മാറ്റൊലി

പഴയ പാട്ടിൻ സുഗന്ധമേറുന്നൊരു
പുതിയ  ഭൂമിതൻ സൗഗന്ധികങ്ങളിൽ
പകലുകൾ അഗ്നി തൂവുന്ന ഗ്രീഷ്മത്തി-
നുലകളിൽ വീണു സൂര്യൻ ജ്വലിക്കവെ !
വഴി നടന്നു നീങ്ങീടും ഋതുക്കളിൽ
നറു നിലാവിൻ്റെ സ്വാന്തനസ്പർശനം
കുതിരകൾ അശ്വമേധം നടത്തുന്നു
കവിതകൾ മൂന്നു ലോകം ജയിക്കുന്നു
സിരകളിൽ ഗന്ധമാദനം പൂക്കുന്നു
മൊഴികളിൽ സ്വർഗ്ഗവാദ്യങ്ങളേറുന്നു
നദികൾ ലോകസഞ്ചാരം നടത്തുന്ന
വഴിയിൽ വൃക്ഷങ്ങൾ വീണയായീടുന്നു
മരണമെന്തെന്നറിയാത്ത ബാല്യമേ!
എവിടെയാണെൻ്റെ ചന്ദനപ്പമ്പരം?
നിബിഢ കാനനം ദ്രാവിഡപുത്രിയിൽ
നിനവ് തേടിയ വിന്ധ്യശൈലാതലം
അമൃതുതൂവുന്ന ഭാവാനാസാഗരം
നറു നിലാവിൻ്റെ ചന്ദനപ്പൂവുകൾ
ഉയിരുണർത്തും മഹാപർവ്വതങ്ങളിൽ
നദികളുത്ഭവിക്കും പോലെ കവിതകൾ
അറിയൂ ഭൂമി നീയിന്നും സനാഥയെന്നൊരു
കവി സത്യവാക്യമോതീടുന്നു..
അവിടെ  മാറ്റൊലിക്കൊള്ളുന്ന കവിതയിൽ
ഇനിയുമശ്വമേധം ചെയ്യുമൊരു  കവി
(കരളിൽ ചിറകുള്ള സഞ്ചാരപ്രിയരായ മഹാനദികളിലൊന്നിനരികിൽ പടർന്ന് പന്തലിച്ച വൃക്ഷത്തിന്റെ ശിഖരങ്ങളിൽ നിന്ന് സംഗീതമുണർത്തിയ,  ആത്മാവിലൊരു ചിതയിലൂടെ ചന്ദനപ്പമ്പരം തേടി നടന്ന ബാല്യത്തിന്റെ നിഷങ്കളത്വം നോവിന്റെ അനശ്വരകാവ്യമാക്കി മാറ്റിയ വയലാറിന് സമർപ്പണം)
നക്ഷത്രങ്ങളുടെ കവിത, സൂര്യകാന്തം, അർദ്ധനാരീശ്വരം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൾ കർണ്ണാടക മലയാളി അസോസിയേഷൻ ബെസ്റ്റ് പൊയട്രി പ്രൈസ്, കവി അയ്യപ്പൻ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ബാംഗ്ലൂർ നിവാസി. പ്രശസ്ത കഥകളിനടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയുടെ മകളാണ്.