ഉരുക്കിയ ശര്‍ക്കരമണം പരക്കുന്ന ചേലാപ്പുരം എന്ന നാട്ടില്‍നിന്നും സുഗന്ധി മറ്റൊരു നാട്ടിലേക്ക് മണവാട്ടിയായുള്ള യാത്രയിലാണ്.
കപ്പലണ്ടിമുട്ടായി ഫാക്ടറിയിലെ ജോലിക്കാര്‍ തിങ്ങി പാര്‍ക്കുന്ന നാട്ടിലെ അത്തയുടെ വീടിന്‍റെ ഇടുങ്ങിയ മുറിയില്‍ നിന്നും സുഗന്ധി ഇടുങ്ങിയ മറ്റൊരു മുറിയുള്ള നാട്ടിലേക്ക് മണവാട്ടി വേഷം കെട്ടി നാടുക്കടത്ത പെട്ടിരിക്കുന്നു.
ചേലാപ്പുരത്തെ ശര്‍ക്കരമണം കടന്നവള്‍ ഭര്‍ത്താവിനോടും അയാളുടെ അപരിചിതരായ ബന്ധുക്കളോടുമൊപ്പം ബസ്സില്‍ യാത്ര തുടരുകയാണ്.
ബസ്സിലെ യാത്രക്കാര്‍ പലരും അവളെ കൌതുകത്തോടെ നോക്കി കടന്നുപൊയ്ക്കൊണ്ടിരുന്നു.
ബസ്സില്‍ മുഴങ്ങുന്ന തമിഴ്ഗാനത്തിന്
താളം പിടിച്ചുകൊണ്ട് മുരുകന്‍ തന്‍റെ മണവാട്ടിയെ നോക്കി. കഴുത്തിലെ തടിച്ച മഞ്ഞച്ചരടും നെറ്റിയില്‍ കുറുകെ ബന്ധിച്ച ചരടും അവളിലെ കൌമാരത്തെ തടവിലാക്കിയെന്നറിച്ച് അവളുടെ വിയര്‍പ്പിലൊട്ടി ചേര്‍ന്ന്കിടപ്പാണ്.
വിവാഹത്തിനു മുന്‍പേ അത്ത ഊറ്റംകൊണ്ടത് തന്‍റെ കണവനാവാന്‍ വരുന്നവന് സ്വന്തമായി ഒരുകുതിരയും കുതിരവണ്ടിയും ഉണ്ടെന്നു ചുറ്റുവട്ടത്തെ പെണ്ണുങ്ങളോട് വാതോരാതെ പറഞ്ഞുകൊണ്ടാണ്.
ബസ്സില്‍ കയറുബോള്‍ വട്ടംകെട്ടിപ്പിടിച്ചു അത്ത കരഞ്ഞു. കയ്യിലെതുണി സഞ്ചികളും പ്ലാസ്റിക് ബാഗും അമ്മാവിയമ്മയെ ഏല്‍പ്പിച്ചു കണ്ണീരൊപ്പിപറഞ്ഞു.
‘അമ്മയും അപ്പയും ഇല്ലാതെ വളര്‍ത്തിയതാ അവളെ. തെറ്റു കണ്ടാല്‍ തിരുത്തി കൊടുക്കണം.
ഇനി നിങ്ങളാണ് ഇവളുടെ ദൈവം.’
കാല്‍ക്കീഴില്‍ ഇരുന്ന ബാഗില്‍ അത്ത തന്‍റെ മൈലാഞ്ചി ട്യൂബുകളും ഹെയര്‍പിന്‍ ചെപ്പും ഒട്ടുന്ന പൊട്ടുകളും ചായ പെൻസിലുകളും വെച്ചിരിക്കുമോ എന്ന വേവലാതിയില്‍ ആയിരുന്നു സുഗന്ധി.
ബസ്സിറങ്ങുബോള്‍ കടുത്തചൂടില്‍ വിയര്‍ത്തൊഴുകി അവള്‍ചുറ്റിലും നോക്കി. തെരുവിന്‍റെ അന്തര്‍ഭാഗത്തേക്ക് കൂടെയുള്ള ആളുകള്‍ പരന്നു പോയപ്പോള്‍ അവള്‍ ചുറ്റിലുംനോക്കി. ദുര്‍ഗന്ധംവമിക്കുന്ന ഓട ചാലുകള്‍ക്കപ്പുറത്തെക്കെങ്ങോ മുരുകന്‍റെ കാലുകള്‍ നീങ്ങുന്നു. ചേരിയുടെ വശത്ത് അലങ്കാരങ്ങൾ ഒന്നുമില്ലാത്ത ഒരു കല്യാണ വീട്ടിലേക്കാണ് ഈ യാത്ര അവസാനിക്കുന്നത്.
മുറ്റത്ത് തന്നെയുണ്ട് അത്തയെ അഭിമാനിപ്പിച്ച കുതിര.
അവള്‍ അയാള്‍ക്കൊപ്പം വീട്ടിലേക്കുകേറി. പരിസരത്തെ വീര്‍പ്പുമുട്ടിക്കുന്ന കുതിര മൂത്രത്തിന്റെയും കുതിര ചാണകത്തിന്‍റെയും മണം അവളെ വല്ലാതുലച്ചു.
ഇനിയങ്ങോട്ട് സുഗന്ധിയുടെ ഗന്ധം അതാണ്.
നീളത്തിലുള്ള ഒറ്റമുറിയിലേക്ക് അത്ത കൊടുത്ത പ്ലാസ്റിക്ബാഗുകളും തുണികെട്ടുകളും അവളോടൊപ്പം ആനയിക്കപ്പെട്ടു. അവൾ ചുറ്റിലും ഒന്ന് കണ്ണോടിച്ചു. ആ മുറിയില്‍ ആവശ്യത്തിലേറെ സാധനങ്ങള്‍ കുമിഞ്ഞു കിടപ്പുണ്ട്. കൂടെ ഒരു തുണിതൊട്ടിലും.
മുരുകന്‍റെ പെങ്ങള്‍ പ്രസവിച്ചു കിടപ്പാണെന്നു അത്ത പറഞ്ഞത് അവളോര്‍ത്തു.
ഇരുട്ടിനെ തുരത്താന്‍ കിഴക്കു വശത്തൊരു ജനലുണ്ട്. അതിന്റെ കമ്പിയില്‍ നിന്നും വാതില്‍ പഴുതിലേക്ക് കുറുകെകെട്ടിയ അഴയില്‍ തൂങ്ങുന്ന വിയര്‍പ്പുനാറുന്ന ഇരുണ്ടചേലകള്‍.
അത്താള്‍, അമ്മാവിയമ്മ ഒരു കസേര നീക്കിയിട്ട് അവളോട് പറഞ്ഞു.
‘ഇരിക്കമ്മാ. ഇനി നീ ഇവിടത്തെ വീട്ടുക്കാരിയാ.’
അവരുടെ മുഖം നിറച്ചും പല്ലുകള്‍ ആണെന്ന്തോന്നിപ്പിക്കാനായി സംസാരിക്കുബോള്‍ എല്ലാ പല്ലുകളും പുറത്തെത്തി പരിസരത്തെ വീക്ഷിക്കുമായിരുന്നു. അല്‍പ്പം കറുത്ത മുഖത്ത് വാരിപൂശിയ മഞ്ഞള്‍ കൊണ്ടവര്‍ സുമംഗലീചിഹ്നം ഉറപ്പോടെ നിലനിര്‍ത്തിയിരുന്നു.
സുഗന്ധി ഒന്നുക്കൂടി ശങ്കിച്ച് നിന്നതിനുശേഷം ആ കസേരയില്‍ ഇരുന്നു
സുഗന്ധിയുടെ പുരുഷന്‍ ഇതിനകം മുറിയിലേക്ക്കടന്നുവന്നു, അത്താളിനോട് എന്തോ പറഞ്ഞു കൊണ്ട് അവളെ നോക്കാതെ കടന്നുപോയിരുന്നു.
അപരിചിതരായ സ്ത്രീകള്‍ മുറിയിലെ പുഴുക്കമണതിനിടയിലൂടെ കലപ്പിലക്കൂട്ടിക്കൊണ്ട് നടപ്പുണ്ട്. തെരുവില്‍ നിന്നും മുഴങ്ങുന്ന പലശബ്ദങ്ങളും കുട്ടികളുടെ ബഹളവും കൊണ്ട് പരിസരം തിരക്കിലാണ്. ആമുറിയില്‍ മറ്റൊരു മറയുമില്ല. വാതില്‍ തുറക്കുന്നത് അടുക്കളയെന്ന നഗ്നമായൊരിടത്തേക്കാണ്. പഴകിയൊരു മേശപ്പുറത്ത് നിരയായി കമിഴ്ത്തി വെച്ച കരിപ്പു രണ്ടു അലുമിനീയം പാത്രങ്ങള്‍,
തറയില്‍ എണീറ്റിരിക്കുന്ന നിറമുള്ള രണ്ടുനാല് പ്ലാസ്റ്റിക് കുടങ്ങള്‍.
സുഗന്ധിയുടെ ജീവിതം ഇനിയിവിടെ നിറം പിടിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. മനസ്സിന്റെ കോണില്‍ അവള്‍ സൂക്ഷിച്ചിരുന്ന ചായങ്ങള്‍ ചേര്‍ത്തെടുത്ത് തീവ്രമായ ജീവിത ചിത്രങ്ങള്‍ വരച്ചെടുക്കണം.
ഇരുട്ടിന്‍റെ ചായക്കൂട്ടുകള്‍ തെരുവിലേക്ക് ഇഴഞ്ഞെത്തി തുടങ്ങി. പകല്‍ സവാരിക്ക്പോയ കുതിര വണ്ടികളും കാളവണ്ടികളും തിരിച്ചെത്തി എന്നറിയിക്കുന്ന കുളമ്പടി, മണിയൊച്ചകള്‍ തെരുവില്‍ നിറഞ്ഞു.
അത്താള്‍ കുതിര മൂത്രം കൊണ്ട് നനഞ്ഞു കുതിര്‍ന്ന തറയില്‍ കോലം വരക്കുന്നത് നോക്കി അവള്‍ നില്‍ക്കുമ്പോള്‍ അവര്‍ അവളോട് പറഞ്ഞു
‘നാളെ നീ കോലം വരക്കണംക്കേട്ടോ.’
‘ഉം..’
‘എങ്കില്‍ വാ…’ അവരവളെ കൂട്ടി വീടിനു പിന്‍ വശത്തെത്തി. അടുക്കളയെന്നു തോന്നിപ്പിക്കുന്ന സ്ഥലത്തെത്തി ഭിത്തിയിലെ അരമതിലില്‍ നിന്നും ഒരു ഉണ്ട മല്ലിപൂവെടുത്ത്കൊടുത്തു കൊണ്ട് പറഞ്ഞു.
‘രാത്തിരിയാ പൈപ്പില്‍ വെള്ളം വരുന്നത്. കുളിയൊക്കെ അപ്പോളാവാം.
ദാ.. അവിടെ ആറുണ്ട്. നനയോക്കെ അവിടെയാ. പക്ഷെ വേനല്‍ ആയതുകൊണ്ട് ഇപ്പോള്‍ ആത്തില്‍ വെള്ളമില്ല.’ അവർ തുടർന്നു പറഞ്ഞു.
‘ഇന്നേക്ക് വെള്ളം ദാ ഇതിലിരുപ്പുണ്ട്. അവിടെ ആ ഇരുട്ടിൽ ആ മരത്തിന് കീഴിലെ ഇരുട്ടില്‍പോയി മേല്കഴുകി വാ.’
അവള്‍ ഒന്ന് ഞെട്ടി. ചുറ്റിലും ആളുകളും കുട്ടികളും തെക്കോട്ടും കിഴക്കോട്ടും പായുന്നു. വെളിച്ചം കുറഞ്ഞ ഇടത്ത് എവിടെ പോയി കുളിക്കും. സുഗന്ധി വേവാലതിയും പരിഭ്രമവും കലര്‍ത്തി ഭിത്തിചാരി നിന്നു. സുഗന്ധിയുടെ തണുത്ത കഴുത്തില്‍ ചുറ്റിപിണയുന്ന മഞ്ഞചരടില്‍ ശ്വാസം തടഞ്ഞുനിന്നു.
കുളിയെന്ന കര്‍മ്മം പൂര്‍ത്തിയാക്കുബോള്‍ അവള്‍ക്ക് കൂട്ടായി നെഞ്ചിടിപ്പ് കൂടെ ഉണ്ടായിരുന്നു. ഇരുട്ടിന്‍റെ ദൈർഘ്യത ഏറുന്നു. വിരുന്നുക്കാരുടെ എണ്ണത്തില്‍ സുതാര്യത കൈവന്നു. ഇപ്പോള്‍ അമ്മാവിയച്ചന്റെ ചുമയും മുരുകന്‍റെ കുതിരയുടെ സീല്‍ക്കാരവും കുളംമ്പടിയും മാത്രമേ അവടെയുള്ളൂ.
ദൂരെ എവിടന്നോ ഒഴുകിവരുന്ന തമിഴ്പാട്ട് പതിയെകേള്‍ക്കാം അതിനെ ഇടയ്ക്കു മുറിക്കുന്ന വാഹനങ്ങളുടെ ഹോണടികള്‍.
സുഗന്ധി…
അത്താള്‍ നീട്ടി വിളിച്ചു.
അവള്‍ ശീട്ടി പുതുപുടവ അനുസരണയില്ലാതെ ചുറ്റിയിരുന്നു. അത്താളിന്റെ മുന്നില്‍ നിരന്നിരിക്കുന്ന സ്റ്റീല്‍ തട്ടുകളില്‍ ചോറ്.
‘ഇത്കൊണ്ട്പോയി അപ്പാക്കും മുരുകനും കൊട്.’ അവള്‍ വിറയലോടെ തട്ടം കയ്യിലെടുത്തു. ജീവിതത്തിനു കടമയുടെ ഭാരം ഏറുകയാണ്. സുഗന്ധി ചേലാപ്പുരത്തെ മധുരകാറ്റില്‍ നിന്നും അകന്നു കുതിര ചാണക മണം പരക്കുന്ന ആരാവിപുരത്തെ വധുവായി മാറിയിരിക്കുന്നു.
ബീഡിമണം പൊങ്ങുന്ന വരാന്തയിലെ നിറുത്താത്ത അമ്മായി അച്ഛന്റെ ചുമയെ മറിക്കടന്നു അത്താള്‍ ഉറക്കെ വിളിച്ചു.
‘മുരുകാ….
അത്താൾ ചുരുട്ടി പിടിച്ച പായ നീട്ടികൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു.
‘മുരുകാ ഇവളെ കൂട്ടിട്ടു് പോ……
ഒരു കാറ്റിന്റെ വേഗതയിൽ അയാൾ അത്താളിൽ നിന്നും ആ പായ വാങ്ങി ഇരുട്ടിലേക്കിറങ്ങുമ്പോൾ സുഗന്ധിയെ നോക്കി പറഞ്ഞു.
‘വാ..’
ഭർത്താവിന്റെ കാൽചുവടുകൾ തിരഞ്ഞു കൊണ്ടവൾ അയാൾക്ക് പിന്നാലെ നടന്നു. തെരുവിൽ പൊതുവെ വെളിച്ചം കുറവാണ്. അകലെ റോഡിൽ നിന്നും ഇടറി വീഴുന്ന വെളിച്ചതുണ്ടുകൾ നിഴലുമായി ചേർന്നു വരച്ചെടുക്കുന്ന വെളിച്ചത്തിൽ സുഗന്ധി ഗാന്ധാരിയെ പോലെ അയാൾക്ക് പിന്നാലെ നടന്നുകൊണ്ടിരുന്നു. തെരുവിൽ നിന്നും മൂക്കി ലേക്ക് തുളച്ചു കയറുന്ന കുതിരച്ചാണകത്തിന്റെയും കുതിര മൂത്രത്തിന്റെയും രൂക്ഷഗന്ധം പരിസരത്തെ കാറ്റിനെ പിണക്കി നിർത്തിയിരുന്നു.
തലങ്ങും വിലങ്ങും കിടക്കുന്ന മനുഷ്യ രൂപങ്ങളെ മറികടന്നാണ് അയാൾ നടക്കുന്നത്.
അയാൾക്കാ നടവഴികൾ സുപരിചിതമാണ്.
തീരെ വെളിച്ചം കുറഞ്ഞൊരു അരഭിത്തിക്കിപ്പുറത്തു മുരുകന്‍ കൈയ്യിലുള്ള പായ് നിവർത്തിയിട്ടു.
വിരി കുടഞ്ഞു കൊണ്ടു അവളെ നോക്കി.
അവൾ ചുറ്റിലും പരിഭ്രമത്തോടെ നോക്കി. അവിടെയും ഇവിടെയുമൊക്കെ
ആളനക്കങ്ങൾ, പതിഞ്ഞ ചുമകൾ…
ചില പിറുപിറുക്കലുകൾ
ചില അടക്കം പറച്ചിലുകൾ…..
സുഗന്ധിയുടെ ആദ്യരാത്രിയാണിന്ന്.
പ്രകൃതിയുടെ നഗ്നമായ മടിത്തട്ടിൽ
ദുർഗന്ധം വമിക്കുന്ന ഒരു പാതയോരത്ത് സുഗന്ധിയെന്ന പെൺകുട്ടിക്ക് മണിയറ ഒരുക്കിയിരിക്കുന്നു.
തീരെ ഇരുട്ടായതിനാൽ മുരുകന്‍റെ മുഖത്തെ ഭാവമൊന്നും അവൾക്ക് വായിച്ചെടുക്കാനായില്ല. അവളുടെ വിറക്കുന്ന കൈ തണ്ടിൽ മുറുകെ പിടിച്ച പരുപരുത്ത കൈത്തലത്തിന്റെ ചൂടവൾ തിരിച്ചറിഞ്ഞു. അയാൾ ആ പായിൽ ഇരിക്കുകയോ കിടക്കുകയോ ആണെന്നു പോലും സുഗന്ധിക്ക് മനസ്സിലായില്ല. അരിച്ചു കയറി വരുന്ന വിരൽ പെരുക്കം ഒരു ആഞ്ഞുള്ള വലിയിൽ അവയൊളുടെ ദേഹത്തിലേക്ക് ചെരിഞ്ഞു വീണു.
തന്നിലേക്കിഴഞ്ഞു കേറുന്ന മുരുകന്‍റെ ശ്വാസവേഗത അവളുടെ മുഖത്തു തട്ടിയപ്പോൾ സുഗന്ധി പേടിയോടെ ചുറ്റിലും നോക്കി. അഴിയുന്ന ചേലത്തുമ്പിനെ വിരലു കൊണ്ട് വലിച്ചു കേറ്റി അവൾ ഭയത്തോടെ ചോദിച്ചു.
‘വീട്ടുക്കുള്ളെ മുറിയൊന്നും ഇല്ലേ?’
അയാള്‍ അത് കേട്ടിട്ടുക്കൂടിയില്ല.
അയാളൊരു യാത്രയുടെ ആരംഭത്തിലേക്ക് ആഞ്ഞുപടരുകയാണ്. സുഗന്ധിയുടെ അഴിഞ്ഞു പോയ പുടവ അലക്ഷ്യമായി അയാൾ ചുരുട്ടി മാറ്റി. കിതപ്പൊതുങ്ങും വരെ മുരുകൻ അവളുടെ ശരീരത്തിലുടനീളം നോവിന്റെ മധുരകഥയെഴുതി. ഒടുവിൽ തളർന്നു മാറുമ്പോൾ ആരോ ബീഡി കത്തിക്കാനായി ഉരച്ച വെളിച്ചത്തെ പേടിച്ചു സുഗന്ധി കൈകൾ പിണച്ചു മുരുകന്റെ പിന്നിലെ നിഴലിലേക്ക് ഒട്ടിയിരിക്കുകയായിരുന്നു.
കക്കൂസോ കുളിമുറിയോ ആര്‍ക്കും ഇല്ല.
ചാണകവരട്ടികള്‍ ഗോപുരങ്ങള്‍ പോലെ കുത്തനെ നില്‍ക്കുന്ന, ആളുകള്‍ തിങ്ങി പാര്‍ക്കുന്ന ലിനമായൊരു ചേരിയിലെ മലിനമായ ഇടം. ഇനിയങ്ങോട്ട് അതാണ് സുഗന്ധിയുടെ ജീവിതം എന്നാരോ എഴുതി വെക്കപ്പെട്ടു.
ആ നാലുദിവസം അടിപുടവ കഴുകാന്‍
രാത്രിയാവാന്‍ കാത്തുനിന്നു പുകച്ചിലും ചൊറിച്ചിലും സഹിച്ചു വിമ്മിഷ്ടമൊതുക്കുന്ന സ്ത്രീകളുടെ ചേരിയില്‍ ഇനി അവളും ഒരാളായി മാറുന്നു. പൈപ്പിനടിയില്‍ പാതിരാത്രി ദുര്‍ഗന്ധം വമിക്കുന്ന ചോരത്തുണിയില്‍ നിന്നും ഒഴുകി ഇറങ്ങുന്ന കൊഴുപ്പ്നുണയാനെത്തുന്ന തെരുവ്നായ്ക്കളെ പേടിച്ചു നില്‍ക്കേണ്ടി വന്നേക്കാം.
സ്വന്തം നഗ്നതയെ പേടിക്കുകയും
ലൈംഗീകാസ്വാദനങ്ങളെ മരവിപ്പിക്കുകയും ചെയ്യപ്പെടുന്ന രാതികൾ സുഗന്ധിക്ക് മുന്നിൽ വീണ്ടുംനീണ്ടു കിടന്നു.
മണ്ണിന്റെ തണുപ്പിൽ മഞ്ഞിന്റെ കുളിരിൽ വീശിയടിക്കുന്ന കാറ്റിൽ തെരുവിൽ അവളുടെ നഗ്നത ചൂളി വിറച്ചിരുന്നു. സ്വകാര്യതയെന്നത് ഒരവകാശമാണ്. സ്ത്രീയുടെ ശാരീരികമായ അഭിലാഷങ്ങളുമായി അവള്‍ക്കു സ്വാതന്ത്ര്യമായി സഞ്ചരിക്കണം എന്ന് ആശിക്കാനും ഒരു പെണ്ണിനു അല്‍പ്പം സ്വകാര്യത പോലും ഇല്ലാത്ത അല്ലെങ്കില്‍
അതിനു സാധിക്കാതെ വരുന്നതാണ് ഏറ്റവും വലിയ പെണ്ശാപം എന്നവള്‍ നിസ്സഹായതയോടെ തിരിച്ചറിഞ്ഞു.
രതിയൊരു പരസ്യമായ രഹസ്യം ആണെന്നും പരസ്യപ്പെടുത്താന്‍ മടിക്കുന്ന ലോകത്തിന്‍റെ സ്വകാര്യത ആണെന്നും അവള്‍ക്കു വിളിച്ചു കൂവാന്‍ തോന്നി. പൂക്കാന്‍ തുടങ്ങുന്ന തീഷ്ണമായ വികാരത്തിരയില്‍ നഗ്നമായ ആകാശത്തെ ഭയപ്പെട്ട പെണ്ണുടല്‍
എവിടെ പോയാലും തിരിച്ചാചേരിയുടെ നഗ്നതയില്‍ രാത്രിയെ ഭയക്കേണ്ടി വരുന്ന അനവധി പെണ്‍കുട്ടികളില്‍ ഒരാളാകാം താനെന്നു സുഗന്ധി അറിയുകയായിരുന്നു.
വികാരങ്ങള്‍ ഉറഞ്ഞുപോയി തണുത്തുറഞ്ഞു തറയിലെ പായില്‍ നിവൃത്തിക്കെടിന്റെ ശ്വാസഗതിയെപോലും തടവിലിട്ടു ഭാര്യയെന്ന കടമ പങ്കിട്ടെടുത്തു. സുഗന്ധി യാത്രതുടര്‍ന്നു.
പുലരും മുന്‍പേ ഉണരുന്ന ചേരിയില്‍നിന്നും അവള്‍ ചാടിപിടഞ്ഞെഴുനെറ്റു. പിറ്റേന്ന്തന്നെ
അത്താളിനു പിന്നാലെ തിയറ്റര്‍ വൃത്തിയാക്കുന്ന ജോലിക്ക് തിരിക്കുമ്പോള്‍ അവള്‍ റോഡിലെ പൈപ്പിന്ചോട്ടില്‍ നിന്നും കുളിക്കെണ്ടിവരുന്ന പതിനെട്ടുക്കാരിയുടെ നെഞ്ചിടിപ്പിനെയും. കൂട്ടത്തോടെ ചേരിയുടെ പുറംപോക്കില്‍ പോയി വെളിക്കിരിക്കലിനെയും പരിചിതമാക്കാന്‍ ശീലിക്കുകയായിരുന്നു.
തുടര്‍രാത്രികളില്‍ അവളുടെ തലമുടിയിലെ മല്ലിപ്പൂവിനു പ്രണയമണം ഇല്ലെന്നു അവള്‍ക്കു തോന്നി. കുതിരചാണകം കുതിര്‍ന്ന വെറും നിലത്ത്പായ് വിരിക്കുമ്പോള്‍ ഭര്‍ത്താവിന്‍റെ കുതിരകള്‍ അവളെ ചവിട്ടിമെതിക്കുമോ എന്നായിരുന്നു അവളുടെ പേടി.
കുതിരയെ അഴിച്ചു മാറ്റിയ വണ്ടിയിലാണ് അമ്മാനച്ചന്‍ കിടക്കുന്നത്. തൊട്ടടുത്ത കുതിരവണ്ടിയിൽ കിടക്കുന്ന അമ്മാനച്ഛന്റെ ചുമ മതി സുഗന്ധിയിലെ സ്ത്രീ തണുത്തുറയാന്‍.
അദ്ദേഹത്തിന്റെ ഒരു ചെറിയ ഞരക്കം. അകലെന്നുള്ള വ ല്ലയാത്രക്കാരുടെ ടോര്‍ച്ചു മിന്നിക്കല്‍ ഇടയ്ക്കു ഉണര്‍ന്നു കരയുന്ന കുട്ടികളുടെ ശബ്ദം മൂളിമൂളി ഉറങ്ങിപോകുന്നൊരു താരാട്ടിന്റെ പതിഞ്ഞ വിടപറയല്‍… ഇതൊക്കെ മധുവിധുവില്‍ അവള്‍ നേരിട്ട തിക്കുമുട്ടലുകള്‍ ആയിരുന്നു.
മുരുകന്‍റെ കൈവിരലില്‍ കുടുങ്ങുന്ന ചേല തുമ്പ് വലിച്ചു ശരീരംമറക്കാന്‍ പാടുപ്പെടുന്ന വെപ്രാളത്തില്‍ സുഗന്ധിയുടെ ചലനം നഷ്ടപ്പെട്ട രാത്രികൾ കുറച്ചല്ല. കുതിരകള്‍ സദാ നിലത്തു ചവിട്ടി ചളിതെറിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍,
തന്നെ ഗാഡം പുണരുന്ന കൈകളില്‍ നിന്നും
ഒരു നാല്ചുവരിനകത്തേക്ക് ഓടിയൊളിക്കാന്‍ കൊതിച്ച പെണ്‍കുട്ടി.
ഇടക്കേപ്പോഴോ അത്ത കൊടുത്തയച്ച പ്ലാസ്റ്റിക് ബാഗിനകത്ത്നിന്നും അവള്‍ ഒളിപ്പിച്ച ചായപെന്‍സില്‍ എടുത്തു അവളൊരു വീടിന്‍റെ ചിത്രവരച്ചു. സ്വന്തം സ്വകാര്യതയെ അടച്ചുവെക്കാന്‍ വാതില്‍ ഉള്ളൊരു വീട്.
അവളാ ചിത്രത്തിലേക്ക് കുറെനേരം നോക്കിയിരുന്നു.
മനോഹരമായൊരു വീട്. അപ്പോള്‍ അതിന്‍റെ ഉമ്മറത്ത് ഒരു പെണ്‍കുട്ടി ഇരിക്കുന്നതായി അവള്‍ക്കു തോന്നി. അവള്‍ക്ക് സുഗന്ധിയുടെ ച്ഛായയായിരുന്നു. സുഗന്ധി പൊട്ടിയ കണ്ണാടിതുണ്ടെടുത്തു അവളിലെ കാണാമറുകുകള്‍ ഒന്നൂടെ നോക്കി. ഇന്നോളം മുരുകന്‍ കാണാത്ത മാറിടത്തിന്ന് താഴെയുള്ള തന്‍റെ മറുക്. കഴുത്തിന് താഴെക്ക് വളർന്നിറങ്ങിയ
നേർത്ത മുടിയിഴകൾ. ഭംഗിയേറിയ കഴുത്തിന് താഴെയുള്ള കാക്കാപ്പുള്ളി. മേൽ ചുണ്ടിലെ നേർത്ത രോമം …
ഇതൊക്കെയാണ് സുഗന്ധിയുടെ സ്ത്രീത്വത്തിന്റെ അടയാളങ്ങൾ. ഇരുട്ടിലെ രതി ലീലയിൽ കാണാതെ പരിചിതരാകാതെ പോയ പെണ്ണടയാളങ്ങൾ. ഒരു തൊടലിലൂടെ വിരിഞ്ഞു പൂക്കുന്ന ഉsൽ ചലനങ്ങളിൽ നിറംക്കെട്ടു കിടന്ന സുഗന്ധിയിലെ പെണ്ണടയാളങ്ങൾ.
അവള്‍ ആ വീടിനുള്ളിലേക്ക് ഓടികയറാനും തന്‍റെ ഉടയാടകള്‍ ഊരിയെറിഞ്ഞു സ്വതന്ത്രയാവാനും കാണാമറുകുകളെ തൊട്ടു നോക്കാനും കൊതി തോന്നി.
ചിത്രത്തിലെ അടച്ചിട്ട ആ മുറിയുടെ വാതിലിന്റെ ചന്തം എത്ര കണ്ടിട്ടും അവള്‍ക്കു മതിയായില്ല ആ വാതില്‍ ചിത്രത്തെ നെഞ്ചോട് ചേര്‍ത്ത് ആസ്വദിച്ചു ഒരു സ്വപ്നത്തിലെന്ന പോലെ ഇരിക്കുമ്പോഴാണ്
ചുരുട്ടിപ്പിടിച്ച പായും കൊണ്ട് പുറത്തെ ഇരുളിലേക്ക് ഇടംപിടിക്കാന്‍ മുരുകന്‍ പോകുന്നതവള്‍ കണ്ടത്.
അവള്‍ ആ ചിത്രത്തിലേക്ക് നോക്കി…. അപ്പോള്‍ അവിടെ ആ വാതില്‍ ഉണ്ടായിരുന്നില്ല . അവൾ ആ ചിത്രത്തിലേക്ക് ഒന്നുകൂടി നോക്കി.
ആ വാതില്‍ മാത്രമല്ല
ആ വീടും മാഞ്ഞുപോയിരിക്കുന്നു.