ഒറ്റവലിക്കൊരാളെ വലിച്ചുകുടിച്ച മദ്യക്കുപ്പികൾ
ഉന്മാദത്തോടെ അയാളുടെ വീടുതേടിയിറങ്ങി;
അയാളെയകത്താക്കിയതിനേക്കാൾ വേഗതയിൽ..!
കൊടുവാളിന്റെ ദംഷ്ട്രമുനകാട്ടി പൊട്ടിച്ചിരിച്ചപ്പോൾ
ബന്ധുദേഹങ്ങൾ ചോരപ്പുതപ്പിനുള്ളിൽ നിശബ്ദരായി.
മേൽക്കൂരയിലന്തിയുറങ്ങിയ പ്രാവിൻകൂട്ടം
‘വെടിയുണ്ടകളുടെ നിശബ്ദ സംഗീത’ത്തിലലിഞ്ഞതിനാൽ
ദൃക്സാക്ഷികളാരുമുണ്ടായില്ല!
ദേശസുരക്ഷയുടെ പുഷ്പശരങ്ങളേറ്റപ്പോൾ
അയാളുടെതായ അടയാളങ്ങൾ അശ്ശേഷമില്ലാതായി
ബലിയാടായ ഓർമ്മകൾക്ക്
ആറടിയാഴത്തിൽ കബറൊരുക്കിയപ്പോൾ
അന്വേഷണങ്ങളിലേക്കുള്ള ചൂണ്ടുപലകകളും
ആവശ്യമില്ലാതായി
ശീതീകരിക്കപ്പെട്ട കറുത്ത മൗനത്തിൽ
കാഴ്ചകളൊന്നായ്, അടങ്ങിയൊതുങ്ങിക്കിടന്നു.
‘വാർത്താമുറികളിൽ കൊട്ടാരം വിദൂഷകർ..,
ന്യായാസനങ്ങളിൽ ന്യാസമാകപ്പെട്ട അക്ഷദർശകർ..,
പൊടിപിടിച്ച നീതിശാസ്ത്രഗ്രന്ഥങ്ങൾക്കുമേൽ
തുറന്നുകിടക്കുന്ന പുതിയ സംഹിതകൾ..!”
പ്രതിപ്പട്ടികയിലെ അനാവശ്യ ചോദ്യങ്ങളാക്കി
അവശേഷ ശബ്ദങ്ങളെ വിചാരണകൂടാതെ കഴുവിലേറ്റി
ശൂലമുനകളിൽ കോർത്ത പകൽവെളിച്ചം
നിഴലുകൾക്കിടയിൽ
അലസമായി ഉയർന്നും താഴ്ന്നുമിരുന്നു…
ഋതുക്കളുടെ തനിയാവർത്തനങ്ങളിൽ
മഞ്ഞുപെയ്തതേയില്ല
ചാറ്റൽമഴയുതിർക്കാൻ കാർമുകിൽ
കോരിത്തരിച്ചതുമില്ല
മൂടുപടമണിഞ്ഞ കിനാക്കൾ
പൊക്കിൾക്കൊടിയറുക്കപ്പെട്ട ഉണങ്ങാത്ത മുറിവുമായി
വിലാസമില്ലാതെ പലായനംചെയ്തുകൊണ്ടിരുന്നു…
കുപ്പികളിലെ അസുരവേഗമാർന്നൊരാൾക്കൂട്ടത്തിൽ
അയാൾക്കൊപ്പം മുഖമില്ലാത്ത എന്നെയും കണ്ടു.
ലഹരിക്കുപ്പികളൊരു സംഘമായ് മാറിക്കൊണ്ടിരുന്നു…
രാജ്യതന്ത്രത്തിന്റെ വേഗപാതയിലണിചേർന്ന്,
ദേശസ്നേഹത്തിന്റെ നീണ്ടകഴുത്തുള്ള വീഞ്ഞുകുപ്പികളായ്
ആളുകളെയതു വിഴുങ്ങിക്കൊണ്ടേയിരുന്നു;
‘സങ്കീർത്തനങ്ങളുടെ ആരവങ്ങളോടെ…!’