മായ

പറക്കും പ്രേമപ്പക്ഷി,
നീയെൻ്റെ നെഞ്ചിൽ കൂട്
പണിതേ പോയി പണ്ട്
ഞാനത് കണ്ടേയില്ല

വസന്തക്കുയിൽ പോലെ
പാടി നീ മാന്തോപ്പിലായ്
പാടി നീ, എന്നെ വിളിച്ചുണർത്തി
ഞാൻ നോക്കാതെ പോയപ്പോൾ
വിടാതെന്നെ സ്നേഹത്താൽ പൂട്ടിക്കെട്ടി.

പറക്കാൻ ഞാൻ മോഹിച്ച പകലിൽ
അഴിക്കൂട് പണിത് നീയന്നൊരു
തീഗോളം കുടഞ്ഞിട്ടു…

പുകഞ്ഞും നീറ്റൽ സഹിച്ചുയിരിൽ
തൊടും മഴക്കലമ്പൽ കേട്ടും,
മുറിഞ്ഞടർന്ന് ഞാൻ നിൽക്കവേ!
ഒന്നുമേയറിയാത്ത ഭാവത്തിൽ
മഴവില്ല്, കുന്നുകൾ കടന്ന് നീ
പറന്നു, കാർമേഘങ്ങളൊന്നായി-

മിന്നൽച്ചുരുളഴിച്ച് പെയ്തീടുമ്പോൾ.
എനിക്കെന്തിതേ പോലെയെന്ന്
ഞാൻ ചോദിച്ചപ്പോൾ
മഴ പോലൊരു മേഘം
എന്നെയും തൊട്ടേ പോയ്

എനിക്ക് പാടാൻ ചാരു-
കേശിയും, ഹിന്ദോളവും
ശോകവും, ചിത്രാംബരി
രാഗവും കൂട്ടായ് നിൽക്കേ
അഴികൾക്കുള്ളിൽ
ചിറകനക്കാനാകാതെ ഞാൻ
പറക്കാനാവാതെ ഞാൻ
കുരുങ്ങിക്കിടക്കുമ്പോൾ

ചിതറിത്തെറിക്കുന്ന
സ്വപ്നങ്ങളെല്ലാം വക്ക്-
മുറിഞ്ഞ് മുറിഞ്ഞങ്ങ്
നീറുന്ന ദിനാന്ത്യത്തിൽ
തടുത്തുകൂട്ടി പൊട്ടുതരികൾ
കാലത്തിൻ്റെ നെരിപ്പോടിലേക്കിട്ട്
തിരികെ പോരാൻ നിൽക്കേ

നീ വന്നു വീണ്ടും പടവാളുവായ്
കാലത്തിൻ്റെ തേരിലെ-
കോലാഹലം, നിനക്ക്
കൂട്ടായ് തീർന്നു,

മുഖം മറച്ചും, മുഖം മൂടികൾ
തീർത്തും നീയെൻ
അഴൽക്കൂടിലേക്കിട്ടു
പിന്നെയും നിശാന്ധത
ആരാണ് നീയെന്നോർത്ത്
മനസ്സിൻ മഷിനോട്ടമാരാണ്
നിന്നെ പൂഴ്ത്തിവയ്ക്കുന്ന-
ഗന്ധർവ്വന്മാർ!

ആരുമേ പറഞ്ഞില്ലയെങ്കിലും
മഹാലോകമായയിൽ
സമുദ്രത്തിൽ പ്രളയം കുടിച്ചു നീ
ആരുമേ പറഞ്ഞില്ലെയെങ്കിലും
ചിറകറ്റ് വീണുപോയ് നീയും
നിൻ്റെ കിളിക്കൂടുലഞ്ഞേ പോയ്

സന്ധ്യയെ ചോപ്പിച്ചൊരു-
കുങ്കുമപ്പൂവാക്കിയ
സങ്കടച്ചെപ്പിൽ നക്ഷത്രങ്ങളെ
പൊഴിച്ചൊരു
നെഞ്ചിലെ പ്രേമക്കിളീ,

ഭയത്താൽ നിന്നെ
കൂട്ടിലടച്ച് പൂട്ടി ഞാനും
പിറകോട്ടോടുന്നിതാ-
കാലുതെറ്റിയും, മുള്ളിലുരസി
കൈ നീറിയും,
ഞാനൊരു തൊട്ടാവാടിയില-
പോൽ ചുരുങ്ങിയ
നാളിനെ കടന്ന്
പറക്കാൻ പഠിക്കുന്നു.

ചിറകിൽ സ്വർണ്ണക്കനവൊന്ന്
പൂക്കാലത്തിൻ്റെ
വസന്തം പകർത്തുന്നു
പണ്ടേപ്പോലല്ലെങ്കിലും
പ്രണയം കുടഞ്ഞിട്ട
കവിതത്തുമ്പിൽ ഒരു
പ്രളയത്തിരയതിൽ
മുങ്ങി ഞാൻ നീന്തീടുന്നു.

ആലിലയ്ക്കുള്ളിൽ കണ്ട-
മായപോലൊരു പ്രേമ-
ഗായകൻ മുന്നിൽ വന്ന്
മറഞ്ഞേ പോയെങ്കിലും,
മായയിൽ മയങ്ങി ഞാൻ
വീണുപോയെങ്കിൽ കൂടി
താണുപോകാതെ കാത്ത-
ഹൃദയക്കിളിക്കൂടേ!

നീയെൻ്റെ സ്വപ്നങ്ങളെ
ഗൂഢഗൂഢമായ് നിൻ്റെ
സ്നേഹത്തിൻ ഖനിക്കുള്ളിൽ
ഭദ്രമായ് വച്ചീടുക.
വേനലിൽ കരിയാതെ-
വേരുകൾ താങ്ങും പോലെ
നീയെൻ്റെ ഋതുക്കളിൽ
പച്ചപ്പു പടർത്തുക..

അടഞ്ഞ കിളിക്കൂട്ടിനരികിൽ-
സമുദ്രത്തിലരയാലിലത്തളിർ,
തിരയേറ്റങ്ങൾ, മായ!

ഒഴുകിത്തളർന്ന് ഞാനെങ്കിലും
എന്നെ ചേർത്ത് പിടിക്കും
പ്രപഞ്ചമേ ഗൂഢം നിൻ
മായാനദി.

നക്ഷത്രങ്ങളുടെ കവിത, സൂര്യകാന്തം, അർദ്ധനാരീശ്വരം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൾ കർണ്ണാടക മലയാളി അസോസിയേഷൻ ബെസ്റ്റ് പൊയട്രി പ്രൈസ്, കവി അയ്യപ്പൻ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ബാംഗ്ലൂർ നിവാസി. പ്രശസ്ത കഥകളിനടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയുടെ മകളാണ്.