മിണ്ടൽ

മിണ്ടാതിരിക്കുന്നതെന്തെന്ന് ചോദിച്ച-
സന്ധ്യയോടൊന്നും പറഞ്ഞില്ലനന്തത!

മിണ്ടാതിരിക്കുന്നതെന്തെന്ന് ചോദിച്ച-
മണ്ണിനോടൊന്നും പറഞ്ഞില്ല വേരുകൾ

മങ്ങിത്തുടങ്ങും വിളക്കണച്ചാകാശ-
മൊന്നുമേ മിണ്ടാതിരിക്കുന്നതെന്തിന്;

ചോദിച്ചു രാപ്പാടിയെങ്കിലും നിശ്ശബ്ദ-
താരകങ്ങൾ ധ്യാനലീനരായ് നിന്നുവോ?

യാമങ്ങളെല്ലാം കടന്നുഷസ്സെത്തവേ-
സാധകം ചെയ്യാൻ മറന്നു സാരംഗികൾ!

ചന്ദനക്കൂട്ടും കടന്ന് സോപാനങ്ങൾ
ഒന്നുമേ പാടാതെ മൗനത്തിലാഴ്ന്ന് പോയ്

മിണ്ടാതെ നിൽക്കുന്ന സൂര്യഗോളത്തിൻ്റെ-
പിന്നിലായ് ചക്രവാളം നിന്നു മൂകമായ്

മിണ്ടാതിരിക്കുന്നതെന്തെന്ന് ചോദിച്ച-
ഇന്നിനോടൊന്നും പറഞ്ഞതില്ലാകാശം

മിണ്ടിത്തുടങ്ങിയാൽ തോരാതെ പെയ്യലിൽ
എന്നുമുണ്ടാകുന്ന പ്രാക്കും, പരാതിയും

കണ്ടുകണ്ടാമഴത്തുള്ളികൾ പെയ്യാതെ-
മിണ്ടാതിരിക്കുന്ന ഹേമന്തതീരത്ത്

മിണ്ടിമിണ്ടിത്തിരയ്ക്കെന്നും വരച്ചിടാൻ-
ഒന്നുമാത്രം ജലം തൊട്ട നീർപ്പോളകൾ

പണ്ടേ കൊഴിച്ചിട്ട ചിപ്പികൾ, പൂർവാഹ്ന-
മന്ത്രങ്ങൾ സാധകം ചെയ്യുന്ന ശംഖുകൾ!

മിണ്ടിമിണ്ടിപ്പറഞ്ഞാകെ നീറിപ്പക-
ത്തുമ്പിലായ് പൊട്ടിത്തെറിച്ച കാലത്തിൻ്റെ

പെൻഡുലം നിശ്ചലം, ലോകസ്തൂപത്തിൻ്റെ
നെഞ്ചിൽ പിടഞ്ഞുവീഴുന്ന യുദ്ധക്കനൽ

അന്ധകാരം വാക്കതൊന്നുമേ ചൊല്ലാതെ-
മിണ്ടാതിരിക്കുന്ന പർവ്വതഗുഹയ്ക്കുള്ളിൽ

മിണ്ടിയാലെന്ത്, മിണ്ടാതങ്ങിരിക്കിലും
രണ്ടതിർവേലിയിൽ ഗന്ധകം കത്തവേ

മിണ്ടാതെ പ്രാണൻ പലായനം ചെയ്യുന്നു
മിണ്ടാതെ സന്ധികൾ മാഞ്ഞുപോയീടുന്നു

മിണ്ടാതെ മിണ്ടാതെ വാക്കുയർത്തും മതിൽ,
മിണ്ടാതെ മിണ്ടാതെ തച്ചൻ്റെ വീതുളി!

മിണ്ടിപ്പിടഞ്ഞ് കരിഞ്ഞ വേരിൽ നിന്ന്-
മിണ്ടി വീണ്ടും തുടങ്ങീടുന്നൊരക്ഷരം

രണ്ടായ് പിളർന്നൊരാരൂഢത്തിൽ നിന്നതാ
രണ്ട് പത്രങ്ങൾ, ശിലാശില്പശാലകൾ

ഒന്നൊളിപ്പോരിൻ്റെ മിണ്ടാത്ത ഭൂപടം
മറ്റേത് നിശ്ശബ്ദമാകുന്ന സാഗരം

രണ്ടിലും തെറ്റിപ്പിരിഞ്ഞ ശബ്ദത്തിൻ്റെ-
രണ്ട് ചിഹ്നങ്ങൾ പതാക, ഭൂഖണ്ഡങ്ങൾ.

നക്ഷത്രങ്ങളുടെ കവിത, സൂര്യകാന്തം, അർദ്ധനാരീശ്വരം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൾ കർണ്ണാടക മലയാളി അസോസിയേഷൻ ബെസ്റ്റ് പൊയട്രി പ്രൈസ്, കവി അയ്യപ്പൻ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ബാംഗ്ലൂർ നിവാസി. പ്രശസ്ത കഥകളിനടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയുടെ മകളാണ്.