
ഭാഗം ഒന്ന്
പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള പരീക്ഷാ ഹാൾട്ടിക്കറ്റ് പോസ്റ്റ്മാൻ രാജേട്ടനിൽ നിന്നും കൈപ്പറ്റിയപ്പോൾ, പൂനെ പട്ടണം അപരിചിതത്വത്തിന്റെ കൂർത്തമുന കൊണ്ടു സൂര്യനിൽ ഭീതി കുത്തിവരച്ചു. പിന്നീടാ ഭീതി, പൂനെയിൽ ഹോട്ടൽ നടത്തുന്ന കളിക്കൂട്ടുകാരായ നാസറിലും മുരളിയിലും ചേർന്നൊതുങ്ങി നിസ്സാരപ്പെട്ടു.
കുളിര് പൊടിയുന്ന മഞ്ഞുമഴയിൽ, പൂനെ റെയിൽവേ സ്റ്റേഷൻ റോഡിലൂടെ നാസറോടിക്കുന്ന ലൂനയുടെ പിന്നിലിരുന്നു പൂനെ മഹാനഗരം വീക്ഷിച്ചപ്പോൾ തെങ്ങും മാവും പ്ലാവും തണൽ വിരിച്ച പറമ്പിലൂടെ നടന്നും കൈതച്ചെടികൾ അതിരുകാക്കുന്ന നീർച്ചാലുകൾ മുറിച്ചു കടന്നും പച്ചപടർന്ന ഇടവഴികളിലൂടെ നടന്നും, സൂര്യൻ മനസ്സിൽ വരച്ചു കൂട്ടിയ പൂനെ മഹാനഗരം അപൂർണ്ണമായിരുന്നു എന്നു തോന്നി.
ഇരുട്ടിന് കേറി നിൽക്കാൻ തെല്ലിട കൊടുക്കാതെ ജാഗരൂകരായ വഴിവിളക്കുകൾ കാവൽ നിൽക്കുന്ന ഗല്ലിക്കിരുവശത്തുമായി നിരയൊപ്പിച്ചു നിൽക്കുന്ന കെട്ടിടങ്ങൾക്കിടയിലൂടെ ഓടിയ ലൂന ജരാനര ബാധിച്ച രണ്ടുനില കെട്ടിടത്തിന്റെ നിഴലിൽ കിതപ്പാറ്റി നിന്നു.
പഴക്കം പിടിവിടാത്ത കൈവരികളിൽ പിടിച്ചു കീറിക്കരയുന്ന മരപ്പടികൾ ചവിട്ടി ഒന്നാം നിലയിലേക്ക് കയറി, ഇടുങ്ങിയ ഇടനാഴിയിലൂടെ ഇടത്തോട്ടു നടന്നവർ ഒരു മുറിക്കകത്തു കയറി. ചിലന്തിവലയിൽ കുടുങ്ങി ശോഷിച്ചു പോയ വൈദ്യുതി വെട്ടത്തിൽ ബാഗ് താഴെവച്ചു സൂര്യൻ കട്ടിലിൽ ഇരുന്നു.
“എടാ, നീ കുറച്ചുറങ്ങിക്കോ. പത്തുമണിയാവുമ്പോഴേക്കും ഞാനിങ്ങെത്താം. പരീക്ഷാ കേന്ദ്രം ഇവിടെയടുത്താ.” നാസർ വാതിൽ ചാരി പുറത്തേക്ക് പോയി.
വൈകുന്നേരം പരീക്ഷ കേന്ദ്രത്തിൽ നിന്നു നാസറിനൊപ്പം മടങ്ങുമ്പോൾ റോഡിൽ വലിയ തിരക്കായിരുന്നു.
“ഇനി പത്ത് ദിവസം ഗണേശോത്സവമാണ്. വല്യ ആഘോഷമാണ്. വൈകീട്ട് നമുക്കും കറങ്ങാനിറങ്ങാം.”
രാത്രി എട്ടു മണിയോടെ കടയടച്ചു അവർ പൂനെ തെരുവിലേക്കിറങ്ങി. ആചാരങ്ങൾ ആത്മീയ ചടങ്ങിൽ നിന്നും സാമൂഹ ആഘോഷമാകുന്ന ഗണേശോത്സവ തിരക്കിൽ അവർ മൂവരും കണ്ണി ചേർന്നു. ദീപധൂപങ്ങളാൽ അലംകൃതമായ പന്തലുകളിൽ, തുമ്പിക്കൈ ഇടത്തേക്ക് നീട്ടിവച്ചു ശാന്തഭാവത്തിലിരിക്കുന്ന വിഘ്നേശ്വര വിഗ്രങ്ങൾ കണ്ടും, ‘ഗണപതി ബപ്പ മോര്യ’ ഏറ്റുചൊല്ലിയും തട്ടുകടകളിൽ കയറി പാനി പൂരിയും, വടാ പാവും കഴിച്ചും അവർ തിരക്ക് തിങ്ങി നിന്ന തെരുവിലൂടെ നടന്നു.
ഗ്രാമദേവിയായ ജോഗേശ്വരി ക്ഷേത്രത്തിലെ ഗണേശപ്പന്തലും കണ്ടവർ തിരക്കിൽ ചുരിങ്ങിപ്പോയ ബുധുവാർപ്പേട്ടിലെ റോഡിലെത്തി.
റോഡിൽ അങ്ങിങ്ങായി അണിഞ്ഞൊരുങ്ങി, ചായം തേച്ച ചുണ്ടുകളിൽ ഇക്കിളിച്ചിരി ഒട്ടിച്ചു, കുപ്പിവളകൈകൾ കിലുക്കി നിൽക്കുന്ന സ്ത്രീകളെ കണ്ടപ്പോൾ, സൂര്യനു ചില അസ്വഭാവികത തോന്നി.
“ഇതെവിടെയാടാ, നമ്മൾ?”
സൂര്യന്റെ ചോദ്യത്തിൽ നിന്നും തെന്നിമാറി നാസറും മുരളിയും കുലുങ്ങിച്ചിരിച്ചു.
“നീ ഇവിടെ നിൽക്ക് ഞങ്ങളിപ്പം വരാം.”
“വേണ്ട,വേണ്ട ഞാനും വരാം.” സൂര്യൻ വാക്കുകൾ പൂരിപ്പിക്കുന്നതിനു മുമ്പേ അവർ തിരക്കിൽ മറഞ്ഞു.
അല്പനിമിഷം കഴിഞ്ഞപ്പോൾ, പിന്നിൽ നിന്നൊരാൾ തോളിൽ മുട്ടി. പാൻകറ പുരണ്ട ചുണ്ട് പുറം കൈയാൽ തുടച്ചയാൾ മറാഠിയിൽ എന്തോ ചോദിച്ചു.
സൂര്യന്റെ പരുങ്ങൽ കണ്ടിട്ട് അയാൾ ഭാഷ മാറ്റി.
“കേരള വാലാ? നല്ല കേരളകൊളന്തൈ കെടയ്ക്കും സാർ. 500 രൂപ മതി. ഡാൻസ് പുടിക്കുമാ?
സൂര്യൻ ഒന്നും മിണ്ടാതെ കടയുടെ ഇടയിലെ നിഴലിലേക്ക് മാറി ഒട്ടി നിന്നു.
നീണ്ട തലമുടി കാറ്റിലൊഴുക്കി, സാരി മുട്ടറ്റം പൊക്കി കാലഴക് കാണിച്ചിരുന്ന ഒരു സ്ത്രീ സൂര്യനെ കണ്ടതും അങ്ങോട്ട് നടന്നു വന്നു. മേക്കപ്പിന്റെ അതിപ്രസരമുള്ള മുഖത്ത് ശ്രംഗാരം തുളുമ്പിക്കൊണ്ട് അവന്റെ കൈപിടിച്ചു.
“മുറിയുണ്ട്. വാ പോകാം”
കൈ തട്ടി മാറ്റി, ഇടം വലം നോക്കാതെ സൂര്യൻ ഓടി. വലക്കണ്ണികൾ കോർത്ത പോലെയുള്ള വഴികൾ സൂര്യനെ സങ്കടപ്പെടുത്തി. ഒടുവിൽ നനഞ്ഞു കുതിർന്നു ഇലക്‌ട്രിക് പോസ്റ്റിൽ പിടിച്ചു, ഭയം തിളച്ചു മറിയുന്ന കണ്ണുകളുമായി പാതി ജീവനകന്നു നിന്നു.
നാസറും മുരളിയും കള്ളച്ചിരിയോടെ, അവന്റെ പിന്നിൽ പ്രത്യക്ഷപ്പെട്ടു.
നാവിൽ വാക്കുകൾ വറ്റി വെപ്രാളപ്പെട്ടു നിന്ന സൂര്യനോട്, മുരളി ചോദിച്ചു.
“നീ എപ്പോഴും പറയാറില്ലേ, പൂനെയിലെ വേശ്യാലയം കാണണമെന്നും, പിന്നെ…”.
കേട്ടാലറക്കുന്ന തെറി തുപ്പികൊണ്ടു നിലത്തുള്ളൊരു കല്ലെടുത്ത സൂര്യൻ അവർക്കു പിന്നാലെ ഓടി.
“നീ, എന്താടി രാവിലെത്തന്നെ കുണുങ്ങിച്ചിരിക്കുന്നത്? സൂര്യൻ നെഞ്ചിൽ തലവച്ചു ചിരിക്കുന്ന മേദിനിയോട് ചോദിച്ചു.
“നിങ്ങളെ പണ്ട് കൂട്ടുകാർ വേശ്യാലയം കാണിച്ച കഥ ഓർത്തു ചിരിച്ചു പോയതാണ്.”
“ഫ, തേവിടിശ്ശീ നിന്റെ ഒരു…” പുതപ്പിനുള്ളിൽ നിന്നു നീണ്ടു വന്ന ചവിട്ടേറ്റ് മേദിനി ചൂടിക്കട്ടിലിനു താഴെ വീണു.
തറയിൽ കൈകുത്തി എഴുന്നേറ്റു കമഴ്ത്തിവച്ച ബക്കറ്റിനു മേൽ വിരലൂന്നി ഒറ്റമുറിയെ പുറംലോകവുമായി ബന്ധിക്കുന്ന കിളിവാതിൽ തുറന്നു. മേൽക്കൂരയിൽ കൂടുവച്ചിരിക്കുന്ന കാട്ടിപ്രാവുകൾ ചിതറിപ്പറന്നു.
വിജനമായ റോഡിലൂടെ കാട്ടിപ്രാവുകൾ മഞ്ഞ് തുള്ളികൾ കൊത്തിക്കുടിച്ചു നടന്നു. മഞ്ഞിൽ നിന്നും കുളിര് മോഷ്ടിച്ചു പ്രഭാത രശ്മിയോടൊപ്പം ഒളിച്ചു കയറാൻ ശ്രമിച്ച മാരുതനു മേൽ അവൾ കിളിവാതിൽ കൊട്ടി അടച്ചു.
മുറിയുടെ മൂലയിൽ പഴയ ചേല ചുറ്റി മറച്ച കുളിമുറിയിൽ മുഖം കഴുകി, നീണ്ടു ഇടതൂർന്ന മുടി മാറിലേക്കിട്ടു കോതി അറ്റം കെട്ടി പിന്നിലേക്കിട്ടു. പൗഡറിട്ടു കണ്ണെഴുതി പൊട്ടുതൊട്ടു മേദിനി പൊട്ടിയ കണ്ണാടികഷ്ണത്തിൽ നോക്കി.
കട്ടിലിൽ വന്നിരുന്നു. അരയോളം മൂടിവച്ച പുതപ്പ് കഴുത്തറ്റം വരെ വലിച്ചിട്ടു സൂര്യന്റെ കവിളിൽ ഒരുമ്മ നൽകി. കഴിഞ്ഞ രാവിൽ അവൻ സേവിച്ച ദേശി ദാരുവിന്റെ ഗന്ധം അവളെ വീർപ്പുമുട്ടിച്ചു.
ഏതോ നിശായാമത്തിൽ തന്നിലേക്ക് തെന്നി ഉദിച്ച സൂര്യനെ അവൾ സ്‌നേഹത്തോടെ നോക്കി. ബുധുവാർപ്പേട്ടിലെ തെരുവിൽ നിന്നു സൂര്യൻ പണ്ട് പേടിച്ചോടിയ രാവ് തനിക്കും മറക്കാനാവാത്ത ദിനമാണെന്നു മേദിനി ഓർത്തു.
ഭാഗം രണ്ട്
ഓർമ്മശിലാപാളികളിൽ പതിഞ്ഞ ചില സെൽഫി ഫ്രെയിമുകൾ ഒന്നിനു പിറകേ ഒന്നൊന്നായി മനക്കണ്ണാടിയിൽ തെളിഞ്ഞു.
തേയിലച്ചെടികളുടെ മദ്ധ്യഭാഗത്തു കണ്ണീരുപ്പ് നിലം പാകിയ ലയത്തിൽ അമ്മയുടെ മാറിലൊട്ടിപ്പിടിച്ചു കിടക്കുന്ന അഞ്ച് വയസ്സുകാരി മേദിനി. ലയത്തിന്റെ ചായ്പ്പിൽ അട്ടിയിട്ട തേയില ചാക്കുകളിൽ ചാരി ആവലാതികൾ ഉരവിട്ടു തേയിലയില നുള്ളാൻ പോകുന്ന അമ്മയെ യാത്രയാക്കുന്ന പെറ്റിക്കോട്ടുധാരി. വിയർപ്പ് നനഞ്ഞ ചേലത്തുമ്പിൽ കെട്ടിവച്ചിരിക്കുന്ന പരിപ്പ് വടയ്ക്കായി, ചട്ടപൊട്ടിയ സ്ളേറ്റിൽ കുത്തിവരച്ച കുഞ്ഞു പൂച്ചയോടൊപ്പം കാത്തിരിക്കുന്ന പിഞ്ഞിയ യൂണിഫോം ധരിച്ച പെൺകുട്ടി. ലയത്തിന്റെ മുറ്റത്ത് തിങ്ങിക്കൂടിയ ആളുകളുടെ നടുവിൽ വെള്ളത്തുണിയിൽ പൊതിത്ത അമ്മയുടെ അരികിൽ കത്തിച്ചുവച്ച ചന്ദനത്തിരിയുടെ തണുത്ത ഗന്ധം മൂക്കിൽ കുത്തിയിറങ്ങി അലമുറയിട്ടു കരയുന്ന പെൺകുട്ടി.
മേദിനി കട്ടിലിൽ നിന്നെഴുന്നേറ്റു തകരപ്പെട്ടിയിൽ നിന്നു നിറം മങ്ങിയ ഒരു വോയൽ സാരി എടുത്തു മാറിൽ വച്ചു. അമ്മ മണം ഉള്ളിൽ പ്രളയമാകെ മെനഞ്ഞ കണ്ണീർച്ചില്ലിലൂടെ ഓർമ്മച്ചിത്രങ്ങൾ വീണ്ടും ചലിക്കാൻ തുടങ്ങി.
തകരഷീറ്റ് മേഞ്ഞ ലയത്തിലെ കുടുസ്സുമുറിയിൽ അമ്മയുടെ മരണ ശേഷം അകന്ന ബന്ധുകൂടിയായ പിച്ചമ്മൈ മേദിനിക്ക് കൂട്ടായ് എത്തി.
പിച്ചമ്മയുടെ കൈ പിടിച്ചു മഞ്ഞു പത വീണ കല്ലുകൾ ചവിട്ടി ആദ്യം തേയിലക്കുന്നിലേക്ക് കയറുമ്പോൾ മേദനിയുടെ കൈയ്യിലുണ്ടായിരുന്ന കണ്ണെഴുതി പൊട്ടുതൊട്ട പാവക്കുട്ടിക്ക് പകരം കാലം പതുക്കെ അവളുടെ മുതുകിൽ തേയില നുള്ളിയിടാനുള്ള കുഞ്ഞു കൂട്ട വച്ചുകൊടുത്തു.
“മോളെ, പിച്ചമ്മക്ക് നിന്നെ പഠിപ്പിക്കണമെന്നാഗ്രഹമുണ്ട്. പക്ഷേ ഈ കുടിലിൽ തോട്ടം തൊഴിലാളികൾക്കേ താമസിക്കാനാവൂ. അതോണ്ടാ മോളെയും തേയില നുള്ളാൻ കൂട്ടുന്നത്.”
പിന്നീട് ഏതോ പകലന്തിയിൽ, ഉമ്മറച്ചായ്പ്പിൽ മുഖം കാൽമുട്ടിലമർത്തി മാനത്ത് കുങ്കമക്കുടം പൊട്ടി ഒലിച്ചു പരക്കുന്നത് നോക്കുമ്പോഴായിരുന്നു, പ്രായം ആദ്യമായി മേദിനിയുടെ പെറ്റിക്കോട്ടിൽ തക്കാളിച്ചോപ്പിൽ പൂക്കൾ തുന്നിയത്.
രക്ത പൂക്കൾ കാണിച്ചു “പിച്ചമ്മാ” എന്നു തേങ്ങി അവരുടെ മാറിലിവൾ വേദന നനച്ചു.
മഞ്ഞളും വേപ്പിലയും അരച്ചു ചേർത്ത ചൂടുവെള്ളത്തോടൊപ്പം പിച്ചമ്മയുടെ കൈകൾ മാറിലൂടെ ഇഴയുമ്പോൾ അവൾക്ക് ഇക്കിളി അനുഭവപ്പെട്ടു.
“മോളെ, നീയൊരു സുന്ദരി പെണ്ണായി. നിന്റെ അമ്മയുടെ സൗന്ദര്യം കൊത്തി തിന്നവർ ഇവിടെയൊക്കെയുണ്ട്. ഓരോ നിശ്വാസത്തിലും നീ സൂക്ഷിക്കണം.”
അമ്മയുടെ മരണവുമായി ബന്ധപ്പെടുത്തി അപ്രിയമായ പല കഥകളും കേട്ടിരുന്നുവെങ്കിലും, പിച്ചമ്മയുടെ ഉപദേശമായിരുന്നു അവൾക്കു വലുത്.
“നീ കേറി അതിലൊന്നും തലയിടേണ്ട. നമ്മുടെ കൂടെ നിൽക്കാൻ ആരുമുണ്ടാവില്ല.”
മേദിനിയുടെ മേനിയിൽ യൗവന പൂക്കൾ നിർലോഭം വാരി വിതറി ഋതുക്കൾ അവൾക്ക് കുറകേ കടന്നു പോയപ്പോൾ പൊട്ടിവീഴുന്ന അശ്ശീലം ചുവക്കുന്ന ചുണ്ടുകളും കാമം ഫണം വിടർത്തിയ നോട്ടങ്ങളും അവൾക്ക് ഏറ്റുവാങ്ങേണ്ടി വന്നു.
വിരൽത്തുമ്പിൽ വേദന പുരട്ടി തേയിലക്കൊളുന്തുകൾ നുള്ളി കൂട്ട നിറക്കുമ്പോഴും ചെഞ്ചിളം ചുണ്ടിൽ സ്വരുക്കൂട്ടിവച്ച മധുസ്‌മിതം ഒരാൾക്കുമാത്രം അവൾ മനസ്സറിഞ്ഞു നൽകി.
കവലയിലെ ആൽമരക്കൊമ്പിൽ നിന്നും മാനം മണ്ണിലേക്കിറങ്ങിയ വേരിൽ പിടിച്ചെന്നും അവളെ കാണാൻ കാത്തു നിൽക്കുന്ന കുറ്റിതലമുടിയും കറുത്ത മെലിഞ്ഞൊട്ടിയ ശരീരവുമുള്ള ചന്ദ്രു എന്ന ട്രാക്റ്റർ ഡ്രൈവർക്കു മാത്രം.
ലയത്തിനു ചുറ്റുനിന്നും അവളിലേക്ക് തൊടുക്കുന്ന കാമശരങ്ങൾക്കെതിരെ പിച്ചമ്മ പരിച പിടിക്കുമ്പോൾ നീണ്ട നോട്ടങ്ങളും കാച്ചിക്കുറുക്കിയ വാക്കുകളിലൂടെയും അവർക്കിടയിൽ ഒരിഷ്‌ടം മുറുകിക്കൊണ്ടിരുന്നു.
ഇടവപ്പാതിയിൽ ചോർന്നൊലിക്കുന്ന തകരഷീറ്റിനു താഴെ പാത്രം നീക്കി വെക്കുന്ന ഒരു രാത്രിയിലാണ് മഴ മറയാക്കി രണ്ടു പേർ മുറിയിലേക്ക് പതുങ്ങിയെത്തിയത്. മുഖവുരയൊന്നും കൂടാതെ തിടുക്കപ്പെട്ടു അതിലൊരാൾ പറഞ്ഞു തുടങ്ങി.
“ഞങ്ങൾ മേദിനിയുടെ അച്ഛൻ മുത്തുമണിയുടെ സംഘക്കാരാണ്. നിന്റെ കാര്യം ഇനി സംഘം നോക്കും. അടുത്ത മാസം രണ്ടാം തീയ്യതി തയ്യാറായി നിൽക്കണം, ഞങ്ങൾ വരും.”
അവർ പോയതിനു ശേഷം “ഇത്രയും കാലം ഇവർ എവിടെയായിരുന്നു?” എന്ന് അരിശപ്പെട്ട പിച്ചമ്മ മേദിനിയുടെ അച്ഛനെക്കുറിച്ച് ആദ്യമായാണ് അവളോട് പറഞ്ഞു.
ഉയരം കൂടുന്തോറും രുചികൂടുന്ന തേയിച്ച പച്ചപ്പ് നുള്ളുന്നവരെ ദുരിതക്കയത്തിൽ നിന്നു കരകേറ്റാൻ ആളെ സംഘടിപ്പിച്ചു പോരുകുറിച്ച മേദിനിയുടെ അച്ഛൻ മുത്തുമണിയെ പോലീസും തോട്ടമുടമകളും `മാവോയ്‌സ്റ്റ്’ പട്ടം ചാർത്തി അറസ്റ്റ് ചെയ്തു. ജയിലിൽ നിന്നിറങ്ങിയ മുത്തുമണി പിന്നീട് ശരിക്കും മാവോയ്സ്റ്റായി കാടുകയറി, ഏതോ പോലീസ് വെടിവെപ്പിൽ മരണപ്പെട്ടു.
“പിച്ചമ്മാ എനിക്ക് മാവോയ്‌സ്റ്റ് ഒന്നും ആവേണ്ട. എന്നെ അവർക്ക് വിട്ടുകൊടുക്കരുതേ…” മേദിനി തേങ്ങിക്കരഞ്ഞു.
“മോളെ, നീ ഇവിടെ നിന്നു എങ്ങിനെയെങ്കിലും രക്ഷപ്പെട്ടോ. ചന്ദ്രു നല്ല പയ്യനാ. പിച്ചമ്മക്ക് എല്ലാം അറിയാം.”
നിർത്താതെ പെയ്യുന്ന മഴയിൽ, ചന്ദ്രുവിന്റെ കൂടെ തകരപ്പെട്ടിയുമായി ലയത്തിന്റെ പടിയിറങ്ങുമ്പോൾ അവൾക്ക് യാത്ര ചോദിക്കാൻ പിച്ചമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ദേശനാമങ്ങളറിയാതെ തീവണ്ടി പാലങ്ങൾ കടക്കുമ്പോഴും തുരങ്കങ്ങൾ കടക്കുമ്പോഴും ഉണ്ടായ ശബ്‌ദവ്യത്യാസം മാത്രം അവളോർത്തു.
പൂനെ മഹാനഗരമെത്തി എന്ന് ചന്ദ്രു പറഞ്ഞപ്പോൾ അവൾ തലയാട്ടി അംഗീകരിച്ചു.
ഭാഗം മൂന്ന്
ജോലിക്കായുള്ള അലച്ചലിനൊടുവിൽ ശങ്കരി ഭായിയുടെ കാർ ഡ്രൈവറായി ചന്ദ്രുജോലിയിൽ പ്രവേശിച്ചു.
“ആരാണ്, ശങ്കരി ഭായി?” എന്ന ചോദ്യത്തിനു “നീ ഇപ്പോ അത് അറിയേണ്ട.” എന്ന ചന്ദ്രുവിന്റെ മറുപടിക്കപ്പുറം മേദിനി മറുചോദ്യം പരതിയില്ല.
ജീവിതം അന്ധാളിച്ചു നിന്ന മേദിനിക്ക്, ബുധുവാർപ്പേട്ടിലെ ഒരു കൊച്ചു മുറിയിലേക്ക് പറിച്ചു നട്ട ജീവിതം സ്വർഗ്ഗ തുല്യമായിരുന്നു.
അനാഥത്വം പേറുന്ന ഇരുവർക്കും തങ്ങളുടെ ജീവന്റെ നാമ്പ് അങ്കുരിച്ചു എന്ന സത്യം ആഘോഷമാക്കിയ നിമിഷങ്ങളെ മേദിനി നെഞ്ചിലെ കനലിൽ ഊതിയാട്ടി.
“നമ്മുടെ കുഞ്ഞിനെ പഠിപ്പിച്ചു വലിയവനാക്കണം.” പൂനെയിലെ സസൂൺ ആശുപത്രിയുടെ പ്രസവ വാർഡിൽ മേദിനിയുടെ നിറവയറിൽ തലവച്ചു ചന്ദ്രു പറഞ്ഞു.
പ്രസവവേദനയുടെ വേലിയേറ്റത്തെ പ്രതീക്ഷിച്ചു കിടക്കുന്ന മേദിനി ചന്ദ്രുവിന്റെ കൈ നിറവയറിനു മേലെ അമർത്തിപ്പിടിച്ചിരിക്കുമ്പോളായിരുന്നു ശങ്കരിഭായ്യുടെ ആൾ ചന്ദ്രുവിനെ വിളിക്കാൻ എത്തിയത്.
“നീ പേടിക്കേണ്ട. ഞാനിപ്പം ഇങ്ങെത്താം.”
അവളുടെ കവിളിൽ ചുണ്ടൊപ്പി, കൈമുറുക്കം അഴിച്ചു അവൻ ധൃതിയിൽ നടന്നകലുമ്പോൾ മേദിനിയെ ലേബർ റൂമിലേക്ക് കൊണ്ടുപോയി.
പ്രസവശേഷം മേദിനി, കുഞ്ഞു മാലാഖയെ ചേർത്തു പിടിച്ചു കിടന്നു.
“എന്റെ ചന്ദ്രുവിനെ കാണണം, ആരെങ്കിലും അന്വേഷിക്കുമോ?”
പരിചിതമില്ലാ ഇടത്തിൽ പരിചയമില്ലാ ഭാഷയിൽ അവൾ ചോദിച്ച സഹായം നൽകാൻ ആരും ഉണ്ടായിരുന്നില്ല.
വേദനയും വിശപ്പും ഒറ്റപ്പെടലും സംഘം ചേർന്നു ആക്രമിച്ചപ്പോൾ മേദിനി അവശയായി. കണ്ണിറുകെ അടച്ചതും കണ്ണാഴത്തിലെ ഉപ്പുകടൽ കവിഞ്ഞൊഴുകി.
മുറുക്കി ചോപ്പിച്ച ചുണ്ടുകളും, വലിയ വട്ട പൊട്ടും, സുറുമയിട്ട കണ്ണുകളിൽ രക്തരാശിയുമായി മേദിനിയെ കാണാനെത്തിയ സ്ത്രീയെ കണ്ടതും, പിsഞ്ഞെണീറ്റ പ്രത്യാശ അവളുടെ വിളറിയ ചുണ്ടിലനങ്ങി.
“ശങ്കരി ദീദി, എന്റെ ചന്ദ്രു എവിടെ?”
അവർ അവളുടെ അരികിലിരുന്നു, കുഞ്ഞിനെ എടുത്തു.
“ചന്ദ്രു എവിടെ?” എന്നാവർത്തിക്കുന്ന മേദിനിയുടെ തലയിൽ വിരലോടിച്ചു.
“ചന്ദ്രു വരും. അവൻ വലിയൊരു ജോലിക്ക് പോയിരിക്കാ. നമുക്ക് ഇപ്പോൾ പോകാം.”
മേദിനി ചുറ്റും നോക്കി, അന്ന് ശങ്കരി ദീദിയോടൊപ്പം കയറി വന്ന ഈ മുറിയിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഭിത്തിയിൽ ചില്ലിട്ടു വച്ച ചന്ദ്രുവിന്റെ ഫോട്ടോ ഒഴികെ.
ഭാഗം നാല്
വർത്തമാനകാല മുനമ്പിൽ തട്ടിയൊന്നു നിന്നു പോയ ഓർമ്മകൾ വീണ്ടും പിന്നോട്ട് ചലിച്ചു തുടങ്ങി.
ആശുപത്രിയിൽ നിന്നെത്തി ഒരാഴ്ചക്കു ശേഷം, കുഞ്ഞു ജാനകിയെ താലോലിച്ചു കൊണ്ട് ശങ്കരിഭായ് തളർന്നു കിടക്കുന്ന മേദിനിയോട് പറഞ്ഞു.
“ചന്ദ്രു ഇനി വരില്ല മോളെ. അന്നു രാത്രി കാലു മാനിക്ക് എനിക്ക് നേരെ വീശിയ വടിവാളിന്റെ മൂർച്ചയിലേക്ക് അവൻ എടുത്തു ചാടുകയായിരുന്നു.”
കണ്ണുകൾക്ക് ഒട്ടും പരിചിതമല്ലാത്ത നീർത്തുള്ളികളെ ശങ്കരിഭായ് വിരലറ്റം കൊണ്ടു ചൊട്ടിക്കളഞ്ഞു.
“കാലു മാനിക്കിനെ യമപുരിക്കയച്ചെങ്കിലും ചന്ദ്രു എന്നെ ചതിച്ചു കളഞ്ഞു. എനിക്കവൻ വെറും ഡ്രൈവറായിരുന്നില്ല കുഞ്ഞനിയനായിരുന്നു.”
കൈകൊണ്ടു വായ പൊത്തി ഉള്ളിലടക്കി കുടിച്ച സങ്കടം ചുട്ടുപൊള്ളുന്ന കണ്ണുനീരായി മേദിനി വർഷിച്ചു.
“ഈ മടിയിൽ കിടന്നവൻ കണ്ണടക്കുമ്പോൾ, നിന്നെ അറിയിക്കരുതെന്നു തേങ്ങിയിരുന്നു. അതു കൊണ്ടാ മോളെ … “
ശങ്കരിഭായ് കുഞ്ഞിനെ മേദിനിക്കരികെ കിടത്തി, നെടുവീർപ്പിട്ടു മുറിയിൽ ഉലാത്തി.
“മോളെ, ശങ്കരിഭായ് റാണിയാണ്. ജാതി, മത, ദേശ, ഭാഷ ഭേദമില്ലാതെ പ്രജകളുടെ ഒരു നേരത്തെ അന്നത്തിനു വേണ്ടി പുരഷന്റെ കാമാർത്തിക്ക് വില ഇടുന്ന സാമ്രാജ്യത്തിന്റെ റാണി. ഇനി മുതൽ ഈ സാമ്രാജ്യത്തിലെ ഒരു പങ്ക് എന്റെ ചന്ദ്രവിന്റെ പെണ്ണിനും കുഞ്ഞിനും കൂടി ഉള്ളതാണ്.”
ശങ്കരിഭായ് ഒരുക്കിയ തറയിലും തണലിലുമായി മേദിനിയുടെ ജീവിതം പതുക്കെ പൊരുത്തപ്പെട്ടു.
വിലപേശി ഉറപ്പിക്കുന്ന ശരീരത്തിലെ നിമ്ന്നോതങ്ങളിൽ കാമദാഹികൾ കോറിയിടുന്ന വേദനയിൽ വിങ്ങിപ്പൊട്ടുമ്പോഴും സ്നേഹം സൂക്ഷിക്കുന്ന ശങ്കരിഭായ് യുടെ പ്രജകൾക്കിടയിൽ അവളും കുഞ്ഞും സുരക്ഷിതരായിരുന്നു.
അകാല വൈധവ്യം കെട്ടിയ മതിലിനപ്പുറം മേദിനി ഒറ്റപ്പെട്ടു പോകാതിരിക്കാൻ ശങ്കരിഭായ് അവളെ നൃത്തവും പാട്ടും പഠിപ്പിച്ചിരുന്നു.
അഞ്ചു വർഷത്തോളം നീണ്ട പരിശീലനത്തിനൊടുവിൽ, ശില്പഭംഗിയാർന്ന ഉടലഴകോടെ ചുവട് ഇടറാതെ മേദിനി ശങ്കരിഭായ്ക്കു മുമ്പിൽ നൃത്തം ചെയ്തു.
“നിനക്ക് ഇഷ്ടമുള്ളപ്പോൾ ദർബാറിൽ നൃത്തം ചെയ്യാം. നിന്റെ ഉടലഴകിൽ രതി സൂത്രവാക്യങ്ങൾ രചിക്കാൻ കൊതിക്കുന്നവർ വിലപേശി വന്നേക്കാം. പക്ഷേ നിന്റെ സമ്മതം കൂടാതെ ഞാനാർക്കും നിന്നെ വിട്ടുകൊടുക്കില്ല.”
ശങ്കരിഭായ് ജാനകിയെ പിടിച്ചു മടിയിലിരുത്തി കൊഞ്ചിച്ചു.
“മേദിനി, അടുത്താഴ്ച മൈക്കിൾസ് കോൺവെൻറിലെ സിസ്റ്റർമാർ ജാനകിയെ കൂട്ടാൻ വരും. എന്റെ കുട്ടി അവിടെ പഠിച്ചു മിടുക്കിയാവട്ടെ. ആഴ്ചയിൽ നമുക്ക് അവളെ അങ്ങോട്ട് പോയി കാണാം.”
ജാനകിയെ പിരിയുന്നതിൽ വേദനയുണ്ടെങ്കിലും മേദിനി സന്തോഷത്തോടെ തലയാട്ടി സമ്മതിച്ചു.
ഏകാന്തത മുറിവേൽപ്പിച്ച ഒരുനാളിൽ മേദിനി ശങ്കരിഭായ്‌യുടെ അരികിലെത്തി.
“ദർബാറിൽ നൃത്തം ചെയ്യാൻ എന്നെയും അനുവദിക്കണം.”
ചുളിവകറ്റാൻ അറ്റകുറ്റപ്പണി ചെയ്ത ശങ്കരിഭായിടെ മുഖത്ത് വിസ്‌മയഭാവം എത്തി നോക്കി. പിന്നെ തലയാട്ടി സമ്മതം മൂളി.
ദർബാറിൽ മേദിനിയുടെ അരങ്ങേറ്റം നടന്നതും, സൂര്യൻ പണ്ട് ബുധവാർപ്പേട്ടിലെ ഗല്ലിയിൽ നിന്നു പേടിച്ചോടിയതും ഒരേ ഗണേശോത്സവ രാവിലായിരുന്നു.
അന്നു പേടിച്ചോടിയ സൂര്യൻ ഇതാ ഇന്നിവിടെ മേദനിയുടെ ഗല്ലി നമ്പർ 13- ലെ ചൂടിക്കട്ടിലിൽ എല്ലാം മറന്നു മയങ്ങുന്നു.
ചുണ്ടിലൊരു പുഞ്ചിരിത്തുണ്ടുമായി അവൾ പതുക്കെ പുതപ്പിനുള്ളിൽ നൂണ്ടു കയറി. സൂര്യന്റെ നെഞ്ചിടിപ്പിന്റെ താളത്തിൽ മുഴുകിക്കൊണ്ടു അവൾ സൂര്യൻ തന്നിലേക്ക് ഉദിച്ച ഓർമ്മകളെ വാരിയെടുത്തു.
“ദിൽ കെ അർമാൻ ആൻസുൻ മേം ബെഗയേ…” ഹസ്സൻ കമാലിന്റെ വരികൾക്ക് ഭാവഭംഗിയേകി മേദിക എല്ലാം മറന്നാടി, ചിലങ്കയുടേയും സിത്താറിന്റെയും മുഴക്കം ഒന്നിച്ചു നിൽക്കുന്നതുവരെ.
അടക്കാനാവാത്ത ആസക്തിക്ക് പെണ്ണുടലൽ തൊട്ടു ശമനം തേടാൻ വിരലുകൾക്കിടയിൽ നോട്ടുകൾ തിരുകിവച്ചു ചിലർ അടുത്തേക്ക് ക്ഷണിച്ചെങ്കിലും, തല കുമ്പിട്ടു വണങ്ങി അവൾ സൈഡ് റൂമിലേക്ക് പോയി.
അല്പനേരം കഴിഞ്ഞു ശങ്കരിഭായ് മേദിനിക്കരിലേക്ക് വന്നു.
“ദേ, നിന്നെ കാണണമെന്നു ഒരു മദ്രാസി വാശിപിടിക്കുന്നു. ഞാൻ നിർബന്ധിക്കില്ല.” മേദിനി തലതാഴ്‌ത്തി നിന്നുകൊണ്ടു പറഞ്ഞു
“മം, വന്നോട്ടെ”
“മനസ്സ് കളങ്കപ്പെടാതെ ചാരിത്ര ബോധത്തെ സ്വതന്ത്രമാക്കി ആരുടെകൂടെ വേണെമെങ്കിലും കിടക്ക പങ്കിടാം.” ശങ്കരിഭായ് പുലമ്പിക്കൊണ്ട് മുറിവിട്ടു പോയി.
ഭാഗം അഞ്ച്
വിഷാദം ചുവക്കുന്ന ഉണ്ടക്കണ്ണുകളുള്ള നീണ്ടു മെലിഞ്ഞ യുവാവിനെ മേദിനി തന്റെ മുറിയിലേക്ക് കൊണ്ടുപോയി.
“ഞാൻ സൂര്യൻ. പൂനെ മഹാനഗരത്തിന്റെ മാസ്‌മരികതിയിൽ പിഴച്ചു പോയവൻ. സ്‌നേഹം വിളമ്പി വിളിച്ചവളാൽ നിഷേധിക്കപ്പെട്ടവൻ. കൂട്ടുകാരും വീട്ടുകാരും ഉപദേശിച്ചു തള്ളിയവൻ.” അവന്റെ ചുണ്ടിൽ വാക്കുകൾ ഇഴഞ്ഞു.
“ഓർമ്മകളെഴുതി വച്ച ആ പാട്ടിന്റെ പിന്നിൽ എഴുതിയത് എന്റെ ജീവതമാണ്.”
സൂര്യൻ അവളെ മറോട് ചേർത്തു. കഴുത്തോരങ്ങളിൽ ചുണ്ട് പിച്ചവച്ചു തെന്നിയപ്പോൾ, മേദനി ഒരു കൽപ്രതിമയായി നിന്നു.
സൂര്യൻ, പ്രിയപ്പെട്ടവളോടെന്ന പോലെ അവന്റെ സങ്കടങ്ങൾ അവളോട് കരഞ്ഞു പറയുകയും രാത്രിയുടെ ഏതോ യാമത്തിൽ ഇറങ്ങിപ്പോവുകയും ചെയ്തു.
കഴിഞ്ഞ കുറേ വർഷങ്ങളായി സൂര്യൻ, മേദിനിയുടെ അറയിലേക്ക് അനുവദിക്കപ്പെട്ട ഏക സന്ദർശകനാണ്, മേദിനിക്ക് മാത്രം ശങ്കരിഭായ് അനുവദിച്ച ഇളവ്.
അറക്കുള്ളിൽ തന്നെ കെട്ടിപിടിച്ചുറങ്ങി അതിരാവിലെ ഇറങ്ങി പോകുന്ന സൂര്യനോട് ഒരിക്കൽ അവൾ ചോദിച്ചു.
“നിങ്ങൾക്ക് എന്റെ ശരീരം വേണ്ടേ? നൽകുന്ന പണം വസൂലാക്കേണ്ടേ.?”
” നീ ഒരു ഭോഗവസ്തുവോ ഞാനൊരു ഉപഭോക്താവോ അല്ല. എന്റെ വേദനകളെ നിന്നോട് ചേർത്തു കെട്ടിപിടിക്കുമ്പോൾ ശാന്തമായ ഉറക്കം എന്നെ തേടി വരുന്നു.”
കാലം ഒഴുകേ സൂര്യൻ മേദനിയുടെ മനസ്സിലും കയറിയിരുന്നു. കുപ്പിവള കൈകളാൻ ഇറുകെ പുണർന്നു അവളുടെ നോവും വിങ്ങലുകളും അവൻറ നെഞ്ചിലും പെയ്തു.
വേശ്യാതെരുവിലെ നർത്തകി കാമുകിയായി മാറുമ്പോഴും അർഹതയില്ലാത്ത മറ്റു വിശിഷ്ട പദവി മോഹിച്ചു മനസ്സ് കനം വച്ചു അവനിൽ മുങ്ങാതിരിക്കാൻ മേദിനി ശ്രദ്ധിച്ചിരുന്നു.
മഞ്ഞിൽ മുങ്ങിയ പുലരിക്കാറ്റ് വാതിൽ വിടവിലൂടെ അകത്തേക്ക് കയറിയതും ചൂടുതേടി സൂര്യന്റെ നെഞ്ചിലമർന്നു മേദിനി മന്ത്രിച്ചു.
” ഉടലാകെ റോന്ത് ചുറ്റാൻ അവകാശപ്പെട്ട വേശ്യയുടെ കണ്ണുകളിൽ മാത്രം കഥയെഴുതുന്ന കാമുകാ നീ എന്റെ ഭാഗ്യമാണ്.”
“നീ എന്താടീ രാവിലെത്തന്നെ പിറുപിറുക്കുന്നത്?”
അവളെ തള്ളിമാറ്റി സൂര്യൻ എഴുന്നേറ്റു. ഊരിവച്ച ഷർട്ട് ധരിച്ചു. തിരിച്ചു വന്നു കട്ടിലിൽ കിടക്കുന്ന മേദിനിയുടെ വയറിനു മുകളിൽ ഒട്ടി നിൽക്കുന്ന മഞ്ഞ സാരി മാറ്റി.
ജാനകിയുടെ ജന്മം ജ്യാമതീയ രൂപങ്ങൾ വരച്ച വയറിനു മേലെ കൈവിരൽ ചലിപ്പിച്ചു കൊണ്ട് അവൻ ചോദിച്ചു.
“ജാനകി വിശേഷം ഒന്നും പറഞ്ഞില്ലേ? നാളെയല്ലേ പോഗ്രാം. അവൾ വിളിച്ചാൽ അന്വേഷണം പറയണേ.”
സൂര്യൻ വാതിലിനപ്പുറം അസ്തമിച്ചതിനു ശേഷം, ചുമരിൻ തൂക്കിയിട്ട കലണ്ടറിൽ ചുവന്ന മാർക്ക് ചെയ്ത അക്കം നോക്കി മേദിനി ചിന്തിച്ചു നിന്നു.
ജാനകിയെ ഗാനാലാപന മത്സരത്തിന്റെ ഒഡീഷനു കൊച്ചിയിലെ സ്‌റ്റുഡിയോയിലേക്ക് ആരു കൊണ്ടു പോകും എന്ന ചോദ്യത്തിനു മേദിനിക്കും ശങ്കരിഭായ്ക്കും ഒറ്റ ഉത്തരമായിരുന്നു.
“സൂര്യൻ”
ഓഡിഷനിൽ പങ്കെടുത്തു തിരിച്ചു വന്ന അന്നു തന്നെയായിരുന്നു ഏറെക്കാലമായി അപേക്ഷിച്ചു കാത്തിരുന്ന അമേരിക്കയിലെ വാഷിംഗ്ടൺ ഡി.സി യിലെ സ്‌കൂൾ ഓഫ് ഡിവൈൻ മ്യൂസിക്കിൽ സംഗീതം പഠിക്കാനുള്ള സ്‌കോളർഷിപ്പ് കിട്ടിയതിന്റെ അറിയിപ്പ് ലഭിച്ചതും ജാനകി അമേരിക്കയിലേക്ക് പോയതും.
മേദിനി മൊബൈൽ ഫോൺ എടുത്തു, സൂര്യന്റെ കൂടെ ഓഡിഷനു പോയി തിരിച്ചു വന്ന രാത്രിയിൽ ജാനകി അവൾക്ക് അയച്ച പലവട്ടം കേട്ടിട്ടും മതിവരാത്ത ശബ്ദസന്ദേശം വീണ്ടും കേട്ടു.
“അമ്മയോ ശങ്കരി ദീദിയോ വരാതെ ഓഡീഷനു പോകാൻ കൂട്ടിനയച്ച സൂര്യൻ അങ്കിളിനെ കണ്ടപ്പോൾ നല്ല ദേഷ്യമുണ്ടായിരുന്നു.
എന്റെ അമ്മ ഒരു വേശ്യാലയ തെരുവിലാണെന്നു പറയാൻ എനിക്കൊട്ടും മടിയില്ല.
പ്രൊഡക്‌ഷൻ കൺട്രോളറോട് താമസത്തിന് ഒറ്റ മുറി മതിയെന്ന് അയാൾ സമ്മതിക്കുമ്പോൾ, പതിനെട്ട്കാരിയിലെ പെൺ മനസ്സ് വല്ലാതെ വീർപ്പുമുട്ടുന്നുണ്ടായിരുന്നു.
സങ്കല്പിക്കാൻ പോലും പറ്റാത്ത സൗകര്യമുള്ള മുറിയായിട്ടുപോലും അയാളുടെ സാമീപ്യത്തിൽ ഞാൻ വല്ലാതെ അസ്വസ്ഥയായിരുന്നു.
ഉറങ്ങാൻ ലൈറ്റ് അണച്ചപ്പോൾ, കട്ടിലിൽ അയാൾക്കരികെ കിടക്കാൻ നിർബന്‌ധിച്ചെങ്കിലും ഞാൻ സോഫയിൽ കിടന്നു.
അയാളിലെ മദ്യ ഗന്ധം മൂക്കിൽ കുത്തിക്കയറുമ്പോൾ അപരിചതനോടൊപ്പം സ്വന്തം മോളെ അയച്ച നിങ്ങളോടുള്ള ദേഷ്യം, പതഞ്ഞു പൊങ്ങുന്നുണ്ടായിരുന്നു.
എല്ലിൽ തുളച്ചു കയറുന്ന എ.സിയുടെ തണുപ്പിനെ മാറിൽ കൈപിണച്ചു പ്രതിരോധിക്കാനുള്ള ശ്രമം വിഫലമാകുമ്പോൾ അയാളുടെ കൂർക്കം വലി ബ്ലാങ്കറ്റിനുള്ളിൽ നിന്നും ഉയരുന്നുണ്ടായിരുന്നു.
എ.സിയുടെ തണുപ്പ് പല തവണ എന്നെ ബ്ലാങ്കറ്റിനുള്ളിൽ പോയി കിടക്കാൻ പ്രേരിപ്പിച്ചെങ്കിലും, എനിക്ക് പേടിയായിരുന്നു, ഒന്നു കണ്ണsക്കാൻ പോലും.
രാത്രിയിലെ എതോയാമത്തിൽ കണ്ണുതുറന്നപ്പോൾ അയാൾ സോഫക്കരികിൽ നിൽക്കുന്നു. ഞാൻ കണ്ണടച്ചു കിടന്നു, അയാൾ കുനിഞ്ഞു തലയണ എന്റെ തലയ്ക്കടിയിൽ വച്ചു, ബ്ലാങ്കറ്റ് എടുത്തു കൊണ്ടുവന്നു എന്നെ പുതപ്പിച്ചു.
കട്ടിലിൽ താടിയെല്ല് വിറച്ചു കിടന്ന അയാളിൽ ഒരാണിന്റെ കരുതലും കരുത്തും കണ്ടു.
അമ്മയുടെ തെരുവിലെത്തുന്ന പോരു കാളകൾ കാണിക്കുന്ന കാടത്തമല്ല അമ്മേ ആണത്തം. പെൺ മനസ്സിനെ അറിയുന്ന വികാരമാണ് ആണത്തം. ദുർവിധി ചൂഷണം ചെയ്തു പെണ്ണുടൽ ഉടക്കുന്ന കരുത്തുമല്ല അമ്മേ ആണത്തം.
പിന്നെ വേറെ ഒരു കാര്യം കൂടെ പറയട്ടെ, ഹോട്ടലിലെ അപേക്ഷ ഫോമിൽ ഞാനുമായുള്ള റിലേഷൻ എന്ന ഭാഗത്ത് സൂര്യൻ അങ്കിൾ എന്താണ് എഴുതിയതെന്ന് അമ്മയ്ക്കറിയാമോ?
“അച്ഛൻ’ അമ്മേ ആണത്തമുള്ള അച്ഛനെ എനിക്ക് നൂറായിരം വട്ടം ഇഷ്ടമാണ്.”
ശബ്ദസന്ദേശത്തിന്റെ അവസാന ഭാഗം വീണ്ടും വീണ്ടും പ്ലേ ചെയ്തു കേട്ടുകൊണ്ടു ഇലകൊഴിഞ്ഞ തുളസിച്ചെടിയിൽ കെട്ടിവച്ച ചുവന്ന ചരട് അഴിച്ചെടുത്തു, സൂര്യൻ ഇന്നലെ കൊണ്ടുവച്ച മുല്ലമൊട്ടുകൾ, കോർത്തൊരു മാലയുണ്ടാക്കി നിറകണ്ണുകളോടെ മേദിനി ചന്ദ്രുവിന്റെ ഫോട്ടോയിൽ ചാർത്തി.














