മിന്നാമിന്നികൾ

വരണ്ട നെൽപ്പാടത്തിന്റെ വരമ്പിലൂടെ നടന്ന് നീങ്ങുമ്പോൾ അവളുടെ മനസ്സ് അപ്പൂപ്പൻ താടിയായ് പറന്ന് ആ നാടാകെ ചുറ്റി. നടത്തതിന്റെ വേഗതയിൽ, അവളുടെ ഇടത്തെ കൈയിലെ വളകൾ കിലുങ്ങിയപ്പോൾ കണ്ണുകളിൽ തെളിഞ്ഞ നാണം ചുണ്ടിൽ വ്യാപിച്ചു.

ഇന്നലെ ഉൽസവത്തിന്, ആരും കാണാതെ അതവളുടെ കയ്യിൽ അതണിയാൻ രാജു നന്നേ പണിപ്പെട്ടു. ആകെ ആറ് വളകൾ കൈയിൽ ഇട്ടപ്പോൾ കൂട്ടുകാരി വിളിച്ചതിനാൽ അവൾ ഓടിയകന്നു. “കുറച്ചുകൂടി വണ്ണം കൂടിയ കൈകൾക്ക് ചേരുന്ന വളകളാണിത്. വാങ്ങിയപ്പോൾ, അളവ് നോക്കാൻ താനില്ലായിരുന്നല്ലോ രാജുവിനരികിൽ!? എന്തായാലും വളകൾ തനിക്ക് ഇണങ്ങുന്നുണ്ട് “. അവൾ കൈയിലുള്ള പാൽകുപ്പി താഴെ വീഴാതെ മുറുകെ പിടിച്ച് വേഗത്തിൽ നടന്നു. കുപ്പിവള വാങ്ങാൻ അച്ഛൻ തന്ന പണം പെട്ടിയിൽ വച്ചിട്ട് ഇത് താൻ വാങ്ങിയതെന്ന ഒരു കള്ളം പറഞ്ഞു. ഭാഗ്യത്തിന് മറ്റ് ചോദ്യങ്ങളൊന്നും തന്നെ നേരിടേണ്ടി വന്നില്ല. തന്റെ അച്ഛൻ ഒരു സാധുവാണല്ലോ എന്നോർത്തപ്പോൾ അവൾക്ക് സങ്കടം തോന്നി. അമ്മയെന്ന സ്ത്രീ തന്നെ പ്രസവിച്ച ശേഷം ആരുടെ കൂടെയോ ഇറങ്ങി പോയി. വേറെ വിവാഹം കഴിക്കാതെ അച്ഛൻ അവളെ പൊന്നുപോലെയാണ് നോക്കുന്നത്.

അവളുടെ വീട്ടിൽ നിന്നും കുറച്ചങ്ങു ദൂരെ കൂട്ടുകാരിയുടെ വീടിന്റെ അടുത്ത് ആൾ താമസം ഇല്ലാത്ത ഒരു വീടുണ്ട്. അവിടെ അടുത്ത് ഒരു ചെറിയ മൈതാനവും. ആരും ഇല്ലാത്ത വൈകുന്നേരങ്ങളിൽ രാജുവും അവളും കണ്ടുമുട്ടാറുണ്ട്. അവന്റെ സ്വപ്നങ്ങളിൽ ഒന്നാണ് വലിയ വീടും സമ്പന്നതയുടെ പർവ്വത നിരകളിലുള്ള ഒരു ജീവിതവും. രാജുവിന്റെ മാറിൽ ചാഞ്ഞ് ആ സ്വപ്‌നങ്ങൾ കേൾക്കുമ്പോൾ അവന്റ കണ്ണുകളിലെ ദൃഡതയും, ഹൃദയത്തിന്റെ വെപ്രാളവും അവൾ മനസ്സിലാക്കിയിരുന്നു. ബിസ്ക്കറ്റ് ഫാക്ടറിയിലെ തുച്ഛമായ വരുമാനം കൊണ്ട് ഇതൊന്നും നടക്കില്ലായെന്നവൾ ഓർമ്മിപ്പിക്കുമ്പോൾ, അവനിൽ വല്ലാത്ത വാശി നിഴലിക്കുന്നത് കാണാമായിരുന്നു.

പരിചയപ്പെട്ടിട്ട് അധികം നാളുകളായില്ലെങ്കിലും പ്രായകൂടുതൽ ഉള്ള രാജു അവളിൽ നല്ല സ്വാധീനം ചെലുത്തിയിരുന്നു. ഫാക്ടറിയിലെ ബിസ്‌ക്കറ്റിന്റെ ഗന്ധം അവന്റെ ഷർട്ടിൽ നിന്നും ചുറ്റുമുള്ള കാറ്റ് അവിടെയാകെ പടർത്തിയിരുന്നു. ആ ഗന്ധം അവളിലും വ്യാപിക്കാറുണ്ടായിരുന്നു. കുപ്പിവളകൾ സമ്മാനിച്ച ശേഷം അവനെ കാണാൻ സാധിച്ചിട്ടില്ല. അവൻ നാട്ടിലേയ്ക്ക് അവധിക്ക് പോകുവാണെന്നാണ് പറഞ്ഞത്.

ഓരോന്ന് ഓർത്തുകൊണ്ട് അവൾ പാൽ കൊടുക്കേണ്ട വീട്ടിലെത്തി. വളരെ പ്രായമേറിയ അമ്മായി അവിടെ ആ ഒറ്റപ്പെട്ട സ്ഥലത്ത് തനിച്ചാണ് താമസിക്കുന്നത്. രാത്രിയിൽ കൂട്ട് കിടക്കാൻ ബന്ധുവായ ഒരു സ്ത്രീ വരുന്നുണ്ട്. പക്ഷേ രാവിലെ തന്നെ അവർ ജോലിക്ക് പോകും. അവൾ വാതിൽ മുട്ടിയപ്പോൾ ആ സ്ത്രീ വാതിൽ തുറന്ന് പാൽ മേടിച്ചു. അവൾ തുറന്ന് കിടന്ന ജനാലയ്ക്കിടയിലൂടെ പാളിച്ചു നോക്കി. അമ്മായി നല്ല ഉറക്കമാണ്. ഇടയ്ക്കൊക്കെ അവരുടെ സംസാരം അകത്തുനിന്ന് കേൾക്കാമെങ്കിലും അവളിത് വരെ അമ്മായിയോട് സംസാരിച്ചിട്ടില്ല. പക്ഷേ കുറച്ച് ദിവസമായി , അസുഖം ആയത് കൊണ്ടാകാം അവരുടെ സംസാരം കേൾക്കാറില്ല.

അടുത്ത ദിവസം പതിവുപോലെ പാൽ കൊടുക്കാനെത്തിയ അവൾ വാതിലിൽ മുട്ടി. വാതിൽ തുറന്ന സ്ത്രീ തിടുക്കത്തിൽ പാൽ വാങ്ങി വാതിലടച്ചു. പാതി തുറന്നിട്ട ജനാലകൾ അവൾക്കന്ന് കാണാൻ സാധിച്ചില്ല. പതിവില്ലാതെ പരിഭ്രമിച്ചിരുന്ന ആ സ്ത്രീയുടെ മുഖം നോക്കിയപ്പോൾ, കഴിഞ്ഞ മാസത്തെ ക്യാഷ് വാങ്ങുന്ന കാര്യം അവൾ മറന്നു. അകത്ത് നിന്ന് വളക്കിലുക്കം കേട്ടപ്പോൾ വാതിലിൽ രണ്ടാമതും കുറേ മുട്ടിയെങ്കിലും, ആരും വാതിൽ തുറന്നില്ലാത്തത് കൊണ്ട് അവൾ നിരാശയോടെ വീട്ടിലേയ്ക്ക് മടങ്ങി.

കാശില്ലാതെ തിരികെ വന്ന അവൾ കാര്യം അച്ഛനോട് പറഞ്ഞെങ്കിലും അയാൾ അവളെ ശകാരിച്ചില്ല. അന്ന് അവളെ കാണാൻ രണ്ട് പോലീസുകാർ എത്തി. അവളോട്‌ അച്ഛനോടൊപ്പം അമ്മായിയുടെ വീട്ടിലേയ്ക്ക് വരാൻ അവർ ആവശ്യപ്പെട്ടു. അവൾ പേടിച്ച് അച്ഛനെ നോക്കിയെങ്കിലും അയാൾ അവളെ സമാധാനിപ്പിച്ചു. ” പേടിക്കണ്ട കുട്ടി, അമ്മായി മരിച്ചുവെന്നാ ഇവർ പറയുന്നത്. മോള് ഇന്ന് രാവിലെ അവിടെ പോയതല്ലേ. അവർ ചോദിക്കുന്നതിന് മോൾക്ക് അറിയാവുന്ന ഉത്തരം പറഞ്ഞാൽ മതി. “

അച്ഛന്റെ കൈപിടിച്ച് ആ ഒറ്റപ്പെട്ട വീട്ടിലേയ്ക്ക് ചെന്നപ്പോൾ ഉയർന്ന ഉദ്യോഗസ്ഥനായ പോലീസ്കാരൻ അവളെ അടിമുടി നോക്കി. ” നീയാണോ, ഇന്ന് ഇവിടെ പാൽ കൊടുത്തത്. “? അയാളുടെ കനത്ത ശബ്ദത്തിൽ അവൾ പേടിച്ചു തലയാട്ടി.

പിന്നെ അയാൾ പറഞ്ഞ് തുടങ്ങി.” ഇവിടെ താമസിക്കുന്ന വൃദ്ധ മരണപ്പെട്ടു. മരിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു. കൂട്ട് കിടക്കുന്ന സ്ത്രീയെ അന്വേഷിച്ച് അവരുടെ ഫാക്ടറിയിൽ പോയിരുന്നു. അവൾ കുറച്ച് ദിവസമായി അവധിയിലാണ്. അവളെ ഇവിടെങ്ങും കാണുന്നുമില്ല. നീ എന്തെങ്കിലും അസാധാരണമായി കണ്ടിരുന്നോ? “!.

അവൾ ധൈര്യം സംഭരിച്ച് എല്ലാം പറഞ്ഞു. ദിവസവും തുറന്ന് കിടന്നിരുന്ന ജനാലയുടെ കിളി വാതിൽ ഇന്ന് അടഞ്ഞിരുന്നതും, വാതിൽ മുട്ടിയിട്ട് തുറക്കാത്തതും, സ്ത്രീയുടെ മുഖം പരിഭ്രമിച്ചതും എല്ലാം അവൾ പറഞ്ഞു കൊണ്ടിരുന്നപ്പോൾ പോലീസുകാരന്റ ശ്രദ്ധ അവളുടെ കൈയിൽ കുറച്ച് അയവുള്ള ചുമന്ന നിറത്തിൽ സ്വർണ്ണകലയുള്ള ആ വളകളിലോട്ട് പോയി.

ഉയർന്ന പോലീസ്‌കാരൻ കൂടെയുള്ള പോലീസിന്റെ ചെവിയിൽ എന്തോ പറഞ്ഞു. അപ്പോൾ അയാൾ ഒരു കടലാസ്സിൽ പൊതിഞ്ഞ കുറേ വള പൊട്ടുകൾ കൊണ്ടുവന്നു. ആ വളപൊട്ടുകൾ അയാൾ ഒരുമിച്ച് ചേർത്തപ്പോൾ അതൊരു പൂർണ്ണവളയായ്. പോലീസ് കാരൻ അവളുടെ വള ഊരി അതിനടുത്തു വയ്ക്കാൻ ആവശ്യപ്പെട്ടു. രണ്ടും ഒരേ അളവിലുള്ള, ഒരേ നിറവും ഡിസൈനുമുള്ള വളകൾ. പിന്നീട് അച്ഛന്റെ മുൻപിൽ അവൾ എല്ലാം തുറന്ന് പറഞ്ഞു. അതിൽ അവന്റെ കൈയിലുണ്ടായിരുന്ന ബാക്കി വളകൾ അണിയിക്കാൻ പറ്റാതിരുന്നതും അവൾ കൂട്ടിച്ചേർത്തു. മാത്രമല്ല രണ്ടാമത് വാതിൽ മുട്ടിയപ്പോൾ അകത്തുനിന്നും കേട്ട വളകിലുക്കവും അവളോർത്തെടുത്തു.

പോലീസ്കാരൻ, ആ സ്ത്രീയുടെ കൂടെ അവധിയെടുത്ത ചെറുപ്പക്കാരന്റെ പേര് കൂടി ഫാക്ടറിയുടെ മാനേജറിൽ നിന്നും കുറിച്ചെടുത്ത ഡയറി തുറന്നു”. ഇത് അവൻ തന്നെ “! വൃദ്ധയുടെ പണവും സ്വർണ്ണവും കാണാതെ പോയതുകൊണ്ടാണ് ഞങ്ങൾ ഇതൊരു സ്വാഭാവിക മരണമല്ലെന്നുറപ്പിച്ചത്. ജീവിച്ചിരുന്നപ്പോൾ മകൻ ഇതിന്റെ എല്ലാ രേഖകളും ഞങ്ങളെ ഏൽപിച്ചിരുന്നു. കാരണം മകന്റെ കൂടെ പോയി താമസിക്കില്ലായെന്നുള്ള വാശിയോടൊപ്പം പണവും സ്വർണ്ണവും അവർ കൂടെ കൊണ്ടുനടന്നിരുന്നു.

ഉടനെ അയാളുടെ ഫോണിൽ രണ്ട് ചിത്രങ്ങൾക്കൊപ്പം ഒരു മെസ്സേജ് എത്തി. രണ്ട് പേരെ സ്വർണ്ണവും പണവുമായി ട്രെയിനിൽ നിന്നും പിടികൂടി. ചിത്രങ്ങൾ അവളെ കാണിച്ചപ്പോൾ അവൾ അച്ഛന്റെ മാറിലേയ്ക്ക് കുഴഞ്ഞു വീണു. പോലീസിന് പിന്നെയെല്ലാം മനസ്സിലാക്കാൻ അത് തന്നെ ധാരാളം ആയിരുന്നു. ഉടനെ തന്നെ എല്ലാവരും സ്റ്റേഷനിൽ എത്തി. അവനെയും ആ സ്ത്രീയെയും കണ്ട അവളുടെ നെഞ്ച് പൊട്ടി. പിന്നെ അവളുടെ മുൻപിൽ രാജു എല്ലാം ഏറ്റുപറഞ്ഞു. പാൽ കൊണ്ടുവരുന്ന കുട്ടിയെ പറ്റി തന്റെ ഭാര്യയാണ് പറഞ്ഞതെന്നും അവളുടെ ആവശ്യപ്രകാരമാണ് പ്രണയിച്ചതെന്നും, പിന്നീട് അവളെയും ഈ പദ്ധതിയിൽ ചേർക്കാമെന്നു തങ്ങൾ വിചാരിച്ചുവെങ്കിലും ഇവൾ അതിന് സമ്മതിക്കില്ലായെന്ന് മനസ്സിലായതുകൊണ്ട് ആ പദ്ധതി ഉപേക്ഷിച്ചുവെന്നും അവൻ പറഞ്ഞു.

അന്നത്തെ ഉത്സവത്തിന് വാങ്ങിയ വളകൾ ഭാര്യക്കായി വാങ്ങിയതാണെന്നും, ഇവളെ കണ്ടപ്പോൾ വേറെ വഴിയില്ലാതെ അവൾക്ക് നൽകിയതെന്നും കേട്ടപ്പോൾ രാജുവിന്റെ മുഖത്തൂടെ ആ വളകൾ ഊർന്നിറങ്ങി നിലത്ത് വീണ് പൊട്ടി. ആ വളപ്പൊട്ടുകൾ ചതിയുടെ നോവിനാൽ പിളർക്കപ്പെട്ട് അവളുടെ മനസ്സിനൊപ്പം ചിതറിയപ്പോൾ, അതിൽ നിറഞ്ഞ ബിസ്‌ക്കറ്റിന്റ ഗന്ധം അവളുടെ മനസ്സിന്റെ കോണുകളിലും തളം കെട്ടി നിന്നു. തന്റെ അച്ഛനെ ചതിച്ചതുകൊണ്ട്, ചതിക്കപ്പെട്ട അവളുടെ ഹൃദയം കുറ്റബോധത്താൽ നീറിയപ്പോൾ, അച്ഛന്റെ തലോടൽ അവൾക്ക് ആശ്വാസമായി.

പോലീസ് സ്റ്റേഷനിൽ നിന്നും ആ രണ്ടു ഹൃദയങ്ങൾ വിറകൊണ്ട് തളർന്ന നാലു കാലുകളുമായി പടിയിറങ്ങുമ്പോൾ ഇനി ജീവിക്കാൻ അവരിൽ ഒന്നും ബാക്കിയില്ലായിരുന്നു. പിറ്റേന്ന് രാവിലെ പോലീസ്കാർക്ക് പിന്നെയും ആ നെല്പാടത്തൂടെ മറ്റൊരു മരണത്തിന്റെ കാരണം തേടി വരേണ്ടി വന്നു. മരിച്ചത് ഒരാൾ മാത്രം അല്ലായിരുന്നു. ആ ആത്മാവിന്റെ ഉള്ളിൽ മറ്റൊരു കുഞ്ഞ് ആത്മാവ് കൂടി മുള പൊട്ടിയിരുന്നു. പോലീസ്‌കാർ എത്തിയപ്പോൾ ബോഡിക്കരികിൽ ഒരു സാധു മനുഷ്യൻ മരവിച്ചിരുപ്പുണ്ടായിരുന്നു. വർഷങ്ങൾക്ക് മുൻപ് കൈകാലിട്ട് അടിച്ച് കരഞ്ഞ ഒരു
വാവയെ ഒറ്റയ്ക്കാക്കി തന്റെ കുഞ്ഞു പെങ്ങൾ ഇരുട്ടിന്റെ ലോകത്തേയ്ക്ക് ഒറ്റയ്ക്ക് മടങ്ങിയപ്പോൾ താൻ അനുഭവിച്ച വേദന വാവയുടെ ചിരിയിൽ മാഞ്ഞിരുന്നു. ഒരിക്കൽ അച്ചായെന്ന് കൊഞ്ഞയോടെ വിളിച്ചപ്പോൾ തിരുത്താൻ അയാൾക്ക് മനസ്സിലായിരുന്നു. ആരുടെയോ ചതിയാണ് നീയെന്ന് ആക്രോശിക്കാൻ അയാൾക്ക് കഴിഞ്ഞില്ല.

കുറേ പകൽ ഇരുണ്ടപ്പോൾ, വേറൊരു ജീവനെ ബാക്കി വയ്ക്കാതെ തന്റെ വാവയും അവളുടെ അമ്മയ്‌ക്ക്, ഇരുട്ടിൽ കൂട്ടിനായി ഒരു മിന്നാമിന്നിയെ വയറ്റിൽ ഇട്ട് യാത്രയായി. അമ്മയും മകളും കൊച്ചുമകളും ഒറ്റകെട്ട്…… തനിച്ചായത് ഈ വിഡ്ഢി മാത്രം…. മരവിപ്പ് വിട്ട് മാറാതെ അയാൾ ആ പാടവരമ്പത്തൂടെ രാത്രികളിൽ അലയുമ്പോൾ, കുറേ മിന്നാമിന്നികൾ അയാൾക്ക് ചുറ്റും വട്ടമിട്ട് പറന്നിരുന്നു. ഇരുളിന്റെ തടവറയിൽ പൂട്ടിയ വാതിൽ തിരഞ്ഞുപിടിച്ച്, അത് വെട്ടി തുറന്ന് അതിജീവിതത്തിന്റെ പ്രകാശത്തിലേയ്ക്ക്……. ഒരു കൂട്ടായ് ആ ആത്മാക്കൾ അയാളെ പിന്തുടർന്നു.

എറണാകുളം ജില്ലയിലെ മുവാറ്റുപുഴയാണ് സ്വദേശം. നേഴ്സ് ആയി ജോലി ചെയ്യുന്നു. നവമാധ്യമങ്ങളിൽ കഥകളും, കവിതകളും എഴുതുന്നു