
ജർമ്മൻ സർറിയലിസ്റ്റ് ചിത്രകാരൻ മാക്സ് ഏർണെസ്റ്റ് (1891–1976) ഒരു സ്വപ്നത്തിന്റെയും അർത്ഥാതീത യാഥാർത്ഥ്യത്തിന്റെയും കലാകാരനായിരുന്നു. ഫ്രോയിഡിയൻ മനോവിശകലനം, യുദ്ധത്തിന്റെ ഭീകരത, പ്രകൃതിയുടെ രഹസ്യങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ പെയ്ന്റിങ്ങുകളിൽ നിറഞ്ഞു നിന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങൾ സർറിയലിസത്തിന്റെ “അതിരുകളില്ലാത്ത സ്വാതന്ത്ര്യം” പ്രഖ്യാപിക്കുന്നു.
ഒരു മെക്കാനിക്കിന്റെ സ്വപ്നത്തിലൂടെ ജർമൻ സാമ്രാജ്യത്തെയും വരച്ചുകാട്ടുന്ന അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ചിത്രമാണ് 1921ൽ വരച്ച . ദി എലിഫന്റ് സെലിബസ്. ഒരു യാന്ത്രികജന്തുവിന്റെ അസാധാരണമായ രൂപം, യുദ്ധതന്ത്രങ്ങളുടെയും ജർമ്മൻ സാമ്രാജ്യത്തിന്റെയും പ്രതീകാത്മക പ്രതിനിധാനമാണ്. സർറിയലിസത്തിന്റെ “ഡിസ്റ്റോർഷൻ ഓഫ് റിയാലിറ്റി” എന്ന സങ്കൽപ്പം പ്രതിഫലിപ്പിക്കുന്ന ഈ ചിത്രത്തിൽ നീലാകാശവും മേഘങ്ങളും നിറഞ്ഞ ശൂന്യമായ, സ്വപ്നം പോലെയുള്ള ലാൻഡ്സ്കേപ്പ് അതിന്റെ മധ്യഭാഗത്ത് ഒരു വലിയ യന്ത്രം പോലെയുള്ള ആനയുമാണ് ചിത്രം. പ്രത്യക്ഷത്തിൽ ഇതിന് ഒരു ആനയുടെ തലയും ശരീരവും ഉണ്ടെങ്കിലും, അത് ഒരു ഫാക്ടറി ബോയിലർ (വാറ്റാൻ ഉപയോഗിക്കുന്ന ലോഹ സിലിണ്ടർ) പോലെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ആനയുടെ കാലുകൾ ട്യൂബുകൾ പോലെയാണ്, ഒരു ഫണൽ പോലെയുള്ള വാലും ഉണ്ട്. താഴെ ഒരു അവ്യക്തമായ മനുഷ്യരൂപം പോലെ കാണാം, അദ്ദേഹം ആനയെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന പാപ്പാനായി തോന്നാം. ചിത്രത്തിന്റെ കളർ പാറ്റേണും അദ്ദേഹത്തിന്റെ തന്നെ മറ്റു ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ്. ഇരുണ്ട ചാരനിറവും, കറുപ്പ് കലർന്ന നീലാകാശവും, ഇത് ഒരു ഡിസ്റ്റോപ്പിയൻ (dystopian) അനുഭൂതി നൽകുന്നു. എർണ്സ്റ്റ് യാഥാർത്ഥ്യത്തെ അമൂർത്തമാക്കി ആനയെ ഒരു യന്ത്രമായി ചിത്രീകരിക്കുന്നത് സാങ്കേതികവൽക്കരണത്തിന്റെയും (mechanization) ജീവിതത്തിന്റെ യാന്ത്രികതയുടെയും ഒരു വിമർശനാത്മക സ്വപ്നം പോലെയുള്ള ദൃശ്യം സൃഷ്ടിക്കുകയാണ്. അതിനായി പ്രയോഗിച്ച ടെക്നിക്കും ശ്രദ്ധേയമാണ്. കൊളാഷ് & ഫ്രോട്ടേജ് (Collage & Frottage) ടെക്നിക്കുകൾ ഉപയോഗിച്ചു കൊണ്ട് വിവിധ ഇമേജുകൾ കൂട്ടിച്ചേർത്ത് പുതിയ അർത്ഥങ്ങൾ സൃഷ്ടിക്കുന്നു. ഫ്രോട്ടേജ് (ഒരു പ്രതലത്തിന്റെ ടെക്സ്ചർ പെൻസിൽ കൊണ്ട് പകർത്തൽ) ഉപയോഗിച്ച് ടെക്സ്ചറൽ ഇഫക്റ്റുകളും ചേർത്തു. ആദിമ (primitive) ആവിഷ്കാരത്തിന്റെ ഒരു ആമുഖമെന്ന പോലെ ആഫ്രിക്കൻ ട്രൈബൽ ആർട്ടിന്റെ സ്വാധീനം ഈ ചിത്രത്തിൽ കാണാം. സർറിയലിസത്തിന്റെ ആദ്യകാല ചിത്രങ്ങളിൽ ഒന്നായ ഈ ചിത്രത്തിൽ ആധുനിക കലയുടെ (modern art) റഡിക്കൽ പ്രസ്ഥാനങ്ങളിൽ ഒന്നായ ഡാദ (Dada) ശൈലിയുടെ സ്വാധീനവും കാണാം. ദി എലിഫന്റ് സെലിബ്സ്” ഒരു സർറിയലിസ്റ്റിക് മാസ്റ്റർപീസ് ആണ്, യാഥാർത്ഥ്യത്തെയും സ്വപ്നത്തെയും കലർത്തി, യുക്തിയെ തള്ളിക്കളയുകയും അവബോധത്തിന്റെ ശക്തി പ്രകടിപ്പിക്കുകയും ചെയ്യുന്ന ഈ ചിത്രത്തിൽ നിന്നും യുദ്ധോത്തര യൂറോപ്പിന്റെ ആശയക്കുഴപ്പങ്ങളും ഭയങ്ങളും വായിച്ചെടുക്കാം .

വിചിത്രമായ വൃക്ഷങ്ങൾക്കിടയിൽ മറഞ്ഞിരിക്കുന്ന ഒരു പ്രാവ്, സമാധാനത്തിന്റേതല്ലാത്ത നിശബ്ദതയുടെയും ഭയത്തിന്റെയും അടയാളമാണ് 1927ൽ വരച്ച ഫോറസ്റ്റ് ആൻഡ് ഡൗവ് എന്ന ചിത്രം. അമൂർത്തതയും പ്രകൃതിയുടെ രഹസ്യങ്ങളും ഒരുമിച്ച് കാണാം. നിഗൂഢതകൾ ഏറെ നിറഞ്ഞ ഈ ചിത്രം ഭയത്തിന്റെയും രഹസ്യത്തിന്റെയും ഒരു സർറിയലിസ്റ്റിക് ചോദ്യങ്ങളാണ്. സമാധാനം എവിടെയാണ് മറഞ്ഞിരിക്കുന്നത്? പ്രകൃതിയുടെ രഹസ്യങ്ങൾ നമ്മെ ഭയപ്പെടുത്തുന്നുണ്ടോ? മനുഷ്യന്റെ അവബോധത്തിൽ ഒളിച്ചിരിക്കുന്ന ഭീതികൾ എന്തൊക്കെയാണ് ? ഇങ്ങനെ ചോദ്യങ്ങൾ ഉന്നയിക്കുന്ന ദൃശ്യ നിഗഗൂഢതയാണ് ഈ ചിത്രം.

മാക്സ് ഏർണെസ്റ്റ്ന്റെ ചിത്രങ്ങളിലെ പ്രകൃതി ഏറെ വ്യത്യസ്തമാണ്, മരങ്ങൾ, മൃഗങ്ങൾ മനുഷ്യർ മഴ, കാറ്റ്, എല്ലാം തനതായ ഒരു ശൈലിയുടെ അമൂർത്തമായ രൂപങ്ങൾ ആണ് രണ്ടാം ലോകമഹായുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ നിറഞ്ഞ ചിത്രമാണ് 1940 – 42 കാലത്ത് വരച്ച യൂറോപ്പ് ആഫ്റ്റർ ദി റെയിൻ. തകർന്ന നഗരങ്ങൾ, രൂപം മാറിയ ജീവികൾ, ഒരു “മഴയ്ക്ക് ശേഷം” ഉണ്ടാകുന്ന നാശത്തിന്റെ ദൃശ്യവൽക്കരണമാണ് ചിത്രം. . ഫിഷ് ബോൺ സിറ്റി, ഫോറസ്റ്റ് ആഫ്റ്റർ ദി റൈൻ എന്നീ ചിത്രങ്ങളിലെ പ്രകൃതിയും രൂപങ്ങളും ഇതുപോലെ സമാനമാണ്.

ഏറെ ചർച്ചയാകുകയും അതുപോലെതന്നെ ഏറെ വിമർശനം ഏൽക്കുകയും ചെയ്ത ചിത്രമാണ് ദി റോബിംഗ് ഓഫ് ദി ബ്രൈഡ് ( The Robing of the Bride). 1940ലാണ് ഈ ചിത്രം വരക്കുന്നത്. വിവാഹത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങളെ വികൃതമാക്കുന്ന ഒരു ചിത്രം. ഇവിടെ “വധു” ഒരു ഭീകരമായ, പ്രാകൃത രൂപത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഭയം? ക്രോധം? സാമൂഹ്യ പ്രതിഷേധം? എന്നീ തലങ്ങളിലൂടെ സംസാരിക്കുന്ന ഈ ചിത്രം ഏറെ അർത്ഥതലങ്ങളെ ആഴത്തിൽ സ്പർശിക്കുന്നു. വധുവിനെ ഒരു ഭീകര രൂപമായി ചിത്രീകരിച്ചിരിക്കുന്നത് വിവാഹം സ്ത്രീയെ “ഉടമസ്ഥാവകാശം” ആക്കി മാറ്റുന്ന പരമ്പരാഗത ആശയത്തെ വിമർശിക്കുവാൻ വേണ്ടിയാണ്. അതിലൂടെ വിവാഹം എന്ന സാമൂഹ്യ ചട്ടക്കൂടിനെ ഒരു ഭീകരമായ സർറിയലിസ്റ്റിക് ദൃശ്യത്തിൽ അവതരിപ്പിച്ചുകൊണ്ട് ഒട്ടേറെ ചോദ്യശരങ്ങൾ വിടുന്നു .വിവാഹം സ്ത്രീയെ ഒരു “വസ്തു” ആക്കി മാറ്റുന്നുണ്ടോ? ലൈംഗികതയും ഹിംസയും തമ്മിലുള്ള ബന്ധം എന്താണ്? സാമൂഹ്യ നിയമങ്ങൾ മനുഷ്യന്റെ, പ്രത്യേകിച്ച് സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ എങ്ങനെ ബാധിക്കുന്നു? രണ്ടാം ലോക മഹായുദ്ധത്തിന്റെ തുടക്കത്തിൽ വരച്ച ഈ ചിത്രം ഈ നൂറ്റാണ്ടിലും ഏറെ പ്രസക്തകണ്. സമകാലിക യാഥാർഥ്യങ്ങളോട് ചേർത്തുവെച്ചുകൊണ്ട് വായിച്ചെടുക്കാനാകും.

ചിത്രങ്ങൾ മാത്രമല്ല ശില്പങ്ങളും ധാരാളം ചെയ്തിട്ടുണ്ട് ക്യാപ്രിക്കോൺ’ എന്ന ശില്പവുമായി ബന്ധപെട്ടു ഒരു സംഭവ കഥതന്നെയുണ്ട്. മാക്സ് ഏർണെസ്റ്റും ഡൊറോതിയ ടാനിംഗും, ജീവിതത്തിലെ പ്രായോഗികതയെ കലാസൃഷി ആക്കിമാറ്റിയതിന്റെ ‘ക്യാപ്രിക്കോൺ’ എന്ന പ്രശസ്തമായ കലാസൃഷ്ടിക്ക് പ്രചോദനമായകഥ. താൻ താമസിക്കുന്ന വീട്ടിലേക്ക് കുടിവെള്ളം എത്തണം എങ്കിൽ അഞ്ചുമൈൽ ദൂരെയുള്ള കിണറിനെ ആശ്രയിക്കണമായിരുന്നു, പൈപ്പിലൂടെ എത്തിയിരുന്ന വെള്ളം പരിമിതമായിരിന്നു, അതിനാൽ തന്നെ പരമാവധി വെള്ളം ഉപയോഗിക്കാതെ മാക്‌സ് എർൺസ്റ്റ്, സിമന്റ്, സ്ക്രാപ്പ് ഇരുമ്പ്, മുട്ടയുടെ പുറംതോട്, കാറിന്റെ സ്പ്രിംഗ്, പാൽ പെട്ടികൾ തുടങ്ങിയ പാഴ്‌വസ്തുക്കൾ ഉപയോഗിച്ച്, ഒരു ശില്പം രൂപപ്പെടുത്തി, ക്യാപ്രിക്കോൺ. അതവരുടെ ഗാർഡനിൽ സ്ഥാപിച്ചു. പിന്നീടവർ ആ താമസസ്ഥലം മാറി മറ്റൊരിടത്തേക്ക് പോയി. എന്നാൽ മാക്‌സ്എർൺസ്റ്റിന്റെ കലാസ്നേഹിയായ സുഹൃത്ത് ശില്പത്തിന്റെ മോൾഡുകൾ സൃഷ്ടിച്ച് അവ ഫ്രാൻസിലെ ഹൂയിമ്സിലേക്ക് അയച്ചു. അവിടെ, മാക്സ് ഏർണെസ്റ്റ് അവയെ സംയോജിപ്പിച്ച് വെങ്കലത്തിൽ കാസ്റ്റിങ് നടത്തി. ഫോട്ടോഗ്രാഫർ ജോൺ കാസ്നെറ്റിസിന്റെ ഈ ശിൽപത്തിന്റെ അപൂർവതയും മഹിമയും വരച്ചുകാട്ടുന്ന കുറിപ്പോടെ . ഈ ഫോട്ടോ 1952 ജനുവരി 21-ൽ ഇറങ്ങിയ ലൈഫ് മാഗസിനിൽ പ്രസിദ്ധീകരിച്ചു. ഡൊറോതിയ ടാനിംഗ് അതിനെ ‘ഒരു പൂർണ്ണ നിമിഷത്തിന്റെ അപൂർവ്വമായ കപ്പർ’ എന്ന് വിശേഷിപ്പിച്ചതോടെ അക്കാലത്തെ കലാ ലോകത്തെ പ്രധാന ചർച്ചാവിഷങ്ങളിൽ ഒന്നായി മാറി. മാക്സ് എർൺസ്റ്റിന്റെയും ഡൊറോതിയ ടാനിംഗിന്റെയും കലാസൃഷ്ടി-ജീവിതാനുഭവങ്ങളുടെ വിശിഷ്ട പാരമ്പര്യത്തിന്റെയും ഒരു ശില്പമാണിത്. സൃഷ്ടിയുടെ ആഴവും മനുഷ്യാവസ്ഥയുമായുള്ള അവയുടെ ബന്ധവും ‘ക്യാപ്രിക്കോൺ’ എന്ന ഈ ശില്പത്തിലൂടെ വെളിവാകുന്നു,

ഇങ്ങനെ ഓരോ ചിത്രങ്ങൾക്കും ശില്പങ്ങൾക്കും കഥകളുടെ ഓരോരോ അത്ഭുത ദ്വീപ് സൃഷ്ടിക്കുന്നു
Napoleon in the Wilderness, Pietà or Revolution by Night, The Antipope, Barbarians Marching to the West, The Angel of the home or the Triumph of Surrealism, The Robing of the Bride, The Nymph Echo, The Temptation of Saint Anthony തുടങ്ങിയ നിരവധി ചിത്രങ്ങൾ നമ്മെ ഒരു അത്ഭുത ലോകത്തേക്ക് കൊണ്ടുപോകും.

മാക്സ് ഏർണെസ്റ്റിന്റെ കലാലോകം ഒരു “അത്ഭുത-ഭീതി” (Marvelous-Terrible) യുടെ മിശ്രണമാണ്. രൂപങ്ങൾ നിറങ്ങൾ തുടങ്ങിയ സാധാരണ യാഥാർത്ഥ്യത്തെ തകർക്കുകയും, സ്വപ്നങ്ങളുടെ ഭാഷയിൽ പുതിയ അർത്ഥങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. യുദ്ധം, പ്രണയം, പ്രകൃതി, പുരാണം എന്നിവയെല്ലാം അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ഒരു മായാലോകമായി മാറുന്നു. സർറിയലിസത്തിന്റെ ഈ മാസ്റ്റർ ഒരു കലാകാരനായി മാത്രമല്ല, ഒരു ദാർശനികനായും നിലനിൽക്കുന്നു. 1976 എപ്രിൽ ഒന്നിനാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്.
