
ഒറ്റയ്ക്കിരിക്കുമ്പോൾ
പുതിയ വീടിന്
അളിഞ്ഞ ജഡത്തിന്റെ
തണുപ്പും മിനുപ്പും.
മഴതോർന്ന മലമുകളിലെ
വീടിനുമീതെ തൂവുന്നു
ചരമപടംപോൽ
ചാര നിറമുള്ള ബാഷ്പസന്ധ്യ.
അപ്പോൾ വീടിന്
പഴയ വീടിന്റെ മുഖച്ഛായ
അതേ മുരുമുരുപ്പും
മുറുമുറുപ്പും മുഷിപ്പും.
ആ ജഡത്തിന്റെ മടിയിലായ്
ഇടതു തുടയിൽ
പടിമേൽ
ചടഞ്ഞിരിപ്പുണ്ട് ഞാൻ.
പൊടുന്നനെ
കണ്ടു മറഞ്ഞു മിന്നായം,
കണ്ണാടിയിൽ
പിന്നെയും നോക്കി
പരിചയമുഖം പോലെ.
ഒരു കാറ്റടിച്ചു മരം മറിഞ്ഞു
കടപുഴകി ഓർമ്മയും
മണ്ണൊലിച്ചു കാലിലേയും
വരിഷം തീരുന്നു മാത്രയിൽ.
ഇടിത്തീവീണ വെളിച്ചമപ്പോൾ
കുപ്പിക്കഷ്ണം പോലെ
ചീറിവന്ന് കീറിമുറിച്ചു
കണ്ണാടിയിൽക്കണ്ട മുഖം മൂന്നായി,
1.ഭൂതകാലത്തിന് കിണറ്റിലെ പ്രതിധ്വനി
2.ഭാവിയ്ക്ക് തേങ്ങ മുളപൊട്ടു മൊച്ച
3.വർത്തമാനത്തിന് പുതിയവീടാകെ
വാത്മീകമുയരും നിശബ്ദത.
മഴ പിന്നെയും തോർന്നു
മലയിൽ ചാരം വന്നുമൂടി
കണ്ണിറുക്കി ചിമ്മിയിരുട്ടാക്കി
തിയേറ്ററിൽ ഒറ്റയ്ക്കിരുന്ന്
സിനിമ കണ്ട ഫീലായി.
കൈപ്പത്തികൊണ്ട് കണ്ണ് പൊത്തി
വെളിച്ചത്തോട് തർക്കിച്ചു.
പനങ്കള്ളു മോന്തും
തേൻകരടിയെപ്പോലെ
പതുങ്ങിയെത്തും
ബാഷ്പസന്ധ്യയെക്കാത്തു.
വന്യതയോടെ നിരാകരിച്ചു
ഇരുട്ടിൽ മെഴുകുതിരി വെട്ടത്തെ.
ജനാലയ്ക്കപ്പുറം
രാത്രിയിലുദിക്കും ചന്ദ്രനെപ്പോലെ
അതണഞ്ഞു നിഷ്ക്കരുണം.
പുലർച്ചെ ആടിയാടി
രാത്രി പോകുന്നു
പനങ്കാട് നിലാക്കള്ളിൻ
തണ്ണിയിൽ മുങ്ങുന്നു.
മഴയേറെക്കൊണ്ട്
മധുരം നഷ്ടമായ
കറുത്ത മാമ്പഴം പോലെ
മുറ്റത്ത് രാത്രി ഞെട്ടറ്റ് വീണു.
ഒരു പൂരപ്പറമ്പായ്
തെളിഞ്ഞ ആകാശത്ത്
കൂട്ടംതെറ്റിയോടു,മാളുകൾ
കണക്കെ നക്ഷത്രങ്ങൾ
മദം പൊട്ടുമാനകൾമാതിരി
ഇടിവെട്ടിയലറും മേഘങ്ങൾ.
പൊടുന്നനെ
പെറ്റിട്ടു ഇടിത്തീയെ,
മല കത്തിയമരുമ്പോൾ
വീടതിൽ ജഡമായി
മൂടൽമഞ്ഞു വീണ
കണ്ണാടിയിൽ തീ പടർന്നു.
ഒറ്റ ഷോട്ടിൽ പിടിച്ച
ഭൂതവും ഭാവിയും വർത്തമാനവും
എന്ന സിനിമ തിയേറ്ററിൽ
ഒറ്റയ്ക്കിരുന്ന് കണ്ട ഫീലായി.








