*ഭുജശാഖകൾ തെല്ലുയർത്തി
നട്ടുച്ചയിൽ നോക്കുകുത്തിപോൽ
തെരുവിൻ നിലക്കണ്ണാടി നോക്കി
സാരിയഴിച്ചു തുടങ്ങി
കാഴ്ചയിൽ വെറും മരമായൊരുത്തി.
വേരറ്റു
ഇടുപ്പിലെ ഞൊറികളുമഴിഞ്ഞു
പച്ചിലകളുമൊടുക്കം പൊഴിച്ചു
ഹുക്കുകളായി ഞെട്ടറ്റ്
തുരുമ്പിച്ച കായകളും തെറിച്ചു
കുളപ്പടവിൽ.
തുടയിലൊട്ടിച്ചു വെച്ച
ഓർമ്മകളുടെ കരുവാളിച്ച
മറുകുപോലൊരു മരക്കറയിൽ
കിളി കൊത്താനുറ്റുനോക്കുന്നു
കടപുഴകും നേരവും നോറ്റ് .
തലങ്ങും വിലങ്ങും
നഖക്ഷതമേറ്റപോൽ
ഉണങ്ങിയ
ചുക്കി,ച്ചുളിവുകൾ പുളഞ്ഞു
കൊഴുപ്പടിഞ്ഞ ചീഞ്ഞ തൊണ്ട്
കാണാനായി.
ചോല വറ്റിയതിൻ മീതെ
കാട്ടുവള്ളി ചുറ്റിപ്പിണഞ്ഞ തിണർപ്പ്.
വീർത്ത പെറ്റ വയറ്റിൽ
വെട്ടിയും തിരുത്തിയുമങ്ങനെ
തെളിഞ്ഞു
സ്‌ട്രെച്ച് മാർക്കുകൾ .
ഒടുക്കം വലിഞ്ഞു മുറുകിയ
അടിപ്പാവാടയുടെ
നാട പോലെ നിലത്തേക്ക്
തൂങ്ങിക്കിടന്നു ഉണങ്ങിയ കാട്ടുവള്ളി.
അദൃശ്യതയിലാണവളുടെ ഗാലറി.
കാർട്ടിലേക്ക് മാറ്റിയിട്ട
വിലയൊട്ടും കുറയാത്ത
തളിരിലപ്പുടവകൾ
നീക്കം ചെയ്തു തുടങ്ങി അനുനിമിഷം.
ഓരോ പ്ലീറ്റും
അഴിഞ്ഞഴിഞ്ഞു വീഴുമ്പോൾ
ഉടഞ്ഞു, പല പാമ്പിൻ മുട്ടകൾ
തകർന്ന, നേകം കിളിക്കൂടുകൾ
കൊഴിഞ്ഞി, ലകൾ
വാടി, പൂവുകൾ
ഒറ്റയായ് നീ.
ഊർന്ന് വീഴാൻ തുടങ്ങി
അരക്കെട്ടിൽ ചുറ്റിപ്പിടിച്ച
ദ്രവിച്ചൊരു നരച്ച പാമ്പുറ.
വെയിൽ
നീ ജനാലയിൽ വിരിച്ചിടാനായി
നിവർത്തിപ്പിടിച്ചുയർത്തിയ കർട്ടൻ.
തെല്ലതുനീക്കി നിഴലിനാൽ
താഴെ പ്രിയമൊരാളെയടക്കിയ
പുറ്റ് തൊട്ടു.
കക്ഷങ്ങളിൽ നിന്നുതിർന്നു
ചുളുങ്ങിപ്പോയ
മരവാഴയിലക, ളതിൻ നാരുകൾ.
കാറ്റിലിളകാതെ
ഒരേയിരുപ്പിലുറങ്ങിപ്പോയ
പെരുമാരിയിൽ
ഞെട്ടിയുണർന്നു പൊടുന്നനെ.
നിലാവ്,
നീ ജനാലയിൽ വിരിച്ചിട്ട കർട്ടൻ.
ഭുജശാഖയുയർത്തി
തെല്ലത് നീക്കി താഴെ നോക്കുമ്പോൾ,
മൃതിപൂക്കും കാലമടുക്കവെ
പുറ്റിൽ നിന്നൊരിടിമിന്നൽ കണക്കെ
വിണ്ട വേരുകൾക്കിടയിലൂടെ
മഴവെള്ളത്തിനൊപ്പമിഴഞ്ഞു കയറുന്നു
വരണ്ട പൊത്തിലേക്ക്
എന്തോ.
മാങ്ങച്ചുനയുടെ പൊള്ളൽ
ചോണനുറുമ്പിന്റെ കടി
വീണ്ടും വീണ്ടുമവൾക്കപ്പോൾ
ഉടൽ പൂക്കും പോലെ.
* ഭുജശാഖകളുയർത്തി- കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’യിൽ നിന്ന്