മുൾപ്പടർപ്പുകൾക്കുള്ളിലെ മാനസാന്തരങ്ങൾ

എന്തൊരതിശയമാണെന്ന് നോക്കു!
ഒരു തൊട്ടാവാടിയുണ്ടത്രെ
നമ്മുടെയുള്ളിൽ, ഉള്ളിന്‍റുള്ളിൽ.
അനേകായിരം വാക്കുകളുടെയും
സ്പർശത്തിന്‍റെയും മുള്ളുകളും
മുള്ളിൽ പൂക്കളുമായി
പടർന്നു പന്തലിച്ച ഒന്ന്.

വാക്കിനാൽ ഉള്ളിൽ
കയ്യാലെ മേനിയിൽ
എവിടെയൊക്കെയോ ഒന്ന്
തൊട്ടു നോക്കിയാൽ ലജ്ജാലുവാണത്.
ഉടലു കോരിയപ്പോഴത്
മുഖം താഴ്ത്തിക്കളയും.
സ്നേഹത്താൽ ഉടക്കി വലിക്കും.
ഇഷ്ടമില്ലാത്ത തൊടലിനെയെല്ലാം
ചോര പൊടിച്ച് തിരിച്ചയക്കും.

ഉടലിൽ മുള്ളുകളാണ്, നഖശിഖാന്തം.
ഉള്ളിലും അങ്ങനെ തന്നെ.
പലതും അറിയാതെ മുളയ്ക്കുന്നതാവും.
പൂച്ചയെപ്പോലെ ഒളിച്ചു വെക്കും.
എന്തൊരതിശയമാണ്!
തൊട്ടാൽ വാടുന്ന ഇലകളുള്ള,
കുത്തിമുറിവേൽപ്പിക്കുന്ന,
മുള്ളുകളിൽ പൂക്കൾ വിടർത്തുന്ന,
തൊട്ടാവാടിയുണ്ടത്രേ നമുക്കുള്ളിൽ.

എന്തൊരതിശയമാണെന്ന് നോക്കു!
‘നീയിങ്ങനെയൊരു തൊട്ടാവാടി
ആവരുതെ’ന്ന് എത്രപേർ നമ്മളോട്
ആയിരം വട്ടം പറഞ്ഞു കാണും?
നമ്മുടെ വാക്കിന്‍റെയും സ്പർശത്തിന്‍റെയും
ഓരോ മുൾമുനകളുടെ
കുത്തേറ്റ മനുഷ്യരെല്ലാം
നമ്മളെപ്പോലെ മറ്റൊരു തൊട്ടാവാടികളാണ്.

എത്ര അതിശയമാണ്!
വാക്കിന്‍റെ മുൾമുനകളിൽ നമുക്ക്
സ്നേഹത്തിന്‍റെ പൂക്കളെയും
വിടർത്താൻ കഴിയുമെന്ന്.
നമ്മളപ്പോൾ കൂടുതൽ ഭംഗിയുള്ളവരാകും.
ആരാലും നമ്മെയപ്പോൾ
മോഹിച്ചു പോകും.
തൊട്ടാവാടിയെപ്പോലെ തന്നെ.
ഏത് ശലഭവുമപ്പോൾ അവളെ
പ്രേമിച്ചു പോകുന്ന പോലെ.

നിന്നിൽ നിന്ന് എന്നിലേക്ക്
എന്നിൽ നിന്ന് ആയിരങ്ങളിലേക്ക്
തൊട്ടാവാടികൾ പടർന്നേക്കും,
വേദനയുടെ മഹാവ്യാധി കണക്കെ.
അപ്പോൾ വാക്കിന്‍റെ മുള്ളിൽ വിടർന്ന
സ്നേഹത്തിന്‍റെ പൂക്കളും ഇലകളും
വേരും ഔഷധമായിത്തീരും.
വൈദ്യചികിത്സക്കൊടുവിൽ
പ്രാണനുമെടുത്ത് ആളുകളപ്പോൾ
നമ്മോടൊപ്പം പ്രണയപൂർവം
എണീറ്റ് നടന്നേക്കും.
അവരിലെ മുള്ളുകളിലും
പൂക്കൾ പതിയെ വിരിയാൻ തുടങ്ങും,
നമുക്കുള്ളവ.

എന്തൊരതിശയമാണ്!
വാക്കിന്നറ്റത്ത് പൂവിരിഞ്ഞ
മുൾമുന കൊണ്ട്
എത്ര ജീവനുകളാണിപ്പോൾ
നമ്മെ സ്നേഹം കൊണ്ട്
കുത്തിപരിക്കേൽപ്പിക്കുന്നത്.
ശ്വാസം മുട്ടിക്കുന്നത്!

സൂക്ഷിച്ചു നോക്കിയാൽ കാണാം,
ഉള്ളിൽ, ഉള്ളിന്‍റെയുള്ളിൽ
അവരിലൊരായിരം തൊട്ടാവാടികളെ,
എത്ര ഭംഗിയാണവയ്ക്ക്.
എന്തൊരതിശയമാണെന്ന് നോക്കു!
ഒരു തൊട്ടാവാടിയുണ്ടത്രെ
നമ്മുടെയുള്ളിൽ, ഉള്ളിന്‍റെയുള്ളിൽ.
വിരലാൽ സ്വയം തൊട്ട് നോക്കു,
ചോര പൊടിഞ്ഞേക്കാം.
നമ്മളെല്ലാം ഏറ്റവും കൂടുതൽ
വളർത്തുന്നത് തൊട്ടാവാടികളെയാണ്!

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു