അവളുടെ മുടിപ്പിന്നലുകളിൽ നിന്നും
ആത്മഹത്യചെയ്ത സ്വപ്‌നങ്ങൾ ഞാന്നു കിടന്നു..
മൂക്കുത്തിക്കല്ലിൽനിന്നും
ചോരചിന്തിയ പോലെ
മങ്ങിയ തിളക്കം ഒലിച്ചുകൊണ്ടിരുന്നു..
സഞ്ചാര സ്വാതന്ത്ര്യമെന്ന വിലക്കപ്പെട്ട കനി
ആരൊക്കെയോ ചേർന്ന്
ഉപാധികളോടെ തീറെഴുതികൊടുത്തിരുന്നുവെങ്കിലും
സഞ്ചാര സമയങ്ങൾ കൃത്യമായും
അടയാളപ്പെടുത്തിയിരുന്ന തീട്ടൂരങ്ങൾ
അതോടൊപ്പം കൂട്ടിക്കെട്ടിയിരുന്നു..
പട്ടുടയാടകളും മെയ്യാഭരണങ്ങളും
അണിയിച്ച പെൺകുതിരയെപ്പോലെങ്കിലും
കണ്ണുകൾ കറുത്ത മൂടുപടം കൊണ്ടു മറച്ചിരുന്നത്
ആരുടെയും ശ്രദ്ധയിൽപ്പെട്ടതേയില്ല..
മനസ്സിൽനിന്നും മുറിവുകൾ
വാർന്നൊഴുകുമ്പോളെല്ലാം
പേടിക്കേണ്ട നിനക്ക് ഞാനുണ്ടെന്നുമാത്രം
കേൾക്കാൻ അവൾ വെറുതെ കൊതിച്ചു.
ജീവിതത്തിലുടനീളം കാത്തുവയ്ക്കാൻ പോന്ന
ആ ചെറുവാക്കുകളുടെ ശക്തി
ജീവിതത്തിന് തുല്യമായിരുന്നുവെന്ന്
മരണശേഷമാണ് അവൾക്കറിയാനായായത്.
മാപ്പർഹിക്കാത്തവിധം അവളുടെ തെറ്റുകൾ
വളരെ പഴയ ഓർമകളിലും
ചെറിയചെറിയ ആഗ്രഹങ്ങളിലും മുഴച്ചുനിന്നപ്പോൾ
വിചാരണ ചെയ്യാനെത്തിയ അനേകമാളുകളും,
ഇത്രമാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് അത്ഭുതം കൂറി!
മരിക്കാനും കൊല്ലപ്പെടാനും ഒരു യോഗം വേണമെന്ന്
അവർ ആശ്വാസത്തോടെ
ആശംസകൾ നേരുന്നുണ്ടായിരുന്നു