“തൊടീല് പുത്യേ ആളോള്‍ടെ വരവും പോക്കും തൊടങ്ങീണ്ടല്ലോ തമ്പാട്ട്യേ”
ജാനകിയുടെ പരുപരുത്ത ശബ്ദം വടക്കോറത്തുയര്‍ന്നതും വസുമതി ടീച്ചറുടെ നീര് കെട്ടി ചീർത്ത മുഖം അടുക്കളവാതുക്കല്‍ തെളിഞ്ഞു.
“അതാരാപ്പോത് ഞാളറിയാത്ത പുത്യേ ആളോള്?”
ചിറി കോട്ടി ചിരിച്ചു കൊണ്ട് ജാനകി കൈ ചൂണ്ടിയിടത്തേക്ക് ഒന്നേ നോക്കിയുള്ളു; ഒരു വികൃത ശബ്ദം ടീച്ചറില്‍ നിന്നും തെറിച്ചു വീണു. തലേ രാത്രി കിടക്കുന്നതിന് മുമ്പ് കൂടി വെള്ളമൊഴിച്ച് തൊട്ട് തലോടിയ കറമൂസിന്‍ തൈയ്യ് മൊട്ടയടിക്കപ്പെട്ട നിലയിൽ നടുവൊടിഞ്ഞു നില്‍ക്കുന്നു.
“ന്‍റെ ദേവ്യേ…ദാരാപ്പോ ഈ ദ്രോഹം ചെയ്തേ?”
ടീച്ചറുടെ വലത് കൈ നെറ്റിയിലമർന്നു.
“മുള്ളന്‍പന്ന്യന്നെ….അല്ലാണ്ടാരാ”
ജാനകിയുടെ സംശയലേശമന്യേയുള്ള പ്രസ്താവന കേട്ട് ടീച്ചറുടെ സ്വതേ ഇടുങ്ങിയ കണ്ണുകൾ വികസിച്ചു.
“മുള്ളന്‍പന്ന്യോ??”
“ആന്ന്…കൊറേ കാലായി ഈന്‍റെ ശല്യം തൊടങ്ങീട്ട്…വടക്കേലെ ലീലേച്ചി ഇന്നലേം കൂടെ കൊളക്കടവിന്ന് കണ്ടപ്പോ പറഞ്ഞേള്ള്…”
പെട്ടെന്നന്തോ ഓർത്ത്, ദീർഘമായൊന്ന് നിശ്വസിച്ച്, ഈര്‍ക്കില്‍ ചൂലിന്‍റെ മൂട് ഇടത്തെ കൈപ്പത്തിയിലിടിച്ചു നിരപ്പാക്കിക്കൊണ്ട് ജാനകി പോയി.
ഉമ്മറത്തെ ചാരു കസേരയില്‍ മഴവില്ലാകൃതിയിലിരുന്ന് പത്രവാര്‍ത്തകള്‍ കടിച്ചു പൊട്ടിക്കുന്ന ഗോപാലന്‍ നായർക്ക് ചൂടാറിത്തുടങ്ങിയ ചായക്കൊപ്പം ഈ ചൂടൻ വാര്‍ത്തയും കൊണ്ടാണ് വസുമതി ടീച്ചര്‍ ചെന്നത്.
“നെന്നോടാരാ പറഞ്ഞേ മുള്ളന്‍ പന്ന്യാന്ന്…? അത് വല്ല ഡങ്കി പനിക്കാരും പൊട്ടിച്ചോണ്ട് പോയതാവും.”
പത്രത്തില്‍ നിന്നും കണ്ണുയര്‍ത്താതെയുള്ള നായരുടെ പറച്ചിൽ ടീച്ചര്‍ക്കത്ര ദഹിച്ചില്ല.
ഡങ്കി പനിക്കാര്‍ക്ക് കറമൂസിന്റില നല്ലതാന്ന് ടീച്ചര്‍ക്കറിയാം. മൂത്തവള്‍ സുമക്ക് കഴിഞ്ഞ കൊല്ലം പനി വന്നപ്പോൾ ഓട്ടോക്കാരന്‍ സുമേഷ് വശം ഇലകൾ കുറെ കൊടുത്തയച്ചതാണ്. എന്നാൽ അടുക്കളപ്പുറത്തെ കറമൂസയുടെ കോലം കണ്ടാൽ ജാനകി പറഞ്ഞതു വിശ്വസിക്കേണ്ടി വരും. ടീച്ചറുടെ മുഖത്തെ അവിശ്വാസം കണ്ടിട്ടാവണം തണുത്ത ചായ ഒറ്റവലിക്ക് കുടിച്ച് ഗ്ലാസ് ഊക്കോടെ കസേരക്കൈയ്യില്‍ വെച്ച് ഗോപാലൻ നായർ വീണ്ടും വാര്‍ത്തകള്‍ കടിച്ചു പൊട്ടിക്കാന്‍ തുടങ്ങി.
പിറ്റേന്ന് കാലത്ത്, തൊടിയില്‍ നിന്നും കറിവേപ്പില നുള്ളി വരുമ്പോഴാണ് അലക്ക് കല്ലിന്‍റെ അടുക്കല്‍ നിന്നും ടീച്ചര്‍ക്കത് കിട്ടിയത് – മുള്ളന്‍പന്നിയുടെ നീണ്ടു മിനുത്തൊരു മുള്ള്. അതും പൊക്കിപ്പിടിച്ച് അവരുമ്മറത്തേക്കോടി.
പത്രത്തിന്‍റെ മൂല അല്‍പമൊന്നു താഴ്ത്തി, മുന്നില്‍ വന്നു നിന്നു കിതക്കുന്ന ഭാര്യയുടെ മുഖത്തേക്ക് നോക്കി ഗോപാലന്‍ നായര്‍ നീട്ടി മൂളി:
“ഊം…?”
“പ്പെന്തായി…ജാനകി പറഞ്ഞത് നേരായില്ലേ…അത് മുള്ളന്‍പന്ന്യന്നെ”
മുള്ള് അയാളുടെ മുഖത്തേക്ക് നീട്ടിക്കൊണ്ട് കിതപ്പോടെ ടീച്ചര്‍ പറഞ്ഞൊപ്പിച്ചു.
“ഓ…ആയ്ശ്ശേരി…ഇപ്പോ ഞാന്‍ കള്ളന്‍…ആ നായിന്റോള്‍ സത്യവതി…. ത്ഫൂ…”
പത്രം ചുരുട്ടി നിലത്തെറിഞ്ഞ് ചാടിത്തുള്ളി പോകുന്ന അയാളെ നോക്കി ടീച്ചർ വായും പൊളിച്ചിരുന്ന് പോയി. മുമ്പൊരിക്കല്‍ ജാനകി മുണ്ടിന്‍റെ കോന്തലയില്‍ക്കെട്ടി പഞ്ചസാര കടത്തുന്നു എന്ന സംശയം പറഞ്ഞപ്പോള്‍ “ഓളങ്ങനൊന്നും ചെയ്യൂല; ഓള് നല്ലോളാന്ന്” പറഞ്ഞ ആള്‍ക്കിപ്പോ പെട്ടെന്നോളെങ്ങനെ നായിന്റോളായീന്ന് ടീച്ചര്‍ക്കൊരു പിടിയും കിട്ടിയില്ല.
(ആ പിടി കിട്ടായ്മക്കൊരു കാരണമുണ്ട്. കഥാഗതിയുമായി നേരിട്ട് ബന്ധമില്ലെങ്കിലും പ്രസ്തുത കാരണം പ്രതിപാദിക്കാതെ പോകുന്നത് വായനക്കാർക്ക് അനാവശ്യമായ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് തോന്നിയതിനാൽ വിവരിക്കുന്നു.)
നായരുടെ മനംമാറ്റത്തിന് ഹേതുവായ സംഭവം നടക്കുന്നത് ഏതാണ്ടൊരു മാസം മുമ്പാണ്. കാലത്ത് അഞ്ചര മണിക്ക് ജാനകി എത്തുമ്പോൾ എന്നുമെന്ന പോലെ ടീച്ചര്‍ നല്ല ഉറക്കത്തിലായിരുന്നു. ജാനകി മുറ്റമടിക്കുന്ന നേരത്ത് ഉമ്മറത്തിന്‍റെ തെക്കേ അതിരില്‍ ചെന്ന് നിന്നൊരു മുള്ളല്‍ ഗോപാലന്‍ നായര്‍ക്ക് പതിവാണ്. മുള്ളിക്കഴിഞ്ഞ് മുണ്ട് പൊക്കിപ്പിടിച്ച് നിന്ന് കൊണ്ട് തന്നെ ജാനകിയുടെ നേരെ തിരിഞ്ഞൊരു ലോഹ്യം പറച്ചിലുമുണ്ട്. അന്നത്തെ ആ ലോഹ്യം പറച്ചിലിനിടയിലാണ് ഒരു ബൈക്ക് മുറ്റത്തെ ചരലില്‍ ഇരച്ചു വന്നു നിന്നത്. ഞെട്ടി പുറകോട്ടു മാറിയ അയാൾ ഹെഡ് ലൈറ്റിന്റെ പുളിപ്പ് കണ്ണില്‍ നിന്നും മാറിയപ്പോള്‍ ബൈക്കിലിരിക്കുന്ന ആളെ ശെരിക്കും കണ്ടു. ഓട്ടോക്കാരന്‍ സുമേഷാണ്; ജാനകിയുടെ എളയോന്‍.
“എന്താ നായരെ ഇങ്ങക്ക് പഞ്ചാരെന്റെ സൂക്കെടുണ്ടോ? അല്ല….ഈ നേരം തെറ്റിയുള്ള മുള്ളല് കണ്ടു ചോദിച്ചതാ…”
അയാള്‍ക്ക് തൊണ്ട വരളുന്ന പോലെ തോന്നി.
“നോക്കീം കണ്ട്വോക്കെ മുള്ളിക്കോളീട്ടോ. അല്ലേപ്പിന്നെ മുള്ളാന്‍ സാധനം കാണൂലാ. അങ്ങനത്തെ കാലാ.”
ഒരു വഷളന്‍ ചിരി ചിരിച്ചു കൊണ്ട് അവൻ ബൈക്ക് തിരിച്ച് വന്ന വഴിയെ ഓടിച്ചു പോയി.
“ഓന്‍ വല്യ സഖാവാമ്പ്രാ…അതോണ്ടന്നെ ഇന്നേം ഇന്‍റെ കേട്ട്യോനേമ്പോലെ ഇങ്ങളെ പോലത്തെ വല്യോരോടോന്നും ഓനൊരു പേടീം ബഹുമാനോല്ല.”
മുറ്റത്തെ ചവറിനൊപ്പം മുഖത്ത് വിടര്‍ന്ന ചിരിയും തൂത്ത് കളഞ്ഞ് ജാനകി പിന്നാമ്പുറത്തെക്ക് നടന്നു. മുണ്ടിന്‍റെ മുന്‍ഭാഗത്ത് നനവ് പടര്‍ന്നതറിയാതെ നായർ കട്ടിലില്‍ ചെന്ന് വീഴുമ്പോഴും ടീച്ചർ നല്ല ഉറക്കത്തിലായിരുന്നു.
കാളിംഗ് ബെല്ലടിച്ചു.
ബാംഗ്ലൂരിലെ ബഹുനില ഫ്ലാറ്റ് സമുച്ചയത്തിൽ മകന്‍ പുതുതായി വാങ്ങിയ മൂന്നു ബെഡ്റൂം ഫ്ലാറ്റിന്‍റെ ബാല്‍കണിയിലിട്ട ചാരുകസേരയിൽ നിന്നും വസുമതി ടീച്ചര്‍ പതിയെ എണീറ്റു.
ഗാർബേജ് എടുക്കാന്‍ വന്നവരാകണം. എന്നുമെന്ന പോലെ, ഓഫീസിലേക്കിറങ്ങുമ്പോള്‍ മരുമകള്‍ ഓര്‍മ്മിപ്പിച്ചതാണ്. എന്നിട്ടും കൂടകൾ പുറത്തെടുത്ത് വെക്കാന്‍ മറന്നിരിക്കുന്നു.
വാതിൽ തുറന്ന് ജൈവമെന്നും അജൈവമെന്നും തരം തിരിച്ച കൂടകൾ ടീച്ചർ പുറത്തെടുത്ത് വെച്ചു. അവിടെയെങ്ങും ആരുമുണ്ടായിരുന്നില്ല. വരാന്തയുടെ അറ്റത്തായി ഒരു സ്ത്രീ നിന്ന് തറ തുടക്കുന്നുണ്ട്. തല ഒന്നുയർത്തുക പോലും ചെയ്യാതുള്ള നിൽപ് കണ്ടാൽ തറയിലെ അഴുക്കല്ലാതെ മറ്റൊന്നും അവർ കാണുന്നില്ലെന്ന് തോന്നും. ടീച്ചർ അകത്തേക്ക് കയറി വാതിലടച്ചു. ഇവിടേക്ക് വന്ന കാലത്ത് ഗാർബേജ് എടുക്കുന്നവരെ കാണാനായി ടീച്ചര്‍ കാത്തു നിന്നിട്ടുണ്ട്. മറ്റൊന്നിനുമല്ല; അവർക്ക് വല്ല ചായയോ കഞ്ഞിവെള്ളമോ വേണമോയെന്ന് ചോദിക്കാമല്ലോ എന്നു കരുതിയാണ്. ശ്വാസം മുട്ടിക്കുന്ന ഏകാന്തതയിൽ നിന്നും അങ്ങനെയെങ്കിലും അല്പമൊരാശ്വാസം ടീച്ചര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അവരൊരിക്കലും ടീച്ചറുടെ മുന്നിൽ വന്നില്ല. മുന്നിൽ പെട്ടാൽ തന്നെ വഴി മാറിപ്പോയി. ആദ്യമെല്ലാം പ്രയാസം തോന്നിയെങ്കിലും തങ്ങളെ നിയമിച്ചിരിക്കുന്ന ഏജൻസിയുടെ നിയന്ത്രണത്തിലുള്ള മനുഷ്യ യന്ത്രങ്ങൾ മാത്രമാണ് അവരെന്ന തിരിച്ചറിവ് ആ പ്രയാസത്തെ അനുകമ്പയാക്കി മാറ്റി.
ടീച്ചർ വീണ്ടും ചെന്ന് വാതിൽ തുറന്ന് നോക്കി. കൂടകൾ അവിടെ തന്നെയുണ്ട്. കൂടകൾ എടുക്കുന്നവർ ഇനിയും വന്നില്ലെങ്കിലോ? മരുമകളുടെ ഇരുളുന്ന മുഖം ഓർക്കാനിഷ്ടപ്പെടാതെ ടീച്ചർ തിരികെ വന്ന് ചാരുകസേരയിലേക്ക് ചാഞ്ഞു.
ഫ്ലാറ്റ് സമുച്ചയം നില്‍ക്കുന്നിടം മുമ്പ് നാഗദേവതയുടെ വെച്ചാരാധനയുള്ള വലിയൊരു കാവായിരുന്നത്രേ. കാവ് വെട്ടിത്തെളിച്ച് ഫ്ലാറ്റ് പണിയുന്നതിനെതിരെ കാവിനോട് ചേർന്ന് താമസിച്ചിരുന്ന ഗോത്രക്കാര്‍ പ്രതിഷേധിച്ചു. പരിസ്ഥിതിവാദികളും അവര്‍ക്കൊപ്പം ചേര്‍ന്നതോടെ വിഷയത്തിനു വലിയ മാധ്യമ ശ്രദ്ധ കിട്ടിത്തുടങ്ങി. അതോടെ, അത് വരെ എതിർപ്പിനെ അവഗണിച്ചിരുന്ന ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ ചര്‍ച്ചക്ക് തയ്യാറായി. വീടുകള്‍ നഷ്ടപ്പെടുന്നവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കാമെന്നും ചിലര്‍ക്കൊക്കെ ഉയരുന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ തന്നെ ജോലി നല്‍കാമെന്നും ധാരണയായി. നാഗദേവതക്കായി കോമ്പൌണ്ടിനുള്ളിൽ ഒരു ക്ഷേത്രവും കൂടി നിര്‍മ്മിക്കാന്‍ കരാറായതോടെ സമരക്കാര്‍ പിന്‍വാങ്ങി. ഫ്ലാറ്റുയര്‍ന്നു. ചിലര്‍ക്കൊക്കെ ജോലി കിട്ടി. പിന്നീട് അവരില്‍ തന്നെ ചിലരെ പല കാരണങ്ങള്‍ പറഞ്ഞു പിരിച്ചു വിട്ടു. അകത്തു പണി കഴിച്ച ക്ഷേത്രത്തില്‍ കയറി തങ്ങളുടെ ആരാധന മൂര്‍ത്തിയെ ഒന്ന് തൊഴാന്‍ പോലുമാകാതെ, ഇനിയും നിര്‍മ്മിച്ചു കിട്ടിയിട്ടില്ലാത്ത വീടുകളും പ്രതീക്ഷിച്ച് മതില്‍ക്കെട്ടിനു പുറത്ത് കെട്ടിപ്പൊക്കിയ കൂരകളില്‍ ആ ഗോത്രക്കാരിപ്പോഴും കഴിയുന്നുണ്ട്.
ലക്ഷ്മി പറഞ്ഞുള്ള അറിവാണ് ഇതൊക്കെയും. വരാന്ത അടിച്ചു വാരി തുടക്കാനായി നേരത്തെ വന്നു കൊണ്ടിരുന്ന തമിഴത്തിയാണ് ലക്ഷ്മി. ഒരുപാട് സംസാരിക്കുന്ന പ്രകൃതം. അത് കൊണ്ട് തന്നെ ടീച്ചര്‍ക്കും വല്യ പ്രിയമായിരുന്നു അവളെ. തമ്മില്‍ പറയുന്നത് മുഴുവനായും മനസിലാവില്ലെങ്കിലും അവര്‍ക്കിടയില്‍ വിഷയങ്ങള്‍ക്ക് പഞ്ഞമില്ലായിരുന്നു. നാട്ടിലാവുമ്പോൾ പതിനൊന്നു മണിയാവുമ്പോഴേക്കും പുറമ്പണികളൊക്കെ തീര്‍ത്ത് ജാനകി വടക്കോറത്തെ തിണ്ണയിൽ വന്നിരിക്കും. കാപ്പി കുടിക്കൊപ്പം അവൾ നാട്ടുവിശേഷങ്ങളുടെ പൊതിയഴിക്കും. അതിൽ നിന്നെല്ലാമകലെ ഇവിടെയീ ശ്വാസംമുട്ടിക്കുന്ന ഏകാന്തതയിലേക്കെടുത്തെറിയപ്പെട്ട ടീച്ചർക്ക് ലക്ഷ്മിയൊരു കച്ചിത്തുരുമ്പായിരുന്നു. ടീച്ചറുടെ നല്ലോർമ്മകളിലേക്കുള്ള പൊക്കിൾക്കൊടി. പെട്ടെന്നൊരു ദിവസമാണ് അവൾ വരാതായത്. അവളെ പുറംപണിയിലേക്ക് മാറ്റിയ കാര്യം മരുമകൾ വലിയ ഉത്സാഹത്തിലാണ് വന്ന് പറഞ്ഞത്. ജോലിസമയത്ത് അവൾ സംസാരിച്ചു നില്‍ക്കുന്നത് നിരീക്ഷണ ക്യാമറകള്‍ ഒപ്പിയെടുത്ത് ഏജൻസിക്കാരെ അറിയിച്ചു പോലും. അപാർട്ട്മെന്റ് നിവാസികളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ വന്ന ആ വാർത്ത രണ്ട് ദിവസമായി വീട്ടു ജോലിക്കു വന്ന് തുടങ്ങിയ പെൺകുട്ടിയെ കൂടി മരുമകൾ വായിച്ചു കേൾപ്പിച്ചു. കത്തുന്ന വെയിലില്‍ സിമന്‍റ് പാകിയ നിലത്ത് ജോലി ചെയ്യുന്ന ലക്ഷ്മിയെ ബാല്‍കണിയില്‍ നിന്നു നോക്കുമ്പോൾ പലപ്പോഴും കാണാറുണ്ട്. അപ്പോഴൊക്കെയും അകത്തെന്തോ കൊളുത്തി വലിക്കും പോലെ ടീച്ചര്‍ക്ക് വേദനിക്കും.
തറ തുടച്ച് വൃത്തിയാക്കുക എന്ന തന്റെ ജോലി അവൾ വൃത്തിയായി തന്നെ ചെയ്തിരുന്നു; അതിലാർക്കും പരാതിയുമില്ല. എന്നാൽ ജോലിക്കിടയിൽ ആളുകളോട് സംസാരിച്ചു എന്നതാണ് കുറ്റം. അതൊരു കുറ്റമാവുക, അതിന്റെ പേരിൽ ശിക്ഷിക്കപ്പെടുക. എത്ര തന്നെ ചിന്തിച്ചിട്ടും ടീച്ചർക്കതിന്റെ സാംഗത്യം മനസിലാക്കാനായില്ല. അല്ലെങ്കിലും ഫ്ലാറ്റിലെ മനുഷ്യരുടെ രീതികളൊന്നും തന്നെ ടീച്ചർക്ക് പിടികിട്ടിയിരുന്നില്ല. കഴിഞ്ഞ ദിവസം മുകളിലത്തെ നിലയിൽ നിന്നുള്ള ബഹളം കേട്ടിട്ടും അനങ്ങാതെ ടി.വി.ക്കു മുന്നിലിരിക്കുന്ന മകനെ ഉന്തിത്തള്ളിയാണ് ടീച്ചർ കാര്യമറിയാൻ പറഞ്ഞ് വിട്ടത്. ഒട്ടും താൽപര്യമില്ലാതെ പോയ മകൻ പെട്ടെന്ന് തന്നെ തിരിച്ചെത്തി. അടുത്തടുത്ത ഫ്ലാറ്റുകാർ തമ്മിലുള്ള പ്രശ്നമാണെന്നാണത്രേ. കാരണമെന്തെന്നോ – ഒരാളുടെ മക്കൾ മറ്റെയാളുടെ ഫ്ലാറ്റിന് മുന്നിലെ വരാന്തയിൽ ബഹളമുണ്ടാക്കി കളിച്ചു. കേട്ടപ്പോൾ ടീച്ചർക്ക് ചിരിയാണ് വന്നത്.
കോമ്പൗണ്ട് ഗേറ്റ് കടന്നാല്‍ റോഡിനിരുവശത്തുമായി പ്ലാസ്റ്റിക് ഷീറ്റുകളിൽ പൊതിഞ്ഞ കൂരകളാണ്. ഹോണ്‍ അടിച്ചിട്ടും മാറാതെ റോഡില്‍ കളിക്കുന്ന ചേരിയിലെ കുട്ടികളുടെ മേൽ മകൻ ചൊരിയാത്ത ശാപവാക്കുകളില്ല. ആ ചേരി ഒഴിപ്പിച്ചു ഫ്ലാറ്റ് നിവാസികള്‍ക്കായി ഒരു പാര്‍ക്ക് നിര്‍മ്മിക്കാന്‍ പോകുന്ന കാര്യം സുഹൃത്ത് പറഞ്ഞപ്പോളുണ്ടായ മകന്റെ അട്ടഹാസം മനുഷ്യരുടേതല്ലെന്ന് പോലും ടീച്ചർക്ക് തോന്നിയിരുന്നു. കൂട്ടിലിട്ട് മാത്രം വളർത്തുന്ന മൃഗങ്ങൾ കണക്കെ നിലം തൊടാതെ, ഫ്ലാറ്റുകളുടെ നാല് ചുവരുകൾക്കുള്ളിൽ പുലരുന്ന മനുഷ്യരും തമ്മിൽ ഇണക്കമില്ലാത്തവരായി മാറിയിരിക്കണം.
ബാല്‍കണിയില്‍ നിന്നാല്‍ അകലെ റോഡു കാണാം. പരക്കം പായുന്ന വാഹനങ്ങള്‍ കണ്ടപ്പോള്‍ കുണുങ്ങിക്കുണുങ്ങി പായുന്ന മുള്ളന്‍പന്നികളെയാണ് ടീച്ചര്‍ക്ക് ഓര്‍മ്മ വന്നത്. പത്തഞ്ഞൂറ് കിലോമീറ്ററുകള്‍ ഇപ്പുറത്ത്, ഈ ആകാശക്കോട്ടയിലും മുള്ളൻപന്നികള്‍ തന്നെ വിടാതെ പിന്തുടരുന്നതെങ്ങനെയെന്ന് ഓര്‍ത്ത് കൊണ്ട് ടീച്ചര്‍ കസേരയിലേക്ക് ചാഞ്ഞു.
അന്ന് കാലത്ത് മകനോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ചെറുമകന്‍ സ്കൂള്‍ യൂണിഫോമില്‍ ബാഗും തൂക്കി മുന്നില്‍ വന്നു നിന്നത്. ഒന്നാം ക്ലാസ്സിലായതെയുള്ളു. യൂണിഫോം ധരിക്കുന്നതും സ്കൂള്‍ ബാഗ് ഒരുക്കുന്നതുമെല്ലാം അവൻ തനിച്ചാണ്. മരുമകള്‍ ഏഴു മണിയാവുമ്പോഴേക്കും പോകും. ഹൈസ്കൂള്‍ കാലത്ത് പോലും മകനെ ഒരുക്കി സ്കൂളിലേക്ക് പറഞ്ഞയക്കുന്നതെല്ലാം ടീച്ചർ ഓർത്തു. ഇപ്പോഴത്തെ കുട്ടികള്‍ ചെറുപ്പത്തിലെ തന്നെ മുതിര്‍ന്നവരാകുന്നു.
“അച്ഛാ…നാളെ എനിക്ക് പോര്‍ക്യുപൈന്‍റെ പിക്ചര്‍സ് കൊണ്ടോണം ക്ലാസില്‍”
‘പോര്‍ക്യുപൈന്‍’ – ടീച്ചറുടെ മെട്രിക്കുലെഷന്‍ ഇംഗ്ലീഷ് പദസമ്പത്തിനു വെളിയിലായിരുന്നു ആ വാക്ക്. മലയാളം മീഡിയങ്കാരനായ അച്ഛനും പിടികിട്ടിയില്ല എന്ന് തോന്നിയിട്ടാവണം തോളില്‍ കിടന്ന ബാഗ് ഊരി താഴെ വെച്ച് ഒരു പുസ്തകം വലിച്ചെടുത്ത് അതിലെ നിന്നും കീറിയെടുത്ത പേജും പെന്‍സിലുമായി അവൻ ടീപ്പോയിലേക്ക് കമിഴ്ന്നു.
താഴെ സ്കൂള്‍ ബസിന്‍റെ ഹോണടി കേട്ടതും പുസ്തകവും പെൻസിലും അവൻ ധൃതിപ്പെട്ട് ബാഗിലാക്കി. വലത് കൈ പ്ലേറ്റിലെക്ക് കുടഞ്ഞിട്ട് , ഇടതു കയ്യില്‍ അവനെയും തൂക്കി പുറത്തേക്കോടുന്ന മകന് പുറകെ ടീച്ചറും വാതിൽക്കലേക്ക് ചെന്നു. തിരിച്ചു വരുമ്പോൾ ടീപോയില്‍ കിടന്ന പേജ് ടീച്ചർ കുനിഞ്ഞെടുത്തു. ഒരു ചെറിയ വട്ടവും അതിനോട് ചേര്‍ന്ന ഉദയ സൂര്യനെ പോലെ വരകള്‍ തെറിച്ചു നിലക്കുന്ന വലിയ വട്ടവും. അതൊരു മുള്ളന്‍ പന്നിയാണെന്ന് മനസിലാക്കാന്‍ രണ്ടര ദശാബ്ദങ്ങളുടെ ലോവർ പ്രൈമറി അധ്യാപന പരിചയമുള്ള ടീച്ചര്‍ക്ക് അധിക നേരം വേണ്ടി വന്നില്ല.
ആദ്യത്തെ മുള്ള് കിട്ടിയ ദിവസം തൊട്ട് മുള്ള് ശേഖരണം ടീച്ചര്‍ പതിവാക്കിയിരുന്നു. എഴുത്ത് പെട്ടിയില്‍ മയില്‍ പീലിയും പരുന്തിന്‍ തൂവലും വെച്ച നീണ്ട അറയിലാണ് മുള്ളുകള്‍ സൂക്ഷിച്ചത്. അതേതാണ്ട് നിറയാറായിട്ടും തനിക്കു ദർശനം നിഷേധിക്കുന്ന മുള്ളന്‍പന്നിയോട് അവര്‍ രഹസ്യമായി പരിഭവപ്പെട്ടിരുന്നു. നാട്ടിലപ്പോള്‍ മുള്ളന്‍ പന്നിയാണ് സംസാര വിഷയം. ചായക്കടയില്‍, കുളക്കടവില്‍, കല്യാണ-മരണ വീടുകളിൽ തുടങ്ങി ആളുകൾ കൂട്ടുന്ന എല്ലായിടത്തും. ഒരു ശനിയാഴ്ച്ച, അമ്പലത്തിലെ പ്രഭാഷണം കഴിഞ്ഞുള്ള ഭക്തകളുടെ പതിവ് പഞ്ചായത്തില്‍ നിന്നാണ് മുള്ളന്‍പന്നിയുടെ മര്‍മ്മം മൂക്കിലാണെന്നും അതിനാല്‍ മൂക്ക് എവിടെയെങ്കിലും ഒളിപ്പിച്ചു വെച്ച് മുള്ളുകള്‍ മുഴുവന്‍ വിടര്‍ത്തിയാണ് അത് ആക്രമിക്കാന്‍ തയ്യാറാവുക എന്നും ടീച്ചര്‍ മനസിലാക്കിയത്. അന്ന് സന്ധ്യക്ക്, വീട്ടിലേക്കുള്ള ഇടവഴിയിലായിരുന്നു ടീച്ചർ. കൈയ്യിലെ ബ്രൈറ്റ്ലൈറ്റ് ടോര്‍ച്ച് വിരിക്കുന്ന തൂവെള്ള വെട്ടത്തിന്‍റെ പാതയറ്റത്ത് മുള്ളുകള്‍ വിടര്‍ത്തി നില്‍ക്കുകയാണ് ഒരു മുള്ളന്‍പന്നി. ഒരലര്‍ച്ചയോടെ പുറകോട്ട് വീണു പോയെങ്കിലും, കുണുങ്ങിക്കുണുങ്ങി ഇരുട്ടിലേക്ക് ഓടി മറയുന്നവനെ ആ കിടപ്പിൽ ടീച്ചര്‍ വ്യക്തമായി കണ്ടതാണ്.
ചിറകടി ശബ്ദം കേട്ടാണ് ടീച്ചര്‍ ഞെട്ടിയുണർന്നത്. ബാല്‍കണിയുടെ തുറന്ന ഭാഗത്ത് വലിച്ചു കെട്ടിയ പ്ലാസ്റ്റിക് വലയില്‍ കാല്‍ കൊരുത്ത് തൂങ്ങിക്കിടന്ന് നിര്‍ത്താതെ ചിറകടിക്കുന്ന പ്രാവ് തന്നോടെന്തോ ചോദിക്കുന്നത് പോലെ ടീച്ചര്‍ക്ക് തോന്നി. തുറിച്ചു നോക്കുന്ന ചുകന്ന കണ്ണുകളിലേക്ക് നോക്കാനാവാതെ അവര്‍ തല താഴ്ത്തി. അല്പ നേരമങ്ങനെ തൂങ്ങി നിന്ന ശേഷം അത് പറന്നു പോയി. കഴിഞ്ഞാഴ്ചയാണ് ബാല്‍കണിയുടെ മുന്‍വശം പ്രാവ് കയറാത്ത വിധം മകന്‍ നെറ്റടിപ്പിച്ച് മറച്ചത്.
നാട്ടില്‍ നിന്നും പോരുമ്പോള്‍ ചെടികളെടുത്ത് വെക്കുന്നത് കണ്ട്, “ഇതൊക്കെ നടാനുള്ള മണ്ണും കൂടെയെടുത്തോളു” എന്ന് മകന്‍ പറഞ്ഞത് തമാശയാണെന്നാണ് കരുതിയത്. തുളസിത്തൈ മാത്രമെടുക്കാനാണ് കരുതിയത്. തൊട്ടടുത്ത മാസം വരുന്ന ഓണത്തിന് നാട്ടിലേക്ക് വരവുണ്ടാവില്ലെന്ന് മകൻ തീർത്ത് പറഞ്ഞതോടെയാണ് രണ്ട് മെരട് തുമ്പയും കൂടിയെടുത്തത്. ഇവിടെയെത്തിയ അന്ന് തന്നെ ചെടികള്‍ മാറ്റി നടാനുള്ള ചട്ടികള്‍ മകനെ കൊണ്ട് വാങ്ങിപ്പിച്ചതാണ്. എന്നാല്‍ സിമന്റ് കട്ടകള്‍ പാകിയ മുറ്റത്ത് ചട്ടികളിൽ നിറക്കാനുള്ള മണ്ണ് അന്വേഷിച്ചു നടന്ന് ടീച്ചര്‍ നിരാശയായി. ഒടുവിലെവിടുന്നോ സിമന്റും മണലും കലര്‍ന്ന പൊടി സഞ്ചിയിലാക്കി കൊണ്ട് കൊടുത്തത് മലയാളിയായ ഒരു സെക്യൂരിറ്റിക്കാരനാണ്. എത്ര തന്നെ നന്നായി നനച്ചിട്ടും ചെടികൾ രണ്ടു ദിവസത്തിനകം വാടിക്കരിയുകയും ചെയ്തു. അങ്ങനെ കാലിയായി കിടന്ന ചട്ടിയിലൊന്നിലാണ് ആ പ്രാവ് വന്നു മുട്ടയിട്ട് അടയിരുന്നത്. അതു കണ്ടതും മകന്‍ സെക്യൂരിറ്റിയെ വിളിച്ച് മാറ്റാന്‍ വേണ്ടി പറഞ്ഞതാണ്. എന്നാല്‍ അടയിരിക്കുന്ന പ്രാവിനെ മാറ്റണ്ട എന്ന് ടീച്ചര്‍ പറഞ്ഞതിനെ സെക്യൂരിറ്റിക്കാരനും പിന്തുണച്ചു. അതോടെയാണ് മകൻ പിന്‍വാങ്ങിയത്. എന്നാൽ മുട്ടകള്‍ വിരിഞ്ഞാല്‍ അന്ന് തന്നെ എടുത്ത് കളയാന്‍ സെക്യൂരിറ്റിക്കാരനെ ഏര്‍പ്പാടാക്കി.
രണ്ടു മുട്ടകളാണത്രെ പ്രാവ് ഒരു തവണ ഇടുക. സെക്യുരിറ്റിക്കാരനാണ് പറഞ്ഞത്. രണ്ടാഴ്ച്ചയോളം എടുക്കും മുട്ടകള്‍ വിരിയാന്‍. അന്ന് തൊട്ട് ടീച്ചര്‍ക്കതൊരു ദിനചര്യയായി. രാവിലെ ചെന്ന് മുട്ടകൾ നോക്കും. പ്രാവിനുള്ള അരിമണികളും വെള്ളവും പാത്രത്തിലാക്കി വെക്കും. മടുപ്പിക്കുന്ന ആവര്‍ത്തനങ്ങൾക്ക് താൽക്കാലികമായെങ്കിലും ഒരറുതി വന്നതിൽ ടീച്ചര്‍ക്ക് ആശ്വാസം തോന്നി. രണ്ടാഴ്ച കഴിഞ്ഞാണ് ഒരു മുട്ടയില്‍ വര വീണത്. വലിയ സന്തോഷത്തോടെയാണ് ടീച്ചറത് എല്ലാവരെയും വിളിച്ചു കാണിച്ചത്. വിരിഞ്ഞാല്‍ പിന്നെ വേഗം എടുത്ത് കളയാമല്ലോ എന്ന് മകന്‍ ആശ്വസിച്ചു. പ്രാവിന്‍ കാഷ്ഠത്തിന്‍റെ അസഹനീയമായ നാറ്റത്തെ പറ്റിയായിരുന്നു മരുമകളുടെ പരാതി. ചെറുമകനാകട്ടെ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ക്കിടയില്‍ നിന്നിറങ്ങാൻ നേരമുണ്ടായിരുന്നില്ല. രണ്ടു ദിവസത്തിനകം മുട്ടകള്‍ രണ്ടും വിരിഞ്ഞു. അമ്മ പ്രാവ് കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊക്കില്‍ വെച്ച് കൊടുക്കുന്നതും, ഇനിയും തൂവലുകൾ മുളച്ചിട്ടില്ലാത്ത കുഞ്ഞു ചിറകുകള്‍ വിരിക്കാന്‍ അവറ്റ ശ്രമിക്കുന്നതുമെല്ലാം ടീച്ചര്‍ കണ്ടാസ്വദിക്കുമ്പോഴാണ് നെറ്റടിക്കാനായി മകന്‍ ഏര്‍പ്പാടാക്കിയവരെത്തിയത്. ടീച്ചര്‍ അകത്തെ മുറിയിലേക്ക് മാറിക്കളഞ്ഞു. അമ്മപ്രാവിന്റെ നിലക്കാത്ത ചിറകടി ശബ്ദം കേൾക്കാനാവാതെ അവർ ചെവികൾ പൊത്തി.
മുറിയിലേക്ക് നടക്കുന്ന ടീച്ചറുടെ കയ്യില്‍ ചെറുമകന്‍ വരച്ചിട്ട ആ കടലാസ്സുണ്ടായിരുന്നു. ആ ചിത്രത്തിലേക്ക് നോക്കി കൊണ്ട് ടീച്ചര്‍ കിടന്നു. പുതിയ രീതിയിലുള്ള പാഠ്യ പദ്ധതികൾ വരും മുന്‍പേ തന്നെ ചിത്രങ്ങള്‍ വരച്ച ചാര്‍ട്ടുകളുമായി കുട്ടികളെ പഠിപ്പിച്ച ആളാണ് ടീച്ചര്‍. ടീച്ചർ വരച്ച ചിത്രങ്ങള്‍ വീടു നിറയെ തൂക്കിയിരുന്നു. നേരിട്ട് അഭിനന്ദിക്കാറില്ലെങ്കിലും, ഉമ്മറച്ചുമരിനെ അലങ്കരിക്കുന്ന ശ്രീകൃഷ്ണന്റെ ചിത്രം ചൂണ്ടി വരുന്നവരോടൊക്കെ അഭിമാനത്തോടെ ഗോപാലന്‍ നായര്‍ പറയും : “അകത്തുള്ളാള്‍ വരച്ചതാ… നല്ലോണം വരയും.” അത് കേള്‍ക്കുമ്പോള്‍ ടീച്ചരുടെ ഉള്ളം നിറയും. വീടിനെ കുറിച്ചോര്‍ത്തപ്പോൾ ടീച്ചറുടെ അകം പൊള്ളി. മറവിയുടെ മച്ചിമ്പുറത്ത് ബഹളമുണ്ടാക്കി ഓടി നടക്കുന്ന കുറേ ഓർമ്മകൾ.
പറയത്തക്ക അസുഖമൊന്നുമുണ്ടായിരുന്നില്ല. മോട്ടോര്‍ വെച്ചിട്ടുണ്ടെങ്കിലും കിണറ്റിൽ നിന്നും കോരിയെ കുളിക്കൂ. കുളിച്ച് ബാക്കി വന്ന വെള്ളം ചെപ്പു കുടത്തില്‍ നിറച്ചു വാഴകള്‍ക്ക് നനച്ചു തിരിച്ചു വരികയായിരുന്നു. “വസൂ……….” എന്ന കാലപ്പഴക്കമുള്ള വിളി കേട്ടാണ് ടീച്ചര്‍ ഓടി ചെന്നത്. കിണറിന്റെ പടിയില്‍ മലര്‍ന്നു കിടക്കുന്നു. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ഒസ്യത്ത് പ്രകാരം വീട് മകനായതിനാല്‍ അമ്മയെ ഏറ്റെടുക്കാൻ പെൺമക്കൾ തയ്യാറായില്ല. ഇണക്കങ്ങളേക്കാളേറെ പിണക്കങ്ങളായിരുന്നെങ്കിലും ഭർത്താവ് പോയതോടെ ആർക്കും വെച്ച് തട്ടാവുന്ന പന്തായി താൻ മാറിയെന്ന് ടീച്ചർക്ക് ബോധ്യമായി. നാല്‍പ്പത്തൊന്നു കഴിഞ്ഞ് അമ്മയെ ബാംഗ്ലൂരേക്ക് കൊണ്ട് പോവുമ്പോഴേക്കും പഴയ വീട് പൊളിച്ചു പണിയാന്‍ മകൻ ഏര്‍പ്പാട് ചെയ്തിരുന്നു. ഇവിടെയെത്തി രണ്ടാഴ്ചക്കു ശേഷം കിട്ടിയ ജാനകിയുടെ കത്തില്‍ വീട് പൊളിച്ച് നിരപ്പാക്കിയെന്ന് എഴുതിയിരുന്നു. പുതിയ വീടിനു തറയിട്ട് കാണണം. തന്‍റെ എഴുത്ത് പെട്ടിയും ഭര്‍ത്താവിന്റെ ചാര് കസേരയും മാത്രമാണ് ടീച്ചറിങ്ങോട്ട് കൊണ്ട് വന്നത്. ഫാറ്റിലാവുമ്പോൾ അത് തന്നെ സ്ഥലം മുടക്കാണെന്നായിരുന്നു മകന്റെ അഭിപ്രായം.
ടൈൽസ് പാകിയ നിലത്തിരുന്ന് മുന്നിലെ എഴുത്ത് പെട്ടിയില്‍ ടീച്ചറാ വെള്ള പേപ്പര്‍ നിവര്‍ത്തി വെച്ചു. പെട്ടിക്കുള്ളിൽ നിന്നും തപ്പിയെടുത്ത തേഞ്ഞ വര്‍ണ്ണ പെന്‍സിലുകള്‍ കൊണ്ട് അവര്‍ വരച്ച് തുടങ്ങി. ഒരിക്കല്‍ മാത്രം കണ്ട രൂപം മനസ്സിൽ നിറച്ചു. വൈകിട്ട് ചെറുമകന്‍ വരുമ്പോഴേക്കും മുള്ളന്‍പന്നിയുടെ വർണ്ണച്ചിത്രം കാണിച്ച് അവനെ അതിശയിപ്പിക്കണം. പെട്ടിയുടെ അറയില്‍ നിന്നെടുത്ത ഒരു മുള്ള് അരികില്‍ തന്നെയുണ്ട്.
കാളിങ്ങ് ബെല്ലടിച്ചു. എത്ര നേരമങ്ങനെ മയങ്ങി എന്നറിയില്ല. ചെറുമകനാവണം. ഭക്ഷണം പോലും കഴിക്കാന്‍ മറന്നിരിക്കുന്നു. മുള്ളുകള്‍ വിടര്‍ത്തി നിക്കുന്ന മുള്ളന്‍ പന്നിയുടെ ചിത്രം പുറകിലൊളിപ്പിച്ച് അവര്‍ വാതിലക്കലേക്ക് നടന്നു.
വാതില്‍ തുറന്നതും ഓടിക്കയറിയ ചെറുമകന്‍ ബാഗിൽ നിന്നും വലിച്ചെടുത്ത ടാബ് അവര്‍ക്ക് നേരെ നീട്ടി.
“കണ്ടോ അച്ചമ്മേ…ഞാന്‍ ഗൂഗിള്‍ ചെയ്തെടുത്ത പിക്ചെഴ്സ്…ഇത് ചുമ്മാ പ്രിന്‍റ് എടുത്തു കൊടുത്താ മതിയത്രേ…”
പല വലുപ്പത്തിലും തരത്തിലുമുള്ള മുള്ളന്‍ പന്നികള്‍ നിറഞ്ഞ സ്ക്രീനില്‍ നിന്നും വമിക്കുന്ന വര്‍ണ്ണങ്ങളില്‍ നിന്നും തന്‍റെ നിറം മങ്ങിയ ചിത്രത്തെ ഒളിപ്പിക്കാനായി പരക്കം പായുകയായിരുന്നു ടീച്ചറപ്പോള്‍.