മാഞ്ചോലയിലെ മയിലുകളും കൊളുക്കുമലയിലെ മേഘങ്ങളും

തമിഴ് നാട്ടിലെ കാശ്മീരെന്നും പാവങ്ങളുടെ ഊട്ടിയെന്നും ആളുകൾ മാഞ്ചോലൈയെ വിളിക്കാറുണ്ട്. ഈ രണ്ടു വിശേഷണങ്ങളെയും ശെരിവയ്ക്കും സമുദ്ര നിരപ്പിൽ നിന്നും ആയിരത്തിഇരുനൂറ്‌ അടിയോളം ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന, തൂത്തുക്കുടിയിൽ നിന്നും ഏകദേശം നൂറു കിലോമീറ്റർ ദൂരെയുള്ള ,തിരുനെൽവേലി വഴി എത്താവുന്ന മാഞ്ചോലൈ.

ആദ്യമെത്തുന്ന പത്ത് വണ്ടികൾക്കാണ് മുണ്ടൻതുറൈ കടുവ സംരക്ഷണ സങ്കേതത്തിന്റെ ഭാഗമായ ഫോറെസ്റ്റ് ഓഫിസിൽ നിന്നും പ്രവേശനാനുമതി ലഭിക്കുക. സീനിയർ ഓഫിസറുടെ മൂഡ് ശരിയാണെങ്കിൽ അനുമതി പതിനഞ്ചോ ഇരുപതോ വണ്ടികൾ വരെ പോയേക്കാം. പക്ഷെ വണ്ടിയുടെ രെജിസ്ട്രേഷൻ, ഇൻഷ്യൂറൻസ്, ഓടിക്കുന്ന ആളുടെ ലൈസൻസ്, ആധാർ കാർഡ്, കൂടെയുള്ള എല്ലാവരുടെയും ആധാർ കാർഡ്, ഈ രേഖകളുടെ എല്ലാം പകർപ്പ് കൊടുക്കണം. ഏതെങ്കിലും ഒരു രേഖയുടെ കോപ്പി ഇല്ലെങ്കിൽ പതിനഞ്ചു കിലോമീറ്ററിന് അധികം ദൂരെയുള്ള ഒരു ഒരു ജംഗ്‌ഷനിൽ പോയി കോപ്പി എടുത്തു തിരികെ വരണം. ഇരുചക്ര വാഹനത്തിന് അനുമതി കിട്ടുകയുമില്ല. പോകും വഴിയോ തിരികെ വരുമ്പോഴോ മണിമുട്ടാർ അണക്കെട്ടിലും കയറാം. വെള്ളച്ചാട്ടങ്ങളെ തമിഴർ ഫാൾ എന്നാണു വിളിക്കുക. മണിമുട്ടാറിൽ ഒരു ഫാളുമുണ്ട്. വെള്ളമുള്ള നേരത്താണെങ്കിൽ ഫാൾ വരെ എത്തി ജലക്രീഡ നടത്തി മടങ്ങുന്ന മനുഷ്യരെ കാണാം. അന്യായ ആൾക്കൂട്ടമാണ്. അച്ചൻകോവിലിന്‌ അടുത്തുള്ള കുംഭാവുരുട്ടി ഫാളിൽ ഒക്കെ സീസണിൽ കാണാനാവുന്ന അതെ ആൾക്കൂട്ടം.

മാഞ്ചോലൈയിലേക്ക് പോകും വഴി മുണ്ടൻതുറൈ കടുവ സംരക്ഷണ സങ്കേതത്തിൽ താങ്ങാനുള്ള പദ്ധതിയിട്ടിരുന്നു. തമിഴ്നാട് വനവകുപ്പിന്റെ സൈറ്റിൽ കയറി ബുക്കും ചെയ്തു. മുണ്ടൻതുറൈ കടുവ സംരക്ഷണ സങ്കേതത്തിന്റെ ഭാഗമായ ഫോറെസ്റ്റ് ചെക്ക് പോസ്റ്റിൽ എത്തിയപ്പോൾ ഉച്ചസമയം. കൃത്യം പന്ത്രണ്ട്. ഫോറെസ്റ്റ് വക താമസസ്ഥലത്തു പോയി തിരികെ മാഞ്ചോലൈക്ക് വരാൻ പ്ലാനുണ്ട് എന്ന് മൊഴിഞ്ഞപ്പോൾ അവിടെ ഉണ്ടായിരുന്ന ആൾ പറഞ്ഞു – സാർ നീങ്ക മുന്നാടി മാഞ്ചോലൈ പോങ്കോ. അങ്കെ മൂന്നു മണിക്ക് അപ്പുറം ആളെ വിടമാട്ടെ. ഇങ്കെ അഞ്ചു മണിക്ക് മുന്നാടി വന്താൽ പോതും.

ആ നല്ല ഇടയന് സ്തുതി. മുണ്ടൻതുറൈ വാതിലിൽ നിന്നും കുറെ ദൂരമുണ്ട് മാഞ്ചോലൈയിലേക്കുള്ള ചെക്ക് പോസ്റ്റിലേക്ക്. അവിടെ എത്തിയപ്പോഴാണ് അറിയുന്നത് പറഞ്ഞ രേഖകളിൽ ചിലതിന്റെ പകർപ്പില്ല. അവ ഇല്ലാതെ ഉള്ളയ്ക്ക് വിടമുടിയാത്. അങ്ങനെയാണ് ഇരുപത് കിലോമീറ്റർ യാത്രചെയ്ത് ഒരു കോപ്പിക്കട കണ്ടെത്തിയത്. തിരികെ വന്നു രേഖകൾ കൊടുത്തു. മരവാതിൽ തടസം മാറി ഉയർന്നു. റോഡ് ഭൂരിഭാഗവും ഒരു ഓഫ് റോഡ് ഡ്രൈവിന് ഒരുക്കിയത് പോലെ കല്ലുകളുടെ ഒരു ഇൻസ്റ്റലേഷൻ പോലെയാണ്. രസകരമായി അഞ്ചു കിലോമീറ്റർ വേഗത്തിൽ ഓടിച്ചു പോവാം. ഒരു തരത്തിൽ അത് നല്ലതാണ് .

ബോംബൈ ബർമ ട്രേഡിങ് കോർപ്പറേഷൻ വക ഒരു തേയില പ്ളാറ്റേഷൻ, തേയില ഫാക്ടറി ഒക്കെയാണ് മാഞ്ചോലൈയുടെ നെറുകയിൽ ഉള്ളത്. പക്ഷെ അവിടെക്കുള്ള വഴിയിലും ചുറ്റുമുള്ള പ്രദേശത്തും വനസാന്ദ്രത വർധിപ്പിക്കേണ്ടതിന്റെ ആവശ്യം മുൻനിർത്തി മദ്രാസ് ഹൈക്കോടതിയുടെ ഒരു വിധി വന്നിരുന്നു, വ്യാവസായിക ആവശ്യത്തിനുള്ള തേയില പോലെയുള്ള പ്ളാൻേറഷനുകൾ തുടരാൻ ഇനി അനുവദിക്കാൻ പാടില്ലെന്ന്. ഇതുമൂലം തങ്ങളുടെ ഭാവിയെപ്പറ്റി ഉത്കണ്ഠയുള്ള കുറെ മനുഷ്യരുള്ള ഇടം കൂടിയാണ് ഇപ്പോൾ മാഞ്ചോലൈ.

ആന, കടുവ, പുലി ഇത്യാദി മൃഗങ്ങളുടെ അധീനതയിലുള്ള വനത്തിലൂടെയാണ് കടന്നു പോകുന്നത് എന്ന ബോധ്യത്തിലൂടെ സഞ്ചരിച്ചു തുടങ്ങി. ഒന്നര മണിക്കൂർ കഴിഞ്ഞു കാണണം, പ്രകൃതി മാറി, ആദ്യം വിസ്തൃതമായ പുൽവനം, പിന്നെ തേയിലക്കാട്, ഒടുവിൽ ഒരു ചെറിയ ഗ്രാമസമാനമായ ജങ്ഷൻ. നാലുമുക്ക് എന്നുപേരായ ഇടം. പക്ഷെ നട്ടുച്ചയ്ക്കും മൂടൽമഞ്ഞ്. പെയ്തുകൊണ്ടിരിക്കുന്ന ചാറ്റൽ മഴ. ബാക്കിയാവുന്നത് ഒരു കട്ടൻ കാപ്പിയും ജോൺസൻ മാഷിന്റെ പാട്ടുകളുമാണ്. മാഞ്ചോലൈയിലേക്ക് വരുന്ന ബസ് അതിന്റെ സ്റ്റോപ്പിൽ വിശ്രമിക്കുന്നു. അതിൽ വന്നിറങ്ങുന്ന തൊഴിലാളികൾ, പുറത്തേക്ക് പോവാനുള്ള ചിലർ വാതിലിൽ കാത്തുനിൽക്കുന്നു. കുറച്ച് ചെറിയ കടകൾ, ഒരു കൃസ്ത്യൻ ദേവാലയം, ഒരു ഹിന്ദു ആരാധനാലയം – ഇതൊക്കെയാണ് ഈ നേരത്ത് മാഞ്ചോല.

ഒരു കൂട്ടം മയിലുകൾ ചുറ്റിത്തിരിയുന്നുണ്ട്. ആരെയും കൂസാതെ നടന്നു പോവുന്ന പന്നിക്കൂട്ടം. വലിയ നിർബന്ധ ബുദ്ധിക്കാരല്ലാത്ത കുറച്ചു കുരങ്ങന്മാർ അഭ്യാസപ്രകടനങ്ങളിൽ ഏർപ്പെടുന്നു. പേരറിയാത്ത ചില പക്ഷികൾ ചിറകുകുടഞ്ഞു പറക്കുന്നു…. വണ്ടി പാർക്ക് ചെയ്ത ശേഷം ഇറങ്ങി നടന്നു. ചുറ്റിലും തേയിലക്കാട്. അവിടെ ജോലിയെടുക്കുന്ന മനുഷ്യരുടെ ചലനങ്ങൾ. പക്ഷെ ഈ പ്രകൃതി നിങ്ങളെ ഉന്മാദിയാക്കാൻ പോന്നതാണ്. കൂടെ എപ്പോഴും കൊണ്ട് നടക്കുന്ന ജീവിത പ്രാരാബ്ധങ്ങൾ മാറ്റിവച്ചാൽ. വെറുതെ മനസിനെ അഴിച്ചിട്ടു നടന്നു. രണ്ടു മയിലുകൾ അടുത്ത് വന്ന് ചില കാര്യങ്ങൾ പറയാൻ ശ്രമിച്ചു. ഒരു ആൺമയിൽ ദൂരെ ഒരു മരത്തിന്റെ കൊമ്പിലിരുന്നു വിടർത്തിയിട്ട മുടി ചീകുന്നു. നിങ്ങൾക്കതിനെ മയിൽ‌പ്പീലിയുടെ പ്രദർശനം എന്ന് വിളിക്കാം, അത്ര സുന്ദരമായ ദൃശ്യം.

ഒരു കടയിൽ ചായയുണ്ട്. ഒന്ന് രണ്ടുപേർ അതിന്റെ രുചിയും ഊഷ്മാവും പരിശോധിക്കുന്നുണ്ട്. കടയിൽ ഇപ്പോൾ പറഞ്ഞാൽ മൂന്നുമണിയോടെ ഊണ് കിട്ടും. കുറച്ചു കൂടി മുന്നോട്ടു പോയി. ഒരു മിനി ഗോൾഫ് കോർട്ട്. അതിന്റെ ചരിവ് തലങ്ങളിലേക്ക് മഴ വലിയ ധൃതിയൊന്നും കൂടാതെ നൂല് കോർക്കുന്നു. ആകാശവും ഭൂമിയും തമ്മിലുള്ള ഒരു ജലപ്പട്ടുനൂൽ വസ്ത്രം തുന്നുന്ന തിരക്കിലാണ് മേഘങ്ങൾ എന്ന് തോന്നും. നോക്കൂ, സമയം നിശ്ചലമാണ്. ഇടയ്ക്കിങ്ങനെയുള്ള കാര്യങ്ങൾ കാണാൻ ജീവിതത്തെ നിശ്ചലമാക്കി നിർത്തണം. കണ്ണിനെ, ഉടലിനെ ഒക്കെ തണുപ്പിക്കണം. മാഞ്ചോലൈയിലേക്ക് വീണുപോയി.

പക്ഷെ ഏത് ഇടത്ത് നിൽക്കുമ്പോഴും ആ സഥലത്തിന്റെ എല്ലാ വശീകരണശക്തികൾക്കും അപ്പുറം അതിന്റെ ചരിത്രവും അവിടെ താമസിക്കുന്ന മനുഷ്യരുടെ ജീവിത പരിസരവും നമ്മളെ കുത്തിനോവിക്കും. കാലവും സമയവും ഒരു ഓർമ്മയേയും ഇല്ലാതാകുന്നില്ല. പറയാൻ ഒരു ചരിത്രമുണ്ടെങ്കിൽ, ഓർമ്മിക്കാൻ ചില സംഭവങ്ങൾ ഉണ്ടെങ്കിൽ പ്രത്യേകിച്ചും. 1999 ജൂലായ് 23 അത്തരത്തിൽ ഒരു കറുത്ത ദിനമാണ് മാഞ്ചോലൈയുടെ ചരിത്രത്തിൽ. വേതന വർധനവും മെച്ചപ്പെട്ട തൊഴിൽ/ജീവിത സാഹചര്യങ്ങളും ആവശ്യപ്പെട്ട് കുറച്ചു മനുഷ്യർ തിരുനെൽവേലി കളക്ടറെ സന്ദർശിക്കാൻ തീരുമാനിച്ചത് അന്നാണ്. പോലീസും തൊഴിലാളികളും തമ്മിൽ തർക്കമുണ്ടായി. തർക്കം ലാത്തിച്ചാർജ്ജായി. വിരണ്ടോടിയ തൊഴിലാളികൾ ചിതറിപ്പോയി. ചിലർ രക്ഷപെടാനായി നദിയിൽ ചാടി. ചിലർ ഉന്തിലും തള്ളിലും പെട്ടുപോയി. പതിനേഴ് ദളിത് പശ്ചാത്തലത്തിൽ നിന്നുള്ള മനുഷ്യർ, മാഞ്ചോലൈ എസ്റ്റേറ്റിലെ തൊഴിലാളികൾ – രണ്ടു സ്ത്രീകളും രണ്ടു വയസുള്ള ഒരു കുട്ടിയും ഉൾപ്പടെയുള്ളവർ ആ ദിവസം രക്തസാക്ഷികളായി. താമിരഭരണി കൂട്ടക്കൊലയെന്ന് വിളിക്കപ്പെടുന്ന ഈ സംഭവം ഒരു നദിയിൻ മരണം എന്ന ഡോക്യുമെന്ററിയായി.

ഓർമ്മയിൽ നിന്നുണർന്നു. വീണ്ടും മുന്നോട്ടു പോയി. കുതിരവെട്ടി അമ്പലം, വനപ്പേച്ചി അമ്മൻ കോവിൽ കണ്ടു. കക്കാച്ചിയിലെ മിനി ഗോൾഫ് മൈതാനമെത്തി. സമയമുണ്ടെങ്കിൽ തിരിച്ചു പോകുമ്പോൾ ടാർസൺ പൂൾ കാണാം. മുന്നോട്ട് പോവാൻ സമയമുണ്ടെങ്കിൽ അപ്പർ കോടയാർ ഡാം അതോ കുട്ടിയാർ ഡാമോ ?

തിരിച്ചു പോവാനുള്ള സമയമാകുന്നു. മൂന്നുമണിക്ക് താഴെ എത്തണം. പതിയെ വണ്ടിയെടുക്കുമ്പോൾ മഴയുടെ മട്ടുമാറി. ഇപ്പോൾ ജലനൂലല്ല, വടം കൊണ്ട് ഭൂമിയെയും ആകാശത്തെയും ബന്ധിക്കുകയാണ് ഭ്രാന്തൻ മേഘങ്ങൾ. വഴി അങ്ങോട്ടും പോയതിലും പതിയെ, കൂടുതൽ ശ്രദ്ധയോടെ മാത്രമേ തിരിച്ച് ഇറങ്ങാനാകൂ. മുന്നിലൂടെ കടന്നു പോയ ചില വണ്ടികൾ നിർത്തിക്കഴിഞ്ഞു. ഏതോ അണക്കെട്ട് തകർന്ന മട്ടിലാണ് ഉൾക്കാടിന്റെ ഉയർന്ന ഇടങ്ങളിൽ നിന്നും ജലം ഒഴുകി റോഡിനെ മുറിച്ച് കടന്നു പോകുന്നത്. സമയമത്തിന്റെ അവിശുദ്ധ പ്രാധാന്യം വീണ്ടെടുത്ത് കഴിഞ്ഞിരിക്കുന്നു. നോക്കൂ, സാഹസികതയുണ്ട്, ഒപ്പം സംഭ്രമവും. ഉള്ളിലുള്ള പരിഭ്രമം കൂടെയുള്ളവരെ കാണിക്കാൻ പറ്റില്ല. മുന്നോട്ട് പോവുകതന്നെ. പ്രകൃതിയുടെ വികൃതിയ്ക്ക് മുന്നിൽ എൻജിന് എന്ത് ചെയ്യാൻ കഴിയും. ഒരു വൈപ്പറിന് അതിന്റേതായ പരിധിയൊക്കെയില്ലേ?

മുന്നിലെന്തെന്നു കാണാൻ കഴിയുന്നില്ല. എന്നാലും മുന്നോട്ട് പോവുക തന്നെ. അഞ്ചു മണിക്ക് ഫോറെസ്റ്റ് ചെക്ക് പോസ്റ്റിൽ എത്തിയില്ലെങ്കിൽ മുണ്ടൻതുറൈ കടുവ സംരക്ഷണസങ്കേതത്തിൽ കയറാൻ കഴിയില്ല. താമസിക്കാൻ അടുത്തൊന്നും ഇടമില്ല. വന്ന ദൂരം മുഴുവൻ തിരികെ വരേണ്ടി വരും. തകർന്നു വീഴുന്ന മേഘങ്ങൾക്ക് ഇടയിലൂടെ ഒരുവിധത്തിൽ ചെക്ക് പോസ്റ്റിൽ.

കലക്കാട് മുണ്ടുതുറൈ ടൈഗർ റിസേർവ് എന്ന പേരിൽ ഒരു വെബ്സൈറ്റ് ഉണ്ട്. അതിലൂടെ തമിഴ് നാട് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള സ്ഥലങ്ങളിലെ മുറികൾ ബുക്ക് ചെയ്യാം. ആ ബുക്കിങ് ഉണ്ടെങ്കിൽ മാത്രമേ മുണ്ടുതുറൈ ടൈഗർ റിസേർവിൽ താമസിക്കാൻ കഴിയുകയുള്ളൂ. സന്ദർശകന് ഭാഗ്യമുണ്ടെങ്കിൽ ഫോറസ്റ്റ് നടത്തുന്ന അതിരാവിലെയുള്ള ഓഫ് റോഡ് ട്രെക്കിങ്ങിൽ അവർ രേഖപ്പെടുത്തിയ ഇരുപത്തിമൂന്നു കടുവകളിൽ ഏതെങ്കിലും ഒന്നിനെ കാണാനാവും. ഇല്ലെങ്കിൽ നിരാശപ്പെടേണ്ട, വനത്തിലൂടെ ഇളം മഞ്ഞിലുള്ള ആ യാത്ര മനോഹരമാണ്. ഇടയ്ക്ക് കാണി ഗോത്രത്തിന്റെ ഊരുകൾ ഉണ്ട്. ഏതോ ചിത്രകാരൻ വരച്ചു ചേർത്തത് പോലെ ഒഴുകുന്ന ഒരു അരുവിയും അതിന്റെ ചുറ്റിനുമുള്ള പ്രകൃതിയും. മരം കൊണ്ട് നിർമ്മിച്ച പാലം അരുവിയ്ക്ക് മേലെ കൂടിയുണ്ട്‌. മണിമുത്താർ അണക്കെട്ട് വനത്തിലൂടെയുള്ള ഈ പാതയിലാണ്. നേരത്തെ ആ ഡാമിൽ ബോട്ടിങ് ഉണ്ടായിരുന്നു. ഇപ്പൊ അത് നടക്കുന്നില്ല.

മണിമുത്താർ അണക്കെട്ടിനെ കണ്ടു കൊണ്ട് നിന്നപ്പോൾ വൃദ്ധനായ ഒരു കാണി വന്നു. ഒരു കമ്പിളി നാരങ്ങ നീട്ടി. ഒപ്പം ചേർന്ന് നടക്കുമ്പോൾ കഥകൾ പറഞ്ഞു. “പണ്ടൊക്കെ വണ്ടി ഇല്ലല്ലോ, ഞങ്ങൾ ഈ വനത്തിലൂടെ അഗസ്ത്യമല കടന്നാണ് നിങ്ങളുടെ നാട്ടിലേക്ക്, കേരളത്തിലേക്ക് വന്നിരുന്നത്. നെടുമങ്ങാട്ട് വന്നിരുന്നത്. ഇപ്പോ വണ്ടിയായി. എന്റെ ഊരിലെ പലരും കല്യാണം കഴിച്ചിരിക്കുന്നത് പാലോടു നിന്നാണ്.

ഞാനപ്പോൾ കായനദിയെന്ന മനുഷ്യകുലത്തിന്റെ പ്രവാഹത്തെപ്പറ്റി വായിച്ചത് ഓർത്തു. ആ ഒഴുക്കിനിടയിൽ കലർന്നു പോയ പല ഗോത്രങ്ങളെ ഓർത്തു. രതി ഇല്ലാതാക്കുന്ന മനുഷ്യനിര്‍മ്മിതങ്ങളായ തീണ്ടലും മറ്റ് അകലങ്ങളെയും ഓര്‍ത്തു. മനുഷ്യകുലത്തിന്റെ ചരിത്രത്തിനൊപ്പം തിരുവിതാംകൂറിന്റെ മൂന്നൂറു വർഷത്തെ ചരിത്രത്തിലേക്ക് പിടിച്ച കണ്ണാടിയെന്നു പറയാവുന്ന ഷിനി ലാലിന്റെ നോവൽ ഇരു ഓർത്തു. ഓർമ്മ വീണ്ടും നിങ്ങളെ പിന്തുടരുന്നു.

രാത്രി ഫോറസ്റ്റ് ഗസ്റ്റ് ഹൌസിലെ മുറിയ്ക്ക് ചുറ്റും ഒച്ച കേട്ടു. പതിയെ ജനാല തുറന്നു നോക്കി. ഒരു കൂട്ടം പന്നികൾ. അവ പരസ്പരം കഥ പറഞ്ഞു നീങ്ങുന്നു. നേരം പുലരാനായപ്പോൾ ഒച്ച കേട്ടു. ഒരു കൂട്ടം മാനുകൾ, പിന്നാലെ മയിലുകൾ….നേരത്തെ തന്നെ മുറിക്കുള്ളിൽ കയറിപ്പോലും സാധനങ്ങൾ എടുത്തു കൊണ്ടുപോവുന്ന കുരങ്ങന്മാർ ഉണ്ടായിരുന്നു. അവർ അവിടെത്തന്നെ ചുറ്റിപ്പറ്റി നിൽക്കുന്നു. അതിരിന്നപ്പുറം ഒരു ഇരുട്ട് നീങ്ങുന്നത് കണ്ടു, ഒരു കാട്ടുപോത്താണ്. താമസിക്കുന്ന ഇടത്ത് മൊബൈൽ നെറ്റ് വർക്കില്ല. അഞ്ചു കിലോമീറ്ററിൽ അധികം പിന്നോട്ട് പോയാൽ മാത്രമേ സിഗ്നൽ കിട്ടുകയുള്ളൂ. രാത്രി ഇന്റർനെറ്റിൽ പരതാനുള്ള ത്വര വന്നു, ആരോടെങ്കിലും മിണ്ടാനുള്ള ഇച്ഛയും. സിഗ്നൽ ഉള്ള ഭാഗം നോക്കി വഴിയിലെ ഇരുട്ടിൽ ഇരുളിന്റെ മറ്റൊരു കഷണം പോലെ ഒരു കാട്ടുപോത്ത്. പിന്നാലെ കരിയിലപ്പെരുക്കം. ഉള്ളൊന്നു കാളി. അപരിചിതമായ ഇടം, വെളിച്ചമില്ല. വിളിച്ചാൽ കേൾക്കാൻ ദൂരത്തോളം ആളനക്കവും ഇല്ല.

കലക്കാട് മുണ്ടുതുറൈ ടൈഗർ റിസേർവവിനടുത്താണ് സൊരിമുത്തു അയ്യനാർ കോവിൽ. ഒരു പുഴയ്ക്ക് നടുവിലുള്ള മലയിലാണ് ക്ഷേത്രം. ക്ഷേത്രത്തിന്റെ അതിരിലാണ് വനത്തിലേക്കുള്ള വഴി. ഗേറ്റ് പൂട്ടി താക്കോൽ വനപാലകരുടെ കയ്യിലാണ്. ഗൈഡഡ് ടൂറിനു മാത്രം ഗേറ്റ് തുറന്നു കൊടുക്കുന്നു. കോവിലിലെ പ്രധാന ഉത്സവം ആദി അമാവാസി ആഗസ്റ്റിലാണ് നടക്കുക. അല്ലാത്ത അവസരങ്ങളിലും നിരവധി ഭക്തരാണ് കോവിലിൽ എത്തി മടങ്ങുന്നത്. തൊട്ടടുത്തുള്ള പുഴയിൽ സ്‌നാനനിരതരായ ഭക്തരെയും കാണാനായി.

മനുഷ്യർ തങ്ങളുടെ വീടുകളിലെ അടച്ചിട്ട സ്നാനമുറികളിലെ പോലെ ധ്യാനത്തിലും നിശബ്ദതയിലുമല്ല ഒരു പൊതുവിടത്ത് കൂട്ടമായി ജലക്രീഡയിൽ ഏർപ്പെടുക എന്ന് തോന്നി. കൂട്ടത്തിലാവുമ്പോൾ കുളി കൂടുതൽ ജനകീയമാവുന്നുണ്ട്. കൂടുതൽ പ്രകൃതിയോട് ഇണങ്ങിച്ചേരാനുള്ള മനുഷ്യന്റെ ആദിമമായ ഒരു ചോദനയെ പുഴയിലെ വെള്ളം, പ്രത്യേകിച്ചും ഫാൾസ് എന്ന് വിളിക്കുന്ന വെള്ളച്ചാട്ട ഇടങ്ങൾ, പ്രോജ്ജ്വലിപ്പിക്കുന്നുണ്ട്.

മടങ്ങിപ്പോരുന്ന വഴി ഫോണിൽ വാർത്ത കണ്ടു, ഇങ്ങോട്ടു പോരുമ്പോൾ വെള്ളം കുറവായിരുന്നത് കൊണ്ട് ഒഴിവാക്കിയ ഒരു ഫാളിൽ പെട്ടെന്ന് വെള്ളം പൊങ്ങി, മേഘവിസ്‌ഫോടനം മൂലമാവണം, ഒരു കൗമാരക്കാരൻ വെള്ളത്തിൽ ഒളിച്ചു പോയി. വീണ്ടും തലേന്ന് മഴയിൽ മാഞ്ചോല ഇറങ്ങിവന്നത് ഉള്ളിൽ മിന്നായമെത്തി.

*

അഞ്ചു മണിക്കൂറിൽ കൂടുതൽ സഞ്ചരിച്ചാലാണ് പത്തനംതിട്ടയിൽ നിന്നും കൊളുക്കുമല എത്തുക. ആദ്യം സൂര്യനെല്ലി ടീ പ്ലാൻേറഷനിലെ പിക്ക് അപ്പ് പോയിന്റ്. അവിടെ നാലര മണിക്ക് എത്തണം. അവിടെ നിന്നും ലോക്കൽ ഓഫ് റോഡ് ജീപ്പുകൾ. വഴി തേയില തോട്ടത്തിനുള്ളിലൂടെ ആയതിനാൽ ആദ്യം പെർമിറ്റ് എടുക്കണം.

ഒരു റിവേഴ്‌സ് കാൽക്കുലേഷൻ. രാത്രി പത്തര മണിക്ക് ഇറങ്ങാം എന്നു തീരുമാനിച്ചു. നേരത്തെ തന്നെ സൂര്യനെല്ലിയിലേക്കുള്ള വഴികളിൽ സുരക്ഷിതമായ രാത്രി ഡ്രൈവ് പറ്റുന്ന റോഡുകളെ പറ്റി കൊളുക്കുമല ഓഫ് ഡ്രൈവ് ചേട്ടൻ പറഞ്ഞിരുന്നു. നെടുങ്കണ്ടം വരെ പരിചിതമെന്നു തോന്നുന്ന വഴികൾ. ശേഷം ഗൂഗിൾ ചേച്ചിയെ ആശ്രയിക്കാം എന്ന് കരുതി. നാലോ അഞ്ചോ കിലോമീറ്റർ കഴിഞ്ഞപ്പോൾ മുതൽ ജനവാസം കുറഞ്ഞ മേഖലകൾ ആരംഭിച്ചു. വഴിവിളക്കുകളും കുറവ്. കൂടുതൽ സ്ഥലത്തും റോഡ് നവീകരണം പോലെ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്.

കാട്ടാന, പന്നിക്കൂട്ടം, പുലി, കടുവ, ഇരു വശത്തുമുള്ള ഇരുട്ടിൽ നിന്നും ഏത് നിമിഷവും എന്തെങ്കിലും മുന്നിലൂടെ പാത മുറിച്ചു കടന്നും എന്നൊരു ഉൾവിളി. ആ വിളി ഉള്ളിൽ തന്നെ വയ്‌ക്കേണ്ടതാണ്. ഇല്ലെങ്കിൽ കൂടെയുള്ളവരുടെ ഭയം കൂടി കെട്ടഴിഞ്ഞു വീണാൽ സംഗതി കൈവിട്ടു പോവാൻ സാധ്യതയുണ്ട്. മാധ്യമങ്ങൾ പച്ചരി വാങ്ങുന്നത് ഈ വന്യജീവികളുടെ ആഗമന-നിർഗമന ഭയനിർമ്മിതിയിലൂടെയാണ്. നമ്മൾ അവരുടെ ഉപഭോക്താക്കളുമാണ്. ഒരു യാത്ര പ്ലഷർ ട്രിപ്പിൽ നിന്നും പ്രെഷർ ട്രിപ്പ് ആവുന്നതിന്റെ ഒരു ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞിരിക്കുന്നു. ഒടുവിൽ ഏതെല്ലാമോ വഴികൾ, ഭൂരിഭാഗവും ഒറ്റവരി പാത, ഒരു വനമധ്യത്തിലൂടെയുള്ള അനുഭവം സമ്മാനിച്ച് സൂര്യനെല്ലിയുടെ പ്രാന്തപ്രദേശത്ത്, രാത്രി മൂന്നരയോടെ എത്തിച്ചേർന്നു. ഓഫ് റോഡ് വണ്ടിച്ചേട്ടൻ നാലുമണിക്ക് ശേഷം എത്തി.

“ഇരുനൂറോളം വണ്ടികളുണ്ട് മേലേയ്ക്ക്. കഴിഞ്ഞ ദിവസം മുന്നൂറ്റി ഇരുപത് വണ്ടി ഉണ്ടായിരുന്നു. നിങ്ങൾ സീസണിൽ വരരുത്. ശനി-ഞായർ ഒട്ടും വരരുത്. – ചേട്ടന്റെ വക ടിപ്സ്. ഉലഞ്ഞും ആടിയും തെറിച്ചും മേലേയ്ക്ക്. പന്ത്രണ്ടു കിലോമീറ്ററോളം യാത്ര ചെയ്തു മേലെ വ്യൂ പോയിന്റിൽ എത്തും വരെ നിങ്ങൾ കരുതുന്നത് നിങ്ങൾ മാത്രമാണ് അവിടെ എത്തിയത് എന്നാവും. എന്നാൽ പെരുനാളിനുള്ള ആളുകൾ നേരത്തെ തന്നെ അവിടെ എത്തിയിട്ടുണ്ടാകും. രണ്ടു വ്യൂ പോയിന്റുകൾ ഉണ്ട്. ഒന്നാമത്തേത് പുലിപ്പാറയുടെ അടുത്ത്. പുലിയുടെയോ കടുവയുടെയോ മുഖസാദൃശ്യമുള്ള ആ പാറ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പ്രശസ്തനാണ്. പക്ഷെ പ്രശ്‌നം അവിടെ ഇപ്പോൾ ആൾക്കൂട്ടമായിക്കാണും . രണ്ടാമത്തേത് കുറച്ചു കൂടി വിശാലമാണ്. പോകും വഴി നിങ്ങൾക്ക് ഒരു ചൂട് ചായയൊക്കെ കുടിക്കാം. രണ്ടാം വഴിയിലേക്ക് പോയി. അവിടെ റിസോർട്ട് ഓപ്‌ഷൻ, ചായക്കടയൊക്കെ ഉണ്ട്. മേലേക്ക് ട്രെക്കിങ്ങിനു പോകുന്നതും ആയ വഴിയാണ്.

അവിടെയും നേരത്തെ പറഞ്ഞത് പോലെ കുതിരയെടുക്കാനുള്ള ആളുണ്ട്. ആളുകൾ പറയുന്ന ഭാഷകൾ കൂടിച്ചേർന്ന് മറ്റേതോ ഭാഷയായി മാറി. അതിൽ ഹിന്ദിയും തമിഴും തെലുഗുമുണ്ട്. മലയാളവും കന്നടയുമുണ്ട്. ആളുകളെയും അവരുടെ ഭാഷകളെയും കണ്ട് തകരാൻ പോവുന്ന ബാബേൽ ഗോപുരത്തെ ഭയന്ന് എന്നോണം സൂര്യൻ വരാൻ അറച്ചു നിൽക്കുകയാണ്. ചുറ്റും മേഘങ്ങൾ മാത്രം. മലകളെ മറച്ച് മേഘങ്ങൾ. സൂര്യോദയത്തിന്റെ രജതരേഖകൾ ഇടയ്ക്കിടെ. ആരോ ഒരാൾ ഒരു ഡ്രോൺ പറത്തി വിട്ടു. അത് താഴെയുള്ള മേഘങ്ങൾക്ക് മേലെകൂടി പറന്നു തിരികെ വന്നു. വെള്ളത്തിലെ തിര തള്ളുന്നത് പോലെ, വെള്ളക്കുതിരകൾ തുള്ളുന്നത് പോലെ..മറന്നു പോയ ഒരു പദ്യശകലത്തിന്റെ ചില പൊട്ടും പൊടിയും മനസിലേക്ക് എത്തി. മേഘങ്ങൾ മാത്രം. മൊബൈൽ ക്യാമറകൾ കണ്ണ് തുറന്നു നിൽക്കുന്നു. ഉദയസൂര്യനെക്കാത്ത്. പക്ഷെ ഉദയം മാത്രം അകലെയാണ്. പിന്നെ മേഘങ്ങൾ മെല്ലെ ചലിച്ചു തുടങ്ങി. സൂര്യന്റെ പ്രൗഢഗംഭീരമായ മൃദുചലനം. ആൾക്കൂട്ടം കണ്ണ് ചിമ്മാതെ നോക്കി നിൽക്കുന്നു. കാത്തിരിപ്പ് പതിയെ ഫോട്ടോകളിലേക്ക് ചിതറുന്നു. ഒടുവിൽ എല്ലാവരും നിദ്രാലസ്യത്തോടെ തിരിച്ചു നടക്കുന്നു. താഴെ പുലിപ്പാറയിലേക്ക് ഉള്ള വീതികുറഞ്ഞ വഴിയുടെ കൽപ്പടവുകൾ ഇറങ്ങിപ്പോകുന്ന മനുഷ്യർ. പശ്ചിമഘട്ടത്തിലുള്ള, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയില പ്ലാന്റേഷൻ ഓർഗാനിക് ടീ ഗാർഡൻ – 1919 മുതൽ ഉള്ളതാണ്. അതിലൂടെ കുറച്ചു ദൂരം നടന്നു. പിന്നെ താഴേക്ക്. വീണ്ടും പതിവ് ജീവിതത്തിന്റെ വഴികളിലേക്ക്.

പത്തനംതിട്ട സ്വദേശി. ദുബായിൽ താമസം. കവിതസമാഹാരങ്ങൾ - ഉന്മത്തതകളുടെ ക്രാഷ്ലാന്റിങ്ങുകൾ, ടെക്വീല, ഉളിപ്പേച്ച്, രാജാവിന്റെ വരവും കൽപ്പമൃഗവും, കള്ളിമുള്ളിന്റെ ഒച്ച. കഥാസമാഹാരം - ജിഗ്സ പസൽ. ആദി & ആത്മ (നോവൽ - ബാലസാഹിത്യം )