മെറൂൺ നിറമുള്ള വാടക വീട്

തിരിഞ്ഞു നോക്കുമ്പോൾ വീട്
എന്നേക്കാൾ മുന്നേ
യാത്ര തുടങ്ങിയിരുന്നെന്നു തോന്നുന്നു.
കണ്ണീരിൽ മുങ്ങിപ്പോയതു കൊണ്ടാവാം
നോക്കുന്നിടത്തെല്ലാം കണ്മുന്നിലതിന്റെ മഴയത്ത് ഒറ്റക്കുള്ള നിൽപ്പ് മാത്രം.

വാടകയ്ക്ക് തരപ്പെട്ട
വീടിനോടെനിക്ക് കടുത്ത പ്രേമമായിരുന്നു.
ഞാനതിന്റെ ഹൃദയത്തിന്റെ ചില്ലയിൽ
ഒരേയൊരു കൂട് മാത്രം സ്വന്തമാക്കുകയും
അടുപ്പൂതിയൊരു കട്ടൻ കാച്ചുകയും ചെയ്തു.

വീടിന്റെ സാക്ഷകൾക്കുള്ളിൽ
എന്റെ മാത്രം മണമായിരുന്നു.
ചുവരിലെല്ലാമെന്റെ കരിപുരണ്ട
നിഴൽച്ചിത്രങ്ങൾ ചിതറിക്കിടന്നിരുന്നു .

വീടാകെയെന്റെ നിറങ്ങളിലന്നെല്ലാം
കുപ്പായങ്ങളണിഞ്ഞിരുന്നു.
ചിരിയുടെ പൂവേറ്റു,
കരച്ചിലിന്റെ ഉടഞ്ഞ
പൂപ്പാത്രത്തിന്റെ ചീളേറ്റു,
മൗനത്തിന്റെ സൂചിമുനയേറ്റു,
ശബ്ദത്തിന്റെ കനൽച്ചൂടേറ്റു,
വെയിലേറ്റു മഞ്ഞേറ്റു
നിഴലും നിലാവുമേറ്റങ്ങനെ…

വാടകവീടു വിട്ടിറങ്ങുന്നവൾ
എല്ലാവർക്കും വീട്ടുകാരിയല്ല.
വാടകക്കാരിയായി സന്ധ്യയ്ക്ക്‌ മുന്നേ
മറ്റൊരു കൂട്ടിലണയേണ്ട വേവലാതിയുള്ള
യാത്രക്കാരി .

കരിയിലകൾ പോലെ അടർന്നു വീഴുന്ന
കറുപ്പും ചുകപ്പും നിറങ്ങൾ കലർന്ന അക്കങ്ങൾക്കിടയിൽ
മഷികൊണ്ട് കടബാധ്യതകളുടെ
കണക്കുകൾ തുന്നിപ്പിടിപ്പിച്ച
കലണ്ടറെടുക്കാൻ മറന്നതോർത്ത് അപരിചതമായ മറ്റൊരു വീടിനോട്
കലഹിക്കുന്ന വാടകക്കാരി.

പഴയ വാടക വീടിനെക്കുറിച്ചുള്ള ഓർമ്മകൾക്കെല്ലാമിന്നു
ബോൺസായ് മരങ്ങളുടെ
വളർച്ചയാണ്.
കൊന്നാലും ജനിച്ചാലും
മരിക്കാത്തതും വളരാത്തതുമായ
മുരടിച്ചു പോയ ഓർമ്മകൾക്ക് മീതെ
പൂന്തോട്ടക്കാരൻ കത്തിയുമായി
ഓർമ്മകളുടെ കണ്ണ് പൊത്തി നടക്കുന്നു.

ഒരു കല്ലെടുത്തു
വെള്ളത്തിലേക്കെറിയുമ്പോൾ ഓർമ്മയുടെ
നേർത്തൊരു വല പൊട്ടുന്നു .
വലക്കുള്ളിലൂടെ കിളിയെപ്പോലെ പറക്കുന്നു
ഓർമ്മകളുടെ ചിറകുമുളച്ച പരൽ മീനുകൾ.
കരയ്ക്കടുക്കുമ്പോളെല്ലാം ഓർമ്മകളെപ്പോലെ
ശ്വാസം മുട്ടി മരിക്കുന്ന ജീവനുകൾ.
പഴയ വാടകവീടിന്റെ ചില്ലുവാതിലിൻ
കലമ്പൽ കേട്ടത് പോലെ ഞാനിന്ന്
ഓർമ്മകൾക്കൊരു ചെവികൊടുക്കുന്നു.

കല്ലിടുക്കുകളിലേക്ക്, മുളങ്കാടുകൾക്കുള്ളിലേക്ക്,
മുൾപ്പടർപ്പിലേക്ക്,
മേൽക്കൂരയുടെ പാതി
ചിതൽ തിന്ന ദ്വാരങ്ങളിലേക്ക്,
കിളിവാതിലിന്റെ തുരുമ്പിലേക്ക്,
മുഷിച്ചിലിന്റെ മടുപ്പുകൾ തൂങ്ങുന്ന
കനത്ത ഇരുൾ മുറികളിലേക്ക്,
എത്രയെത്ര ചിലന്തികളാണിന്നെന്റെ
പിഞ്ഞിയ ഓർമ്മകളെയെല്ലാം
നെയ്തു കൊണ്ട് പോയത്.

അതേ മഴ,
അതേ കാറ്റ്,
അതേ സ്വരം,
അതേ വെളിമ്പുറങ്ങൾ,
അതേ രാത്രി,
അതേ ദിവസം,
അന്നാണ്, തോട്ടിൻവക്കത്തെ
കൈതക്കാട് പൊതിഞ്ഞ
ഒതുക്കുകല്ലിലിരുന്ന് അലക്കുന്നതിനിടയിൽ
കുടിയൊഴിക്കപ്പെട്ടത്.

ഓർമ്മകളിൽ തുടയിടുക്കിലൂടെ
ചോര ഊർന്നിറങ്ങുന്നു.
ഓർക്കാപ്പുറത്ത് മാമനെന്നു വിളിച്ച
വാടക വീടിന്റെ ഉടമസ്ഥന്റെ കരങ്ങളിൽ
ഞാനൊരു വേദനയുടെ കടലായി.
‘വാടകയ്ക്കൊരു പെണ്ണെ’ന്നയാൾ
നാക്കിൽ തേരട്ടയായി.

‘എന്നെ ഉമ്മ വയ്ക്കല്ലേ’ എന്നാദ്യം
പറയുമ്പോഴേക്കും എന്റെ കവിളിൽ
അവസാനത്തെ മെറൂൺ പുഴ നിറഞ്ഞിരുന്നു.
നുണക്കുഴിയിലത് കവിഞ്ഞൊഴുകിയിരുന്നു.
ചുവപ്പല്ല, കറുപ്പല്ല…
പച്ച ഞരമ്പിലൂടെ മെറൂൺ നിറത്തിലൊരു ഭംഗിയുള്ള കലങ്ങി മറിഞ്ഞ മെലിഞ്ഞ പുഴ.

ഓർമ്മകൾക്ക് കാലിട്ടിളക്കാൻ വണ്ണം അതിലൊരു ചുഴി ജനിക്കുന്നു .
കവിളിലൊരു നുണക്കുഴിയും വിരിയുന്നു.
വാടകവീടിനപ്പോൾ മെറൂൺ നിറമായിരുന്നു.

എന്റെ ഓർമ്മകളിപ്പോൾ പൊട്ടാറായ അയലിൽ ഞാന്നു കിടക്കുന്നു.
അതിനു പ്രിയങ്കരി സോപ്പിന്റെ മണമുണ്ടോ?
അല്ലെങ്കിൽ വെയിലുരുകിയ മണം?
അയലിലിപ്പോൾ പരിചയമില്ലാത്ത വെയിലും
നിഴലും നിലാവും മഴയും
ഞാന്നു കിടക്കുന്നുണ്ടാവും.

അവസാനം അയലിലിട്ട എടുക്കാൻ മറന്ന മുഷിഞ്ഞ ചുവന്ന ബ്ലൗസിന്
പൂച്ചയുടെ മണമായിരുന്നു.
അതിന്റെ വെളുത്ത രോമങ്ങൾ
പറ്റിക്കിടന്ന് വിയർപ്പിൽ കുതിർന്നു
നരച്ച തുള വീണ കുപ്പായം.
പച്ചപ്പാവാടയിൽ തൊട്ടുരുമ്മിക്കിടന്നിരുന്ന
മരിച്ചു പോയ പ്രിയപ്പെട്ടൊരുവന്റെ
നീല ഷർട്ടിന്റെ പോക്കറ്റിനു
നെഞ്ചിന്റെ കനമുണ്ടായിരുന്നു.
അത്, ശ്വാസം മുട്ടി മരിച്ച സ്വപ്നങ്ങളുടെ
ഉറുമ്പരിച്ച ശവ സഞ്ചി .

സൂക്ഷിച്ചു നോക്കിയാലതിൽ നിറയെ
ഞാൻ കടം കൊടുത്ത ഉമ്മകളാണ്.
കണ്ണീരിന്റെ ഉപ്പുരസമുള്ള
പഞ്ഞി മിട്ടായികളുണ്ടായിരിക്കുമോ ഇപ്പോഴുമതിൽ?
കാന്തത്തിന്റെ കൊളുത്തുവലിക്കൽ പോലെ
ഞാനവിടേക്ക് പോകുന്നു.
ഓർമകളിൽ തുരുമ്പെടുത്ത ഞാൻ
വീണ്ടും ഉമ്മ വയ്ക്കുന്ന കിനാവ് കാണുന്നു.
അതാകാശം മുട്ടെയൊരു
കടലായി വളരുന്നു.

മുറിവിട്ട് പോകാത്തവളെ
വീട് വിട്ട് പോരാൻ വിളിക്കുന്ന
വീടിനപ്പുറത്തെ പുഴ
‘നിനക്കൊരു നുണക്കുഴിയുണ്ടായിരുന്നെങ്കിൽ അതിലെങ്കിലും മുങ്ങിച്ചാവാമായിരുന്നില്ലേ’യെന്ന്
കവിളത്തെ കരിഞ്ഞു പോയ
പൊട്ടക്കുഴിയിൽ നോക്കി കുലുങ്ങിച്ചിരിക്കുന്നു.
അതോ കരയുകയോ?
നീന്തലറിയാത്ത ഞാൻ പുഴച്ചുഴിയെയും
നുണക്കുഴിയെയും അന്നേ പേടിച്ചു തുടങ്ങിയിരുന്നു.

ഞാൻ പിരിഞ്ഞു പോയ ഓർമ്മകളുടെ ഒറ്റമുറിയിൽ
പിടഞ്ഞു പിടഞ്ഞ് നിവർന്നു കിടന്നു.
വീടാകെയിപ്പോളെന്റെ മേൽ നിലം പൊത്തുന്നു.

ചുവരുകളും മേൽക്കൂരയും
വാതിലുകളുമെന്റെ
മടക്കുകളുള്ള വിരലുകളിൽ,
മിഴിച്ചു പോയ കൺതടങ്ങളിൽ,
അനുസരണയില്ലാത്ത മുടിയിഴകളിൽ,
ഭംഗിയുള്ള പൊക്കിൾച്ചുഴിയിൽ ,
അകന്നു പോയ തുടയിടുക്കുകളിൽ,
പിളർന്നു പോയ ചുണ്ടുകളിൽ,
ഒച്ച നിലച്ച ചെവിയിടുക്കുകളിൽ,
നിറയെ ചിലന്തികൾ
വല നെയ്തു വീശുന്നു.
പൊട്ടിയ ഓർമ്മകളുടെ വലകളാരോ
തുന്നിപ്പിടിപ്പിയ്ക്കുന്നു.

നുണക്കുഴിയെലേക്കെന്റെ
പാതി വെന്ത ആത്മാവിനെ
മെറൂൺ പുഴച്ചുഴിയൊന്നു
കറക്കിക്കൊണ്ട് പോകുന്നു.
ഞാനതിൽ മുങ്ങിമുങ്ങിയലിയുമ്പോൾ
കൊന്നാലും ജനിച്ചാലും
മരിക്കാത്തതും വളരാത്തതുമായ
ഓർമ്മകളുടെ ബോൺസായ് മരങ്ങൾ
മുറ്റി വളരുന്നു .

ഞാനിപ്പോൾ പുതിയ ഓർമ്മകളുടെ പൂന്തോട്ടക്കാരിയാണ്.
ഒരിക്കലും കടലിൽ ചേരാത്ത മെലിഞ്ഞ
ഒരേയൊരു മെറൂൺ നിറമുള്ള പുഴയാണ്
അതിനുള്ള ദാഹമകറ്റുന്നതും.

തിരിഞ്ഞു നോക്കുമ്പോൾ
വാടകവീടു എന്റെ മെറൂൺ പുഴയിൽ
മുങ്ങി മരിച്ചിരുന്നു.

വീണ്ടും തിരിഞ്ഞു നോക്കിയപ്പോൾ
നഗരത്തെ ആലിംഗനം ചെയ്ത മഴ
റെയിൽവേ സ്റ്റേഷനിൽ
നൃത്തം വയ്ക്കുന്നു കാണുന്നു.
എന്റെ നുണക്കുഴി വിരിയുന്നു.
പഴയ ഓർമ്മയുടെ പൂക്കളെല്ലാം
കരിഞ്ഞു വീഴുന്നു.

പ്രിയപ്പെട്ട എഴുത്തുകാരാ,
എനിക്ക് പേടിയാണ്.
ഓർമ്മകളുടെയാ നഗരരാത്രിയിൽ നിന്നും
എത്രയും വേഗമെന്നെ നീ
കൂട്ടിക്കൊണ്ട് പോകുക !

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു