മൂന്ന് കുറുങ്കഥകള്‍

1.കുഞ്ഞുടുപ്പുകൾ

“അമ്മേ കുഞ്ഞുടുപ്പുകൾ തൂങ്ങിച്ചാകുമോ?”

മിനിമോളുടെ ചോദ്യം കൗതുകത്തിനുപകരം ദേവകിയിൽ അസ്വസ്ഥതയാണുണ്ടാക്കിയത്.
പീഡനത്തിനിരയായ പെൺകുട്ടികൾക്ക് ഐക്യദാർഢ്യം രേഖപ്പെടുത്തി വീട്ടിനുമുന്നിലെ നിരത്തുവക്കിൽ ബോർഡ് വെച്ചതുമുതൽ കുഞ്ഞുടുപ്പുകൾ തൂക്കിയിട്ടതിനെക്കുറിച്ചുള്ള ചോദ്യങ്ങളാണവളിൽ നിന്നും ഉയരുന്നത്.

പെണ്ണുടുപ്പുകൾക്കണ്ടാൽ കാമഭ്രാന്തിളകുന്ന മനുഷ്യമൃഗങ്ങളെക്കുറിച്ച് പെൺകുട്ടികൾക്ക് ചെറുപ്പം മുതൽത്തന്നെ അവബോധം നൽകണമെങ്കിലും,അഞ്ചു വയസുകാരിയെ എങ്ങനെയതു പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുമെന്നാലോചിച്ചപ്പോൾ ‘അതേതോ വാഷിങ്ങ് സോപ്പിന്റെ പരസ്യമാണെ’ ന്ന് പറയാനാവൾക്ക് തോന്നിയത്.

പക്ഷേ ഇപ്പോളെവിടെനിന്നോ ആ കുഞ്ഞുടുപ്പുകളുടെ കദനകഥ അവൾ മനസ്സിലാക്കിയിരിക്കുന്നു. ആക്രമികളിൽ നിന്നും രക്ഷപെടുത്താൻ ഉണങ്ങാനിട്ട തന്റെ കുഞ്ഞുടുപ്പുകൾ എടുത്തു പെട്ടിയിൽ മടക്കിവെക്കുന്നതിനിടെ അവൾ അമ്മയുടെ സാരിയെടുത്തുകൊണ്ട് വിളിച്ചു ചോദിച്ചു,

“അമ്മയുടെ സാരിയും എടുത്തു വെക്കട്ടെ….., അമ്മയും പെണ്ണല്ലേ ?”

കുഞ്ഞുമോളുടെ ചോദ്യത്തിനുമുന്നിൽ എന്തുത്തരം പറയണമെന്നറിയാതെ പകച്ചു പോയ ദേവകി തല താഴ്ത്തി പതുക്കെ ഒന്നു മൂളി,

“ഉം”

ഞാനും ഒരു പെണ്ണാണ് എന്ന വേവലാതിയോടെ.

2.പതനം

മരക്കൊമ്പിലിരുന്ന് പാട്ടു പാടിയ കിളികൾ ആകാശ നീലിമയിലേക്ക് പറന്നു പോകുന്നതു കണ്ട ഇലയ്ക്ക് പറക്കാൻ അതിയായ മോഹം തോന്നി. അടരാനാകാതെ തന്നെ പിടിച്ചു നിറുത്തിയ കൊമ്പിൽ നിന്നടർന്നു പോകാൻ അത് പരിശ്രമിച്ചു കൊണ്ടിരുന്നു.

പരിശ്രമങ്ങൾക്കൊടുവിൽ ഞെട്ടറ്റ ഇല വായുവിലൂടെ പറന്നു. കൂർത്ത കല്ലിൽ തലയിടിച്ച് വീണു കിടക്കുമ്പോഴാണ് താൻ പറക്കുകയായിരുന്നില്ല, പതിക്കുകയായിരുന്നു എന്ന് ഇലയ്ക്ക് തിരിച്ചറിവുണ്ടായത്.

അപ്പോൾ കൊമ്പ് എത്തിപ്പിടിക്കാനാകാത്തത്ര ഉയരത്തിലായിരുന്നു.

3.മൗനം

സ്ത്രീപീഡനങ്ങൾ, ഉച്ഛനീചത്വം, അഴിമതി, വർണ്ണവെറി…. ഭരണാധികാരികൾ രാജ്യത്ത് ഇരുണ്ട യുഗം തിരിച്ചു കൊണ്ടുവരികയാണ്.

ഇതൊക്കെ കണ്ട് മിണ്ടാതിരിക്കുന്ന ജനതയുടെ കുറ്റകരമായ മൗനം കണ്ട് കവിക്ക് സങ്കടം തോന്നി.

‘തൻ്റെ കവിതയുടെ ചെറിയ ശബ്ദം കൊണ്ട് ഈ രാജ്യത്തെ മഹാമൗനത്തിൽ നിന്നുണർത്താനാവില്ല’ കവി നിരാശനായിപേനയടച്ചു.

രാജ്യത്തിൻ്റെ മിനിയേച്ചർ പോലെ ആ മുറിയിൽ മൗനം തളംകെട്ടി നിന്നു.

ആ മഹാമൗനത്തെ തോൽപ്പിച്ചു കൊണ്ട് തുറന്നിട്ട കിളിവാതിലിലൂടെ ഒരു കൊതുക് മൂളിപ്പാട്ട് പാടിക്കൊണ്ട് പാറി വന്നു.

മൗനത്തിൻ്റെ ചില്ലുകൂട്ടിന് വിള്ളൽ വീഴ്ത്തുന്ന കൊതുകിൻ്റെ പാട്ടിൽ തന്നെ ശ്രദ്ധിച്ച കവിയുടെ കണ്ണുകൾ തിളങ്ങി.

വളരെ ചെറുതെങ്കിലും തൻ്റെ കവിതകൾക്കും രാജ്യത്തെ കുറ്റകരമായ മൗനത്തെ പരാജയപ്പെടുത്താൻ കഴിയും എന്ന ആത്മവിശ്വാസത്തോടെ കവി പേന തുറന്നു.

കോഴിക്കോട് ജില്ലയിൽ വാണിമേൽ സ്വദേശി. ദുബായിൽ ജോലി ചെയ്യുന്നു. സുനാമി, ചുവന്ന മഷി കൊണ്ടൊരടി വര എന്നീ കഥാ സമാഹാരങ്ങൾ. ആനുകാലികങ്ങളിൽ ധാരാളം കഥകളും, കവിതയും, അനുഭവക്കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്