മലനിരകൾ,
സമതലങ്ങളുടെ തരിശു നിലങ്ങൾ,
പറവകളുടെ മേഘാവൃതമായ പറുദീസ,
ശൂന്യമായ മുഷിഞ്ഞ കടലാസ് തോണികൾ,
ദ്രവിച്ച പങ്കായങ്ങൾ,
മൃതപ്രായമായ പേനയുടെ
ഒടിഞ്ഞു പോയ മുനമ്പുകൾ,
അത്,സ്വന്തമായി മണ്ണില്ലാത്ത
വാക്കിന്റെ വിത്തായിരുന്നു .
ഖലീൽ ജിബ്രാൻ, അയാളപ്പോൾ
ജീവിതത്തിന്റെ സുന്ദരമായ
സൂത്രവാക്യം കണ്ടെത്തുന്ന തിരക്കിലായിരുന്നു.
നിറക്കൂട്ടുകളിലയാൾ മറ്റൊരു നിറമായി,
പ്രപഞ്ചമാകെ നിറഞ്ഞു നിൽക്കുന്ന
പ്രേമത്തിന്റെ കാൻവാസ്.
വരകളുടെ ലബോറട്ടറിയിലെ
എഴുത്ത് മേശയിൽ
പ്രേമത്തിന്റെ രാസപ്രവർത്തനം.
തന്മാത്രകൾ വാക്കിന്റെ വിത്തിനു
വളരാനുള്ള മണ്ണ് കാണിച്ചു കൊടുത്തു.
തന്മാത്രകൾ പറഞ്ഞു;
“നീയുച്ചത്തിൽ വിളിക്കൂ,
ഖലീൽ ജിബ്രാൻ.. ഖലീൽ ജിബ്രാൻ
ഞാൻ വന്നിരിക്കുന്നു…
എനിക്കു നിന്നിലൊരിടം തരൂ”..എന്ന്.
“ഖലീൽ ജിബ്രാൻ ഖലീൽ ജിബ്രാൻ”
വാക്കിന്റെ വിത്ത് പതുക്കെ വിളിച്ചു.
പ്രേമത്തിന്റെ കൊടിയ താപത്തിൽ
പ്രണയമാപിനിയുടെ ഗ്രാഫ്
നൂറ്റൊന്ന് ഡിഗ്രിയിൽ ചെരിഞ്ഞു നിൽക്കുന്നതൊന്നുമയാൾ
ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
“നീയെവിടെ നിന്ന് വരുന്നു”.?
ഖലീൽ ജിബ്രാൻ ചോദിച്ചു.
“ഞാൻ ഗർഭാവസ്ഥയിൽ മരണപ്പെട്ട
ഒരുവളുടെ ഏറ്റവും സംക്ഷിപ്തമായ
കവിതയിലെ പൂർണ വളർച്ചയെത്താത്ത
അനേകം വാക്കുകളുടെ വിത്തിൽ നിന്ന്”.
“അതിനു ഞാൻ കൃഷിക്കാരനല്ലല്ലോ.
കാര്യക്കാരനുമല്ല.
എനിക്കു പാടങ്ങൾ സ്വന്തമായില്ല.
ആകെയുള്ളത് എഴുത്തുനിലമാണ്.
അത് പാട്ടത്തിനു കൊടുക്കുകയുമില്ല.
ഇടയ്ക്കവിടെ മഴ പെയ്യാറില്ല.
എന്റെ വരണ്ടുണങ്ങിയ മുഴുമിക്കാത്ത
കാൻവാസിലെ വൃക്ഷത്തിലൊന്നിൽ നീ
ആത്മഹത്യ ചെയ്യേണ്ടതായി വരും.
പൂർത്തിയാക്കാത്ത കവിതയുടെ
നിഗൂഢ ഗർത്തങ്ങളിലേക്ക് നിനക്ക്
ജീവിതമവസാനിപ്പിക്കേണ്ടതായി വരും”.
വാക്കിന്റെ വിത്ത് പറഞ്ഞു,
“പ്രണയത്തിലൊരിടം തരു.
ഞാൻ വന്മരമായി വളരുകയും
ശിഖരങ്ങളിൽ കായ്ക്കുകയും പൂക്കുകയും
വീണ്ടും വിത്തായി മരമായി
കായ്ക്കുകയും പൂക്കുകയും ചെയ്യാം.
നിങ്ങൾക്കെന്നെ സുഖത്തിലും ദുഃഖത്തിലും വസന്തമെന്നു വിളിക്കാം”.
പ്രേമത്തിന്റെ ദിവ്യമായ
പിരിയോഡിക് ടേബിളിൽ
വാക്കിന്റെ വിത്ത് മുളച്ചു.
ഖലീൽ ജിബ്രാൻ പ്രണയാർദ്രമായൊരു ന്യൂക്ലിയസായിത്തീർന്നു .
വാക്കിന്റെ വിത്ത് വളർന്നു പന്തലിച്ചു.
ചില്ലകൾ നിറയെ വസന്തത്തിന്റെ
പൂക്കുലകൾ ഞാത്തി.
വീണ്ടും വിത്ത് വീണു.
വാക്കുകൾ വിത്തുകളായി വന്മരങ്ങളായി.
ജിബ്രാൻ വാക്കിന്റെ വിത്തിനെ
‘മേരി ഹെസ്കേൽ’ എന്ന്
ഓമനിച്ചു വിളിച്ചു.
പുതിയ പേരിൽ വാക്കിന്റെ വിത്ത്
ഖലീൽ ജിബ്രാനെന്ന ന്യൂക്ലിയസിനു ചുറ്റും
പ്രേമത്തിന്റെ ഓർബിറ്റ് തീർത്തു.
പിന്നീട് വസന്തം അവസാനിച്ചതേയില്ല.